ജീവിതത്തിന്റെ കഠിനപാതകളിലൂടെയാണ് ഭാനു വളർന്നത്. അമ്മയായിരുന്നു അവളുടെയും സഹോദരി രാധയുടെയും ഏക ആശ്രയം. അച്ഛന്റെ സ്നേഹമോ കരുതലോ സാന്നിധ്യമോ ഇല്ലാതെ വളർന്ന കുട്ടികള്. വിവാഹേതര പ്രണയബന്ധത്തിൽ പിറന്ന അവരെ തന്റെ മക്കളാണെന്നു പോലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പക്ഷേ, ഭാനുവിനറിയാം തന്റെ അച്ഛനാരെന്ന്. അത് മറ്റാരുമായിരുന്നില്ല, ഒരുകാലത്ത് തമിഴ് സിനിമയിലെ കാതൽ മന്നനായിരുന്ന ജെമിനി ഗണേശൻ!
സിനിമയിലെന്ന പോലെ ജീവിതത്തിലും കാതൽ മന്നനായിരുന്ന ജെമിനി ഗണേശന് തെലുങ്ക് നടി പുഷ്പവല്ലിയിൽ പിറന്ന മക്കളാണ് ഭാനുരേഖയും രാധയും. അഴകില്ലാത്തവളെന്നും അവിഹിത സന്തതിയെന്നുമുള്ള അവഹേളനങ്ങൾ പേറിയാണ് ഭാനു കൗമാരം കടന്നത്. ഇതിനിടെ പ്രണയബന്ധങ്ങളിൽ തനിക്കു ജനിച്ച കുട്ടികളുടെ പിതൃത്വത്തെ ജെമിനി ഗണേശൻ തള്ളിപ്പറയുകയും തനിക്കു ഒരു ഭാര്യ മാത്രമേ ഉള്ളൂ എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കൗമാരത്തില് ഭാര്യയായി വന്ന ടി. ആര്. അലമേലു എന്ന ബോബ്ജിയായിരുന്നു ജെമിനി ഗണേശന്റെ മാനസികധൈര്യം. അസാധ്യ മനക്കരുത്തിനുടമയായിരുന്നു ബോബ്ജി. രണ്ടു വിവാഹത്തിനുശേഷം വീണ്ടും വിവാഹിതനായ ജെമിനിയെ രണ്ടാം ഭാര്യയായ നടി സാവിത്രി ഉപേക്ഷിച്ചു പോയെങ്കിലും ആദ്യഭാര്യയായ ബോബ്ജി അദ്ദേഹത്തെ ഒരിക്കലും പിരിഞ്ഞില്ല. മരണം വരെ അവര് അദ്ദേഹത്തിനു കൂട്ടായി. ജെമിനിയെ അത്രയധികം സ്നേഹിച്ചിരുന്നു ബോബ്ജി. പ്രശസ്ത ജേണലിസ്റ്റ് നാരായണി ഗണേശന് ബോബ്ജി – ജെമിനി ദമ്പതികളുടെ മകളാണ്.
‘ഇറ്റേണല് റൊമാന്റിക്, മൈ ഫാദര് ജെമിനി ഗണേശന്’ എന്ന പുസ്തകം എഴുതിയത് നാരായണി ഗണേശനാണ്. പിതാവിനെക്കുറിച്ചുള്ള മകളുടെ ഓര്മക്കുറിപ്പുകളാണ് ഉള്ളടക്കം.
അതിലെ ഒരു സന്ദർഭം നാരായണിയും ഭാനുവും ആദ്യമായി നേരിൽ കണ്ടതിനെക്കുറിച്ചാണ്. പുസ്തകത്തിൽ ഇങ്ങനെയാണ് അത് വിശദീകരിക്കുന്നത് –
ഒമ്പതോ പത്തോ വയസ്സുള്ളപ്പോഴാണ്. മദ്രാസ് പ്രസന്റേഷന് കോണ്വന്റില് പഠിക്കുന്ന കാലത്ത് ഒരു പെണ്കുട്ടി വന്നു നാരായണിയോട് സംസാരിച്ചു.
‘‘എന്റെ പേര് ഭാനുരേഖ'’’ കണ്ണില് മസ്കാരയിട്ട, സുന്ദരിയായ ആ പെൺകുട്ടി സ്വയം പരിചയപ്പെടുത്തി.
‘‘എന്താ കുട്ടീടെ അപ്പയുടെ പേര് ?’’ നാരായണി ചോദിച്ചു.
‘‘ജെമിനി ഗണേശന്’’.– ഭാനു പറഞ്ഞു.
ആ മറുപടി കേട്ടതും നാരായണിയുടെ കണ്ണുകള് നനഞ്ഞുതുളുമ്പി..
അതെങ്ങനെയാണ്...അത് തന്റെ അപ്പയല്ലേ... നാരായണിയുടെ മനസ്സ് പിടഞ്ഞു.
വൈകാരികമായൊരു വീർപ്പുമുട്ടലോടെയല്ലാതെ ഈ അധ്യായം വായിച്ചു തീർക്കാനാകില്ല.
കല്യാണമോ ? സിനിമയോ ?
ജീവിതത്തിന്റെ കഠിനയാഥാർത്ഥ്യങ്ങളെ തോൽപ്പിക്കാൻ മറ്റു മാർഗമേതുമില്ലാതെ ഭാനുവിനും അച്ഛന്റെ പാതയിലേക്കു തിരിഞ്ഞ് സിനിമയെന്ന ഭാഗ്യപരീക്ഷണത്തിൽ അഭയം തേടേണ്ടി വന്നു. സാഹചര്യങ്ങൾ അവളെ സിനിമയിലേക്കു തള്ളിവിട്ടെന്നും പറയാം. അമ്മയുടെ നിർബന്ധത്താൽ അവസരം തേടി പലരുടെയും മുന്നിൽ കാത്തുനിൽക്കുമ്പോൾ അവൾ ചിന്തിച്ചിട്ടുണ്ടാകില്ല, ഒരിക്കൽ സിനിമലോകം തന്നെ വാഴ്ത്തുമെന്ന്, താരറാണിയായി കൊണ്ടാടുമെന്ന്.
കൗമാരത്തിന്റെ തുടക്കത്തിൽ ജീവിതമവസാനിപ്പിക്കാൻ ഭാനു ശ്രമിച്ചിരുന്നു. രക്ഷപ്പെട്ടു തിരികെയെത്തിയ മകൾക്ക് പുഷ്പവല്ലി നൽകിയ നിര്ദേശം ഒന്നുകിൽ വിവാഹിതയാകുക അല്ലെങ്കിൽ അഭിനയിക്കാൻ പോവുക എന്നതായിരുന്നു. അതോടെ 14 വയസ്സിൽ ഭാനു പഠനം ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുത്തു.
സ്വാഭാവികമായും ജെമിനി ഗണേശനെപ്പോലെ ഒരു വലിയ താരത്തിന്റെ മകൾക്ക് അവസരങ്ങൾക്ക് പഞ്ഞമുണ്ടാകേണ്ടതല്ല. പക്ഷേ, ഭാനുവിന്റെ കാര്യത്തിൽ അതായിരുന്നില്ലല്ലോ സാഹചര്യം. ഒരേയൊരു ഫോൺകോളിൽ മകൾക്ക് എത്ര വലിയ ഒരവസരവും നേടിക്കൊടുക്കാൻ ശേഷിയുള്ള ജെമിനി പക്ഷേ, അതിനൊന്നും ഒരിക്കലും തയാറായതേയില്ല.
1966 – ല്, ‘രംഗുല രത്നം’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഭാനു ആദ്യമായി അഭിനയിച്ചത്. നായികയായി അഭിനയിച്ചതാകട്ടേ, 1969 – ല് പുറത്തിറങ്ങിയ ഒരു കന്നട ചിത്രത്തിലും. ജെമിനി ഗണേശന്റെ കോപം ഭയന്ന പലരും ഭാനുവിന് അവസരം നൽകാൻ മടിച്ചതോടെ തെന്നിന്ത്യയിൽ സിനിമയിൽ വേണ്ടത്ര വേഷങ്ങൾ ലഭിക്കില്ല എന്നായ ഭാനു ബോളിവുഡിലേക്കു ശ്രദ്ധതിരിച്ചു. അങ്ങനെ 1969– ൽ അവൾ മുംബൈയിലേക്കു പോയി. ആ യാത്ര ഭാനുവിനെ ഇന്ത്യൻ സിനിമയുടെ ഡ്രീം ഗേൾ, ‘ദി റിയൽ എവർഗ്രീൻ’ രേഖയാക്കി വളർത്തി!
പരിഹാസങ്ങൾ താണ്ടി
ജെമിനി സ്റ്റുഡിയോയിൽ വച്ച് രേഖയെ കണ്ട കുൽജീത് പാൽ എന്ന നൈറോബി സ്വദേശിയായ ബിസിനസുകാരൻ, അവർക്ക് എട്ടു സിനിമകളുടെ ഒരു കരാർ നൽകി. ആദ്യ സിനിമയ്ക്ക് 25,000 രൂപയും വിജയിക്കുന്നതനുസരിച്ച് മറ്റു സിനിമകൾക്ക് 25,000 രൂപ വീതം ഇൻക്രിമെന്റുമാണ് പ്രതിഫലമായി ഉറപ്പിച്ചത്.
എന്നാൽ ഹിന്ദിയിലെ തന്റെ ആദ്യ സിനിമയുടെ സെറ്റ് രേഖയ്ക്ക് മറക്കാനാകാത്ത ഒരു മോശം അനുഭവം സമ്മാനിച്ചു. നടൻ ബിശ്വജിത്ത് രേഖയോട് പറയാതെ അവരുടെ ചുണ്ടുകളിൽ ചുംബിച്ചു. അഞ്ചു മിനിറ്റോളം അതു നീണ്ടതോടെ രേഖ കരയാൻ തുടങ്ങി. ക്രൂ അംഗങ്ങൾ ഒച്ചയുയർത്തിയതോടെയാണ് ബിശ്വജിത്ത് പിൻമാറിയത്. ഈ സിനിമ റിലീസായത് പത്ത് വർഷം കഴിഞ്ഞാണ്. അപ്പോഴേക്കും രേഖ ബോളിവുഡിൽ താരമായിരുന്നു.
1970ൽ, ‘സാവൻ ഭാദോൻ’ ആണ് തിയറ്ററിലെത്തിയ രേഖയുടെ ആദ്യ സിനിമ. ആ സിനിമയിലെ രേഖയുടെ രൂപത്തെ ബോളിവുഡ് സിനിമാലോകം സ്വീകരിച്ചത് പരിഹാസങ്ങളോടെയാണ്. ശരീരഭാരം കൂടുതലാണ്, കറുത്ത നിറമാണ്, ഹിന്ദി വേണ്ടത്ര വഴങ്ങുന്നില്ല എന്നിങ്ങനെ വിമർശനങ്ങളുടെ പെരുമഴയായിരുന്നു മദ്രാസിൽ നിന്നുള്ള ആ കൗമാരക്കാരി നേരിട്ടത്. ‘സൗന്ദര്യമില്ലാത്തവൾ’ എന്ന കളിയാക്കൽ തന്നെ പിൻതുടർന്നപ്പോൾ, അവൾ അതിനെ തോൽപ്പിച്ചത് കഠിനാധ്വാനത്തിലൂടെയാണ്. തന്റെ രൂപത്തിലും ഹിന്ദി ഭാഷാ ഉച്ചാരണത്തിലും മികവിലേക്കെത്താൻ അവർ തീവ്രമായി പരിശ്രമിച്ചു. ക്യാമറയിൽ താൻ എങ്ങനെ പതിയുന്നു, വസ്ത്രാലങ്കാരം ഒരു കഥാപാത്രത്തെ എങ്ങനെ മാറ്റിമറിക്കും, മേക്കപ്പ് ഒരു മുഖത്തിന്റെ ഭാവത്തെ എങ്ങനെ സ്വാധീനിക്കും മറ്റുള്ളവർ നൽകിയ പ്രതിച്ഛായ അതേപടി സ്വീകരിക്കുന്നതിന് പകരം സ്വന്തം ഇമേജ് എങ്ങനെ ഉപയോഗിക്കണം എന്നെല്ലാം അവർ തിരിച്ചറിഞ്ഞു. 1978-ൽ ‘ഘർ’, ‘മുഖദ്ദർ കാ സിക്കന്ദർ’ എന്നീ സിനിമകളിൽ പുതിയൊരു രേഖയെയാണ് പ്രേക്ഷകർ കണ്ടത്. ഖൂബ് സൂരത്ത്, ഉംറാവു ജാൻ, ഇജാസത്ത്, ഖൂൻ ഭരി മാംഗ്, ഖിലാഡിയോൺ കാ ഖിലാഡി എന്നിങ്ങനെ ലുക്കിലും പ്രകടനങ്ങളിലും ഒന്നിനൊന്നു മികവേറ്റിയ രേഖ പോകെപ്പോകെ ബോളിവുഡിന്റെ മുഖ്യധാരാമുഖങ്ങളിലൊന്നായി.
റാണിയെപ്പോലെ....
അതേ സമയം അവാർഡ് വേദികളിലും പൊതുചടങ്ങുകളിലും ചമഞ്ഞൊരുങ്ങലിന്റെ മറ്റൊരു മീറ്ററും അവർ ഫിക്സ് ചെയ്തു. കാഞ്ചീപുരം പട്ടുടുത്ത്, ധാരാളം സ്വർണ്ണാഭരണങ്ങളണിഞ്ഞ്, മുടിയിൽ മുല്ലപ്പൂ ചൂടി, വലിയ പൊട്ടിട്ട്, കൺമഷിയെഴുതിയ കണ്ണുകളും ലിപ്സ്റ്റിക്ക് പുരട്ടിച്ചുവപ്പിച്ച ചുണ്ടുകളും സീമന്തരേഖയിൽ സിന്ദൂരവുമൊക്കെയായി ഒരു രാജകീയ പ്രൗഢിയിലേക്കു രേഖ തന്നെ ഉയർത്തി. വിലമതിക്കാനാവാത്ത നൂറുകണക്കിന് പരമ്പരാഗത കാഞ്ചീപുരം പട്ടുസാരികളും പുരാതനമായ സ്വർണ്ണ - രത്ന ആഭരണങ്ങളുമാണ് രേഖയുടെ സ്വകാര്യ ശേഖരത്തിലുള്ളത്. കാലം മാറിയിട്ടും സിനിമ മാറിയിട്ടും പ്രേക്ഷകർ മാറിയിട്ടും രേഖയുടെ പകിട്ടോ മികവോ കുറഞ്ഞില്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി,, ചെല്ലുന്നിടത്തെല്ലാം ശ്രദ്ധാകേന്ദ്രമായി രേഖ തിളങ്ങുന്നു.
ആഡംബരജീവിതം
1954 ഒക്ടോബര് 10– ന് ചെന്നൈയില് ആണ് രേഖയുടെ ജനനം. ഇക്കഴിഞ്ഞ ഒക്ടോബർ 10 - നായിരുന്നു 72-ാം ജന്മദിനം.ഇപ്പോൾ ഏകദേശം 332 കോടി രൂപയുടെ ആസ്തിയുണ്ട് രേഖയ്ക്ക് എന്നാണ് റിപ്പോർട്ടുകൾ. മുംബൈ ബാന്ദ്രകടൽത്തീരത്തുള്ള ‘ബസേര’ എന്ന ആഡംബര വസതിയ്ക്ക് 100 കോടി രൂപയിലേറെയാണത്രേ വിപണിമൂല്യം. സിനിമയിൽ സജീവമല്ലെങ്കിലും പ്രമുഖ അവാർഡ് നിശകൾ, ഹൈ പ്രൊഫൈൽ സ്വകാര്യ ചടങ്ങുകൾ, വി.വി.ഐ.പി ഇവന്റുകൾ, ടെലിവിഷൻ റിയാലിറ്റി ഷോകൾ എന്നിവയിൽ പ്രത്യേക അതിഥിയായി എത്തുന്നതിന് ലക്ഷങ്ങളാണ് രേഖയുടെ പ്രതിഫലം. പരസ്യങ്ങളിലും ബോർഡുകളിലും തന്റെ ചിത്രം ഉപയോഗിക്കുന്നതിന് മാത്രം 10 മുതൽ 20 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടത്രേ. ബാങ്കുകളിലെ വൻതുകയുടെ ഫിക്സഡ് ഡെപ്പോസിറ്റുകളും മുംബൈയിലെയും തെക്കേ ഇന്ത്യയിലെയും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള വാടക വരുമാനവും വേറെ. 6.01 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റ്, 2.17 കോടിയുടെ മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്, 2.03 കോടി രൂപ വിലയുള്ള ബി.എം.ഡബ്ല്യു ഐ7 ഇലക്ട്രിക് കാർ, 1.63 കോടിയുടെ ഔഡി എ8 എന്നിവയാണ് രേഖയുടെ ഗാരേജിലുള്ള ആഡംബര വാഹനങ്ങൾ.
സിനിമ തോൽക്കും പ്രണയം
ബോളിവുഡിലെ എക്കാലത്തേയും ചർച്ചയായ പ്രണയബന്ധങ്ങളിലൊന്നാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ളത്. ജയ ബാദുരിയുമായുള്ള (ജയ ബച്ചൻ) വിവാഹശേഷമാണ് അദ്ദേഹം രേഖയുമായി അടുത്തത്. ‘ദോ അഞ്ജാനെ’, ‘ആലാപ്’, ‘സുഹാഗം’, ‘റാം ബൽറാം’ തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചു. ‘‘ഞാൻ പ്രണയത്തിലായിരുന്നു. പക്ഷേ അദ്ദേഹം അത് തുറന്നുസമ്മതിക്കില്ല. അദ്ദേഹത്തിന് കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം നോക്കണം’’ ഈ ബന്ധത്തെക്കുറിച്ച് ഒരിക്കൽ രേഖ പറഞ്ഞു. പക്ഷേ, തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് ബിഗ് ബി തുറന്നുസമ്മതിച്ചിട്ടേയില്ല.
ഈ പ്രണയഗോസിപ്പ് ചൂടൻ വാർത്തയായി വിൽക്കപ്പെടുന്ന കാലത്താണ് അമിതാഭ്, രേഖ, ജയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി യഷ് ചോപ്ര ‘സിൽസില’ ഒരുക്കിയത്. അതും ഇവരുടെ ജീവിതത്തിലെന്ന പോലെ ഒരു ത്രികോണ പ്രണയകഥയായിരുന്നു. ‘സിൽസില’യിൽ അമിത് എന്ന എഴുത്തുകാരന്റെ വേഷമാണ് അമിതാഭിന്. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ ജയ അവതരിപ്പിച്ച ശോഭ എന്ന പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. എന്നാൽ, രേഖ അവതരിപ്പിച്ച ചാന്ദിനി എന്ന മുൻകാമുകിയെ അയാൾക്കു മറക്കാൻ സാധിക്കുന്നില്ല. അമിതാഭും രേഖയും ഒരുമിച്ച അവസാന സിനിമയും ഇതാണ്. ‘‘ഇനി ഞങ്ങൾ ഒരുമിച്ച് അഭിനയിക്കില്ലെന്ന് അമിതാഭ് ആണ് പറഞ്ഞത്. കാരണം ഇന്നുമറിയില്ല’’ എന്നാണ് ഇതേക്കുറിച്ച് രേഖ പറഞ്ഞിട്ടുള്ളത്.
2004 – ൽ, സിമി ഗരേവാളിന്റെ ഷോയിൽ അമിതാഭ് ബച്ചനോടുള്ള ആരാധനയും സ്നേഹവും രേഖ തുറന്നുപറഞ്ഞിരുന്നു. ലോകത്ത് ആർക്കും പൂർണ്ണമായി സ്നേഹിക്കാതിരിക്കാൻ കഴിയാത്ത ആ വ്യക്തിയെ താനും പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നുവെന്നും അതിൽ താൻ എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ ന്യായീകരണം നൽകേണ്ടതെന്നുമാണ് അവർ ചോദിച്ചത്.
ഈ ബന്ധത്തെക്കുറിച്ച് പിന്നീട് രേഖയുടെ അടുത്ത സുഹൃത്തും എഴുത്തുകാരിയും സംരംഭകയുമായ ബിന രമണി തുറന്നു പറഞ്ഞിട്ടുണ്ട്.
‘‘രേഖ വളരെ നല്ല സുഹൃത്തായിരുന്നു. കുട്ടിത്തമുള്ളവൾ. ജീവിതത്തിൽ അവൾ മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ, അവയെല്ലാം നിഷ്കളങ്കതയിൽ നിന്നായിരുന്നു. അവളുടെ ബാല്യത്തിന്റെ കെണിയിലായിരുന്നു അവൾ. അമ്മയ്ക്കും അച്ഛനുമിടയിൽ, അവൾ സ്നേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. പക്ഷേ അതുമാത്രം ലഭിച്ചില്ല. കുട്ടിക്കാലം അവൾക്ക് ശരിക്കും ആസ്വദിക്കാൻ കഴിയാതെ പോയി.
ഞാൻ അവരെ കണ്ടുമുട്ടിയപ്പോൾ, അവരുടെ ജീവിതം മുഴുവൻ അമിതാഭ് ബച്ചനിൽ മുഴുകിയിരുന്നു. താൻ ആത്മാവിൽ അദ്ദേഹത്തിന്റേതാണെന്ന് അവൾ വിശ്വസിച്ചിരുന്നു. ആത്മാവിൽ അദ്ദേഹം തന്റേതാണെന്നും വിശ്വസിച്ചു.
ഒരിക്കൽ അവളെന്നെ കാണാൻ വന്നു. അമിതാഭ് അപ്പോൾ ഒരു പൊതു വ്യക്തിയായി മാറിയതിനാൽ അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു. ഇനിയൊരിക്കലും നമ്മൾ തമ്മിൽ ഒന്നുമുണ്ടാവില്ലെന്ന് അദ്ദേഹം അവളോട് പറഞ്ഞിരിക്കാം. ആകെ വിഷമത്തിലായിരുന്നു അവൾ വന്നത്’’ എന്നാണ് ബിന പറഞ്ഞത്.
അമിതാഭ് രണ്ട് മോതിരങ്ങൾ രേഖയ്ക്ക് സമ്മാനിച്ചിരുന്നുവത്രേ, രാത്രികളിൽ അവയും വിരലുകളിൽ അണിഞ്ഞാണ് അവര് ഉറങ്ങിയിരുന്നതെന്നും എന്നാൽ പിന്നീട് ആ മോതിരങ്ങൾ രേഖ അദ്ദേഹത്തിന് തിരികെ നൽകിയെന്നും ഒരു കഥയുണ്ട്. രേഖ പിൽക്കാലത്ത് താലിമാലയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് പൊതുവേദികളിലെത്തിയതിനെയും ഈ ബന്ധത്തിന്റെ ആഴം അടയാളപ്പെടുത്തുന്നു എന്ന നിലയിൽ പേജ് ത്രീ കോളങ്ങൾ വിവാദമാക്കിയിട്ടുണ്ട്.
1999 - ൽ പ്രസിദ്ധീകരിച്ച, ഭാവന സോമയ്യയുടെ ‘അമിതാഭ് ബച്ചൻ: ദ ലെജൻഡ്’ എന്ന പുസ്തകത്തിനു നൽകിയ അഭിമുഖത്തില് തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾക്കു മാധ്യമങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അതു പുറത്തുവിടാൻ ബിഗ് ബി വെല്ലുവിളിച്ചിരുന്നു. ‘‘ഞാനും രേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നവർ എത്ര തവണ ഞങ്ങളെ ഒരുമിച്ച് കണ്ടിട്ടുണ്ട് ? എന്തിന് പൊതുസ്ഥലങ്ങളിൽ ഞങ്ങൾ മോശമായി പെരുമാറുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?’’ എന്നും അദ്ദേഹം ചോദിച്ചു. തന്റെ മറ്റൊരു വസതിയായ ‘പ്രതീകുഷ’ യിലേക്ക് രേഖ താമസം മാറിയെന്ന വാർത്തകളെയും പിന്നീടൊരിക്കൽ അമിതാഭ് ബച്ചൻ രൂക്ഷമായി വിമർശിച്ചു. ജയ ബച്ചനുമൊത്തുള്ള ആ അഭിമുഖത്തിൽ മാധ്യമങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്കു തിരികൊളുത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ വീട്ടിലേക്ക് രേഖ മാറിയെന്നും അല്ലെങ്കിൽ താൻ രേഖയുടെ വീട്ടിലേക്ക് താമസം മാറിയെന്നുമൊക്കെയുള്ള മാധ്യമങ്ങളുടെ വാദങ്ങളെ അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത് ‘ഒരു വലിയ തമാശ’ എന്നാണ്.
‘‘അവൾ എന്റെ സഹപ്രവർത്തകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്ത് കണ്ടിട്ടുണ്ട്. എന്നാൽ സാമൂഹികമായി ഞങ്ങൾക്ക് തമ്മിൽ യാതൊരു ബന്ധവുമില്ല’’ എന്നു വ്യക്തമാക്കിയ അദ്ദേഹം വർഷങ്ങളായി തങ്ങൾ തമ്മിൽ ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ലെന്നും ഏതെങ്കിലും ചടങ്ങുകളിലോ അവാർഡ് വേദികളിലോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് മാത്രമാണ് ഇതിലുള്ളതെന്നും വിശദീകരിച്ചു.
എന്തായാലും ബോളിവുഡ് ആഘോഷിച്ച ഏതൊരു ത്രികോണ പ്രേമകഥയേക്കാളും മനോഹാരിതയുണ്ട് ഈ റിയൽലൈഫ് സ്റ്റോറിക്ക്.
ഇതുമാത്രമല്ല, രേഖയുടെ ജീവിതത്തില് പല പരാജയ ബന്ധങ്ങളുമുണ്ട്. ആദ്യ കാലത്ത് സംവിധായകനായ വിനോദ് മേഹ്രയുമായി പ്രണയത്തിലായെങ്കിലും പിന്നീട് പിരിഞ്ഞു.1990 – ല് ഡല്ഹിയിലെ വ്യവസായി മുകേഷ് അഗര്വാളിനെ വിവാഹം ചെയ്തെങ്കിലും അദ്ദേഹം 1991 – ല് ജീവനൊടുക്കി. 40 വര്ഷത്തെ അഭിനയ ജീവിതത്തില് 180 – ലധികം ചിത്രങ്ങളില് രേഖ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ വിട്ടു ജീവിക്കുന്നു.
ചുരുക്കട്ടേ...രേഖ ഒരു അടയാളമാണ്. പരിഹാസങ്ങളുടെയും അവഗണനകളുടെയും കഠിനപാതകൾ താണ്ടി, സ്വന്തം പ്രതിഭയുടെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ ഒരു സ്ത്രീ എത്തപ്പെട്ട ഉയരങ്ങളുടെ...നേട്ടങ്ങളുടെ...