മലയാളികളുടെ മനസ്സിൽ ശ്രുതിയൊട്ടും തെറ്റാതെ എക്കാലവും ജീവിക്കുന്ന ചില മനോഹരഗാനങ്ങളുണ്ട്. എപ്പോൾ കേട്ടാലും മടുപ്പില്ലാതെ ഒപ്പം ചേർക്കുന്ന സംഗീത വിസ്മയങ്ങൾ. എന്നാൽ അവയെഴുതിയത് ആരാണെന്നതിൽ പലർക്കും വ്യക്തതയില്ല. അങ്ങനെയുള്ള, മലയാളത്തിന്റെ പ്രിയകവികൾ എഴുതിയ ചില എവർഗ്രീൻ സിനിമാഗാനങ്ങൾ ഏതൊക്കെയാണെന്നറിഞ്ഞാലോ...
പി.കെ.ഗോപി
പ്രശസ്ത കവി പി.കെ.ഗോപി സിനിമകൾക്കും മറ്റുമായി നൂറോളം ഗാനങ്ങളാണ് എഴുതിയിട്ടുള്ളത്. അവയിൽ പലതും ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയുമാണ്. എന്നാൽ ചലച്ചിത്രഗാനരചയിതാവ് എന്നതിനേക്കാൾ കവി എന്ന നിലയിലാണ് പി.കെ.ഗോപിയുടെ പ്രശസ്തി.
പി.കെ.ഗോപി എഴുതിയതിൽ ഏറെ ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങൾ :
1.താനേ പൂവിട്ട മോഹം... – സസ്നേഹം
2.താരാപഥം ചേതോഹരം... – അനശ്വരം
3.മായാമഞ്ചലിൽ ഇതുവഴിയേ... – ഒറ്റയാൾ പട്ടാളം
4.ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ... – ധനം
5.ആനയ്ക്കെടുപ്പത് പൊന്നുണ്ടേ... – ധനം
പ്രഭാവർമ
കവി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പ്രഭാവർമ പത്തോളം സിനിമകൾക്കു പാട്ടുകളെഴുതി. എന്നാൽ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളാൽ പാട്ടെഴുത്തിന്റെ മേഖലയിൽ അദ്ദേഹം സജീവമായില്ല.
പ്രഭാവർമ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങൾ :
1.ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ... – സ്ഥിതി
2.പോയ് വരുവാൻ കൂടെ വരൂ... – ഔട്ട് ഓഫ് സിലബസ്സ്
സച്ചിദാനന്ദൻ പുഴങ്കര
കവി,തിരക്കഥാകൃത്ത്,ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് സച്ചിദാനന്ദൻ പുഴങ്കര. ‘പ്രണയവർണങ്ങൾ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്നതിനൊപ്പം അതിലെ മനോഹരഗാനങ്ങൾ രചിച്ചതും അദ്ദേഹമാണ്.
സച്ചിദാനന്ദൻ പുഴങ്കര എഴുതിയതിൽ ഏറെ ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങൾ :
1.വരമഞ്ഞളാടിയ രാവിന്റെ മാറിൽ... – പ്രണയവർണങ്ങൾ
2.ആലേലോ പൂലേലോ... – പ്രണയവർണങ്ങൾ
4.കാണുമ്പോൾ പറയാമോ... – ഇഷ്ടം
ഒ.വി.ഉഷ
കവിയത്രി, ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ ഒ.വി.ഉഷ വിഖ്യാത സാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയുമാണ്.
ഒ.വി.ഉഷ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ സിനിമാ ഗാനം :
1.ആരാദ്യം പറയും... – മഴ
പഴവിള രമേശൻ
പത്രപ്രവർത്തകൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനായ പഴവിള രമേശൻ സിനിമയിൽ ഒരുപിടി ഗാനങ്ങൾക്കു വരികളെഴുതി. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായവയുമുണ്ട്.
പഴവിള രമേശൻ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങൾ :
1.മൗനത്തിൻ ഇടനാഴിയിൽ... – മാളൂട്ടി
2.സ്വർഗങ്ങൾ സ്വപ്നം കാണും... – മാളൂട്ടി
3.ഇടയരാഗ രമണദുഖം... – അങ്കിൾ ബൺ
ജി.മദുസൂദനൻ നായർ
നാറാണത്ത് ഭ്രാന്തൻ എന്ന കവിതയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ജി.മദുസൂദനൻ നായർ സിനിമകൾക്കു വേണ്ടിയും ചില പാട്ടുകളെഴുതി. അദ്ദേഹത്തിന്റെ കവിതകളും ചില സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്.
ജി.മദുസൂദനൻ നായർ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ സിനിമാ ഗാനം :
1.എന്തമ്മേ ചുണ്ടത്ത്... – കുലം
സച്ചിദാനന്ദൻ
മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദൻ സിനിമാഗാനങ്ങൾ അധികം എഴുതിയിട്ടില്ലെങ്കിലും ധാരാളം ഗസലുകൾക്കു വരികളെഴുതിയിട്ടുണ്ട്.
സച്ചിദാനന്ദൻ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ സിനിമാ ഗാനം :
1.ഹൃദയത്തൻ മധുപാത്രം...– കരയിലേക്ക് ഒരു കടൽദൂരം
ഏഴാച്ചേരി രാമചന്ദ്രൻ
കവിയെന്ന നിലയിൽ പ്രശസ്തനായ ഏഴാച്ചേരി രാമചന്ദ്രൻ ധാരാളം സിനിമകളിലും നാടകങ്ങളിലും പാട്ടുകളെഴുതി.
ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയതിൽ ഏറെ ശ്രദ്ധേയമായ സിനിമാ ഗാനം :
ചന്ദനമണിവാതിൽ പാതി ചാരി … – മരിക്കുന്നില്ല ഞാൻ
ഇവരെക്കൂടാതെ മലയാളത്തിലെ നിരവധി കവികൾ സിനിമകൾക്കു പാട്ടുകളെഴുതിയട്ടുണ്ട്. ഒ എൻ വി കുറുപ്പും വയലാർ രാമവർമയും പി.ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ഒരേസമയം കവിതയിലും പാട്ടെഴുത്തിലും താരങ്ങളായിരുന്നു. പുതു തലമുറയിലെ പ്രശസ്ത കവികളായ റഫീഖ് അഹമ്മദും അൻവർ അലിയും ഇപ്പോൾ ചലച്ചിത്രഗാനരചയിതാക്കൾ എന്ന നിലയിലും സജീവമാണ്.
പ്രശസ്ത കവിയും നോവലിസ്റ്റുമായ മനോജ് കുറൂറാണ് ‘രണം’ സിനിമയിലെ ഏറെ ഹിറ്റായ ടൈറ്റിൽ ട്രാക്കും ‘ഇനിയെന്നു കാണും ഞാൻ...’ എന്ന പാട്ടുമെഴുതിയത്. ‘ഇന്ത്യൻ റുപ്പി’യിലെ ‘പോകയായ് വിരുന്നുകാരീ ...’ എന്ന പാട്ടെഴുതിയത് പ്രശസ്ത കവി വി.ആർ.സന്തോഷാണ്.