ADVERTISEMENT

കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഉല്ലാസ യാത്രാസംഘം അന്റാർട്ടിക്കയിലേക്കു പോകുന്നു. വിവരം കേട്ടപാടേ ഡോ. വിജയലക്ഷ്മി ബാഗ് പാക്ക് ചെയ്തു. പ്രായം 70 പിന്നിട്ടെന്നോ, മഞ്ഞുപാളികൾ ഒഴുകി നീങ്ങുന്ന സമുദ്രത്തിലൂടെ കപ്പലിൽ 11 ദിവസത്തെ യാത്രയുണ്ടെന്നോ ഓർക്കാത്ത ആ പുറപ്പാടു തന്നെയാണു ഡോ. വിജയലക്ഷ്മിയുടെ യാത്രകളുടെയെല്ലാം ത്രിൽ, ശരിക്കും സവാരി ഗിരി ഗിരി.

കൊച്ചിയിലെ വീട്ടിലിരുന്നു യാത്രാനുഭവങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഡോ. വിജയലക്ഷ്മിയുടെ ഓർമകൾ പത്തറുപതു വർഷം പിന്നിലേക്കു കൂകിപ്പാഞ്ഞോടി. ‘‘അച്ഛൻ ഗോവിന്ദപിള്ളയ്ക്കു മുംബൈയിലായിരുന്നു ജോലി. സ്കൂൾ പഠനകാലത്തേ ഞാനും അനിയനും അനിയത്തിയും വലിയ വെക്കേഷനു നാട്ടിലേക്കു വരാൻ കാത്തിരിക്കും. മുംബൈ നഗരത്തിന്റെ തിരക്കും ചൂടും വിട്ടു കേരളത്തിന്റെ പച്ചപ്പിലേക്കെത്തുന്ന ആ മൂന്നു ദിവസത്തെ ട്രെയിൻ യാത്രകളാണ് എന്റെയുള്ളിലെ യാത്രാപ്രേമിയെ ഉണർത്തിയത്. യാത്രകളുടെ ആ സന്തോഷം ഇന്നും മങ്ങാതെ നിൽക്കുന്നു.’’

ADVERTISEMENT

70 വയസ്സിനിടെ ഡോ. വിജയലക്ഷ്മി ജി. പിള്ള കണ്ടുതീർത്തത് ഏഴു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളാണ്. ആ സഞ്ചാരകഥകൾ കേൾക്കാം.

മുംബൈ ടു കേരളം

ADVERTISEMENT

സ്കൂൾ പ്രായത്തിൽ തന്നെ വിജയലക്ഷ്മിക്കു കൂട്ടുകാർ ഒരു പേരിട്ടിരുന്നു, മങ്കി ബ്രാൻഡ്. മരംകയറി വീണു കയ്യൊടിഞ്ഞു കിടന്ന ആ കാലത്തെക്കുറിച്ചു ഡോക്ടർ പറയുന്നതിങ്ങനെ. ‘‘എ ട്ടാം ക്ലാസിൽ സ്കൂൾ ലീഡറായി. അന്നേ പിക്നിക്കിനിടെ മലകയറ്റം, റോപ് ക്ലൈംബി ങ് പോലുള്ള വിനോദങ്ങളാണു താത്പര്യം.

എനിക്കു 15 വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അങ്ങനെ അമ്മ അമ്മിണി അമ്മയുടെ നാടായ വടക്കൻ പറവൂരിലേക്കു വന്നു. ആലുവ യുസി കോള ജിലെ പ്രീഡിഗ്രി കാലത്തും കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് കാലത്തും പഠനത്തിലായിരുന്നു പൂർണശ്രദ്ധ.

ADVERTISEMENT

പുസ്തക വായന ഹരമായിരുന്നു. ആയിടയ്ക്ക് എസ്.കെ. പൊറ്റക്കാടിന്റെ ഖാർതൂം തൊട്ടു ബ്രസീൽ വരെ എന്ന ലേഖനം വായിച്ചു– സുഡാനിലെ ഖാർതുമിൽ നിന്നുദ്ഭവിക്കുന്ന നൈലും ബ്രസീലിലെ ആമസോൺ നദിയുമൊക്കെയാണ് അതിൽ വിഷയമാകുന്നത്. ആ രണ്ടു നദികളും കാണണമെന്ന മോഹം അങ്ങനെ മനസ്സിൽ കയറിക്കൂടി.

dr-vijayalekshmi-travel-story5
ഡോ. വിജയലക്ഷ്മി, മകൻ ദീപക്, മരുമകൾ അമിത, കൊച്ചുമക്കളായ അകിര, അവ്റാം

കൈപിടിച്ച കൂട്ട്

ആയിടയ്ക്കാണു വിവാഹം. ഭർത്താവ് ഗോപകുമാർ പോണോത്തിനു കുവൈത്തിലായിരുന്നു ജോലി. അദ്ദേഹത്തിനൊപ്പം പല രാജ്യങ്ങളിലും യാത്ര ചെയ്തു. ഇറാഖ്, പഴയ ജോർദാൻ, ടർക്കി, ഈജിപ്ത് ഒക്കെ ആ കൂട്ടത്തിൽ പെ ടും. ഇതിനിടെ മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നു ഗൈനക്കോളജിയിൽ പിജിയും യുകെയിലെ റോയൽ കോളജിൽ നിന്ന് സ്പെഷലൈസേഷനും പൂർത്തിയാക്കി. പിന്നെ, ബെൽജിയത്തിൽ പോയി ഐവിഎഫ് സ്പെഷലൈസേഷനും ചെയ്തു.

കൊച്ചിയിൽ തുടങ്ങിയ വിഎംസി ഹോസ്പിറ്റലിന്റെ തിരക്കിനിടയിലും എന്റെയുള്ളിലെ സഞ്ചാരിയെ പ്രോത്സാഹിപ്പിക്കാൻ ഭർത്താവു മുൻകയ്യെടുത്തു. അതോടെ സോളോ ട്രിപ്പുകളിലേക്ക് മാറി. അന്നുകണ്ട പല രാജ്യങ്ങളും അതേ രൂപത്തിൽ ഇന്നു ഭൂപടത്തിലില്ല. ചെക്കോസ്ലോവാക്യ, യുഗോസ്ലാവ്യ, യുഎസ്എസ്ആർ... ആ ലിസ്റ്റ് നീളും. ആരും കാണാത്ത കാഴ്ചകളുള്ള രാജ്യങ്ങൾ തേടിപ്പോകാനുള്ള ഇഷ്ടം വന്നത് എപ്പോഴാണെന്നു കൃത്യമായി അറിയില്ല. ഒരിക്കൽ ട്രാൻസ് സൈബീരിയൻ ട്രെയിനില്‍ യാത്ര ചെയ്തു. മോസ്കോയിൽ നിന്നു തുടങ്ങി മംഗോളിയയിലെ ഗോബി മരുഭൂമി വരെ. ആ മണൽപ്പരപ്പിൽ നക്ഷത്രങ്ങളെ നോക്കി കിടന്നതു മറക്കാനാകാത്ത ഓർമയാണ്.

അങ്ങനെയൊരു യാത്രയ്ക്കിടെയാണു നാട്ടിൽ നിന്നു സങ്കടവാർത്ത എത്തിയത്, ഭർത്താവു മരിച്ചു. ബ്രസീലിൽ നിന്നു രണ്ടു ദിവസമെടുത്താണു നാട്ടിൽ തിരിച്ചെത്തിയത്. അടുത്ത യാത്രയ്ക്കിടെ സ്പെയിനിൽ വച്ചു ന്യൂമോണിയ പിടിപെട്ടു. ആ ട്രിപ്പിന്റെ ബാക്കിയുള്ള രാജ്യങ്ങൾ പൂർത്തിയാക്കാതെ തിരികെ വന്നു. പിന്നെ, സോളോ ട്രിപ് നടത്തിയിട്ടില്ല.

മഞ്ഞും മലയും കാടും

dr-vijayalekshmi-travel3
2. ഫിൻലൻഡിൽ ആർട്ടിക് സർക്കിളിൽ

കോവിഡിനു ശേഷം ഗ്രൂപ്പ് യാത്രകളിൽ സജീവമായി. അ ങ്ങനെയിരിക്കെയാണു കേരളത്തിൽ നിന്നു ശാസ്ത്രജ്ഞരുടേതല്ലാത്ത ആദ്യസംഘം അന്റാർട്ടിക്കയിലേക്കു പോകുന്നു എന്നറിഞ്ഞത്. ആ അവസരം കൈവിട്ടുകളയാൻ തോന്നിയില്ല. ബെംഗളൂരുവിൽ നിന്ന് എത്യോപ്യയിലേക്കാണു വിമാനം. അവിടെനിന്ന് അർജന്റീനയിലേക്ക്. പിന്നെയെത്തുക ഭൂമിയുടെ തെക്കേയറ്റത്തുള്ള നഗരം എന്നു ഖ്യാതി കേട്ട ഊഷ്വായ സിറ്റിയിൽ. ആ നഗരത്തിൽ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ പുറപ്പെടുക.

11 ദിവസത്തെ യാത്രയ്ക്കിടെ മൂന്നു മഹാസമുദ്രങ്ങളിലൂടെയുള്ള കപ്പൽ സഞ്ചരിക്കും. എല്ലായിടത്തും ഒഴുകിനീങ്ങുന്ന മഞ്ഞുമലകൾ കാണാം. അത്തരം മഞ്ഞുമലകള്‍ക്കിയിലൂടെ നീങ്ങാവുന്ന ഐസ് ബ്രേക്കിങ് സംവിധാനമുള്ള കപ്പലാണതെന്ന് ഗൈഡ് പറഞ്ഞുതന്നു. യാത്രയിലുടനീളം പെൻഗ്വിൻ കോളനികളുമുണ്ട്. അഞ്ചു പോർട്ടുകളിലാണ് ഇറങ്ങാൻ അവസരമുള്ളത്. രണ്ടു കയ്യിലും വടി കുത്തിക്കുത്തിയേ മഞ്ഞിലൂടെ നടക്കാനാകൂ. ഉറഞ്ഞ മഞ്ഞുകട്ടയ്ക്കു മുകളിൽ നിൽക്കുമ്പോൾ വെള്ളത്തിനു മുകളിലൂടെ അവ പതിയെ ചലിക്കുന്നുണ്ടെന്ന് അനുഭവപ്പെടും.

ഭക്തിയാത്രകൾ കുറച്ചേ ചെയ്തിട്ടുള്ളൂ. അതിൽ പ്രിയപ്പെട്ടത് 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സാധിച്ച കൈലാസയാത്രയാണ്. ആദ്യം കൈലാസയാത്രയ്ക്കായി ശ്രമിച്ചപ്പോൾ ഇന്ത്യാക്കാര്‍ക്ക് പെർമിറ്റ് നിഷേധിച്ചു. പിന്നീടൊരിക്കൽ യാത്രയ്ക്കു സാഹചര്യം ഒരുങ്ങിയെങ്കിലും കാലാവസ്ഥ മോശമായി. അടുത്ത തവണ പ്ലാൻ ചെയ്തപ്പോഴാണു നേപ്പാളിലെ ഭൂകമ്പം. ഇന്ത്യ– ചൈന പ്രശ്നങ്ങൾ കാരണവും കോവിഡ് കൊണ്ടും രണ്ടുവട്ടം കൂടി യാത്ര മുടങ്ങി. എല്ലാ പ്രശ്നവും മാറി കൈലാസത്തിലേക്കു പോകാൻ അവസരം വന്നത് ഈ ഓഗസ്റ്റിലാണ്.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഠു പിന്നിട്ടു തിബറ്റിലെത്തി. അവിടെനിന്ന് കൈലാസയാത്രയുടെ ബേസ് ആയ ഡെർച്ചനിൽ. പിന്നെയാണു യമദ്വാർ പരിക്രമ തുടങ്ങുക. 14 കിലോമീറ്ററാണ് ആദ്യദിവസത്തെ യാത്ര. രണ്ടാം ദിവസത്തെ 22 കിലോമീറ്ററുള്ള കയറ്റവും ഇറക്കവും കുറച്ചു കഠിനമാണ്. മൂന്നാം ദിവസത്തെ യാത്ര കഴിഞ്ഞാൽ മടങ്ങാം. നാട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞാണ് ആ വാർത്ത കണ്ടത്, നേപ്പാളിൽ പ്രകൃതിക്ഷോഭം. ഞങ്ങൾ കണ്ടുവന്ന സ്ഥലങ്ങളൊക്കെ ഒലിച്ചുപോയി എന്നു ടിവിയിൽ കണ്ടപ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.

dr-vijayalekshmi-travel8
ഗ്രീൻലാൻഡ് നൂക്കിലെ സെമിത്തേരി

പ്ലാൻ മാത്രം പോരാ

സോളോ ട്രിപ് ചെയ്തിരുന്നപ്പോൾ ആരെങ്കിലും അപായപ്പെടുത്തുമോ എന്നു പേടിച്ചിരുന്നു. ഭാഷയറിയാത്ത സ്ഥലങ്ങളിൽ ആംഗ്യഭാഷയൊക്കെ പയറ്റിയാണു കാര്യങ്ങൾ നടത്തിയിരുന്നത്. ഇന്നു ഗൂഗിൾ ട്രാൻസലേറ്റ് ഒക്കെ വന്നതോടെ അത്തരം പ്രശ്നങ്ങളൊന്നുമില്ല. യാത്രകൾക്കായി ശരീരം എപ്പോഴും ഫിറ്റ് ആക്കി വ യ്ക്കാൻ ശ്രദ്ധിക്കും. ഡയബറ്റിസും ബിപിയുമില്ല. ഡയറ്റിലും സ്ട്രിക്റ്റാണ്, വണ്ണം വയ്ക്കാതിരിക്കാൻ നോക്കും. ആഴ്ചയിൽ മൂന്നു ദിവസം ജിമ്മിൽ പോകും. വെജിറ്റേറിയനായതു കൊണ്ട് സാലഡും ഫ്രൂട്ട്സുമാകും യാത്രയിലെ മെനു.

ഭർത്താവിന്റെ മരണശേഷം വീണ്ടും ഉത്സാഹത്തോടെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് മകൻ ദീപക് ആണ്. സ്കൂബാ, ഫ്രീ ഡൈവിങ് എക്സ്പർട്ടായ ദീപക്കും ഭാര്യ അമിതയുമാണ് ആശുപത്രിയുടെ അഡ്മിനിസ്ട്രേഷനും പിആർ വിഭാഗവും കൈകാര്യം ചെയ്യുന്നത്. യാത്ര കഴിഞ്ഞു വരുമ്പോൾ സമ്മാനങ്ങൾ കൊണ്ടുവരുന്നതും കാത്തു കൊച്ചുമക്കളായ അകിരയും അവ്റാമുമുണ്ട്. ആദ്യമൊക്കെ ഓരോ രാജ്യത്തു നിന്നും ആർട് കലക്ഷനുകൾ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ വാങ്ങുന്നതു ഫ്രിജ് മാഗ്‌നറ്റുകളാണ്. യാത്ര പ്ലാൻ ചെയ്യുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ, നിങ്ങളുടെ ലക്ഷ്യം അനുസരിച്ചുള്ള ട്രിപ് പ്ലാൻ ചെയ്യുക. എല്ലാ യാത്രകൾക്കും വലിയ ചെലവ് വരുമെന്നതു തെറ്റിധാരണയാണ്. പോകാനുള്ള ആഗ്രഹം ആത്മാർഥമായി ഉണ്ടാകുന്നതിലാണു കാര്യം.

കാണാൻ 75 രാജ്യങ്ങളെങ്കിലും ലിസ്റ്റിൽ ബാക്കിയുണ്ട്. ആദ്യം ന്യൂ ഇയർ എത്തുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിയിലേക്കു ന്യൂ ഇയറിൽ തന്നെ യാത്ര ചെയ്യണമെന്നും കപ്പലിൽ എല്ലാ വൻകടലുകളും കടന്നു ലോകം ചുറ്റണമെന്നും ആഗ്രഹമുണ്ട്. ഡോക്ടർ ജോലിയിൽ നിന്നു വിരമിച്ചാൽ പൂർണസമയ യാത്രക്കാരിയാകണം, അതാണു സ്വപ്നം...’’ ഡോക്ടർ അടുത്ത യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

dr-vijayalekshmi-travel2
2. കെനിയയിൽ ഭൂമധ്യരേഖയിൽ,
Kerala Woman Embarks on Historic Antarctica Expedition at 70:

Antarctica, a continent previously unexplored by non-scientists from Kerala, is now accessible to a group including Dr. Vijayalakshmi Pillai. At 70, she embarks on this journey, a testament to her lifelong passion for travel that began with train journeys from Mumbai to Kerala as a child. Having explored 72 countries across seven continents, her adventures range from traversing the Trans-Siberian Railway to completing the arduous Kailash Yatra. Her travels have taken her through vastly changed political landscapes and exposed her to diverse cultures and natural wonders. Encouraged by her late husband and now her son, Dr. Pillai continues to plan future expeditions, including sailing around the world and becoming a full-time traveler post-retirement.

ADVERTISEMENT