വെയിൽ കൊണ്ട് മുഖം കരിവാളിച്ചോ? ബ്യൂട്ടി പാർലറില്‍ പോയി ഇനി സമയം കളയേണ്ട. ടാന്‍ മാറാന്‍ നല്ല അസ്സല്‍ ഫെയ്സ്പാക് വീട്ടിലുണ്ടാക്കാം.
കാപ്പി പൊടി
കാപ്പിപ്പൊടി ചര്‍മത്തിലെ കരുവാളിപ്പകറ്റാനുള്ള നല്ലൊരു വഴിയാണ്. കാപ്പിപൊടിയുടെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ഒപ്പം ചര്‍മത്തില്‍ ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായിട്ടാണ് കാപ്പി പൊടി പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും കൂടാതെ കഫീന്‍ ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.
കടലമാവ്
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്.
തേൻ
മികച്ച നാട്ടുവൈദ്യമാണ് തേൻ. ഇത് ചർമത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. ചർമത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാൽ
പാല്‍ ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ കുറയ്ക്കാനും പാല്‍ വളരെ നല്ലതാണ്. ഫെയ്സ്പാക്കുകളില്‍ പാല്‍ ചേര്‍ക്കുന്നത് ഗുണം ഇരട്ടിയാക്കും.
ഫെയ്സ്പായ്ക് തയാറാക്കേണ്ട വിധം
ഒരു ചെറിയ ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ആവശ്യത്തിന് പാല്‍ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കൽ കടലമാവ് ഇല്ലെങ്കിൽ ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്, പാലിന് പകരമായി തൈരും ഉപയോഗിക്കാം. ഇവ എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടി 15 – 20 മിനുട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരാഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും ഇത് പരീക്ഷിച്ചു നോക്കൂ... ഫലം ഉറപ്പാണ്.