മലയാള സിനിമയിൽ നിന്ന് ഇടക്കാലത്തു മാറിനിന്ന നന്ദിനി ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ചു പറയുന്നു...
നിലാവെട്ടം തെളിനീരിൽ ഒാളംവെട്ടുന്നതു പോലുള്ള ഒരു നടത്തമായിരുന്നു അത്. കസവ് ഒഴുകിയ സെറ്റുസാരി. പച്ചനിറമുള്ള ബ്ലൗസ്. നെറ്റിയിൽ ചന്ദനക്കുറി. കൈയിൽ ക്ഷേത്രത്തിൽ നിന്നു കിട്ടിയ ഇലക്കീറിൽ പ്രസാദം. അമ്പലത്തിനു പുറത്തു പാർക്കുചെയ്ത ചുവപ്പു നിറമുള്ള കാറിനടുത്തേക്ക് നടന്നുപോകുന്ന, ‘അനുരാഗക്കരിക്കിൻവെള്ള’ത്തിലെ അനുരാധയെ ഒറ്റനോട്ടത്തിൽ തന്നെ മലയാളികൾ തിരിച്ചറിഞ്ഞു–നന്ദിനി.
നന്ദിനി എന്ന പേരിൽ തന്നെയുണ്ട് ഒരു ചന്ദനക്കുറി. മോഡേണായാലും സാരിയുടുത്താലും തനി മലയാളി പെൺകുട്ടി. അതുകൊണ്ടാകും കുറച്ചുകാലങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോഴും ഒട്ടും മാറിയിട്ടില്ലെന്നു പറഞ്ഞ് മലയാളി ആരാധകർ നന്ദിനിയെ വിളിച്ചുകൊണ്ടേയിരിക്കുന്നത്. ‘‘ഒട്ടും മാറിയിട്ടില്ല, മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്നല്ലോ’’ എന്നൊക്കെ പലരും പറയുമ്പോൾ നന്ദിനി ഇടയ്ക്ക് പഴയ ഫോട്ടോകൾ എടുത്തു നോക്കാറുണ്ട്. കവിളുകള്‍ ചാടിയ, തടിച്ചുരുണ്ട മറ്റേതോ ഒരു െപൺകുട്ടി. ക്യാമറയ്ക്കു മുന്നിൽ നിന്നെല്ലാം ഒാടിയൊളിച്ച് ഒറ്റയ്ക്കൊരു മുറിയിൽ, കണ്ണാടിയിൽ നോക്കാൻ പോലും ഇഷ്ടമില്ലാതിരുന്ന കാലം... ബെംഗളൂരിലെ ചിക്പേട്ടിലുള്ള വീട്. േപ്രക്ഷകർക്ക് പരിചയമില്ലാത്ത ആ രൂപത്തെക്കുറിച്ചു നന്ദിനി പേടിയോടെ ഒാർമിച്ചു തുടങ്ങി...
ഇടക്കാലത്ത് സിനിമയില‍്‍ നിന്ന് മാറിനിന്നത് എന്തുകൊണ്ടാണ്?
ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങൾ. നാലുഭാഷയിൽ ഒരേസമയം ഒാടിനടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഒാട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയും... ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. എണ്ണയിൽ വറുത്ത വിഭവങ്ങളും മധുര പലഹാരങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു. യാത്രയിൽ വിശപ്പറിയാതിരിക്കാൻ ഗ്ലൂക്കോസ് കഴിക്കാൻ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി.
വിശക്കുമ്പോൾ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാൻ തുടങ്ങി. ഇടയ്ക്ക് ഹോർമോൺ വ്യത്യാസമുണ്ടായി. പോെരങ്കിൽ ഡിപ്രഷനും. ഇതു രണ്ടും വലിയ കുഴപ്പങ്ങളുണ്ടാക്കി. എല്ലാം എന്റെ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോയതു പോലെ. അതോടെ സിനിമയില്‍ നിന്ന് ഞാന്‍ മാറിനിൽക്കാൻ തുടങ്ങി. ഒന്നര വർഷം ഞാൻ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ഒരുപാടുപേർ വിളിച്ചിരുന്ന എന്റെ ഫോൺ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാൻ സിനിമകൾ കാണുന്നതു പോലും നിർത്തി. ഞാനഭനയിച്ചിരുന്ന സിനിമകൾ വരുമ്പോള്‍ ടിവി ഒാഫ് ചെയ്യും.
ഈ അവസ്ഥയെ എങ്ങനെയാണ് മറികടന്നത്?
എല്ലാം പഴയതു പോലെയാകും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്റെ ജീവിതം ഞാൻ തന്നെ ചിട്ടപ്പെടുത്തിത്തുടങ്ങി. ഉറക്കക്കുറവു പരിഹരിച്ചു. അമിതമായി ഭക്ഷണം കഴിക്കുന്നത് നിർത്തി. യോഗയിലേക്ക് തിരിഞ്ഞു. ആയിടയ്ക്കാണ് ഞാൻ ഭരത് ഠാക്കൂറിനെക്കുറിച്ച് അറിയുന്നത്. നടി ഭൂമിക ചൗളയുടെ ഭർത്താവാണ് അദ്ദേഹം. യോഗ വഴി ശരീരഭാരം കുറയ്ക്കാന്‍ ഭരത് ഠാക്കൂറിന്റെ കീഴിൽ പരിശീലനം തുടങ്ങി. അദ്ദേഹത്തെ ഞാൻ ഗുരുവായി സ്വീകരിച്ചു.
ശരീരത്തെ മാത്രമല്ല മനസ്സിനെയും ഞാൻ മാറ്റിയെടുത്തു. ആത്മീയത കൊണ്ട് മനസ്സിനെ ശാന്തമാക്കി. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന ആളായിരുന്നു ഞാൻ. ക്ഷമിക്കാൻ പഠിച്ചു. എന്റെ ജീവിതത്തെക്കുറിച്ച് എന്നോടു തന്നെ ചോദ്യങ്ങൾ ചോദിക്കാന‍്‍ ആരംഭിച്ചു. ചുരുക്കി പറഞ്ഞാൽ നാലു വർഷത്തോളമാണ് സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴും കൃത്യമായ വ്യായാമവും ഡയറ്റുമുണ്ട്. ഒരു മണിക്കൂറോളം വർക്കൗട്ട് ചെയ്യും. എനിക്കിഷ്ടമുള്ളത് കഴിക്കും, അതിനു പകരം മറ്റൊരു വിഭവം ഉപേക്ഷിക്കും. ഉദാഹരണത്തിന് ഉച്ചയ്ക്ക് പതിവില്ലാതെ മധുരം കഴിച്ചാൽ അരിയാഹാരം അന്നത്തെ മെനുവിൽ നിന്ന് ഉപേക്ഷിക്കും.
നാലു വർഷത്തോളം സിനിമയിൽ നിന്നു മാറി നിന്നപ്പോൾ പല ഗോസിപ്പുകളും പരന്നിട്ടുണ്ടാകില്ലേ?
അതുറപ്പല്ലേ. പല ഗോസിപ്പുകളുമിറങ്ങി. ഏറ്റവും കൂടുതൽ പ്രചരിച്ചത് എന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ്. വിവാഹിതയായി ഞാന്‍ വിദേശത്ത് സ്ഥിരതാമസമാക്കി എന്നാണ് പലരും കരുതിയത്. എന്നാൽ ഞാൻ വീട്ടിൽ തന്നെയിരുന്നു. ഇത്തരം വാർത്തകൾ എന്നെ ബാധിക്കാതിരിക്കാൻ ശ്രമിച്ചു.
എന്റെ അച്ഛനും അമ്മയും സഹോദരനുമാണ് എനിക്ക് ശക്തി തന്നത്. അവരുടെ പിന്തുണ വാക്കുകൾക്ക് അപ്പുറമായിരുന്നു. പത്താംക്ലാസിൽ വച്ച് സിനിമയിലേക്കുവന്ന ആളാണു ഞാൻ. എനിക്ക് സുഹൃത്തുക്കൾ കുറവാണ്. സിനിമയിൽ പോലും ചങ്ങാതിമാരില്ല. അതു കൊണ്ടുതന്നെ ഞാൻ ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാക്കാതിരിക്കാൻ കുടുംബം ഒരുപാടു കാര്യങ്ങൾ ചെയ്തു. ഒരുവല്ലാത്ത പരീക്ഷണ കാലഘട്ടം തന്നെയായിരുന്നു. ഇപ്പോള്‍ അതെല്ലാം മറന്നു. ജീവിതത്തെയും പ്രകൃതിയെയുമൊക്കെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.
എന്നാണ് കല്യാണമെന്ന ചോദ്യം കേട്ടു മടുത്തോ?
വിവാഹത്തിന് എതിരൊന്നുമല്ല ഞാൻ. ഒരിക്കലും വിവാഹം കഴിക്കില്ല എന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, കുറച്ചുകാലം കൂടി ഇങ്ങനെ ജീവിക്കാൻ തന്നെയാണ് തീരുമാനം.
വിവാഹമെന്നത് വലിയ ഉത്തരവാദിത്തമാണ്. നിസ്സാരമായി കാണണ്ട ഒന്നല്ല. വളർച്ചയുടെ ഒാരോ ഘട്ടത്തിലുമുണ്ടാവുന്ന മാറ്റങ്ങളെ പോലെ അതിനെ കണക്കാക്കരുത്. പ്രായപൂർത്തിയായി, എന്നാൽ കല്യാണം കഴിച്ചേക്കാം എന്നു ചിന്തിക്കുമ്പോഴാണ് കുഴപ്പം. അതിനു മാനസികമായി തയാറാകണം. ഒരു കുടുബം മുന്നോട്ടു കൊണ്ടുപോകാനുള്ള ആത്മവിശ്വാസം വേണം, ആ ആത്മവിശ്വാസം എനിക്കിപ്പോഴില്ല. എനിക്കൊരു നല്ല ഭാര്യയാകാൻ പറ്റുമെന്നു തോന്നുമ്പോൾ വിവാഹം കഴിക്കാം. കുറച്ചു കാലം കൂടി ഇങ്ങനെ മുന്നോട്ടു പോകട്ടെ.

എന്റെ കുടുംബം നൽകുന്ന സംരക്ഷണം ഒരുപാടു വലുതാണ്. അമ്മയെ പോലൊരു വീട്ടമ്മയാകാനാണ് എനിക്കിഷ്ടം. സിനിമയിൽ ഞാൻ എത്താനുള്ള കാരണം അമ്മ നൽകുന്ന പിന്തുണയാണ്. എന്നെ മിസ് ഇന്ത്യ ആക്കാനാണ് അമ്മ ആഗ്രഹിച്ചത്. അച്ഛൻ ട്രാൻസ്പോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരൻ വിദ്യാഭ്യാസ വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ. അവരാണ് എന്റെ തണൽ.
മലയാളത്തിൽ നന്ദിനി, തമിഴിലും തെലുങ്കിലും കൗസല്യ, വീട്ടിൽ കവിത... ഈ മൂന്നുപേരിലും ഒരുപോലെ അറിയപ്പെടുന്നത് ഭാഗ്യമല്ലേ?
സിനിമയിൽ നിന്നു രണ്ടുപേരുകൾ എനിക്കു കിട്ടുമ്പോൾ അതെങ്ങനെയായി തീരുമെന്നുപോലും ഒാർത്തിട്ടില്ല. അന്ന് പതിനാറു വയസ്സല്ലേ ഉള്ളൂ... പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പാണ് ബാലചന്ദ്രമേനോന്റെ ഫോൺ വരുന്നത്. ‘ഏപ്രിൽ 19’ എന്ന സിനിമയിലേക്ക് നായികയാകാൻ. ഒമ്പതു വയസ്സു മുതലേ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. അങ്ങനെയാകാം അദ്ദേഹം എന്നെ കണ്ടെത്തിയത്.
ഫോട്ടോഷൂട്ട് ബെംഗളൂരില്‍ തന്നെയായിരുന്നു. അതുകഴിഞ്ഞ് നേരെ പോയത് പരീക്ഷാഹാളിലേക്ക്. പരീക്ഷ കഴിഞ്ഞ് നേരെ ലൊക്കേഷനിലേക്ക്. പിന്നെ, സിനിമയിൽ നിന്നിറങ്ങിയിട്ടില്ല. അഭിനയിക്കും മുമ്പ് അദ്ദേഹം പറഞ്ഞു, ‘കവിതയെന്ന പേര് ഞാൻ മാറ്റുകയാണ്, പകരം നന്ദിനി മതി. മലയാളികൾക്ക് ആ പേരിഷ്ടമാകും.’ അങ്ങനെ ഞാൻ മലയാളത്തിൽ നന്ദിനിയായി.
അതുകഴിഞ്ഞ് ആദ്യ തമിഴ് സിനിമ കിട്ടി. ഒരു ദിവസം മറ്റാരോ പറഞ്ഞാണ് ഞാനറിയുന്നത്, എന്റെ പേര് കൗസല്യ എന്നായെന്ന്. ആ മാറ്റം ഞാൻ പോലുമറിഞ്ഞില്ല. ഡയറക്ടർ ഒരു മാസികയ്ക്ക് കൗസല്യ എന്ന പേരു കൊടുത്തു കഴിഞ്ഞിരുന്നു. അന്ന് ആ പേരിന്റെ അർഥം പോലും എനിക്കറിയില്ലായിരുന്നു. ആൾക്കാരത് സ്വീകരിക്കുമോ എന്നു പോലും അന്നു ഞാനോർത്തില്ല. ഒരുപക്ഷേ, അന്നത്തെ കാലത്തായതു കൊണ്ടാകാം ഈ രണ്ടു പേരും പ്രേക്ഷകർ സ്വീകരിച്ചത്. ഇന്നത്തെ പോലെ കൂടുതൽ നായികമാർ ഇല്ല. ഒരാളുടെ പേരും രൂപവും മനസ്സിൽ പതിയാനുള്ള സമയവും ഉണ്ടായിരുന്നു.
ആദ്യ ചിത്രത്തിൽ തന്നെ അമ്മവേഷം, ഒരേ സമയം സിനിമയിലും സീരിയലിലും അഭിനയിക്കുന്നു. ഇതൊക്കെ പലരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളല്ലേ?
ഇങ്ങനെയൊക്കെ ചെയ്താൽ സിനിമ കുറയുമെന്നാണ് പലരും കരുതുന്നത്. എനിക്ക് അങ്ങനെ തോന്നുന്നില്ല. പതിനാറു വയസ്സുള്ളപ്പോഴാണ് ഞാൻ അമ്മ വേഷം ചെയ്ത്, അതും ആദ്യ സിനിമയിൽ. അന്നു പലരും അത് വേണോ എന്നു ചോദിച്ചിരുന്നു. പക്ഷേ, ലേലം, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിൽ കൂടി അഭിനയിച്ചതോടെ ആ പേടി മാറി. കൂടുതൽ വേഷങ്ങളിലും സാരിയുടുത്ത് അഭിനയിച്ചതു കൊണ്ടാകാം ഞാൻ മലയാളിയാണെന്നാണ് പലരും കരുതിയത്. ബെംഗളൂരു പെൺകുട്ടിയാണെന്നു പറയുമ്പോഴാണ് പലരും തിരിച്ചറിയുന്നത്.
പിന്നീട് ഒരേസമയം സിനിമയിലും സീരിയലിലും അഭിനയിച്ചപ്പോഴും അവസരം കുറഞ്ഞതായി തോന്നിയില്ല. സീരിയൽ ഒാഫിസ് ജോലി പോലെയാണ്. രാവിലെ പോയി വൈകിട്ട് വീട്ടിൽ തിരിച്ചുവരാം. ഒരുപാടു യാത്രചെയ്യണ്ട, രാത്രി വൈകി ഷൂട്ട് ഉണ്ടാകില്ല. ഇതൊക്കെ കൊണ്ടു തന്നെ സീരിയൽ കംഫർട്ടബിളായി തോന്നി.
മലയാളം അറിയാത്തയാൾക്ക് മലയാള സിനിമ തന്ന ഒാർമ കൾ എന്തൊക്കെയാണ്?
മലയാളം കുറേ കഷ്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആദ്യ സിനിമയ്ക്കു വേണ്ടി പത്തു ദിവസം മലയാളം ട്യൂഷൻ തന്നെ വേണ്ടിവന്നു. നല്ല ചൂടുകാലത്തായിരുന്നു ഷൂട്ട്. ടെൻഷനും ചൂടും ഒക്കെക്കൂടി ആകെ പ്രശ്നം. ആദ്യ ടേക്ക് ഒകെ ആയില്ല എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ‘ലേല’ത്തിൽ എത്തിയപ്പോൾ കുറച്ചു കൂടി എളുപ്പമായി തോന്നി. ഒരുപാടുപേർ സഹായിക്കാനുള്ളതു പോലെ.
‘അയാൾ കഥയെഴുതുകയാണ്’ എത്തിയപ്പോഴേക്കും പിന്നെയും ടെൻഷൻ. ലാലേട്ടനെ പോലെ ഒരു നടന്റെ മുന്നിൽ നിൽക്കുന്നതു തന്നെ ടെൻഷൻ. പിന്നെ, ഞാൻ പതുക്കെ സംസാരിക്കുന്ന ആളാണ്, ദേഷ്യപ്പെടാനൊന്നും അറിയില്ല. എന്നാൽ അതിലെ കഥാപാത്രം എന്റെ സ്വഭാവത്തിന്റെ നേരെ വിപരീതം. എനിക്ക് നല്ല പേടിയായിരുന്നു. മമ്മൂക്ക എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘തച്ചിലേടത്തു ചുണ്ട’ന്റെ ലൊക്കേഷനിൽ ഒരു ഡാൻസ് സീൻ. ഭരതനാട്യം ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഒരു ചുവടു പോലും അനങ്ങുന്നില്ല. അദ്ദേഹം സഹായിച്ചു. അതുകഴിഞ്ഞു പറഞ്ഞു, ആദ്യമായിട്ടാണ് ഞാനൊരു നായികയെ നൃത്തം ചെയ്യാന്‍ പഠിപ്പിക്കുന്നത്. അതോടെ സെറ്റുമുഴുവൻ വലിയ ചിരിയായി.
കരുമാടിക്കുട്ടൻ എന്ന സിനിമയോർക്കുമ്പോൾ ഇന്നു സങ്കടമാണ്. കലാഭവൻ മണിയുടെ മരണം ഞെട്ടിച്ചു കളഞ്ഞു. ഒട്ടും ടെന‍്‍ഷനില്ലാത്ത സെറ്റായിരുന്നു അത്. നന്നായി ചിരിപ്പിക്കും. ഒരു ഷോട്ട് എടുത്താലും അത് നന്നാക്കാൻ പിന്നെയും ശ്രമിക്കും. മരണത്തിനു മുമ്പ് ഞങ്ങളൊരു സിനിമയിൽ ഒരുമിച്ചഭിനയിച്ചിരുന്നു.
‘അനുരാഗക്കരിക്കിൻ വെള്ള’ത്തിൽ എത്തിയപ്പോൾ സിനിമ ഒരുപാടു മാറിയതായി തോന്നിയോ?
ആ പേരിന്റെ അതേ രൂപമുള്ള ഒരു നടിയെ തേടിയായിരുന്നു അവർ വന്നത്. പുതിയ തലമുറയുടെ മനസ്സിൽ പോലും ഞാൻ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. സിനിമയിൽ മാറ്റങ്ങൾ ഒരുപാട് വന്നു. കഥ പറയുന്ന രീതിയിലും ടെക്നോളജിയിലും എല്ലാം മാറ്റമുണ്ട്. സിനിമയുടെ ബജറ്റും ഇപ്പോൾ പഴയതു പോലെയല്ലല്ലോ. സിനിമയിൽ നിന്നു വിട്ടുനിന്ന കാലത്ത് ആരും വിളിക്കാത്തപ്പോള‍്‍ ഒട്ടും വിഷമം തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ വിളിക്കാത്തപ്പോൾ ചെറിയ സങ്കടം തോന്നാറുണ്ട്. മലയാളത്തിൽ വീണ്ടും അഭിനയിക്കണം എന്നു തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം.