മലയാളത്തിന്റെ മാധുര്യം ഹൃദയത്തിലേറ്റി നടക്കുന്ന മറുനാട്ടുകാരി, അതാണ് അപർണ മൾബറി. മൂന്നു വയസ്സു മുതൽ 15 വയസ്സു വരെ കേരളത്തിൽ വളർന്ന അമേരിക്കൻ വംശജയായ അപർണ, മ ലയാളിയേക്കാൾ നന്നായി മലയാളം പറയും. അപർണയുടെ വിശേഷങ്ങളിലേക്ക്.
‘‘ ഓർമയിൽ കേരളം വരുമ്പോൾ കൂടെ പച്ചപ്പും ഇലനീട്ടിയെത്തും. മണ്ണിന്റെ നനവ് ഹൃദയത്തിൽ തൊട്ടെടുക്കാൻ കൊതി തോന്നും. ഇത്തിരി മുറ്റം പോലുമില്ലാത്ത ഇടത്തിൽ എന്തു ചെയ്യും?
വീടിനുള്ളിലെ ചെടിച്ചട്ടിയിലാകും കുറച്ചു മണ്ണുണ്ടാകുക. അതിലേക്കു മെല്ലെ കാലുകൾ എടുത്തു വ യ്ക്കും. ആ നിമിഷം കിട്ടുന്ന അനുഭൂതി...’’ അപർണയുടെ മലയാളത്തിനൊരു കിലുക്കമുണ്ട്. അഞ്ചിക്കൊഞ്ചുന്ന മലയാള കിലുക്കം.
‘‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഞ്ചു മലയാളം വാക്കുകളുണ്ട്. അതിനുള്ളിലൊതുക്കാം എന്റെ ജീവിതം.’’
അടിപൊളി
ഫ്രാൻസിലാണു ഞാൻ ഇപ്പോൾ താമസിക്കുന്നത്. അ വിടെയുള്ള സുഹൃത്തുക്കളോടു സംസാരിക്കുമ്പോള്‍ പലപ്പോഴും ‘അമേസിങ്’ എന്ന വാക്കു മറന്നു പകരം ഈ വാക്ക് ഉപയോഗിക്കും. എന്തു ‘സിംപിളാ’ണ് അടിപൊളി.
മലയാളം പഠിച്ചെടുക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. അമൃത വിദ്യാലയത്തിലെ സ്കൂൾ കാലത്ത് ഭാഷ അറിയില്ലെന്ന കാരണത്താൽ, ചില കൂട്ടുകാര്‍ എന്നെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. ഒപ്പമുള്ള കുട്ടികൾ പറയുന്നതു ശ്രദ്ധിച്ചു കേട്ടു രണ്ടു വർഷത്തിനുള്ളിൽ മലയാളം പഠിച്ചെടുത്തു. അതു ഞങ്ങൾക്കിടയിലെ വേർതിരിവ് അപ്രത്യക്ഷമാക്കിയത് ഒരു അദ്ഭുതമായിരുന്നു. മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ കഴിവുള്ള ഭാഷ. ആ തോന്നലാണു മലയാളം എന്നിൽ അനുഭവപ്പെടുത്തിയത്. പിന്നീടുള്ള എന്റെ കുട്ടിക്കാലം സുന്ദരമായിരുന്നു.
സ്കൂളിനെക്കുറിച്ചുള്ള മറ്റൊരു മനോഹരമായ ഓർമ കൂട്ടുകാരുടെ അമ്മമാർ എനിക്കു വേണ്ടി ചമ്മന്തി അരച്ചു കൊടുത്തയയ്ക്കുന്നതാണ്. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണു ചമ്മന്തിയും അച്ചാറും. ചോറുണ്ണുന്ന സമയമാകുമ്പോൾ എന്റെ പാത്രം പൂക്കളം പോലെയിരിക്കും. വിവിധ നിറങ്ങളിൽ, രുചികളിൽ, വൈവിധ്യമുള്ള ചമ്മന്തികൾ...
ബിഗ്ബോസ് സീസൺ ഫോർ എന്ന റിയാലിറ്റി ഷോയി ൽ പങ്കെടുത്തതു പോലും മലയാളത്തിൽ സംസാരിക്കാൻ അവസരം കിട്ടുമല്ലോ എന്നു ചിന്തിച്ചാണ്. ഒപ്പമുള്ളവരെ ഓർമപ്പെടുത്തിയിരുന്നു. മലയാളം പറയുന്നതിൽ തെറ്റുകൾ വരുന്നുണ്ടെങ്കിൽ തിരുത്തണമെന്ന്. അവരെന്നെ ന ന്നായി സഹായിച്ചു.
മലയാളം, ഇംഗ്ലിഷ്, സ്പാനിഷ് എന്നിങ്ങനെ മൂന്നു ഭാഷകൾ അറിയാം. അമ്മ കേരളത്തിലായിട്ടു 30 വർഷം കഴിഞ്ഞു. എന്നിട്ടും മലയാളം വളരെ കുറച്ചു വാക്കുകളേ പറയാനറിയൂ. അതുപോലെ, എന്റെ ഭാര്യയ്ക്ക് ആറു ഭാഷകൾ അറിയാം. മൂന്നു വർഷമായി അവരെ മലയാളം പഠിപ്പിക്കാൻ നോക്കുന്നു. ഇപ്പോഴും, വളരെ സാവധാനത്തിൽ സംസാരിച്ചാൽ മനസ്സിലാകും എന്നേയുള്ളൂ.
അമ്മ
മലയാളത്തിൽ ആദ്യം പഠിച്ച വാക്ക് ‘അമ്മ’ എന്നാണ്. അമേരിക്കയിൽ ജനിച്ചു വളർന്ന അമ്മ വിനയയും അച്ഛൻ പ്രേമും കണ്ടുമുട്ടിയത് ഇന്ത്യയിൽ വച്ചാണ്. ഇന്ത്യ ചുറ്റിക്കറങ്ങുന്നതിനിടയിലായിരുന്നു അത്. രണ്ടുപേരും ആത്മീയതയിലുള്ള താൽപര്യം മൂലം ധ്യാനവും യോ ഗയും പഠിക്കാൻ കേരളത്തിലെ അമൃതാ ആശ്രമത്തിലെത്തി. അവിടെ വച്ചാണ് അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നത്. പിന്നീടവർ അമേരിക്കയിലേക്കു തിരിച്ചുപോയി.
ഞങ്ങളുടെ കുടുംബപേരാണു മൾബറി. അച്ഛന്റെ കുടുംബക്കാർ ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്കു കുടിയേറിയവരാണ്. ഞാൻ ജനിച്ചു കഴിഞ്ഞാണ് കേരളത്തിലേക്കു വീണ്ടുമെത്തുന്നത്. അമ്മ, മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. അമൃതാശ്രമത്തിലായിരുന്നു ഞങ്ങളുടെ താമസം.
ആറു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ യുഎസിലേക്കു മടങ്ങി. പത്താം ക്ലാസ് പൂർത്തിയാക്കി ഞാനും അച്ഛന്റെയടുത്തേക്കു പോയി. അവിടെ നിന്നാണ് എജ്യുക്കേഷനിലും മാർക്കറ്റിങ്ങിലും ഡിഗ്രിയും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കോഴ്സും ചെയ്തത്. മറ്റുള്ളവരുടെ സോഷ്യൽമീഡിയ പ്രൊഫൈൽ കൈകാര്യം ചെയ്യുന്ന ജോലിയും ചൈനയിൽ നിന്നുള്ള വിദ്യാർഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ജോലിയുമൊക്കെ ചെയ്തു തിരക്കിട്ട ജീവിതം.
പക്ഷേ, എന്നെ ഇന്ത്യ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ സംസ്കാരമാണ് എനിക്ക് ഇണക്കം എന്ന തോന്നൽ ശക്തമായി.

ശ്രദ്ധ
2020ൽ കേരളത്തിലേക്കു തിരിച്ചു വരാനിരുന്നപ്പോഴാണ് കോവിഡ് ശക്തിയാർജിക്കുന്നത്. മലയാളം മറന്നു പോകുമോ എന്നു പേടിച്ചു ഞാൻ തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടാണ് ‘ഇൻവെർട്ടഡ് കോക്കനട്ട്’. വിദേശത്തു വളരുന്ന മലയാളികളെ വിളിക്കുന്നത് ‘കോക്കനട്ട്’ എന്നാണ്. ഞാൻ നേരെ തിരിച്ചാണല്ലോ! അതുകൊണ്ടാണ് ഈ പേരിട്ടത്. കേരളത്തിലെ എന്റെ ടീമിനോടു ഞാൻ മലയാളത്തിലാണു കൂടുതലും സംസാരിക്കുന്നത്.
ഇപ്പോൾ ഒന്നര വർഷമായി ആയിരക്കണക്കിനു മലയാളികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു. എനിക്കു മലയാളം പഠിപ്പിച്ചു തന്നതിന്റെ കടം വീട്ടൽ കൂടിയാണത്.
നക്ഷത്രം
മലമുകളിലോ കാടുകളിലോ ചെന്നു നിശബ്ദമായി നക്ഷത്രങ്ങളെ ഉറ്റുനോക്കിയിരിക്കുക. അതാണെനിക്കേറ്റവും ഇ ഷ്ടം. നിറയെ കൂട്ടുകാരുണ്ടെങ്കിലും തനിച്ചാകാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലത്തെ കൂട്ടുകാരായ ദുർഗാലക്ഷ്മി, കെവിൻ അലക്സാണ്ടർ, ശില്പ തമ്പി ഇവരോടൊക്കെ ഇപ്പോഴും സംസാരിക്കാറുണ്ട്.
എന്റെ ഭാര്യ കാർഡിയോളജിസ്റ്റാണ്. സ്വകാര്യത ഇ ഷ്ടപ്പെടുന്ന വ്യക്തിയും. അവളെ ഫോളോ ചെയ്യാനും ഫോണിൽ ബന്ധപ്പെടാനും പലരും കുറേ ശ്രമിച്ചിട്ടുണ്ട്. അതിനാൽ, പേരു പറയരുതെന്നു നിർദേശമുണ്ട്. ഭാര്യ ഫ്രഞ്ചുകാരിയായതു കൊണ്ടാണു ഞങ്ങൾ ഫ്രാൻസിൽ ജീവിക്കുന്നത്.
സ്വർണം
ഞാനും മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. അമ്മയുമായുള്ള ഓർമകൾക്കു സ്വർണത്തിളക്കമുണ്ട്. കുട്ടിക്കാലത്ത്, ഉത്തരേന്ത്യൻ യാത്രയിൽ അമ്മയുടെ ഒപ്പം ഞാനും പോയിരുന്നു. അന്നത്തെ ഒരു കാർ യാത്രയിൽ അമ്മയുടെ മടിയിലിരുന്നു പോകാനുള്ള ഭാഗ്യം കിട്ടി. ഇന്നോർക്കുമ്പോഴാണ് അതിന്റെ മൂല്യം മനസ്സിലാകുന്നത്. അമ്മയാണ് അനുതാപം എന്ന ഗുണം എന്നിലുണ്ടാക്കിയെടുത്തത്.
ടെൻസി ജെയ്ക്കബ്