രുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷവും ഒരു സിനിമ ഓർമിക്കപ്പെടുക, അതിനെക്കുറിച്ചു സംസാരിക്കുക, അതിന്റെ പിന്നാമ്പുറക്കഥകൾ അറിയാ ൻ താൽപര്യം കാണിക്കുക... ഒരു സംവിധായകനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യങ്ങളാണ് ഇതൊക്കെ.
പറഞ്ഞുവരുന്നത് കമല്‍ സംവിധാനം ചെയ്ത ‘നിറം’ എന്ന ക്യാംപസ് സിനിമയെക്കുറിച്ചാണ്. നൂറു ദിവസത്തിലധികം ഓടിയ ഹിറ്റ് സിനിമ. ഇപ്പോഴും ക്യാംപസുകൾ അതേക്കുറിച്ചു സംസാരിക്കുന്നു. ‘പ്രായം നമ്മില്‍ മോഹം നല്‍കി...’ എന്ന പാട്ട് പുതുതലമുറയും പാടുന്നു. സിനിമയ്ക്കു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും നാടകീയവും അവിചാരിതവുമായ സംഭവങ്ങളെക്കുറിച്ചുമുള്ള ഒാര്‍മകള്‍ പങ്കിടുകയാണു സംവിധായകന്‍ കമല്‍.
‘‘ഞാനും ശത്രുഘ്നനും ഒരുമിച്ച ‘ഈ പുഴയും കടന്ന്’ വൻ ഹിറ്റായിരുന്നു. അങ്ങനെയാണു ഞങ്ങൾ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ജയലക്ഷ്മി ഫിലിംസിന്റെ രാധാകൃഷ്ണൻ നിർമാതാവായി വന്നു. അണിയറ പ്രവർത്തനങ്ങൾ സജീവമായെങ്കിലും കഥയോ തിരക്കഥയോ ഉണ്ടായിരുന്നില്ല. ഞങ്ങൾ ആലോചിച്ചു കൊണ്ടിരുന്ന കഥ മുന്നോട്ടു പോകുന്നുമില്ല. തൽക്കാലം ആ കഥ ഉപേക്ഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ഡോ. ഇക്ബാൽ കുറ്റിപ്പുറം എന്നെ കാണാൻ വന്നു. ഇക്ബാൽ അന്ന് വളാഞ്ചേരിയിൽ ഹോമിയോഡോക്ടറാണ്. തിരക്കഥാകൃത്തായിട്ടില്ല. ഞങ്ങൾ തമ്മിൽ പലപ്പോഴും കാണാറും സിനിമകളെക്കുറിച്ചു സംസാരിക്കാറുമുണ്ട്. അന്ന് ചെറുതുരുത്തി ഗസ്റ്റ് ഹൗസിലിരുന്നു സംസാരിച്ച കൂട്ടത്തില്‍ ലാൽ ജോസ് പങ്കുവച്ച യഥാർഥ സംഭവം ഇക്ബാൽ ഒരു കഥ പോലെ പറഞ്ഞു.
സംഭവം ഇതാണ്. കല്യാണം നിശ്ചയിച്ച ഒരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി. കാരണം വളരെ വിചിത്രമായിരുന്നു. ആ പെൺകുട്ടിക്ക് ഒരു ബാല്യകാലസുഹൃത്തുണ്ട്. അടുത്തടുത്ത വീടുകളിലാണ് അവരുടെ താമസം. സ്കൂളിലും കോളജിലും പോയി വന്നിരുന്നതും ഒരുമിച്ച്. അതിനിടയ്ക്കു പെൺകുട്ടിക്കൊരു കല്യാണാലോചന വന്നു. വീട്ടുകാർ അത് ഉറപ്പിച്ചു. അതിനെ തുടർന്നാണു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. യഥാ ർഥത്തില്‍ ഈ പെൺകുട്ടിക്ക് തന്റെ ബാല്യസുഹൃത്തിനോടു പ്രണയമായിരുന്നു. അതുപക്ഷേ, അവൾ ആരോടും തുറന്നു പറഞ്ഞില്ല. അവനോടു പോലും. വീട്ടുകാരും നാട്ടുകാരുമൊക്കെ കരുതിയിരുന്നത് അവർ സഹോദരങ്ങളെപ്പോലെയാണ് എന്നായിരുന്നു. ഇതാണ് ലാൽജോസ്, ഇക്ബാലിനോടു പറഞ്ഞത്.
ഇതു കേട്ടപ്പോൾ ഒരു കഥയുെട സാധ്യത എനിക്കു തോന്നി. ഞാനുടനെ ലാൽജോസിനെ വിളിച്ചു ചോദിച്ചു. ‘ഇക്ബാൽ ഒരു സംഭവം പറഞ്ഞു. അതിലൊരു കഥാതന്തു ഉണ്ട്. ഞാനതു സിനിമയാക്കിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ?’ ഇല്ലെന്ന ലാൽജോസിന്റെ മറുപടിയിലാണ് ഞങ്ങൾ പിന്നെ, മുന്നോട്ടുപോയത്. ബാല്യകാല സുഹൃത്തുക്കളായ രണ്ടുപേർ. അവരുടെ സൗഹൃദം. അവർ പോലും അറിയാതെ ഉള്ളിൽ ഉറവയെടുത്ത പ്രണയം. ആ പ്രണയത്തിനായിരുന്നു ഊന്നൽ കൊടുത്തത്. അങ്ങനെ ഞങ്ങള്‍ എത്തിപ്പെട്ട സിനിമയാണത്, നിറം.
പുഴ പോലെ ഒഴുകുന്ന ക്യാംപസ്
കൗമാരപ്രണയകഥയാണു പറഞ്ഞതെങ്കിലും എഴുതിയ ശത്രുഘ്നനോ സംവിധാനം ചെയ്ത ഞാനോ നേരിട്ടു ക ണ്ട കലാലയമല്ല സിനിമയിൽ ഉണ്ടായിരുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ ക്യാംപസില്‍ സംസാരിക്കാറില്ല. മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്തായിരുന്നു എെന്‍റ പഠനം. പതിവിലേറെ രാഷ്ട്രീയസമ്മർദങ്ങളുണ്ടായിരുന്നു ക്യാംപസില്‍. ഏറ്റവും കൂടുതൽ നിരാശാകാമുകന്മാരും അസ്തിത്വവാദികളുകളുമൊക്കെ അവിടെയാണ്. വേണുനാഗവള്ളിയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ ഹരം.
പക്ഷേ, ഈ സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്തു സ്ഥിതി മാറുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദങ്ങൾ ക്യാംപസുകളിൽ വന്നുകഴിഞ്ഞു.
ശത്രുഘ്നന്റെ മകൾ അക്കാലത്തു കോളജിൽ പഠിക്കുന്നുണ്ട്. അവളാണ് ഞങ്ങളുെട കൺസൽറ്റന്റ്. ശത്രുഘ്നൻ അവളെ വിളിച്ച് ഓരോന്നു ചോദിക്കും. അങ്ങനെ കിട്ടിയതാണു സിനിമയിലെ ‘എടാ’ വിളി. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ‘എടാ’ വിളിക്കുന്ന പ്രവണത അന്നു തുടങ്ങിയിട്ടേയുള്ളു ‘ശുക്റിയ’ എന്ന വാക്കിനു നന്ദി എന്നേ അർഥമുള്ളു. പക്ഷേ, ഈ സിനിമയിൽ ‘ഐ ലവ് യു’ എന്ന അർഥം കൂടി ഞങ്ങൾ കൊണ്ടുവന്നു. അ തും അന്ന് വലിയ ഹിറ്റായിരുന്നു.
ഭാഗ്യം വീണ്ടും ശാലിനിയായി വന്നു
ചെറുപ്പത്തിന്റെ കഥ പറയാൻ തീരുമാനിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, കുഞ്ചാക്കോ ബോബന്‍. പക്ഷേ, ചാക്കോച്ചനെ വച്ചു സിനിമ ചെയ്യുന്നതു റിസ്ക് ആണെന്നു പറഞ്ഞു പലരും എന്നെ വിലക്കി. ‘അനിയത്തി പ്രാവി’ന്റെ വൻവിജയത്തിനു ശേഷം വന്ന ചാക്കോച്ചന്‍റെ കുറേ സിനിമകളില്‍ പലതും സാമ്പത്തികമായി വിജയിച്ചില്ല. പക്ഷേ, കുഞ്ചാക്കോ ബോബൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല എന്ന നിലപാടായിരുന്നു എനിക്ക്.
കുഞ്ചാക്കോ ബോബന്റെ ജോഡിയായി മനസ്സില്‍ വന്നതു ശാലിനിയാണ്. അവരെ കുട്ടിക്കാലം മുതൽക്കേ അറിയാം. ശാലിനിയുടെ അച്ഛൻ ബാബുവും സുഹൃത്താണ്. എന്റെ ‘കൈക്കുടന്ന നിലാവ്’ എന്ന സിനിമയിൽ ശാലിനി അഭിനയിച്ചു പോയതേയുള്ളൂ. അങ്ങനെ എന്തുകൊണ്ടും ശാലിനി തന്നെ നായിക എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ബാബുവിന്‍റെ ഫോണ്‍. ഒരു തമിഴ് സിനിമയ്ക്ക് ശാലിനി നേരത്തെ ഡേറ്റ് കൊടുത്തിട്ടുണ്ട്. ശാലിനി ഈ സിനിമയിൽ ഉണ്ടാവികില്ല എന്നു പറയാനാണ് ബാബു വിളിച്ചത്.
പുതുമുഖങ്ങളെ നോക്കാനായിരുന്നു അടുത്ത തീരുമാനം. പത്രപരസ്യം കൊടുത്തു ധാരാളം പെൺകുട്ടികൾ ഒാഡിഷനു വന്നു. പക്ഷേ, കുഞ്ചാക്കോ ബോബനോടു പിടിച്ചു നിൽക്കാൻ പറ്റിയ ആരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണു ഭാഗ്യം വീണ്ടും ശാലിനിയുടെ രൂപത്തിൽ വരുന്നത്. അവരുെട തമിഴ് സിനിമ ഷൂട്ടിങ് മാറ്റിവച്ചത്രെ. ഫോണിലൂടെ പറഞ്ഞ കഥ ശാലിനിക്കു വളരെ ഇഷ്ടമായി.
എപ്പോഴും വീഴുന്ന ജോമോൾ
സിനിമയിൽ ‘വേൾഡ് ബാങ്ക്’ എന്നു വിളിപ്പേരുള്ള കഥാപാത്രമാണ് ജോമോൾ. അവരുടെ മുഖത്ത് ഒരു നിഷ്കളങ്കതയുണ്ട്. നടക്കുന്നതിനിടയില്‍ എപ്പോഴും അവര്‍ തട്ടിവീഴും. കഥാപാത്രത്തെക്കുറിച്ചു വിശദീകരിച്ചപ്പോള്‍, ‘അയ്യോ എനിക്കു വീഴാൻ അറിയില്ല’ എന്നായിരുന്നു ജോമോളുടെ പരാതി. ‘ഒരാൾ വീഴാതിരിക്കാനല്ലേ പഠിക്കേണ്ടത്, വീഴാ ൻ വളരെ എളുപ്പമല്ലേ...’ എന്നു ഞാൻ തമാശ പറഞ്ഞു.
‘നിറ’ത്തിൽ എടുത്തുപറയേണ്ട മറ്റൊരാൾ ബോബൻ ആലുംമൂടനാണ്. ഒാഡിഷനിൽ വന്ന അവസാനത്തെ മൂന്നുപേരിൽ ഒരാളായിരുന്നു ബോബൻ. പക്ഷേ, സെലക്റ്റ് ചെയ്യും വരെ ബോബൻ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. പിന്നീടാണ് ബോബൻ പറയുന്നതു താന്‍ ആലുംമൂടൻ ചേട്ടന്റെ മകനാണെന്ന്.
നിറത്തില്‍ അഭിനയിച്ച പ്രധാനപ്പെട്ട രണ്ടുപേരായിരുന്നു കോെെവ സരളയും ബാബുസ്വാമിയും. കോവൈ സരളയ്ക്ക് അന്നും നല്ല തിരക്കാണ്. ഒരു സിനിമയ്ക്ക് അഞ്ചു ദിവസത്തിൽ കൂടുതൽ ഡേറ്റ് കൊടുക്കില്ല. ഞാൻ വിളിച്ചപ്പോഴും ആദ്യം തന്നെ അക്കാര്യം അവര്‍ പറഞ്ഞു. കുറഞ്ഞ സമയം െകാണ്ടു ഷൂട്ടിങ് തീര്‍ക്കുന്ന പ്രയാസത്തെക്കുറിച്ചു വളരെ പ്രയാസപ്പെട്ടു തമിഴിൽ അവരോടു സംസാരിക്കുകയാണ്. എന്റെ തമിഴിന്റെ ഭംഗി കണ്ടിട്ടാകണം അവർ ഇങ്ങോട്ടു പറഞ്ഞു. ‘സാർ ഇത്രയും ബുദ്ധിമുട്ടി തമിഴിൽ സംസാരിക്കേണ്ട. എനിക്ക് മലയാളം നന്നായി അറിയാം. ഞാൻ ഒരു മലയാളിയാണ്.’
പുതുമുഖങ്ങളും ജൂനിയർ ആർട്ടിസ്റ്റുകളും കോളജിലെ കുട്ടികളും എല്ലാമായി വലിയ ആൾക്കൂട്ടം നിറത്തിന്റെ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. അത്യന്തം സമ്മർദങ്ങളിൽപ്പെട്ട ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഞാനൊരിക്കലും മറക്കില്ല.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു ഷൂട്ടിങ്. രാത്രി പന്ത്രണ്ടു മണി മുതൽ രാവിലെ നാലുമണി വരെയാണ് അനുവദിച്ച സമയം. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ ഷൂട്ട് ചെയ്യുമ്പോൾ ട്രെയിന്‍ കളിപ്പാട്ടം പോലെ ഞങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു. ഇതുപക്ഷേ, ആകെ നാലു മണിക്കൂർ. സ്റ്റേഷനിൽ തിരക്കില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന തീവണ്ടികൾ ഷൂട്ടിങ്ങിനെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. എന്തോ ഭാഗ്യം കൊണ്ട് റെയിൽേവ അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ഷൂട്ടിങ് തീർക്കാൻ കഴിഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടവും സ്വാതന്ത്ര്യവുമുള്ള കോളജ് എന്റെ ഇരിങ്ങാലക്കുട െെക്രസ്റ്റാണ്. ഞാൻ പഠിക്കുമ്പോൾ അവിെട ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. ഷൂട്ടിങ്ങിനു ചെല്ലുമ്പോൾ മിക്സഡ് കോളജായി മാറിയിരുന്നു.
കൂടുതൽ കളർഫുൾ ആയ ക്യാംപസ്. ‘പ്രായം നമ്മിൽ മോഹം നൽകി..’ എന്ന പാട്ട് മാത്രം ഷൂട്ട് െചയ്തത് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്. നിറം തമിഴിൽ ഞാൻ െചയ്തപ്പോഴും കോളജ് ലൊക്കേഷൻ ഇതു തന്നെയായിരുന്നു.

പ്രായം നമ്മിൽ മോഹം നൽകി
സിനിമയുടെ ആലോചനകൾ നടക്കുന്ന സമയത്തുതന്നെ പാട്ടുകൾ എങ്ങനെ മനോഹരമാക്കാം എന്നും ആലോചിക്കും. എെന്‍റ സിനിമകള്‍ക്കു വിദ്യാസാഗര്‍ ഈണം നല്‍കിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.
അങ്ങനെ നിറത്തിലും വിദ്യാസാഗർ മതിയെന്നു തീരുമാനിച്ചു. ഗാനരചന ബിച്ചു തിരുമലയും. കോവളം ഗസ്റ്റ് ഹൗസിൽ ഞങ്ങളെല്ലാം ഒത്തുകൂടി. കഥാസന്ദർഭമൊക്കെ പറഞ്ഞു. പ്രണയത്തിന്റെ മധുരവും പ്രതീക്ഷയുമുള്ള ഒരു ഗാനമാണ് ആദ്യം ചെയ്തത്.
‘മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവു പോലെ......’
വരികളും സംഗീതവും ഒന്നിനൊന്നു മെച്ചമെന്നു മാത്രമല്ല സിനിമയുടെ കഥാസന്ദർഭവുമായി വല്ലാതെ ഇഴുകിച്ചേരുന്ന പാട്ടുമായിരുന്നു അത്.
അടുത്തത് ക്യാംപസിനുള്ളിൽ പാടുന്ന അടിച്ചുപൊളി പാട്ടാണ്. മെലഡിയിൽ തുടങ്ങി ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്ന പാട്ട്. വിദ്യാസാഗർ ട്യൂണിട്ടു. പല്ലവിയും അനുപല്ലവിയും ബിച്ചുവേട്ടൻ മനോഹരമായി എഴുതി;

‘പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി.....’
പല്ലവിയും അനുപല്ലവിയും കഴിഞ്ഞ് ചരണം എത്ര എഴുതിയിട്ടും ശരിയായില്ല. തിരക്കഥയിൽ ഒരു വിരഹഗാനം ഉൾപ്പെടെ ഇനിയും മൂന്നാലു പാട്ടുകൾ ബാക്കിയുണ്ട്. ബിച്ചുവേട്ടന് ഒരു റൈറ്റിങ് ബ്ലോക്ക്. വിദ്യാസാഗറിന് ചെന്നൈയിൽ വേറൊരു സിനിമയിലും വർക്കുണ്ട്. ചുരുക്കത്തിൽ ഒന്നരപാട്ടുമായി നിറത്തിന്റെ കംപോസിങ് അവസാനിച്ചു.
ഷൂട്ടിങ് ദിവസം അടുത്തു വരുന്നു. ക്യാംപസിനകത്ത് വലിയ ആൾക്കൂട്ടങ്ങൾക്കിടയില്‍ ചിത്രീകരിക്കേണ്ട പാട്ടുകളാണ്. പക്ഷേ, പാട്ടില്ലാെത എന്തു ചെയ്യും? ഞാൻ ബിച്ചുവേട്ടനെ വീണ്ടും വിളിച്ചു. സുഖമില്ല ഒരു മാസം കഴിയട്ടെ എന്നു മറുപടി.
‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന പാട്ടിന്റെ ചരണം മാത്രം തത്കാലം മതിയെന്നു പറഞ്ഞ് വീണ്ടും ബിച്ചുവേട്ടനെ വിളിച്ചു. എഴുതിയ വരികളും കഥാസന്ദർഭവുമൊക്കെ മറന്നുപോയി എന്നാണ് അപ്പോള്‍ പറഞ്ഞത്. ഒടുവില്‍ വിദ്യാസാഗർ പല്ലവിയും അനുപല്ലവിയുമൊക്കെ പാടിക്കൊടുത്തു. പിന്നീട് ബിച്ചുവേട്ടന്‍ എഴുതിത്തന്ന വരികളാണ് ‘പാല പൂത്ത കാവിൽ നമ്മൾ...’ എന്നു തുടങ്ങുന്ന ചരണംഷൂട്ടിങ് തീയതി തീരുമാനിച്ച സ്ഥിതിക്ക് ഇനിയും ഒരുമാസം കാത്തിരിക്കാനുള്ള സമയമില്ല. ഞാൻ ബിച്ചുവേട്ടനോടു കാര്യം പറഞ്ഞു. അങ്ങനെയാണു നിറത്തിലേക്ക് ഗിരീഷ് പുത്തഞ്ചേരി വരുന്നത്. ‘ഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുക്റിയ’ എന്ന ഗാനമായിരുന്നു ആദ്യം അവർ െചയ്തത്.
തിരക്കഥയിൽ ശുക്റിയ എന്ന വാക്ക് ഉപയോഗിക്കുന്ന കാര്യം ഗിരീഷിനോടു പറഞ്ഞിരുന്നു. പ്രണയവിരഹമുള്ള ‘യാത്രയായ് സൂര്യാങ്കുരം, ഏകയായ് നീലാംബരം..’ എന്ന് ഗാനവും മനോഹരമാക്കി. പിന്നീട് ‘മിന്നിതെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു.’ എന്ന പാട്ട്. മഴ പ്രധാനമായി വരുന്ന ഈ ഗാനം ചിത്രീകരിച്ചത് ചെന്നൈയിൽ വച്ചാണ്.
നിറത്തിന്റെ പാട്ടുകളുടെ പിന്നാമ്പുറം പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത ഒരാൾ ഗായകൻ വിധു പ്രതാപാണ്. വിദ്യാസാഗറിന് വിധുവിന്റെ ട്രാക്ക് ഇഷ്ടമായി. കസറ്റ് ഇറക്കിയപ്പോൾ വിധുവിന്റെ പാട്ടും അതിൽ ഉൾപ്പെടുത്തി. മാത്രമല്ല എന്റെ അടുത്ത സിനിമയായ ‘നമ്മളി’ൽ ‘സുഖമാണീ നിലാവ്...’ എന്ന ഗാനം വിധുവിെനക്കൊണ്ട് പാടിക്കുകയും ചെയ്തു.

കൂവി, പക്ഷേ തോറ്റില്ല
റിലീസിങ് ദിവസം തിയറ്ററിൽ പോയി എന്റെ സിനിമ കാണാനുള്ള ശേഷി എനിക്കില്ല. നിറം റിലീസ് ചെയ്ത വ്യാഴാഴ്ച കൊടുങ്ങല്ലൂരിൽ ആയിരുന്നു. മോണിങ് ഷോയുടെ ഇന്റർവെൽ ആയപ്പോൾ തന്നെ എനിക്ക് റിപ്പോർട്ട് കിട്ടി. തിയറ്ററിനുള്ളിൽ ഭയങ്കര കൂവലാണ്. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കും ഇതുതന്നെ അവസ്ഥ. പടം വീണു എന്നുതന്നെ കരുതി. രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചു. പടം വീണു.
അടുത്ത ദിവസവും തിയറ്ററിൽ ആളുണ്ട്. പക്ഷേ, കൂവലിനു മാത്രം കുറവൊന്നുമില്ല. ഞാൻ സഹപ്രവർത്തകരോടു പറഞ്ഞു; എവിടെയാണ് കൂവൽ എന്നു എഴുതിക്കൊണ്ടു വരൂ. ആ രംഗങ്ങൾ ഒഴിവാക്കി പ്രശ്നം പരിഹരിക്കാം എന്നാണു കരുതിയത്. അപ്പോഴാണ് അറിയുന്നത് കുഞ്ചാക്കോ ബോബനും ശാലിനിയും ‘എടാ’ എന്നു വിളിക്കുന്നിടത്താണ് കൂവൽ. സിനിമയിൽ മുഴുവനും അവർ അങ്ങനെയാണു വിളിക്കുന്നത്. പുതിയ ട്രെന്‍ഡ് എന്നൊക്കെ പറഞ്ഞാണ് ‘എടാ’ വിളി കൊണ്ടുവന്നത്. ഇനി ഒന്നും ചെയ്യാനില്ല. പടം വീണതുതന്നെ.
മൂന്നാം ദിവസം ഞാനും കുടുംബവും തിരുവനന്തപുരത്തു വ്യക്തിപരമായ ഒരാവശ്യത്തിനു പോകുന്നു. വഴിക്കു വച്ച് എന്നെ ലിബർട്ടി ബഷീർ വിളിച്ചു. പടം സൂപ്പർ ഹിറ്റാണ്. യൂത്ത് സിനിമ ഏറ്റെടുത്തു. കോഴിക്കോട്ട് ടിക്കറ്റ് കിട്ടാതെ ആൾക്കാർ തിരിച്ചുപോകുന്നു.
വർഷം ഇത്ര കഴിഞ്ഞെങ്കിലും ആ ഫോൺകോൾ ഞാനൊരിക്കലും മറക്കില്ല. പിന്നാലെ രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചു. തിരുവനന്തപുരത്തും പടം ഹിറ്റാണ്. തിയറ്ററിൽ ഇപ്പോൾ കൂവലൊന്നും ഇല്ല.
അന്നു രാത്രി തിരുവനന്തപുരത്ത് കൃപ തിയേറ്ററിൽ ചെന്ന് ഞാന്‍ സിനിമ കണ്ടു സെക്കൻഡ് ഷോ ഹൗസ്ഫുൾ. ആൾക്കാരുടെ പ്രതികരണം കണ്ടപ്പോൾ മനസ്സു നിറഞ്ഞു. ക്യാംപസിലെ ‘എടാ’ വിളി എല്ലാവരും ഏറ്റെടുത്തു.
ഞാൻ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണു ‘നിറം’ എന്നെനിക്കു തോന്നിയിട്ടില്ല. എങ്കിലും ആ സിനിമ ഒരുപാട് അനുഭവങ്ങൾ തന്നു. കലാലയ കൗമാരങ്ങളുടെ ആഘോഷമായിരുന്നു ആ സിനിമ. ഓരോ സീനിലും നിറയെ നിറങ്ങൾ വാരിവിതറിയായിരുന്നു ചിത്രീകരണം. നിറം എന്നു പേരിടുമ്പോൾ ആ ആവേശം തന്നെയായിരുന്നു എന്റെ മനസ്സിലും.
ലാൽ ജോസിന്റെ ആശയം, ഇക്ബാൽ കുറ്റിപ്പുറത്തിന്റെ കഥ, ശത്രുഘ്നന്റെ തിരക്കഥ. ആ സിനിമയുടെ പിറവിക്കു കാരണമായ യഥാർഥ സംഭവത്തിലെ നായികയും നായകനും ഇപ്പോൾ സുഖമായി ജീവിക്കുന്നു എന്നാണ് എെന്‍റ വിശ്വാസം. അവർക്കു വേണ്ടി ഈ സിനിമയുടെ ഇരുപത്തിയഞ്ചാം വർഷം ഞാൻ സമർപ്പിക്കുന്നു, ശുക്റിയ
വി.ആർ. ജ്യോതിഷ്
ഫോട്ടോ: ഹരികൃഷ്ണൻ