Saturday 04 August 2018 03:23 PM IST

‘ശരത്തേട്ടൻ ചുള്ളനല്ലേന്നു ചോദിച്ചപ്പോൾ അവർ ഒരു നോട്ടം’; ഭ്രമണം സീരിയലിന്റെ വിശേഷങ്ങളുമായി സ്വാതിയും നന്ദനയും

Unni Balachandran

Sub Editor

bhramanam1 ഫോട്ടോ: ബേസിൽ പൗലോ

സീരിയലിൽ ചേച്ചിയും അനിയത്തിയുമായി അഭിനയിക്കുന്ന നടിമാർ തമ്മിൽ അതിഭയങ്കര സ്നേഹമാണെന്നാണല്ലോ പ്രേക്ഷകരുടെ  വിചാരം. അങ്ങനെ കരുതി ഭ്രമണം സീരിയലില്‍ ഹരിതയായും നീതയായും അഭിനയിക്കുന്ന സ്വാതിയുടെയും നന്ദനയുടെയും അടുത്തെത്തണം. ഷൂട്ടിങ് സെറ്റിൽ സ്നേഹനിധികളായ സിസ്‌റ്റേഴ്സ് രണ്ടുപേരും കൈ ചൂണ്ടിയും കണ്ണുരുട്ടിയും പേടിപ്പിച്ച് എന്തൊക്കെയോ പറയുന്നു. അടുത്തേക്ക് എത്തുമ്പോൾ കേൾക്കാം:

‘വിജയ് ’

‘ഉണ്ണിമുകുന്ദൻ’

‘വിജയ് ’

‘ഉണ്ണിമുകുന്ദൻ’

തമിഴിലെ ഇളയ ദളപതി വിജയ്‌യെയും  മലയാളത്തിലെ ഉണ്ണി മുകുന്ദനെയും ചൊല്ലി കൊടിയ ഫാൻ ഫൈറ്റാണ് ചേച്ചി സ്വാതിയും അനിയത്തി നന്ദനയും. ഒടുവിൽ സ്വാതിയൊരു പ്രഖ്യാപനം നടത്തി ‘‘ഒരു മണിക്കൂർ സമയത്തേക്ക് ഫാൻ ഫൈറ്റ് നമ്മൾ സൈലൻഡ് മോഡിൽ ആക്കുന്നു. ആരും വിജയ്‌യെന്നോ ഉണ്ണിമുകുന്ദനെന്നോ പറയാനേ പാടില്ല’’

ജീവിത കഥ

നന്ദന – അതെ. തൽക്കാലം സൈലൻഡ് മോഡ്, എന്നാ പിന്നെ എന്നെ പറ്റി പൊക്കി പറഞ്ഞോ.

സ്വാതി – നന്ദുവിനെ സീരിയലിൽ മാത്രമുള്ള അനിയത്തിയായിട്ടല്ല, എന്റെ ശരിക്കുമുള്ള പെങ്ങളായാ കാണുന്നെ. ഞാൻ ഒറ്റ മോളാണ്, ഒരു അനിയത്തിയെ  ആഗ്രഹിച്ചത് കിട്ടിയതുപോലെയാണ് എനിക്കിപ്പോ തോന്നാറുള്ളത്.

നന്ദന – അത് പതിവു പോലുള്ള തള്ള് അല്ല കേട്ടോ, സത്യമായിട്ടുള്ള കാര്യമാ. എനിക്കൊരു അനിയത്തിയാണുള്ളത്, നയന. അതോണ്ട് ചേച്ചിയുള്ളതിന്റെ സുഖം അവൾക്കേ ഉള്ളൂ. സ്വാതി ചേച്ചി വന്ന ശേഷം രണ്ടാൾക്കും ഇടയിൽ മിഡിൽ കുട്ടിയായി ഞാൻ തകർക്കുകയാണ്.

സ്വാതി – ആണോ സിൽക് സുബ്ബെ?

നന്ദന – ഓ... എനിക്ക് പണിയുവാണല്ലേ.

സ്വാതി – അതെ, അവസരം കിട്ടുമ്പൊ അങ്ങനെ വേണമല്ലോ. ഭ്രമണം സീരിയലിൽ മുകുന്ദൻ അങ്കിളിന്റെ മക്കളായാണ് ഞങ്ങൾ അഭിനയിക്കുന്നത്.  ഞങ്ങൾ രണ്ടാളും അച്ഛന്റെ തറവാട്ടിലേക്കു പോകുമ്പോൾ മുത്തശ്ശിക്കും മുത്തച്ഛനും വേണ്ടി ഡ്രസ്സൊക്കെ വാങ്ങി പോകുന്ന സീൻ എടുക്കുന്നു. വല്യ ഗമയിൽ ഇവൾ ഡയലോഗ് പറഞ്ഞു. മുത്തച്ഛന് സിൽക്ക് ജുബ്ബ എന്നു പറയുന്നതിനു പകരം മുത്തച്ഛന് ‘സിൽക്ക് സുബ്ബ’  എന്ന്.

നന്ദന– എന്റെ അച്ഛൻ അനന്ദകുമാറും അമ്മ ശ്രീകലയും ‌ഡൽഹിയിൽ സെറ്റിൽഡാണ്. ഞാൻ പഠിക്കുന്നത് അവിടത്തെ ഹോളിസെയ്ന്റ് സീനിയർ സെക്കൻഡറി സ്കൂളിലും, ജസ്റ്റ് പ്ലസ് വണ്‍ സ്‌റ്റുഡന്റ്. സോ, ഇടയ്ക്കൊക്കെ ‘മലയാളം’ ഹിന്ദിയും ഇംഗ്ലിഷുമാകും. അതോണ്ട് അക്ഷരത്തെറ്റ്  കഥകളെല്ലാം ഒറ്റയടിക്ക് ബാൻ ചെയ്തതായി പ്രഖ്യാപിക്കുന്നു.

സ്വാതി – ഓഹോ, സൈക്കോളജിക്കൽ മൂവായിരുന്നല്ലെ. എ ങ്ങനെയാ നീയിങ്ങനെ പാവമായി അഭിനയിക്കുന്നെ നന്ദൂ?

നന്ദന – ആ ഇപ്പഴാ ഓർത്തെ. ചേച്ചിക്ക് നാടും വീടുമൊന്നും ഇഷ്ടമല്ല. പുറത്ത് കറങ്ങാനാ താൽപര്യം.

സ്വാതി –  ഇതെന്താ ഈ കുട്ടി ഇങ്ങനെ പറയുന്നെ? ഇവൾടെ മലയാളത്തിന്റെ കുഴപ്പമാണെന്ന് തോന്നുന്നു. ഉദ്ദേശിച്ചത് അതല്ല.

നന്ദന – അങ്ങനെ രക്ഷപ്പെടേണ്ട കേട്ടോ. ചേച്ചിടെ വീട് പാലോടാണ്. കോളജിൽ പോകാനൊക്കെ ചേച്ചിക്ക് ഒരുപാട് ദൂരം യാത്ര ചെയ്യണം. അതോണ്ട് നാടിഷ്ടമല്ല.

സ്വാതി – ഞാൻ പറഞ്ഞില്ലെ, അവൾടെ ഭാഷയുടെ കുഴപ്പമാന്ന്. എന്റെ അച്ഛൻ നിത്യാനന്ദ സ്വാമിയും അമ്മ ദീപയുമാണ് എന്നെ സീരിയിലേക്ക്  എത്തിച്ചത്. നാടിനെ ഇഷ്ടമല്ലെന്നല്ല ഞാൻ പറഞ്ഞത്. ഒരിക്കൽ അമ്മ എന്നെ സ്കൂളിലേക്കു കൊണ്ടുവിടാൻ പോയപ്പോൾ ടയർ തെന്നി വണ്ടി മറിഞ്ഞു. എണീക്കാൻ വയ്യാതെ അമ്മ കിടന്നിട്ട് അരമണിക്കൂർ സമയമെടുത്തു ഒരു സഹായം കിട്ടി ഹോസ്പിറ്റലിൽ എത്താൻ. അതെനിക്ക് വല്ലാതെ വിഷമമായി. അന്നു മുതൽ മനസ്സിലുണ്ട് ഇവിടം വിട്ട് ദൂരെയെവിടേക്കെങ്കിലും പോകണമെന്ന്.

നന്ദന – ചേച്ചി ഇങ്ങനെയാ. എല്ലാ കാര്യവും ഭയങ്കര ഇമോഷനലായൊക്കെ എടുക്കും. പണ്ട്  ഓഡിഷന് പോയപ്പൊ കരഞ്ഞ് നിലവിളിച്ചൊരു കഥയുണ്ട്.

സ്വാതി–  ഇത്രയും ഭീകരി ആകണ്ട കേട്ടൊ, കുറച്ചു പാവമാകുന്നതാ നല്ലത്. ഓഡിഷനു മുൻപ് എന്റെ പട്ടി റിക്കിയെ പറ്റി സംസാരിച്ചിരുന്നു. റിക്കെയെന്നാൽ എനിക്ക് ജീവന്റെ ജീവനാണ്.  അവർ പറഞ്ഞു, ഷൂട്ടിങ്ങിൽ  നിൽക്കുമ്പോ റിക്കി ‘മരിച്ചെ ന്ന’ വാർത്ത വീട്ടിൽ നിന്ന് അറിയിക്കുന്നു, അപ്പോഴുള്ള റിയാക്‌ഷൻ  അഭിനയിക്കാൻ. റിക്കി മരിച്ചെന്ന് അവർ കേട്ടപ്പൊ ത ന്നെ ഞാൻ വല്ലാതെയായി, ഞാനെടുത്ത് മടിയിൽ വയ്ക്കുന്നതും കളിപ്പിക്കുന്നതും ഒക്കെ മുന്നിൽ ഓർമ വന്നു. അനക്കമില്ലാതെ കിടക്കുന്നതും,  കൂട് ഒഴിഞ്ഞതുമൊക്കെ ചിന്തിച്ചപ്പൊ എനിക്കു കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. ഓസ്കർ അഭിനയമെന്നു തോന്നുന്ന രീതിയിൽ ഞാനവിടെ ജീവിക്കുകയായിരുന്നു. ആ സീരിയലിൽ എന്നെ എടുക്കുകയും ചെയ്തു. ആ സീരിയലിൽ നന്ദുവും അഭിനിയിച്ചിട്ടുണ്ടായിരുന്നു,

bramanam2

സീരിയൽ കഥ

സ്വാതി – ഭ്രമണത്തിൽ ഞാൻ ശരത്തേട്ടന്റെ പിറകേ നടക്കുന്നതായിട്ടാ അഭിനയിക്കുന്നത്. അതിന്റെ ൈഹലൈറ്റ് എന്താന്ന് വച്ചാൽ ശരത്തേട്ടൻ സീരിയലിൽ കല്യാണം കഴിച്ച് ഭാര്യേം
കുട്ടിയുമൊക്കെയുള്ള ആളാണ്, മാത്രമല്ല എന്റെ അങ്കിളുമാണ്. അങ്ങനെ വളരെ ‘നല്ല’ കുട്ടിയാണെന്ന് ചുരുക്കം.

നന്ദന – ഞാനതിലും മിടുക്കിയാണ്. അച്ഛനെ പറ്റിച്ചു കാമുകൻമാരുടെ കൂടെ കറക്കവും അലമ്പുമൊക്കെയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ മക്കളെക്കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന അച്ഛന്റെ കഥയാണ് .

സ്വാതി – പുറത്തൊക്കെ പോകുമ്പോൾ ആളുകൾ നല്ല വഴക്കാ. ബസ്സിൽ പോയപ്പോ ഒരു അമ്മൂമ്മ വന്നു ചോദിച്ചു, ‘ നിനക്ക് വേറെ ആരെയും കിട്ടിയില്ലെ മോളെ. ചെറുപ്പക്കാരെ ആരെയെങ്കിലും നോക്കിക്കൂടെ എന്നൊക്കെ’. ‘ശരത്തേട്ടൻ ചുള്ളനല്ലെ’ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അപ്പോ ഒരു വല്ലാത്ത നോട്ടം നോക്കി.

നന്ദന – ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാ. നാട്ടിൽ നിൽക്കാതെ ഡൽഹിയിൽ പോയി വരുന്നതുകൊണ്ട് നേരിട്ടുള്ള ആക്രമണങ്ങൾ ഒന്നുമില്ല. പക്ഷേ, ‘ഇവളെയൊക്കെ ചുരുട്ടി കൂട്ടി അടിക്കണം, ഇങ്ങനത്തെ മക്കൾ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്’ എന്നൊക്കെയാണ് യൂട്യൂബ് കമന്റ്സ്. മുകുന്ദൻ അങ്കിളും ലാവണ്യ ചേച്ചിയുമൊക്കെ കൂടെ ഉള്ളതാണ് വലിയ ആശ്വാസം.

സ്വാതി – ശരിയാ. രണ്ടു പേരും സീനയർ ആക്ടേഴ്സ് ആണ്. നലല സപ്പോർട്ട് തരും. മുകുന്ദൻ അങ്കിൾ കമ്പനിയായതോടെ പിന്നെ എല്ലാം സെറ്റായി. ബ്രേക് ടൈമിലെ ഞങ്ങൾടെ ഗ്യാങ്ങിന്റെ പ്രധാന ഭക്ഷണമാ തേൻ മുട്ടായി, സെറ്റിലെ ചേട്ടൻമാര് വാങ്ങിച്ചു തരും.

ഇഷ്ടങ്ങൾ

സ്വാതി – അതു പറഞ്ഞപ്പഴാ ഓർത്തേ,  ഇവൾ, കേരളാ ഫൂഡൊ ന്നും കഴിക്കൂല്ല. ഒൺലി നോർത്തിന്ത്യൻ. അല്ലാതെ കഴിക്കുന്നന്നതാണേൽ  പൊറോട്ടയും.

നന്ദന – ചേച്ചി പുറത്തെ ഫൂഡൊന്നും കഴിക്കൂല്ല, അവിയൽ  തോരൻ. പിന്നെയൊരു ബിരിയാണിയും. ഫൂഡിൽ മാത്രമല്ല മോഡേൺ ഡ്രസ്സിടാനും ചേച്ചിക്കു മടിയാ. സില്ലി ഗേൾ.

സ്വാതി – വിജയ് ഫാൻസിൽ നിന്ന് ഞാൻ ഇത്രയൊക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ.

നന്ദന – പിന്നേ, ഉണ്ണി മുകുന്ദൻ ഫാൻസിന്റെ സ്‍റ്റാൻഡേർ‍ഡ് ഞാൻ കണ്ടു.

സ്വാതി – എന്ത് പറഞ്ഞാലും ‘ഒരു മുറൈ വന്ത് പാർത്തായാ’ സിനിമയിലെ പുള്ളീടെ താടി ലുക്ക് എന്ത് കിടിലനാണ്. നേരിട്ട് കണ്ടിരുന്നേൽ ഞാനൊന്ന് പ്രപ്പോസ് ചെയ്തേനെ.

നന്ദന – അതൊക്കെ ചെയ്തതോ. പക്ഷേ, ജില്ലയിലെ വിജയ് ‌യുടെ പോലെ ക്യൂട്ട് ലൂക്ക് വേറാർക്കും ഇല്ല. കാമുകിയായിട്ട് അഭിനയിക്കാൻ പറ്റിയിരുന്നേൽ ഞാൻ തകർക്കും.

സ്വാതി – നീ കാമുകിയായി സിനിമയിൽ അഭിനയിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ , അതാരുടെ ആണേലും.

നന്ദന– ചേച്ചി പ്രപ്പോസ് ചെയ്യാൻ ധൈര്യം കാണിച്ചാൽ കട്ടയ്ക്ക് സപ്പോർട്ട ചെയ്ത് ഞാനും കാണും.

സ്വാതി – അപ്പോ നമ്മളു തമ്മിൽ എന്താ പ്രശ്നം ?

നന്ദന – ഒരു പ്രശ്നോമില്ല. എല്ലാം കോംപ്രമൈസ് ആയി.

സ്വാതി– പിന്നല്ലാതെ!!!!