സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വന്‍ വാര്‍ത്തയായിട്ടാണ് ചലച്ചിത്ര ലോകം ഏറ്റെടുത്തത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായി ഹലോ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയത്തിലേക്ക് ചുവട്‌വെച്ചിരിക്കുന്നത്. ഹലോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോൾ ഏറെ സന്തോഷത്തിലാണ് കല്യാണി. തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തിലോ തമിഴിലോ അരങ്ങേറ്റം കുറിക്കാനാഗ്രഹിച്ചെങ്കിലും നല്ല അവസരം വന്നപ്പോൾ വിട്ടുകളയാൻ തോന്നിയില്ല എന്നായിരുന്നു കല്യാണി പറഞ്ഞത്. തന്റെ വേരുകൾ അവിടെ നിന്നായതിനാലായിരുന്നു അത്തരമൊരാഗ്രഹമെന്നും കല്യാണി പറഞ്ഞു. ഒപ്പം പ്രിയദർശന്റെ അടുത്ത കുടുംബ സുഹൃത്തായ മോഹൻലാലിനെക്കുറിച്ചും കല്യാണി വാചാലയായി.
‘അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. പ്രണവ് എന്റെ അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച് വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെപ്പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് വേണ്ടി മാജിക് കാണിച്ചു തരും. എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും. അദ്ദേഹം നല്ല കുക്കാണ്.’– കല്യാണി വ്യക്തമാക്കി.