സണ്ണി ലിയോൺ അങ്ങനെ മൂന്നു കുട്ടികളുടെ അമ്മയായി! ആരാധകർ ഞെട്ടേണ്ട. ആ സൗന്ദര്യത്തിന് ഒരുടവും സംഭവിക്കാതെ അവർ കാത്തുസൂക്ഷിച്ചിട്ടുണ്ട്. വാടക ഗർഭപാത്രത്തിലൂടെ രണ്ടു സുന്ദരക്കുട്ടൻമാർക്കാണ് സണ്ണി ജന്മം നൽകിയിരിക്കുന്നത്. നോഹയും ആഷറും. കഴിഞ്ഞ വർഷം നിഷ എന്നു പേരുള്ള പെൺകുഞ്ഞിനെ സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും ദത്തെടുത്തിരുന്നു. തങ്ങളുടെ കുടുംബം വലുതായി എന്ന കുറിപ്പിനൊപ്പം സണ്ണി തന്നെയാണ് കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ദൈവത്തിന്റെ പദ്ധതി. 2017 ജൂണ്‍ 21നാണ് മൂന്നു മക്കളായി തങ്ങളുടെ കുടുംബം മാറിയേക്കാമെന്ന് തിരിച്ചറിഞ്ഞത്. അതും കുറഞ്ഞ കാലത്തിനുള്ളിൽ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ കുടുംബം പൂർണായി. ആഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ, നിഷ കൗർ വെബ്ബർ എന്നിവർ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഞങ്ങളുടെ ആൺകുട്ടികൾ പിറന്നത്. പക്ഷേ വർഷങ്ങളായി ഞങ്ങളുടെ ഹൃദയത്തിലും കണ്ണുകളിലും അവർ ഉണ്ടായിരുന്നു. ദൈവമാണ് ഞങ്ങൾക്ക് ഇത്രയും വലിയ കുടുംബത്തെ നൽകിയത്. സൗന്ദര്യം തുളുമ്പുന്ന മൂന്നു കുഞ്ഞുങ്ങളുടെ അഭിമാനമുള്ള മാതാപിതാക്കളാണ് ഞങ്ങൾ. എല്ലാവരും അത്ഭുതപ്പെട്ടുകൊള്ളുക...’ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.