തമിഴകത്ത് ചർച്ചയായി കമല്‍ഹാസന്റെ ‘പഴം പൊരി തമാശ’. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിക്കിടെ കമല്‍ഹാസന്‍ തൃഷയ്ക്ക് നല്‍കിയ ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്.
പരിപാടിയിൽ, ഇഷ്ടവിഭവം ഏതാണ് എന്നായിരുന്നു കാണികളിലൊരാള്‍ തൃഷയോട് ചോദിച്ച ചോദ്യം. ‘എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്. പക്ഷേ വാഴപ്പഴം കൊണ്ടുള്ള ആ വിഭവമാണ് കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക ?’ എന്നാണ് തൃഷയുടെ മറുപടി. ഇതിനിടെ പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഒപ്പം ‘അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃഷ അത് ചിരിച്ചുതളളി. പിന്നാലെ താൻ പറഞ്ഞത് തമാശയായാണെന്നു കാണിക്കാൻ കമൽ തൃഷയുടെ കാൽമുട്ടിൽ പതിയെ തട്ടുന്നുമുണ്ട്.
അതേസമയം പരിപാടിയിലെ ഈ സംഭാഷണഭാഗം മാത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കമൽ ഹാസന്റെ വാക്കുകൾ മോശമായിപ്പോയി എന്നും കമല്‍ഹാസന്‍റെ മറുപടി ദ്വയാർത്ഥം നിറഞ്ഞതാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ പ്രതികരണം. അതേസമയം കമലിനെ പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തി. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും അദ്ദേഹം തമാശയാണ് ഉദ്ദേശിച്ചതെന്നുമാണ് ആരാധകരുടെ അഭിപ്രായം.