ADVERTISEMENT

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി പവിത്ര ലക്ഷ്മി.

‘എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാൻ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും കുപ്രചരണങ്ങൾ അവസാനിക്കുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ വളരെ മോശവും ക്രൂരവുമാണ്, അതെന്താണെന്ന് പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.

ADVERTISEMENT

ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനുള്ള ചികിത്സയിലാണ്. ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. നിങ്ങളുടെ സ്നേഹവും കരുതലും ഈ സമയത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്.

എല്ലാ മാധ്യമങ്ങളോടും വ്യക്തികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ റീച്ചിന് വേണ്ടി എന്നെക്കുറിച്ച് നുണപ്രചാരണങ്ങൾ നടത്തരുത്, ഇത് കഴിഞ്ഞാലും എനിക്ക് ഒരു ജീവിതവും ഭാവിയുമുണ്ട്, എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ദയവായി മറ്റുള്ളവരുടെ നേരെയും ചെയ്യരുത്. ഇത്രയും കാലം എനിക്ക് തന്ന സ്നേഹബഹുമാനങ്ങൾ ഇനിയും ഉണ്ടാകണം. പൂർവാധികം കരുത്തോടെ ഉടൻ തിരിച്ചുവരും, നന്ദി.

ADVERTISEMENT

നിങ്ങളിൽ ചിലരുടെ തെറ്റായ ധാരണകളും വിധിന്യായങ്ങളും കണ്ട് ഞാൻ മടുത്തു കഴിഞ്ഞു, ഇനിയും അങ്ങനെ തന്നെ തുടരാനാണു ഭാവമെങ്കിൽ അവഗണിക്കാൻ തന്നെയാണ് തീരുമാനം’. – പവിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൊയമ്പത്തൂർ സ്വദേശിയായ പവിത്ര ലക്ഷ്മി ‘ഓക്കെ കൺമണി’യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു.

ADVERTISEMENT
ADVERTISEMENT