അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെ റും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളായി: ‘അൽഫോൻസാമ്മ’യും കുങ്കുമപ്പൂവും’. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന വില്ലത്തി.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ പെട്ടെന്നൊരു നാള് സീരിയൽ ലോകത്തു നിന്ന് അശ്വതി അപ്രത്യക്ഷയായി. ഒൻപതു വ ർഷത്തെ ഇടവേള അവസാനിച്ചിരിക്കുന്നു. ‘സുസു (സുരഭിയും സുഹാസിനിയും)’ എന്ന ഹാസ്യ പരമ്പരയിലെ ലക്ഷ്മിയായി മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് അശ്വതി.
അങ്ങനെ ലക്ഷ്മിയായി
‘‘ഞാൻ അളിയൻസ് എന്ന സീരിയലിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും. അങ്ങനെയാണ് അതിന്റെ സംവിധായകൻ രാജേഷ് തലച്ചിറയെ പരിചയപ്പെടുന്നത്. വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചെ ത്താമെന്നു തോന്നിത്തുടങ്ങിയ കാലത്ത്, എന്തെങ്കിലും നല്ല വേഷമുണ്ടെങ്കിൽ പരിഗണിക്കണം എന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ‘സുസു’വിലെ ലക്ഷ്മിയാകാൻ വിളി വന്നത്.
ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേ ഖലയാണു കോമഡി. ‘സിറ്റ് കോം’ എന്നതിന്റെ ഫുൾഫോം സിറ്റുവേഷൻ കോമഡി എ ന്നാണെന്നു പോലും അറിയില്ലായിരുന്നു. സീരിയലിൽ പ്രോംപ്റ്റിങ് ഉണ്ടാകും. ഡയലോഗ് പറഞ്ഞു തരുന്നതു നമ്മൾ ആവർത്തിച്ചാൽ മതി. ഇത് ലൈവ് റിക്കോർഡിങ് ആണ്. ആദ്യം ടെൻഷൻ തോന്നിയെങ്കിലും കാര്യങ്ങൾ വേഗം പഠിച്ചെടുത്തു.
‘സുസു’ ആദ്യ സീസണിൽ സംഗീത ശിവ ൻ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണു ലക്ഷ്മി. അൽപം കുശുമ്പും അസൂയയും മണ്ടത്തരവും ആഡംബര ഭ്രമവുമൊക്കെയുണ്ടെങ്കിലും ഒരു പാവം കഥാപാത്രം. ഞാൻ മുൻപ് ഇങ്ങനെയൊരു വേഷം അവതരിപ്പിച്ചിട്ടില്ല. എത്രത്തോളം നന്നാകുമെന്ന ആശങ്ക തോന്നിയിരുന്നു. പക്ഷേ, കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴേ നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു തുടങ്ങി. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അടുത്തിടെ എന്റെ നാടായ പാലക്കാട് വച്ചു കുറച്ചു കുട്ടികൾ എന്നെ കണ്ട് ‘ദേ... ലക്ഷ്മി’ എന്നു പറഞ്ഞ് ഓടി അടുത്തു വന്നു. വീണ്ടും ഒരു കഥാപാത്രമായി തിരിച്ചറിയപ്പെടുന്നതിൽ വലിയ സന്തോഷം.’’ ജീവിതത്തിലെയും അഭിനയരംഗത്തെയും പുതിയ വിശേഷങ്ങൾ അശ്വതി പറഞ്ഞു തുടങ്ങി.
മനസ്സ് നൊന്ത അപമാനങ്ങൾ
കുടുംബത്തോടൊപ്പം ദുബായിൽ ആയിരുന്നു. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂവ്’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതിനു ശേഷം ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞായി. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് 2015ൽ സീരിയൽ വിട്ടത്. അപ്പോഴും അഭിനയം പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. ചില ഷോർട്ട് ഫിലിംസിലൊക്കെ പങ്കാളിയായി. വിജെആയും ജോലി ചെയ്തു.

പക്ഷേ, ദുബായില്‍ ചെന്നു കുറച്ചു കാലം കഴിഞ്ഞപ്പോഴേ ശരീരഭാരം കൂടി. നന്നായി തടി വച്ചു. ഞാനൊരു ഭക്ഷണ പ്രേമിയാണ്. രുചികരമായ വിഭവം കിട്ടിയാൽ ആദ്യം അതിന്റെ മണം ആസ്വദിക്കും. ശേഷം മനസ്സും വയറും നിറയും വരെ ഇഷ്ടത്തോടെ കഴിക്കും.
ഇതിനിടെ സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോസിനു താഴെ പലരും കടുത്ത ബോഡി ഷെയ്മിങ് തുടങ്ങിയിരുന്നു. മാത്രമല്ല, ഡ്രസ്സിന്റെ അളവ് 4 എക്സ് എൽ വരെയായി. ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാൻ പോകുമ്പോൾ സൈസ് കൃത്യമായി കിട്ടുന്നില്ലെന്ന അവസ്ഥ.
ഇതിനിടെ വിഷമം തോന്നിയ ഒരു സംഭവമുണ്ടായി. ദുബായിലെ ഒരു പരിപാടിയിൽ പ്രശസ്ത നടനും ഞാനുമാണ് അതിഥികളായി പങ്കെടുത്തത്. വേറെ വിഷയങ്ങളൊന്നും കിട്ടാത്തിനാലാകാം, പ്രസംഗത്തിനിടെ അദ്ദേഹം എന്റെ വണ്ണത്തെ കളിയാക്കാൻ തുടങ്ങി. എല്ലാവരും ചിരിച്ചു. എനിക്കത് വലിയ സങ്കടമായി. പക്ഷേ, അപ്പോൾ പ്രതികരിച്ചില്ല. നമ്മൾ കാരണം ഒരു ചടങ്ങ് അലങ്കോലമാകണ്ടല്ലോ എന്നു തോന്നി. പക്ഷേ, അടുത്തിടെ വീണ്ടും കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘ഇപ്പോൾ എന്തു പറയുന്നു ചേട്ടാ’ എന്ന്. പുള്ളി ഒരു ചമ്മിയ ചിരി ചിരിച്ചു.
കളിയാക്കലുകൾ മാനസികമായി വിഷമമുണ്ടാക്കിയെങ്കിലും ഭാരം കുറയ്ക്കണമെന്നു തോന്നിയത് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയപ്പോഴാണ്.
അൽപം നടക്കുമ്പോഴേ കിതയ്ക്കാനും നടു വേദനിക്കാനുമൊക്കെ തുടങ്ങി. അങ്ങനെ 2019 ഒക്ടോബറില്‍ ഡയറ്റ് തുടങ്ങി. ഒപ്പം വ്യായാമവും. രണ്ടിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. മാസങ്ങൾക്കകം ഭാരം നൂറിൽ നിന്നു 35 കിലോ കുറച്ചു. വണ്ണം കുറഞ്ഞെങ്കിലും വ്യായാമം ഇപ്പോഴും ചിട്ടയോടെ തുടരുന്നു.