ADVERTISEMENT

അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെ റും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളായി: ‘അൽഫോൻസാമ്മ’യും കുങ്കുമപ്പൂവും’. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന വില്ലത്തി.    
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ  പെട്ടെന്നൊരു നാള്‍ സീരിയൽ ലോകത്തു നിന്ന് അശ്വതി അപ്രത്യക്ഷയായി. ഒൻപതു വ ർഷത്തെ ഇടവേള അവസാനിച്ചിരിക്കുന്നു. ‘സുസു (സുരഭിയും സുഹാസിനിയും)’ എന്ന ഹാസ്യ പരമ്പരയിലെ ലക്ഷ്മിയായി മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് അശ്വതി.

അങ്ങനെ ലക്ഷ്മിയായി

ADVERTISEMENT

‘‘ഞാൻ അളിയൻസ് എന്ന സീരിയലിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും. അങ്ങനെയാണ് അതിന്റെ സംവിധായകൻ രാജേഷ് തലച്ചിറയെ പരിചയപ്പെടുന്നത്. വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചെ ത്താമെന്നു തോന്നിത്തുടങ്ങിയ കാലത്ത്, എന്തെങ്കിലും നല്ല വേഷമുണ്ടെങ്കിൽ പരിഗണിക്കണം എന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ‘സുസു’വിലെ ലക്ഷ്മിയാകാൻ വിളി വന്നത്.

ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത  മേ ഖലയാണു കോമഡി. ‘സിറ്റ് കോം’ എന്നതിന്റെ ഫുൾഫോം സിറ്റുവേഷൻ കോമഡി എ ന്നാണെന്നു പോലും അറിയില്ലായിരുന്നു.  സീരിയലിൽ പ്രോംപ്റ്റിങ് ഉണ്ടാകും. ഡയലോഗ് പറഞ്ഞു തരുന്നതു നമ്മൾ ആവർത്തിച്ചാൽ മതി. ഇത് ലൈവ് റിക്കോർഡിങ് ആണ്. ആദ്യം ടെൻഷൻ തോന്നിയെങ്കിലും കാര്യങ്ങൾ വേഗം പഠിച്ചെടുത്തു.
 ‘സുസു’ ആദ്യ സീസണിൽ സംഗീത ശിവ ൻ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണു ലക്ഷ്മി. അൽപം കുശുമ്പും അസൂയയും മണ്ടത്തരവും ആഡംബര ഭ്രമവുമൊക്കെയുണ്ടെങ്കിലും ഒരു പാവം കഥാപാത്രം. ഞാൻ മുൻപ് ഇങ്ങനെയൊരു വേഷം അവതരിപ്പിച്ചിട്ടില്ല. എത്രത്തോളം നന്നാകുമെന്ന ആശങ്ക തോന്നിയിരുന്നു. പക്ഷേ, കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴേ നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു തുടങ്ങി. അതിന്റെ സന്തോഷം  പറഞ്ഞറിയിക്കാനാകില്ല. അടുത്തിടെ എന്റെ നാടായ പാലക്കാട് വച്ചു കുറച്ചു കുട്ടികൾ എന്നെ കണ്ട്  ‘ദേ... ലക്ഷ്മി’ എന്നു പറഞ്ഞ് ഓടി അടുത്തു വന്നു. വീണ്ടും ഒരു കഥാപാത്രമായി തിരിച്ചറിയപ്പെടുന്നതിൽ വലിയ സന്തോഷം.’’  ജീവിതത്തിലെയും അഭിനയരംഗത്തെയും പുതിയ വിശേഷങ്ങൾ അശ്വതി പറഞ്ഞു തുടങ്ങി.

aswathy-22
ADVERTISEMENT

മനസ്സ് നൊന്ത അപമാനങ്ങൾ

കുടുംബത്തോടൊപ്പം ദുബായിൽ ആയിരുന്നു. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂവ്’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതിനു ശേഷം ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞായി. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് 2015ൽ സീരിയൽ വിട്ടത്. അപ്പോഴും അഭിനയം പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. ചില ഷോർട്ട് ഫിലിംസിലൊക്കെ പങ്കാളിയായി. വിജെആയും ജോലി ചെയ്തു.

ADVERTISEMENT

പക്ഷേ, ദുബായില്‍ ചെന്നു കുറച്ചു കാലം കഴിഞ്ഞപ്പോഴേ ശരീരഭാരം കൂടി. നന്നായി തടി വച്ചു. ഞാനൊരു ഭക്ഷണ പ്രേമിയാണ്. രുചികരമായ വിഭവം കിട്ടിയാൽ ആദ്യം അതിന്റെ മണം ആസ്വദിക്കും. ശേഷം മനസ്സും വയറും നിറയും വരെ ഇഷ്ടത്തോടെ കഴിക്കും.

ഇതിനിടെ സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോസിനു താഴെ പലരും കടുത്ത ബോഡി ഷെയ്മിങ് തുടങ്ങിയിരുന്നു. മാത്രമല്ല, ഡ്രസ്സിന്റെ അളവ് 4 എക്സ് എൽ വരെയായി. ഇഷ്ടപ്പെട്ട   വസ്ത്രം വാങ്ങാൻ പോകുമ്പോൾ സൈസ് കൃത്യമായി കിട്ടുന്നില്ലെന്ന അവസ്ഥ.

ഇതിനിടെ വിഷമം തോന്നിയ ഒരു സംഭവമുണ്ടായി. ദുബായിലെ ഒരു പരിപാടിയിൽ പ്രശസ്ത നടനും ഞാനുമാണ് അതിഥികളായി പങ്കെടുത്തത്. വേറെ വിഷയങ്ങളൊന്നും കിട്ടാത്തിനാലാകാം, പ്രസംഗത്തിനിടെ അദ്ദേഹം എ ന്റെ വണ്ണത്തെ കളിയാക്കാൻ തുടങ്ങി. എല്ലാവരും ചിരിച്ചു. എനിക്കത് വലിയ സങ്കടമായി. പക്ഷേ, അപ്പോൾ പ്രതികരിച്ചില്ല. നമ്മൾ കാരണം ഒരു ചടങ്ങ് അലങ്കോലമാകണ്ടല്ലോ എന്നു തോന്നി. പക്ഷേ, അടുത്തിടെ വീണ്ടും  കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘ഇപ്പോൾ എന്തു പറയുന്നു ചേട്ടാ’ എന്ന്. പുള്ളി ഒരു ചമ്മിയ ചിരി ചിരിച്ചു.

കളിയാക്കലുകൾ മാനസികമായി വിഷമമുണ്ടാക്കിയെങ്കിലും ഭാരം കുറയ്ക്കണമെന്നു തോന്നിയത് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയപ്പോഴാണ്.


അൽപം നടക്കുമ്പോഴേ കിതയ്ക്കാനും നടു വേദനിക്കാനുമൊക്കെ തുടങ്ങി. അങ്ങനെ 2019 ഒക്ടോബറില്‍ ഡയറ്റ് തുടങ്ങി. ഒപ്പം വ്യായാമവും. രണ്ടിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. മാസങ്ങൾക്കകം ഭാരം നൂറിൽ നിന്നു 35 കിലോ കുറച്ചു. വണ്ണം കുറഞ്ഞെങ്കിലും വ്യായാമം  ഇപ്പോഴും ചിട്ടയോടെ തുടരുന്നു.

പേരിനു പിന്നിലെ കഥ

എന്റെ യഥാർഥ പേര് പ്രിസില്ല തോമസ് എന്നാണ്. പപ്പ തോമസ് ചെറിയാനാണ് ആ പേരിട്ടത്. ബൈബിളിലെ പ്രിസ്കില്ല എന്ന പേരിൽ നിന്നാണ് ഈ പേരുണ്ടായത്.  സ്കൂളില്‍ ചേർത്തപ്പോൾ പ്രസില്ല എന്നാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. അങ്ങനെ പ്രിസില്ല പ്രസില്ലയായി.

എന്റെ നേരെ ഇളയ അനിയത്തിക്ക് ടോളി എന്നു പേരിട്ടത് അമ്മച്ചി സിമിയാണ്. ഏറ്റവും ഇളയ അനിയത്തിക്ക് നിറ്റു എന്ന പേര് കണ്ടെത്തിയത് അമ്മയുടെ അമ്മയും. ഞാൻ പിന്നീട് ആലോചിച്ചിട്ടുണ്ട്, വ്യത്യസ്തമായ പേരുകൾ കണ്ടെത്താൻ ഇവർ തമ്മിൽ വല്ല മത്സരവുമുണ്ടായിരുന്നോ എന്ന്. പിന്നീട് എനിക്കു രണ്ടു പെൺമക്കൾ ജനിച്ചപ്പോൾ ഒട്ടും കുറയ്ക്കണ്ട എന്നു ഞാനും തീരുമാനിച്ചു. ജൊഹാന എന്നും ബ്രിയാന എന്നുമാണ് പേരിട്ടത്.

പക്ഷേ, എന്റെ പേരിനു പിന്നിലെ യഥാർഥ കഥ കഴിഞ്ഞ വർഷമാണു പപ്പ വെളിപ്പെടുത്തിയത്. പപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു പ്രിസില്ല. അവരോടുള്ള ഇ ഷ്ടത്തിന്റെ ഓർമയാണ് എന്റെ പേര്. സീരിയൽ രംഗത്ത് എത്തിയപ്പോഴാണ് അശ്വതി എന്ന പേരു സ്വീകരിച്ചത്. പെട്ടെന്ന് ഓർക്കാൻ സാധിക്കുന്ന ഒരു പേര് വേണം എന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്നതാണ് അശ്വതി. 

ഇപ്പോഴത്തെ തിരിച്ചുവരവിനു പിന്നിലെ പ്രധാന പ്രോത്സാഹനം എന്റെ ജീവിതപങ്കാളി ജെറിൻ ബാബുജി ആണ്.  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസവും അദ്ദേഹമാണ്. ഞങ്ങൾ‌ ഓർക്കുട്ട് വഴി പരിചയപ്പെട്ടാണുപ്രണയത്തിലായത്. ആദ്യമൊക്കെ ഞാൻ അൽപ്പം മസില് പിടിച്ചെങ്കിലും അദ്ദേഹം അൽഫോൻസാമ്മയുടെ പള്ളിയിൽ നിൽക്കുന്ന ഒരു ചിത്രം അയച്ചു തന്നപ്പോൾ ഞാൻ വീണു. പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് ഇഷ്ടം രണ്ടാളും വീട്ടുകാരെ അറിയിക്കുകയായിരുന്നു. 2010ൽ ആ യിരുന്നു വിവാഹം. അദ്ദേഹം അബുദാബിയില്‍ ഐടി മാനേജരായി ജോലി ചെയ്യുന്നു.

അൽഫോൻസാമ്മയും അമലയും

ഒരു ബ്രേക്ക് ലഭിച്ചത് 2008ൽ ‘അൽഫോൻസാമ്മ’യിലൂ        ടെയാണ്. കന്യാസ്ത്രീ കഥാപാത്രം എന്നാണ് ആദ്യം എ ന്നോടു പറഞ്ഞത്. വലിയ താൽപര്യം കാണിക്കാതിരുന്നപ്പോൾ പ്രൊഡക്‌ഷൻ കൺട്രോളർ ഷിബുച്ചേട്ടൻ പറഞ്ഞു. ‘സംവിധായകൻ ബോബൻ സാമുവൽ സാറിനെ ഒ ന്നു കാണൂ’. ചെന്നു കഴിഞ്ഞപ്പോഴാണ് അൽഫോൻസാമ്മയുടെ 18 മുതൽ 35 വയസ്സു വരെയുള്ള കാലമാണ് അവതരിപ്പിക്കേണ്ടതെന്നു മനസ്സിലായത്.

എന്നെ സംബന്ധിച്ചു കരിയറിലെ ഒരു ബെഞ്ച് മാർക്ക് ആണ് ആ റോൾ. അക്കാലത്ത് ഭരണങ്ങാനം പള്ളിയിൽ പോയിരുന്നു. ധാരാളം പേർ അടുത്തുവന്നു. ഒരമ്മച്ചി തലയിൽ കൈവച്ചു പ്രാർഥിക്കണമെന്നു പറഞ്ഞു.

അതേപോലെ തന്നെ പ്രേക്ഷക പ്രതികരണം ലഭിച്ച ക ഥാപാത്രമാണു കുങ്കുമപ്പൂവിലെ  അമല. പക്കാ നെഗറ്റീവ് റോൾ. അൽഫോൻസാമ്മയ്ക്ക് പരിധികളില്ലാത്ത സ്നേഹം ലഭിച്ചെങ്കില്‍, അമലയോടു പലർക്കും കടുത്ത ദേഷ്യമായിരുന്നു. അൽഫോൻസാമ്മയ്ക്കും കുങ്കുമപ്പൂവിനും ഇടയിലാണ് ‘ഒരു നുണക്കഥ’ എന്ന സിനിമയിൽ അഭിനയിച്ചത്. തമിഴ് നടൻ വിവേക് ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണ്.

ഭൂമി ചെറുതായി ഒന്നു പിളർന്നെങ്കിൽ


മൈക്ക് എപ്പോഴും എനിക്കു പേടിയാണ്. അഭിനയിക്കാം, പക്ഷേ, പ്രസംഗിക്കാനാകില്ല. മൈക്ക് കയ്യിൽ കിട്ടിയാൽ ‘ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല സാറേ...’ എന്നു പറയും പോലെ ആകെക്കൂടെ ഒരു വിറയലാണ്. ഒരിക്കൽ ഒരു അനുസ്മരണ പരിപാടിയിൽ അതിഥിയായി പോയി. മൈക്കിന് മുന്നിലെത്തിയതും ഞാൻ വിറയ്ക്കാൻ തുടങ്ങി. 

എങ്ങനെയൊക്കെയോ സംസാരിച്ചു. കുറേക്കഴിഞ്ഞപ്പോൾ ആളുകൾ ഭയങ്കര ചിരി. ഞാൻ കരുതി എന്റെ ഗംഭീര പ്രസംഗം കേട്ടിട്ടാണെന്ന്. തൃപ്തിയോടെ സീറ്റിൽ വന്നിരുന്നപ്പോഴാണ് അടുത്തിരുന്ന എംഎൽഎ കാര്യം പറഞ്ഞത്, ‘മോള് ഇപ്പൊ ആശംസ പറഞ്ഞ് ദീർഘായുസ്സ് നേർന്നില്ലേ, അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങാണ് ഇത്.  കക്ഷി മരിച്ചിട്ട് 15 വർഷമായി.’ അതു കേട്ടപ്പോൾ ആ നിമി ഷം ഭൂമി ചെറുതായിട്ട് ഒന്നു പിളർന്നിരുന്നെങ്കിൽ അതു വഴി താഴേക്കു മുങ്ങാമായിരുന്നു എന്നു തോന്നി.

എളുപ്പമല്ല മടങ്ങിവരവ്

മക്കള്‍ കോവിഡ് കാലത്തേ ദുബായിൽ നിന്നു നാട്ടിലേക്കു വന്നിരുന്നു. പത്തനംതിട്ട കൈപ്പട്ടൂരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നാണു പഠിക്കുന്നത്. ജൊഹാന ഏഴിലും ബ്രിയാന മൂന്നിലും. അവധി കിട്ടുമ്പോഴെല്ലാം ഞാൻ അവരുടെ കൂടെ പോയി നിൽക്കും. ഇടയ്ക്ക് ദുബായില്‍ അച്ചായന്റെ അടുത്തേക്കും പോകും. മക്കൾ രണ്ടാൾക്കും നൃത്തവും പാട്ടും ഇഷ്ടമാണ്. മൂത്തവൾക്ക് അൽപം സഭാകമ്പമുണ്ട്. പക്ഷേ, ഇളയയാൾക്ക് അതില്ല, എന്തിനും മുന്നിട്ടിറങ്ങും.

എന്റെ അനുഭവത്തിൽ, കുറച്ചു കാലം മാറി നിന്നിട്ട് സീരിയൽ രംഗത്തേക്കു മടങ്ങിവരികയെന്നത് ഒട്ടും എളുപ്പമ ല്ല. ഈ ഇടവേളയ്ക്കുള്ളിൽ ധാരാളം പുതിയ ആർട്ടിസ്റ്റുകള്‍ വരും. ട്രെൻഡുകൾ മാറും. അതിനിടെ നമുക്കു യോഗ്യമായ, വേറിട്ട ഒരു കഥാപാത്രത്തെ ലഭിക്കുകയെന്നതു ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് സുസു വിലെ ലക്ഷ്മി ഒ രു മികച്ച തിരിച്ചുവരവാണ്. ചില നല്ല അവസരങ്ങൾ കൂടി വന്നിട്ടുണ്ട്. ശേഷം സ്ക്രീനിൽ...

വി.ജി. നകുൽ
ഫോട്ടോ: ഹരികൃഷ്ണൻ. ജി

ADVERTISEMENT