ADVERTISEMENT

മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്...

വെബ് സീരിസുകളും ഷോർട് ഫിലിമുകളുമൊക്കെ മലയാളി യുവത്വത്തെ ആവേശിക്കും മുമ്പ്, ‘ഓർമയ്ക്കായ്’യും ‘ഖൽബാണ് ഫാത്തിമ’യും ‘ചെമ്പകമേ’ യുമൊക്കെ സൃഷ്ടിച്ച തരംഗത്തിൽ, മ്യൂസിക്കൽ ആൽബങ്ങളെ ലഹരി പോലെ സ്വീകരിച്ചിരുന്ന ഒരു തലമുറ കേരളത്തിലുണ്ടായിരുന്നു. അവർ മൂളി നടന്ന വരികളാണിത്....

ADVERTISEMENT

വളരെ വേഗം സജീവമായി, കുറച്ചു കാലത്തിനുള്ളിൽ കെട്ടടങ്ങിയ ആ ആൽബം കാലത്ത്, ടെലിവിഷനിലൂടെയും വിഡിയോ സി.ഡികളിലൂടെയും സിനിമാ താരങ്ങളോളം പ്രേക്ഷകർക്ക് സുപരിചിതരായ ആൽബം നായകൻമാരും നായികമാരുമുണ്ടായി. അത്തരത്തിൽ, വലിയ ബാനറുകളും വൻ ഗായകരും കൈ കോർത്ത്, സിനിമാ പാട്ടുകളെ കടത്തിവെട്ടുന്ന ദൃശ്യമികവോടെ, തികച്ചും പ്രൊഫഷണലായി ഒരുക്കിയെടുത്ത പല ഹിറ്റ് ആൽബങ്ങളിലെയും നായകനായിരുന്നു അൻവർ ഷെരീഫ്. സിനിമ സ്വപ്നം കണ്ട്, അതിലേക്കുള്ള ശ്രമകരമായ യാത്രയ്ക്കിടെ തീർത്തും യാദൃശ്ചികമായാണ് ഈ തൃശൂർകാരൻ ആൽബം ഇൻഡസ്ട്രിയിലെത്തിയത്. ‘മനസ്സിന്റെ മണിയറയിൽ’, ‘തിങ്കളാഴ്ച കാലത്ത്’, ‘പെണ്ണേ നിൻ കനവിൽ’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ താരമായ അൻവർ, ചുരുങ്ങിയ കാലത്തിനിടെ 150ൽ അധികം ആൽബങ്ങളിലാണ് നായകനായത്. കാലക്രമേണ ആൽബങ്ങളിൽ നിന്നു പതിയെ പിൻവാങ്ങിയ അൻവറിനെ പ്രേക്ഷകർ വീണ്ടും ശ്രദ്ധിക്കുന്നത്, ദുൽഖർ സൽമാൻ നായകനായ ‘സലാല മൊബൈൽസി’ലെ മനാഫ് എന്ന രസികൻ കഥാപാത്രത്തിലൂടെയാണ്. തുടർന്ന് ഹോംലീ മീൽസ്, ബെൻ, ഒരു വടക്കൻ സെൽഫി, ഒരു മെക്സിക്കൻ അപാരത തുടങ്ങി ലൂക്ക വരെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ അൻവറിനെ കണ്ടു. ഇടയ്ക്ക് സീരിയലുകളിലും മുഖം കാട്ടി. ഇപ്പോൾ ടൊവിനോ തോമസ് നായകനാകുന്ന ഫോറൻസിക് എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അൻവർ.

a2

ആദ്യ നടൻ ഇക്ക

ADVERTISEMENT

തൃശൂർ പൂവത്തൂർ ആണ് എന്റെ നാട്. കുടുംബത്തിൽ എല്ലാവരും കലാസ്വാദകരായിരുന്നു. ഞങ്ങളുടെ നാട്ടിൽ അക്കാലത്ത് ഏക നടൻ എന്റെ ചേട്ടൻ ഒമർ ഫറൂഖ് ആണ്. ലൊക്കേഷനുകളിൽ ഒക്കെ പോയി ചാൻസ് ചോദിച്ച് ഇക്ക കുറേ സിനിമകളിൽ കുഞ്ഞ് വേഷങ്ങൾ ചെയ്തു. ഇക്കയെ നാട്ടിൽ ‘നടൻ’ എന്നു കളിയാക്കി വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്കു വിഷമം തോന്നിയിരുന്നു. അങ്ങനെയാണ് നടൻ ആകണമെന്നും അഭിനയിക്കണം എന്നുമൊക്കെ വാശി തോന്നിയത്. പക്ഷേ, എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും അറിയില്ല.

a3

ഇക്കയോടൊപ്പം നാട്ടിൽ ചെറിയ നാടകങ്ങളിൽ ഒക്കെ അഭിനയിച്ചാണ് തുടക്കം. പഠിക്കാൻ തീരെ മോശമായിരുന്നു. അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞ് അഭിനയിക്കാൻ അവസരം തേടി നടക്കാൻ തുടങ്ങി. ലോക്കൽ ചാനലുകളില്‍ പരസ്യങ്ങളിൽ അഭിനയിച്ചാണ് തുടക്കം. കഷ്ടപ്പാടുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും പറയുന്നതിൽ താൽപര്യം തോന്നുന്നില്ല. ആ പ്രയാസങ്ങളൊക്കെ വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്.

ADVERTISEMENT

ആല്‍ബങ്ങളിലേക്ക്

നമ്മൾ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അതിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ആ സമയത്താണ് ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മലയാളത്തിൽ ആ ട്രെൻഡിന്റെ തുടക്ക കാലമായിരുന്നു അത്. ആദ്യം അഭിനയിച്ചത് ജി.വേണുഗോപാൽ പാടിയ വാർനെറ്റി എന്ന ആൽബത്തിലാണ്. പക്ഷേ, അത് റിലീസ് ആയില്ല. നീ കേൾക്കുവാനായി എന്ന ആൽബമാണ് ആദ്യം റിലീസായത്. പിന്നീട് ആൽബങ്ങളുടെ ഒരു ഒഴുക്കായിരുന്നു. ഉദയശങ്കറിന്റെയും വാട്ടർമാന്റെയുമൊക്കെ മിക്ക ആൽബങ്ങളും വലിയ മുതൽമുടക്കിലാണ് ഒരുക്കിയത്. അങ്ങനെ 150 ആൽബങ്ങളിൽ വരെ അഭിനയിച്ചിട്ടുണ്ട്. ആൽബങ്ങളിൽ അഭിനയിച്ച് കുഴപ്പമില്ലാതെ ജീവിക്കാം എന്ന സാഹചര്യമുണ്ടായിരുന്നു. പൈസ വാങ്ങാതെ കൂട്ടുകാർക്കു വേണ്ടിയും കുറേ ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആൽബങ്ങളുടെ മാർക്കറ്റും മോശമായിരുന്നില്ല. മലബാർ സൈഡിലും ഫോർട്ടു കൊച്ചി, ബീമാപ്പള്ളി തുടങ്ങിയിടങ്ങളിലുമൊക്കെ ആൽബം താരങ്ങൾക്ക് വലിയ ആരാധകപിന്തുണയുണ്ടായിരുന്നു. കുറേയായപ്പോൾ ഇൻഡസ്ട്രി ഡൗൺ ആയി. ക്വാളിറ്റി കുറഞ്ഞു. അപ്പോഴേക്കും ഞാനും ആൽബത്തിൽ അഭിനയിക്കുന്നത് നിർത്തിയിരുന്നു. സിനിമയായിരുന്നു എന്റെ ഫോക്കസ്.

a1

സിനിമ വന്ന വഴി

സംവിധായകൻ അക്കു അക്ബറിലെ അക്കുക്ക വഴി ‘ഭാര്യ അത്ര പോര’യിലാണ് സിനിമയിൽ ആദ്യമായി ഒരു നല്ല വേഷം ലഭിച്ചത്. പിന്നീട് ലൂക്ക വരെ കുറച്ചു സിനിമകൾ. ഇപ്പോഴും എനിക്ക് സിനിമയിൽ ഒരു ബ്രേക്ക് ലഭിച്ചിട്ടില്ല. ഫോറൻസിക്കും ജാലിയൻ വാലാബാഗുമാണ് പുതിയ ചിത്രങ്ങൾ. അതിനിടെ ഹരിചന്ദനം, ദേവരാഗം എന്നിങ്ങനെ രണ്ടു സീരിയലുകൾ ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ മാത്രമാണ് ലക്ഷ്യം. ലൂക്കയുടെ നിർമാതാവ് പ്രിൻസ് ഹുസൈൻ അടുത്ത സുഹൃത്താണ്. ഇടയ്ക്ക് ചില ബിസിനസ്സുകളൊക്കെ ചെയ്തെങ്കിലും ഒന്നും ശരിയായില്ല. മനസ്സ് നിറയെ സിനിമയാണ്.

a5

കുടുംബം

2013 ൽ ആയിരുന്നു വിവാഹം. ഭാര്യ ലൗമി മജീദ് ഗായികയാണ്. ഞങ്ങൾ പരിചയപ്പെട്ട കാലത്ത് അവൾ ഗായികയാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കണ്ട് ഇഷ്ടപ്പെട്ട് അവളുടെ വീട്ടിൽ സംസാരിക്കുകയായിരുന്നു. സ്റ്റാർ സിങ്ങറിന്റെ നാലാം സീസണിൽ അവൾ പങ്കെടുത്തിരുന്നു എന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ ആദം യു.കെ.ജിയിൽ ഇളയയാൾ ഏദന് രണ്ടര വയസ്സ്.

 

ADVERTISEMENT