മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യസംസ്കാരം പകർന്നു നൽകിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ ചിത്രമായ ‘നായകൻ’ മുതല്‍ ഇപ്പോൾ പ്രേക്ഷകർ കാണുന്ന ‘ചുരുളി’യിൽ വരെ തന്റെതായ ഒരു വിഷ്വൽ കൾച്ചർ വികസിപ്പിച്ചെടുക്കാൻ ലിജോയ്ക്കായി. വാണിജ്യ സാധ്യതകളെ പരമാവധി ഉപയോഗിക്കുമ്പോഴും തന്റെ സിനിമകളെ വേറിട്ട സൃഷ്ടികളാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു.
സാഹിത്യ കൃതികളെ സിനിമയാക്കാൻ, സാഹിത്യകാരൻമാരെ തന്റെ സിനിമകളുടെ ഭാഗമാക്കാൻ ലിജോയ്ക്കുള്ള താൽപര്യമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.
ലിജോയുടെ കരിയറില്‍ വൻ വഴിത്തിരിവുകളുണ്ടാക്കിയ ജെല്ലിക്കെട്ടും ചുരുളിയും ഒരു പരിധി വരെ ഈ.മ.യൗവുമൊക്കെ സാഹിത്യരചനകളുടെ ചലച്ചിത്രഭാഷ്യങ്ങളാണ്. പി.എസ്.റഫീഖ്, പി.എഫ് മാത്യൂസ്, എസ്.ഹരീഷ്, വിനോയ് തോമസ് തുടങ്ങി ശ്രദ്ധേയരായ സാഹിത്യകാരൻമാർ ലിജോയ്ക്കൊപ്പം ചേർന്നപ്പോൾ പ്രേക്ഷകർ എന്നെന്നും ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി മികച്ച സിനിമകളാണ് മലയാളത്തിന് ലഭിച്ചത്.
നല്ല വായനക്കാരനാണ് ലിജോ. ഏറ്റവും പുതിയ സാഹിത്യത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും കൃത്യമായ ധാരണയുമുണ്ട്. തന്റെ ചലച്ചിത്ര രീതികളുമായി ചേർന്നു പോകുന്ന രചനകളെ കണ്ടെത്താനും അവയെ ദൃശ്യവൽക്കരിക്കാനും ലിജോയെ സഹായിക്കുന്നത് ഈ പുതുക്കലാണ്.

മലയാളത്തിന്റെ പ്രിയകഥാകൃത്തായ പി.എസ് റഫീഖാണ് ലിജോ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘നായക’ ന്റെ തിരക്കഥയൊരുക്കിയത്. ‘നായകൻ’ വേണ്ടത്ര വിജയമായില്ലെങ്കിലും ഇരുവരും അതിനു ശേഷം ഒന്നിച്ച ‘ആമേൻ’ മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നായി. ഒരു ചെറുകഥയുടെ സൗന്ദര്യം പേറുന്ന ‘ആമേൻ’ നവ്യമായ ഒരു ആഖ്യാന ചാരുതയാണ് മലയാളത്തിന് സമ്മാനിച്ചത്.
പി.എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ‘ഈ.മ.യൗ’ ഒരു സാഹിത്യ കൃതിയുടെ സിനിമാ ഭാഷ്യമെന്നു പറയാനാകില്ലെങ്കിലും പി.എഫിന്റെ ‘ചാവുനിലം’ എന്ന പ്രശസ്ത നോവലിന്റെ പ്രമേയപശ്ചാത്തലത്തിലാണ് സിനിമയും വികസിക്കുന്നത്. ചാവുനിലം വായിച്ച ശേഷമാണ് അങ്ങനെയൊരു സിനിമയ്ക്കു വേണ്ടി ലിജോ മാത്യൂസിനെ സമീപിച്ചത്. ഇരുവരും അതിനു മുമ്പ് ‘ആന്റി ക്രൈസ്റ്റ്’ എന്ന ഒരു ചിത്രത്തിനായി ഒന്നിച്ചിരുന്നു. തിരക്കഥ പൂർത്തിയായെങ്കിലും ഷൂട്ടിങ്ങിന് തൊട്ടു മുമ്പ് ആ പ്രൊജക്ട് മുടങ്ങി. ആന്റി ക്രൈസ്റ്റിന്റെ തിരക്കഥയിൽ നിന്ന് പി.എഫ് പിന്നീട് ‘ഇരുട്ടിൽ ഒരു പുണ്യാളൻ’ എന്ന നോവൽ ഒരുക്കി. ആ നോവലിന്റെ തുടർച്ചയായി പി.എഫ് ‘അടിയാളപ്രേതം’ എന്ന മറ്റൊരു നോവലും എഴുതി. ‘അടിയാളപ്രേതം’ കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടി.

എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയാണ് ലിജോ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയാക്കിയത്. തിരക്കഥയും ഹരീഷിന്റെതായിരുന്നു. ആർ.ജയകുമാറും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ചുരുളിയുടെ തിരക്കഥയിലും ഹരീഷ് പങ്കാളിയായി. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ ഹരീഷിന്റെ തിരക്കഥയാണ്. ലിജോയുടെതാണ് കഥ.
മലയാള മനോരമ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ ‘കളിഗമിനാറിലെ കുറ്റവാളികൾ’ എന്ന ശ്രദ്ധേയ കഥയാണ് ‘ചുരുളി’യായത്. വിനോയ്ക്കൊപ്പം എസ്.ഹരീഷും ചേർന്നാണ് തിരക്കഥയൊരുക്കിയത്. വിനോയ് തോമസിന്റെ ‘മുള്ളരഞ്ഞാണം’ എന്ന പുസ്തകത്തിൽ ഈ കഥയുണ്ട്.

ഏതു കഥയും അതേപോലെ തിരക്കഥയാക്കി സിനിമയുണ്ടാക്കുകയല്ല ലിജോയുടെ ശൈലി. കഥയുടെ ആത്മാവിനെ സ്വീകരിച്ച് അതിൽ നിന്നു പുതിയൊരു ആഖ്യാനം പരുവപ്പെടുത്തുകയാണ് അദ്ദേഹം. തന്റെ സിനിമ എങ്ങനെയായിരിക്കണം എന്ന ആഴത്തിലുള്ള ധാരണ ലിജോയുടെ കരുത്താണ്. അതിനനുസൃതമായി തിരക്കഥയെ പണിതെടുക്കുന്നു. ദൃശ്യസാധ്യതകൾക്ക് പ്രാധാന്യം നൽകിയുള്ള, മുറുക്കമുള്ള അവതരണ രീതിയാണ് ലിജോയുടെ മറ്റൊരു പ്രത്യേകത. വന്യമായ പശ്ചാത്തലങ്ങളും സാധാരണ മനുഷ്യരിലെ അസാധാരണത്വവും ലിജോയുടെ സിനിമകളെ വേറിട്ടതാക്കുന്നു.

മലയാളത്തിൽ മറ്റു പല സംവിധായകരും മാവോയിസ്റ്റും കളിഗമിനാറിലെ കുറ്റവാളികളുമൊക്കെ സിനിമയാക്കാൻ മടിക്കും. ഏറ്റവും പുതിയ സാഹിത്യത്തിനുള്ളിലെ സിനിമയെ വേറിട്ടു കാണാനുള്ള ശേഷിയിൽ നിന്നേ അത്തരം ചിന്തകൾ പരുവപ്പെടുകയുള്ളൂ. ആ ശേഷിയാണ് ലിജോയുടെ പ്രതിഭ. ഒരു പോത്തിനു പിന്നാലെയുള്ള പാച്ചിലും ഒരു മരണവീട്ടിലെ നോവിപ്പിക്കുന്ന തമാശകളും കുറ്റവാളിയെ തേടി വിചിത്രമനുഷ്യർ പാർക്കുന്ന കാടിനുള്ളിലെ ഗ്രാമത്തിലേക്കുള്ള യാത്രയും സിനിമയാക്കി ചിന്തിക്കുകയെന്നത് അത്ര എളുപ്പമല്ലല്ലോ. മേൽപ്പറഞ്ഞ കഥകൾ വായിക്കുകയും അവയെ അവലംബിച്ചുണ്ടായ സിനിമകള്‍ കാണുകയും ചെയ്തവർക്കറിയാം കഥയിൽ നിന്നു സിനിമയിലേക്കുള്ള ദൂരം. കഥകൾ സിനിമയാക്കുമ്പോൾ അവയെ എങ്ങനെ മൗലികമാക്കാം എന്നതും ലിജോയുടെ സൃഷ്ടികൾ കാട്ടിത്തരുന്നു. ചുരുക്കത്തിൽ ‘തെറി’ മാത്രമല്ല ലിജോയുടെ സിനിമകൾ... ‘സാഹിത്യ’വുമാണ്.