എറണാകുളം കണ്ടനാട്ടെ വീട്ടിൽ ധ്യാനെ കാണാൻ ചെന്നപ്പോൾ കുടുംബവും ഒപ്പമുണ്ടായിരുന്നു. ധ്യാനും അർപിതയും ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ മകൾ സൂസന്റെ മൂഡോഫ് മാറ്റാനുള്ള ശ്രമത്തിലാണ്. ചേട്ടൻ വിനീതിന്റെ മക്കളാണ് സൂസന്റെ ബെസ്റ്റ് ബഡ്ഡീസ്. അവരെ കാണാത്ത സങ്കടമാണ് കക്ഷിക്ക്.
‘അവർ കുട്ടികൾ തമ്മിൽ സംസാരിക്കുന്നതു കേട്ടാൽ ആരും അമ്പരന്നു പോകും. അത്ര ഭീകര ചർച്ചയാണ്. റിട്ടയർ ചെയ്ത ആളുകൾ സംസാരിക്കും പോലെ കട്ടഗൗരവത്തിലാണ് ഡിസ്കഷൻ. സംഗതി ചെറിയ കാര്യമായിരിക്കും. പക്ഷേ, പ്രസന്റേഷൻ ഒരു രക്ഷയുമില്ല.’ അർപിത ചിരിയോടെ പറയുന്നു. 11 വർഷത്തെ പ്രണയത്തിലൂടെയാണ് ധ്യാനും അർപിതയും വിവാഹിതരാകുന്നത്. എന്താണു ധ്യാൻ ശ്രീനിവാസനിൽ ഇഷ്ടമായ കാര്യം എന്നു പറഞ്ഞു തുടങ്ങുമ്പോഴെ ധ്യാൻ ചോദ്യം കയ്യിലെടുത്തു.
‘ചോദിക്ക്, ചോദിക്ക്, എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തിൽ ചാടിയെന്ന് ?’ ധ്യാൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചു. ഉടൻ വന്നു അർപ്പിതയുടെ മറുപടി.
‘‘ദേ ഈ സത്യസന്ധതയില്ലേ, അതുതന്നെ കാരണം.’’

പഞ്ച് മറുപടികളുടെയും രസകരമായ കഥാവിവരണങ്ങളുടെയും ഉസ്താദായ ധ്യാൻ പോലും ഞെട്ടി. എന്നിട്ട്, ഹെന്റെ, ശിവനേ, എന്നെക്കുറിച്ച് തന്നെയൊ എന്ന മട്ടിലൊരു ചിരിയും നോട്ടവും. പക്ഷേ, അർപിത കാര്യമായി തന്നെ പറഞ്ഞതാണ്. അതു മനസ്സിലായപ്പോൾ ലേശം സംശയത്തോടെയാണെങ്കിലും ധ്യാൻ അത് വിശ്വസിച്ചെന്ന മട്ടിൽ തലയാട്ടി.
കൂടുതൽ വിശേഷങ്ങൾ ഈ ലക്കം വനിതയിലെ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖം വായിക്കാം.