ലഹരിയിൽ മുങ്ങി ജീവിതം കൈവിട്ടുപോയ ഭൂതകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ.
സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുന്ന പോലെയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും മകളുടെ ജനനത്തിന് ശേഷമാണ് ലഹരി ഉപയോഗം കുറച്ചുവെന്നും ‘മനോരമ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ധ്യാൻ വെളിപ്പെടുത്തി.
‘ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ.
ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടിൽ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. 2013ന് ശേഷം മദ്യപാനം കുറച്ചു തുടങ്ങി. പിന്നീട് ഓർഗാനിക്കിലേക്ക് കടക്കുന്നു.
2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു സിന്തറ്റിക്. മദ്യവും സിന്തറ്റിക്കും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മൾ എന്താണ് പറയുന്നതുപോലും അറിയാൻ പറ്റില്ല, നമ്മളെന്തോ സംഭവമാണെന്ന് അത് ഉപയോഗിക്കുമ്പോൾ വിചാരിക്കും. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. അവസാനം ഞാൻ കരഞ്ഞത് വരെ ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കി കളയും. 2019 തൊട്ട് 21 വരെ ഞാൻ ഉപയോഗിച്ചു. എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു.
കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതെ ഇരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന ചവറ് സിനിമകൾ നിർത്തുമായിരിക്കും, നല്ല സിനിമകൾ ചെയ്യുമായിരിക്കും. ചിലപ്പോൾ ഈ ഇൻഡസ്ട്രി തന്നെ വിട്ട് വേറെ ജോലിക്കു പോകുമായിരിക്കും.
ഒരു പാരലൽ ഇൻഡസ്ട്രിയാണെന്ന് ഞാൻ തന്നെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇത്രയും പരാജയമുണ്ടായ ഒരു നടന്‍. ചരിത്രത്തിൽപോലും അങ്ങനെയൊരാൾക്ക് ഇത്രയും സിനിമകൾ കിട്ടിയിട്ടുണ്ടാകില്ല. എന്റെ ലൈനപ്പില്‍ പതിനഞ്ച് സിനിമകൾ ചെയ്യാനുണ്ട്’.– ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.