കലാഭവൻ മണിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മലയാളി പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന വലിയ വിജയമാണ്. അന്ധഗായകനായുള്ള കലാഭവൻ മണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ, സിനിമയുടെ ബജറ്റും ബോക്സ്ഓഫിസ് കണക്കും പുറത്തുവിട്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. 40 ലക്ഷം രൂപ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് നിർമാതാവിന്റെ ഷെയർ മാത്രമായി മൂന്നു കോടി എൺപത് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്ന് വിനയൻ. മുടക്കു മുതലിന്റെ പത്തിരട്ടി കലക്‌ഷൻ നേടിയ ചിത്രം വേറെയില്ല എന്ന നിർമാതാവ് മഹാ സുബൈറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിനയന്റെ കുറിപ്പ്.
‘നിർമ്മാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ഇന്നത്തെ നിലയിൽ നാലു കോടിയിൽ പരം രൂപ.
മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി (നിർമ്മാതാവിന്റെ മാത്രം ഷെയറാണ്. തീയറ്റർ വിഹിതവും വിനോദ നികുതിയും ഉൾപ്പടെ ഇന്നു പറയുന്ന മൊത്തം കളക്ഷന് കിട്ടാൻ അതിന്റെ രണ്ട് ഇരട്ടി കൂടി കൂട്ടണം) ഇത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു.
1999 ൽ കാക്കനാട്ടുള്ള ഹിൽവ്യൂ ഹോട്ടലിൽ വച്ച് ആദ്യമായി എനിക്ക് അഡ്വാൻസ് തന്നത് ശ്രീ സുബൈർ ആയിരുന്നു. അതിന് ശേഷമാണ് ശ്രീ വിന്ധ്യനും, സർഗ്ഗം കബീറും, ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിർമ്മാണച്ചുമതലയിലേക്ക് വന്നത്. കലാഭവൻമണിയെ ആദ്യമായി നാകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്. ആകാശ ഗംഗയും, കല്യാണ സൌഗന്ധികവും, ഇൻഡിപ്പെൻഡൻസും പോലുള്ള എന്റെ കൊച്ചു സിനിമകൾ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകൾ തീർത്തു. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവൻ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാർഡ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ലല്ലോ ? വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മുതൽ ഇപ്പോൾ തീയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന തുടരും വരെയുള്ള സിനിമകൾ നോക്കുമ്പോൾ ശതകോടികൾ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സിൽ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ല.
ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും ഏതു ദുഖത്തിലും സ്നേഹത്തോടെ ചേർത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും ആത്മാർത്ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ ?’.– വിനയൻ കുറിച്ചു.