നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. നായകനും ഉണ്ണി മുകുന്ദനാണ്. ഒപ്പം ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിരയും അണിനിരക്കും. കോ പ്രൊഡ്യൂസർസ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.
‘എന്നിലെ കുട്ടി ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് വളർന്നത്. ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ഞാനെന്നും ആകർഷിക്കപ്പെട്ടിരുന്നു. എന്റെ നായകന്മാരെ ഞാൻ പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ആക്‌ഷൻ കഥാപാത്രങ്ങളിലും മാത്രമല്ല കണ്ടത് മറിച്ച് എന്റെ സ്വപ്നങ്ങളിൽ കൂടി കണ്ടെത്തിയിരുന്നു. സൂപ്പർഹീറോകളുടെ കാലഘട്ടത്തിലാണ് ഞാൻ വളർന്നത്, പലപ്പോഴും എന്റെ പല ഹീറോകളെയും വെറും സങ്കല്പമെന്നും പുരാണങ്ങളെന്നും പറഞ്ഞു തള്ളിക്കളയപ്പെട്ടു. ഞാൻ ഒടുവിൽ പൂർണ്ണമായും പകൽ കിനാവിൽ അഭയം പ്രാപിച്ചു. സൂപ്പർ ഹീറോകൾ എന്റെ ഓരോ ചലനത്തിലും പ്രതീക്ഷയായി മാറി. അവർ എന്നെത്തന്നെ ഒരു ഹീറോയാക്കി മാറ്റി. അവരുടെ വീരകൃത്യം എന്റെ സ്വപ്നങ്ങളിൽ പ്രതിഫലിച്ചു. ആ കുട്ടി ഒരിക്കലും വളർന്നിട്ടില്ല. അവൻ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു.
ഇന്ന് അവൻ നിശബ്ദമായി അഭിമാനകരമായ ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്, വർഷങ്ങളായി അവന്റെ ഹൃദയത്തിൽ പേറുന്ന ഒരു കഥ പറയാൻ പോവുകയാണ്. അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്. ഒരു സൂപ്പർഹീറോയുടെ കഥ. അത് എന്റെ മാത്രം സ്വന്തമായ കഥയാണ്.
സ്നേഹത്തോടെയും അത്ഭുതത്തോടെയും ഞാൻ കണ്ട സ്വപ്നം, ആകാശത്തേക്ക് നോക്കാനും സ്വപ്നത്തിന് പരിധിയല്ലെന്ന് വിശ്വസിക്കാനും എന്നെ പ്രേരിപ്പിച്ച എന്റെ സ്വപ്നത്തിന് രൂപം വയ്ക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സർ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ: വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണേട്ടൻ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രീപ്രൊഡക്‌ഷൻ നടക്കുകയാണ്. അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും. ഞാൻ എല്ലാം നിങ്ങളെ അറിയിക്കുന്നതുവരെ കാത്തിരിക്കൂ,
എന്റെ തെലുങ്ക് കമ്മിറ്റ്മെന്‍റ് പൂർത്തിയാക്കി ഈ സിനിമയുടെ ജോലികൾ ഉടനെ തന്നെ ആരംഭിക്കും. മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലും പുറത്തിറങ്ങും. നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തുക. സ്വപ്നം കാണാൻ മറക്കരുത്’– ഉണ്ണി മുകുന്ദസ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മെഗാ ബജറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു.