Friday 01 January 2021 11:43 AM IST

‘ആദ്യം എന്റെ കൊച്ചിന്റെ കാര്യം, എന്നിട്ട് വണ്ണം കുറയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചോളാം’! തടിയുടെ പേരിൽ ആവലാതിപ്പെടുന്നവരോട് പാർവതിക്ക് പറയാനുള്ളത്

V.G. Nakul

Sub- Editor

pk1

‘‘എന്റെ വണ്ണം കൂടിയതില്‍ എനിക്കോ എന്റെ ഭർത്താവിനോ വീട്ടുകാർക്കോ ഇല്ലാത്ത സങ്കടവും ആവലാതിയും മറ്റുള്ളവർക്കെന്തിന്...’’? ചോദിക്കുന്നത് മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമായ പാർവതി കൃഷ്ണയാണ്. ഗർഭകാലത്ത് ശരീരഭാരം കൂടിയതിന്റെ പേരിൽ താൻ നേരിട്ട പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയായി പാർവതി ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയതിങ്ങനെ.

നടി, മോഡല്‍, അവതാരക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയാണ് പാര്‍വതി കൃഷ്ണ. അടുത്തിടെയാണ് പാർവതിക്കും നല്ലപാതി ബാലഗോപാലിനും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്.

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് പാർവതി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. താരം പങ്കുവെച്ച ചിത്രങ്ങളും വിഡിയോസും ആരാധകര്‍ ഏറ്റെടുത്തു. നിറവയറോടെയുള്ള പാര്‍വതിയുടെ ഡാന്‍സ് വിഡിയോയും തരംഗമായിരുന്നു. അതിനിടെയാണ് ചിലർ പാർവതിക്കെതിരെ ബോഡി ഷെയ്മിങ്ങുമായി എത്തിയത്. പ്രസവ ശേഷം ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ താരം ഇതിനൊക്കെ തകർപ്പൻ മറുപടി നൽകിയതോടെ സംഗതി ചർച്ചയായി.

‘‘എന്നെ ആരും ഇത്രയും വണ്ണം കൂടി കണ്ടിട്ടേയില്ല. അതുകൊണ്ടു തന്നെ ആദ്യമൊക്കെ ഗർഭകാല ചിത്രങ്ങളും വിഡിയോസും പങ്കുവച്ചപ്പോൾ ‘ആഹാ...ആളാകെ മാറിപ്പോയല്ലോ...’ എന്നൊക്കെ കൗതുകത്തോടെയാണ് പലരും പ്രതികരിച്ചത്. പക്ഷേ, പതിയെപ്പതിയെ ചില ചേച്ചിമാരും ചേട്ടൻമാരുമൊക്കെ നെഗറ്റീവായി കമന്റുകളിടാൻ തുടങ്ങി’’.– പാർവതി പറയുന്നു.

pk2

നല്ല തമാശ

ഗർഭിണിയാണെന്ന വിവരവും അതിന്റെ വിശേഷങ്ങളുമൊക്കെ ഞാൻ ഒമ്പതാം മാസം മുതലാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തുടങ്ങിയത്. ആ സമയത്താണ് വിഡിയോസൊക്കെ കണ്ട് കുറേപ്പേർ തടി വയ്ക്കുന്നതിനെക്കുറിച്ച് ആശങ്കകളറിയിക്കാൻ തുടങ്ങിയത്. ഞാനത് തമാശയായാണ് എടുത്തത്. ‘ലോക്ക് ഡൗൺ ഒക്കെയല്ലേ...ഇത്തിരി കൂടുതൽ ഫൂഡ് ഒക്കെക്കഴിക്കാമെന്നു വിചാരിച്ചു’ എന്നൊക്കെയാണ് മറുപടി പറഞ്ഞതും.

അവർക്കെങ്കിലും മനസ്സിലാകണ്ടേ

ഡെലിവറി കഴിഞ്ഞും ചിലരുടെ ആശങ്ക മാറിയില്ല. ‘ഭയങ്കര തടി വച്ചല്ലോ...ഇതെന്താ ഇങ്ങനെ...’ എന്നു കമന്റിട്ട ഒരു ചേച്ചിയുടെ പ്രൊഫൈലിൽ കയറി ഞാൻ നോക്കിയപ്പോൾ അവർക്ക് 4 മക്കളാണ്. കുറഞ്ഞ പക്ഷം ഗർഭകാലത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് അവർക്കെങ്കിലും മനസ്സിലാകേണ്ടതല്ലേ. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതെന്ന് മനസ്സിലാകുന്നില്ല. ഓരോരുത്തരുടെയും ശരീര പ്രകൃതമാണ്. അത് അങ്ങനെ കണ്ടാൽ മതി.

pk3

വളരെയധികം വേദനിപ്പിക്കും

ബോഡി ഷെയ്മിങ് കാരണം ഡിപ്രഷനുണ്ടായ ഒരുപാടു പേരെ എനിക്കറിയാം. അത്തരമനുഭവങ്ങളുള്ള കുറേപ്പേർ എനിക്ക് മെസേജ് അയച്ചിരുന്നു. ചിലരെ വീട്ടിലെ ഡോർ വലുതാക്കണം എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നത്രേ...പലരെയും അതു വളരെയധികം വേദനിപ്പിക്കും. അതോടെയാണ് പ്രസവശേഷം എല്ലാത്തിനും ഒരു ക്ലാരിറ്റി വേണം എന്നു കരുതി ഞാൻ ഇൻസ്റ്റഗ്രാമിലെ ക്വസ്റ്റ്യൻ ആൻസർ സെഷൻ ചെയ്തത്.

ഞാൻ ഹാപ്പിയാണ്

ഞാൻ വണ്ണം കൂടിയതിൽ വളരെ ഹാപ്പിയാണ്. ആഗ്രഹിച്ചിരുന്നതാണ്. കുറച്ച് ഫുഡ് ഒക്കെ അടിച്ച് വണ്ണം കൂട്ടണമെന്നൊക്കെ ആഗ്രഹിച്ചിരുന്നതാണ്. ആ എന്നോടാണ് ഈ ‘കരുതൽ മനുഷ്യരുടെ’ ഉപദേശം.... എന്നെയിതൊന്നും ബാധിച്ചിട്ടേയില്ല.

എന്റെ കൊച്ചിന്റെ കാര്യം കഴിഞ്ഞിട്ട് വണ്ണം കുറയ്ക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം...അതിൽ മറ്റാരും സങ്കടപ്പെടേണ്ട. ഈ സൈബർ ചേട്ടൻമാരും ചേച്ചിമാരുമല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്....തൽക്കാലം എന്റെ കുഞ്ഞിന്റെ ആരോഗ്യമുള്ള വളർച്ചയാണ് വലുത്.... പാർവതി നയം വ്യക്തമാക്കുന്നു.

അഭിനയത്തിനൊപ്പം ജോലിയും

ഞാന്‍ പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത് എൻജിനീയറിങ്ങാണ്. ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനിയും നടത്തുന്നുണ്ട്. ‘മാലിക്കാ’ണ് അവസാനം അഭിനയിച്ച ചിത്രം.

മൂന്ന് സീരിയലുകളും ചെയ്തു. ‘മിഞ്ചി’ എന്ന മ്യൂസിക് ആൽബം വലിയ ഹിറ്റായിരുന്നു. അതാണ് കൂടുതൽ ആളുകള്‍ക്ക് എന്നെ പരിചിതയാക്കിയതും.

ഞാൻ ജനിച്ചു വളർന്നത് കോന്നിയിലാണ്. വിവാഹ ശേഷമാണ് തിരുവനന്തപുരത്ത് സെറ്റിൽ ആയത്. ഞാനും ബാലഗോപാലും സുഹൃത്തുക്കളായിരുന്നു. പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. അദ്ദേഹം മ്യൂസിക് ഡയറക്ടറാണ്. ഒപ്പം ബിസിനസ്സും ഉണ്ട്.