പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച സുനിൽ താരങ്ങളുടെ മികച്ച ചിത്രങ്ങൾ പകർത്തി സ്വന്തം മേഖലയിൽ തന്റെതായ ഇടം സ്വന്തമാക്കിയ ആളാണ്.
2007 നവംബർ 1–14 ലക്കത്തിൽ ‘വനിത’യ്ക്കു വേണ്ടി മോഹൻലാലിന്റെ ഫാമിലി കവർ ചിത്രം പകർത്തിയത് സുനിലാണ്. മോഹൻലാൽ ഭാര്യ സുചിത്ര മക്കളായ പ്രണവ്, കല്യാണി എന്നിവരടങ്ങുന്ന ആ കവർ ചിത്രം അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു.

‘സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് ‘പാസഞ്ചർ’ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ’ എന്നാണ് സുനിലിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.