മാർച്ചിൽ തിയറ്ററിൽ റിലീസ് ചെയ്ത 15 സിനിമകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം പരാജയമെന്ന് നിർമാതാക്കളുടെ സംഘടന. നഷ്ടമില്ലാതെ രക്ഷപെട്ടത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ മാത്രം. 175 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആദ്യ അഞ്ചു ദിവസം കൊണ്ടു കേരളത്തിൽ നിന്നു മാത്രം 24 കോടിയിലധികം ഷെയർ നേടി.
അതേസമയം മാർച്ചിൽ തിയറ്ററുകളിലെത്തിയ 15 സിനിമകളുടെ ആകെ മുടക്ക് 194 കോടിയിലധികമാണ്. ഇതിൽ തിയറ്റർ ഷെയർ ആയി തിരികെ ലഭിച്ചത് 25 കോടി 88 ലക്ഷത്തിൽപ്പരം രൂപ മാത്രം. ചെറിയ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രങ്ങൾ പോലും തിയറ്ററുകളിൽ രക്ഷപ്പെടുന്നില്ല.
സിനിമാ വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണെന്ന് നിർമാതാക്കളുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. ഈ കണക്കുകൾ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഷെയറുകൾ മാത്രമാണെന്നും ഈ കണക്കുകൾ ലഭിച്ചത് വിതരണക്കാരിൽ നിന്നും തിയറ്ററുകളിൽ നിന്നുമാണെന്നും നിർമ്മാതാക്കളുടെ സംഘടന പറയുന്നു. ഒടിടി, സാറ്റലൈറ്റ്, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ, ഇന്ത്യക്ക് വെളിയിൽ നിന്നുള്ള കലക്ഷൻ, മറ്റ് ഓഡിയോ വിഡിയോ റൈറ്റ്സുകളിൽ നിന്നും ലഭിക്കുന്ന വരുമാനം ഇവയെല്ലാം അതാത് ചിത്രങ്ങളുടെ നിർമ്മാതാവിന് മാത്രമേ അറിവുള്ളൂ.