സോഷ്യല്‍ മീഡിയയിലൂടെ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തി അറസ്റ്റിലായ ‘ആറാട്ടണ്ണനെ’ന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പിന്തുണച്ചത്തെന്നുവർക്കു മറുപടിയുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
‘ഒരാള്‍ പറയുന്നത് കേട്ടു ‘എന്തോന്നടെ ഇത്, ഇത്ര വലിയ കേസാണോ ഇതൊക്കെ, ഇയാള്‍ക്കെതിരെ പരാതി കൊടുക്കാനും അയാളെ അകത്താക്കാനും ഒക്കെ ഇത്രയും താല്പര്യം കാണിച്ച ഈ മലയാള സിനിമയിലെ സ്ത്രീകള്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോള്‍, അന്ന് കരഞ്ഞ് ചാനലില്‍ സംസാരിച്ച പെണ്ണിനു വേണ്ടി ഇവരാരും ഒപ്പം നിന്നില്ലല്ലോ ? അല്ലെങ്കില്‍ അവർക്കു വേണ്ടി പൊലീസില്‍ പരാതി കൊടുക്കാൻ തയാറായില്ലല്ലോ?’ എന്നൊക്കെ.
അദ്ദേഹത്തിനോട് എനിക്ക് പറയാനുള്ളത്, തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് പറഞ്ഞ ആ പെണ്‍കുട്ടിയോടൊപ്പം ഞങ്ങള്‍ നിന്നില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. ഞങ്ങള്‍ 24 മണിക്കൂറും വിഡിയോയോ ഫെയ്സ്ബുക് പോസ്റ്റോ ഇടുന്നവരല്ല. അങ്ങനെ ഇടണം എന്ന് വലിയ നിർബന്ധവും ഇല്ല. ഞങ്ങള്‍ക്ക് അങ്ങനെ ഇടാൻ താല്പര്യവുമില്ല. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളുമൊക്കെ എപ്പോഴും സമൂഹത്തെ ഇങ്ങനെ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം എന്ന നിയമം വല്ലതുമുണ്ടോ. അതോ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഞങ്ങള്‍ പ്രതികരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ പറയാത്ത കാര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികരിക്കാന്‍ പാടില്ല എന്നാണോ ?
‘ഇത്രയൊക്കെ പറയാന്‍ എന്തിരിക്കുന്നു. അയാള്‍ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഇതില്‍ രോഷ പ്രകടിപ്പിക്കേണ്ട ആവശ്യം എന്താണ്. സുപ്രീം കോടതി അതൊരു തൊഴില്‍ തന്നെ ആക്കാം എന്ന് അംഗീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ അതിന് ഇത്ര രോഷം കൊള്ളേണ്ട കാര്യം എന്താണ്’ എന്നൊക്കെ മറ്റൊരാള്‍ പറയുന്നത് കേട്ടു. ലൈംഗിക തൊഴിലാളികള്‍ എന്ന അംഗീകാരം അവർക്ക് സുപ്രീംകോടതി നല്‍കിയാല്‍ ഇനി ഈ രാജ്യത്തെ എല്ലാവരും ലൈംഗിക തൊഴില്‍ ചെയ്യാം എന്നാണോ അർഥം.
അതിന് താല്പര്യമുള്ളവർ ആ വഴിക്ക് പൊക്കോട്ടെ. അതുപോലെ അതിന് ഇഷ്ടമില്ലാത്ത ആളുകളും ഇവിടെ ഉണ്ടാകില്ലേ. അതിനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും. നിങ്ങള്‍ക്ക് ഒരാളെ അത്തരത്തില്‍ പരാമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെങ്കില്‍ അങ്ങനെ പറയരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടല്ലോ.
സുപ്രീംകോടതി അംഗീകരിച്ച ഒരു തൊഴിലാണ് അതെന്ന് താങ്കള്‍ പറയുന്നു. ഹൈക്കോടതി ഇന്ന് ആ വാക്ക് പരാമർശിച്ചതിനാണ് അയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിങ്ങള്‍ പറയുന്നത് പോലെ ഹൈക്കോടതിക്കും പറഞ്ഞുകൂടായിരുന്നോ ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ നിലപാട് ഇതാണെന്ന്. അതുകൊണ്ട് ആ വാക്കിൽ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞോ? എടോ എനിക്ക് ഇഷ്ടമില്ലാത്തതും എനിക്ക് ഹിതമല്ലാത്തതും എന്നെ പറയുമ്പോള്‍ എനിക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട് ഇവിടെ. അതിനുള്ള നിയമമുണ്ട്.
നിങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൊക്കെ ഇങ്ങനെ ഇരുന്ന് തോന്നിയ അഭിപ്രായം പറയുകയാണ്. നിങ്ങള്‍ പറയുന്നതുപോലെ ഞങ്ങള്‍ ഇവിടെ ജീവിച്ചുകൊള്ളണം. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങള്‍ മറുപടി പറയണം എന്നുവച്ചാല്‍ ബുദ്ധിമുട്ടാണ്, വളരെ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് അതിന് സൗകര്യമില്ല. ഇനി ഇതിന്റെ താഴെ വന്ന് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷേ പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രതികരിച്ചിരിക്കും.
നിങ്ങളുടെ ആരുടെയും ചെലവിലല്ല ഞങ്ങളാരും ജീവിക്കുന്നത്. ഞങ്ങളെല്ലാം ജോലി ചെയ്ത് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ക്കും ഇവിടെ അവകാശങ്ങളുണ്ട്, ഇവിടെ അഭിപ്രായങ്ങളുണ്ട്. അത് ഞങ്ങള്‍ പറഞ്ഞിരിക്കും. അത് മസ്സിലാക്കിയാല്‍ നന്ന്’.– ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഈ വിഡിയോയ്ക്കു താഴെയും ചിലർ അവഹേളന കമന്റുകളുമായി എത്തി. ‘നിന്റെ പൂർവകാലവും നിന്റെ കയ്യലിരുപ്പും നീ മറന്നു പോകുന്നു’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അതിനു, ‘എന്താടോ എന്റെ പൂര്‍വ കാലം ? താന്‍ ഉണ്ടായിരുന്നോ എന്റെ കൂടെ ? തന്റെ വീട്ടീന്ന് വല്ലോം കൊണ്ടു പോയോ ഞാൻ. ഹോ ഒരു ന്യായീകരണ തൊഴിലാളി വന്നിരിക്കുന്നു’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.