ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിനു അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാനെ പിന്തുണച്ച താരങ്ങൾക്കെതിരെ കടുത്ത സൈബർ ആക്രണമണം.
വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പം ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്, ‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും’ കുറിച്ചതിനു താഴെ നസ്‌ലിൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ താരങ്ങൾ പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു. വിഷ്ണു രഘു, ഷിൻസ് ഷാൻ, റാപ്പർ ഡാബ്സി, സർജാനോ ഖാലിദ് ശീതൾ ജോസഫ് തുടങ്ങിയ താരങ്ങളും റഹ്മാന് പിന്തുണ അറിയിച്ചു.
എന്നാൽ റഹ്മാനെ പിന്തുണച്ചു രംഗത്തെത്തിയ താരങ്ങൾക്കെതിരെ ചോദ്യങ്ങളുമായി നിരവധി ആളുകൾ എത്തി. യുവനിരയിൽ ശ്രദ്ധേയരായ താരങ്ങൾ കഞ്ചാവ് ഉപയോഗത്തെ സാധാരണമെന്നു കരുതി പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുന്നതാണെന്നാണ് പ്രതികരണങ്ങൾ നിറയുന്നത്. റഹ്മാൻ അറസ്റ്റിലായത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അല്ലെന്നും കഞ്ചാവ് കൈവശം വച്ചതിനാണെന്നും ചിലർ കുറിച്ചു. വിമർശനം കടുത്തതോടെ ചിത്രത്തിലെ കമന്റു ബോക്സ് ജിംഷി നീക്കം ചെയ്തു.