Friday 09 February 2018 04:02 PM IST

അച്ഛനെ സ്നേഹിക്കുന്ന മകൾ

Dr. C.P.Somanath

father_daughter_moments

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

എന്റെ മോൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ ഡിവോഴ്സ് വാങ്ങി മറ്റൊരാളെ വിവാഹം കഴിച്ച് പോവുന്നത്. അതിനുശേഷം മോളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. ഇപ്പോൾ 11 വയസ്സായ മോളുടെ വിചിത്രമായ പെരുമാറ്റമാണ് എന്നെ വേദനിപ്പിക്കുന്നത്. നിർബന്ധിച്ച് ഭക്ഷണം വിളമ്പിത്തരുക, ഞാൻ കഴിച്ച പാത്രം കഴുകി വെക്കുക എന്നുതുടങ്ങി പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഒരു ഭാര്യയുടേതിന് സമാനമായ രീതിയിലാണ് അവളെന്നോട് പെരുമാറുന്നത്. ഇതുമാറാൻ എന്താണ് ചെയ്യേണ്ടത്?

ഒാർമ്മവെച്ച നാൾ തൊട്ട് അമ്മയുടെ വാൽസല്യം അറിയാതെ അച്ഛന്റെ സ്നേഹം മാത്രം അനുഭവിച്ചു വളർന്ന കുട്ടി, ഏതോ ഒരു ഘട്ടത്തിൽ അവളുടെ ഉപബോധ മനസ്സിൽ അച്ഛൻ–മകൾ എന്ന ബന്ധത്തിനപ്പുറം മറ്റെന്തോ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. അച്ഛനെ അങ്ങനെ കാണാതെ അതിനുമപ്പുറം മറ്റെന്തോ ആയി കാണാൻ ശ്രമിക്കുന്നു. സ്ത്രീ പുരുഷനെ കാണുന്ന രീതിയിലോ ഭാര്യ ഭർത്താവിനെ കാണുന്ന രീതിയിലോ കുട്ടിയുടെ കൊച്ചുമനസ്സ് അച്ഛനെ കാണുന്നു. ഇതൊരിക്കലും ബോധപൂർവ്വം സംഭവിക്കുന്നതല്ല.

കുട്ടിക്ക് അമ്മയോടുള്ള നെഗറ്റീവ് ചിന്തകളായിരിക്കാം ഒരു കാരണം. അതുപോലെതന്നെ ജീവിതത്തിൽ അച്ഛൻ ഒറ്റപ്പെട്ടുപോയി എന്ന തോന്നലുമാവാം. അമ്മയുടെ അഭാവം ഇല്ലാതെയാക്കാൻ കുട്ടി നടത്തുന്ന ശ്രമങ്ങളാണ് ഇവയെല്ലാം. കുട്ടിയിൽ ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്ന തെറ്റായ കാഴ്ചപ്പാട് മാറ്റി അച്ഛനും മകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിലേക്ക് വഴിതിരിച്ചു വിടുകയാണ് വേണ്ടത്. അതിന് വിശദമായ കൗൺസിലിങ് ആവശ്യമാണ്. കുട്ടിക്ക് തുറന്നു സംസാരിക്കാനുള്ള അവസരം കൊടുക്കണം.