ADVERTISEMENT

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

ഞാനും എന്റെ മോനും കുറേകാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. ഇപ്പോൾ ചില കുടുംബപ്രശ്നങ്ങൾ കാരണം നാട്ടിലെത്തിയ ഞാൻ മകനെ ഇവിടുത്തെ സ്കൂളിൽ ചേർത്തു. തുടക്കം തൊട്ട് വിദേശത്ത് പഠിച്ചുവളർന്ന അവന് ഇവിടുത്തെ സ്കൂളുമായി ഒട്ടും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. എട്ടിൽ പഠിക്കുന്ന അവന് എല്ലാ കാര്യത്തിലും പരാതിയാണ്. പഠനത്തിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല.

ADVERTISEMENT

ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. മറ്റൊരു സംസ്കാരത്തിലും സാഹചര്യത്തിലും പഠിച്ചുവളരുന്ന ഒരു കുട്ടി. അവിടുത്തെ സ്കൂളിലെ സാഹചര്യം, കൂടെ പഠിക്കുന്ന കുട്ടികളുടെ പ്രത്യേകത, വസ്ത്രധാരണ രീതികൾ, ഭാഷാരീതികൾ, സ്കൂളിന്റെ ആമ്പിയൻസ്, അധ്യാപകരുടെ ഇടപെടലുകൾ, പഠിക്കുന്ന ശൈലി, പഠന സമ്പ്രദായം, അക്കാദമിക് ലോഡ് എന്നിങ്ങനെ എല്ലാകാര്യത്തിലും വ്യത്യസ്തതരം അനുഭവമാണ് കുട്ടിക്ക് കിട്ടിക്കൊണ്ടിരുന്നത്.

ഇത്തരത്തിൽ ആധുനിക സൗകര്യങ്ങൾ ശീലമാക്കിയ കുട്ടിക്ക് നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇവിടുത്തെ സംസ്കാരം, സൗകര്യങ്ങൾ, ആശയവിനിമയത്തിന്റെ രീതി, കാഴ്ചപ്പാട്, പഠനരീതി എല്ലാം വ്യത്യസ്തമായിരിക്കും. പതിമൂന്നു വയസ്സുകാരന് ഇതെല്ലാം പെട്ടെന്ന് ഉൾക്കൊള്ളാനുള്ള മനസ്സുണ്ടായില്ലെങ്കിൽ താരതമ്യ പഠനവും ഇത്തരം പരാതികളും തുടങ്ങും. ഒരുപക്ഷെ വെറും സാഹചര്യങ്ങൾ മാറിയത് കൊണ്ടു മാത്രമാവില്ല കുട്ടിയുടെ ഇൗ മാറ്റം. കുട്ടിക്ക് അറ്റൻഷൻ ഡെഫിസിറ്റി ഡിസോർഡറോ ഏകാഗ്രത കുറവുള്ള അവസ്ഥകളോ ഉണ്ടോന്നു കൂടി നമ്മൾ ചെക്ക് ചെയ്യേണ്ടതാണ്.

ADVERTISEMENT

കാരണം ഇത്തരം പ്രശ്നം കൂടുതലും കണ്ടുവരുന്നത് വലിയ ക്ലാസ്സുകളിൽ എത്തുമ്പോഴാണ്. ചെറിയ ക്ലാസ്സുകളിൽ കുറച്ചുമാത്രം പഠിക്കേണ്ടിയിരുന്ന സമയത്തു ഈ ഏകാഗ്രതക്കുറവ് അത്ര വലിയ ബുദ്ധിമുട്ടായി തോന്നാറില്ല. ഈ പ്രശ്നം വരുന്നത് ഹൈസ്കൂൾ ലെവലിൽ എത്തുമ്പോഴാണ്. പഠനത്തിൽ കേന്ദ്രീകരിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കും ഇങ്ങനെയുള്ള പരാതികൾ പറയുന്നത്. അതുപോലെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും കുട്ടിയെ സ്വാധീനിച്ചു എന്നുവരാം. പ്രശ്ന കാരണങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കി വേണം പരിഹാരം കാണാൻ. കുട്ടിയെ നല്ലൊരു തെറാപ്പിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത്.

ADVERTISEMENT
ADVERTISEMENT