"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...
ഇടതുകൈ വശമുള്ള കുട്ടികൾ പഠനത്തിൽ പുറകിലാകും എന്ന് പറഞ്ഞുകേൾക്കുന്നു. ഇങ്ങനെ പറയുന്നതിൽ എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനം ഉണ്ടോ?
ഇടതുകൈ വശമുള്ള ആളുകൾ ലോക ജനസംഖ്യയിൽ ഏകദേശം 10 ശതമാനത്തോളം വരും. ഇവർക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളെ കുറിച്ചു ഇപ്പോഴും ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. വ്യക്തികൾ പാരമ്പര്യം നിമിത്തവും തലച്ചോറിന്റെ സെറിബ്രൽ ഡോമിനൻസ് കാരണവും ഇത്തരത്തിൽ ഇടതുകൈ വശമുള്ള ആളുകളായി മാറാം. ഭ്രൂണാവസ്ഥയിലുള്ള തലച്ചോറിന്റെ വ്യതിയാനം കൊണ്ടും ഇങ്ങനെ സംഭവിക്കാം. പൊതുവായ ബുദ്ധിശക്തിയിൽ (ഐക്യൂ) ഇടംകൈയ്യന്മാരും വലംകൈയ്യന്മാരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ ചില പഠനങ്ങളിൽ തെളിയുന്നത് ഇടതുകൈയ്യന്മാർക്കു പഠനവൈകല്യം ഉണ്ടാവാം എന്നുതന്നെയാണ്. അതുപോലെ ഇത്തരക്കാരിൽ ശ്രദ്ധക്കുറവും പിരുപിരുപ്പുള്ള അവസ്ഥയും ഉണ്ടാവും.
മറ്റൊന്ന് നമ്മളുടെ ലോകം വലതുകൈയ്യന്മാർക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഉദാഹരണമായി കമ്പ്യൂട്ടറിന്റെ മൗസ് വലതുവശത്താണ്. അതുപോലെ മറ്റു പല ഉപകരണങ്ങളും ഇങ്ങനെയാണ്. ഇടതു കൈ ഉപയോഗിക്കുന്ന കുട്ടികൾ ഇവയെല്ലാം ഉപയോഗിക്കുമ്പോൾ ചലനങ്ങൾ പതുക്കെയാവുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എടുത്തുപറഞ്ഞു അവരെ വിലയിരുത്തുന്നത് ഒട്ടും ശരിയല്ല. സ്പോർട്സിലും മറ്റും ഇടതുകൈ വശമുള്ളവർ കേമന്മാരായിരിക്കും. മനസ്സിലാക്കേണ്ടത് എല്ലാ കാര്യത്തിലും ഇത്തരക്കാർക്ക് വൈകല്യം ഉണ്ടാവില്ല എന്നാണ്. ചില പേരന്റ്സ് ഇത്തരക്കാരെ നിർബന്ധിച്ചു വലംകൈയ്യനാക്കാൻ ശ്രമിക്കും. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ജന്മനാ കിട്ടിയ ഒരു കഴിവിനെ മാറ്റാൻ ശ്രമിക്കുന്നത് കുട്ടിയിൽ മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതവന്റെ പഠനത്തെയും ശ്രദ്ധയെയുമെല്ലാം ബാധിക്കും. അതല്ലാതെ മറ്റൊരു ഗുണവും ഇതുകൊണ്ട് ഉണ്ടാവില്ല.