"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...
നാലാം ക്ലാസുകാരനായ എന്റെ മകന്റെ വിചിത്രമായ രോഗത്തെക്കുറിച്ചാണ് ഈ കത്ത്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന കുട്ടി തിരിച്ചുവരുന്നത് നിർത്താതെയുള്ള ഛർദ്ദിയുമായാണ്. സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ അവന് യാതൊരു കുഴപ്പവുമില്ല. കുറെ ഡോക്ടർമാരെ കാണിച്ചെങ്കിലും ഒരു അസുഖവും ഇല്ലെന്നാണ് അവർ പറയുന്നത്. പഠിക്കാൻ മിടുക്കനാണ്, എങ്കിലും ഇക്കാരണം കൊണ്ട് ക്ലാസുകൾ സ്ഥിരമായി മുടങ്ങുന്നു.
ഇതിനെയാണ് ഫങ്ഷണൽ വൊമിറ്റിങ് എന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ പല കുട്ടികളിലും കാണും. വയറിന് അസ്വസ്ഥത, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശാരീരിക പരിശോധനകളിൽ ഒരു തകരാറും കണ്ടെത്താൻ സാധിക്കില്ല. കാരണം ഇതിന്റെ ഉത്ഭവം കുട്ടിയുടെ മാനസിക പ്രകൃതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. അതായത് ദുർബല സ്വഭാവവും ഉത്കണ്ഠയുമുള്ള പ്രകൃതക്കാരിലാണ് ഇതു കണ്ടുവരുന്നത്. ചെറുപ്പം മുതലേ ഈ കുട്ടികൾ വളരെയധികം പതിഞ്ഞ സ്വഭാവക്കാരായിരിക്കും. പലപ്പോഴും ഉൾവലിയാനുള്ള പ്രവണത, അമിത സങ്കോചം എന്നിവ കൂടുതൽ കാണും. മറ്റുള്ളവർ കളിയാക്കിയാലോ എന്ന ഭയം, അവർ തന്നെ എങ്ങനെ കാണും എന്നൊക്കെയുള്ള ചിന്തകൾ അവരെ അലട്ടും. പഠിത്തം മാത്രമാവില്ല ഇവിടുത്തെ പ്രശ്നം.
സ്‌കൂളുമായി ബന്ധപ്പെട്ട ഉത്കണ്ഠ വർധിപ്പിക്കുന്ന പല സന്ദര്ഭങ്ങളും ഉണ്ടാവും. ക്ലാസ്സിൽ ചോദ്യം ചോദിക്കുന്ന അവസ്ഥ, തങ്ങളെ മറ്റുള്ളവർ വിലയിരുത്തുമോ എന്നുള്ള തോന്നൽ, ചില അധ്യാപകരോടുള്ള ഭയം. അങ്ങനെ ഇത്തരം ടെൻഷനുകൾ കാരണം രാവിലെ എഴുന്നേൽക്കുമ്പോൾ അസ്വസ്ഥത തുടങ്ങും. ഇതൊന്നും കുട്ടി മനഃപൂർവ്വം ചെയ്യുന്ന കാര്യങ്ങളല്ല എന്നുവേണം ആദ്യം മനസ്സിലാക്കാൻ. വെപ്രാളപ്പെട്ടു കഴിഞ്ഞാൽ ആർക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാവാം. ഉത്കണ്ഠയുടെ ശാരീരിക ലക്ഷണങ്ങളിൽ പെടുന്നതാണ് ഇവയെല്ലാം. ചികിത്സ നൽകുന്നതിന് മുൻപ് കുട്ടിയുടെ പ്രകൃതം മനസ്സിലാക്കണം.
പിന്നീട് മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തണം. എൻഡോസ്കോപ്പി, അൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ലെന്നുള്ള അവബോധം ഉണ്ടാക്കണം. കുട്ടിയുടെ ഛർദ്ദി സ്ഥിരമാണെങ്കിൽ കൃത്യമായ ഔഷധം ആവശ്യമാണ്. മരുന്നിലൂടെ നല്ല രീതിയിൽ രോഗശമനം ഉണ്ടാവും. ഇതുകൂടാതെ കുട്ടിക്ക് കൗൺസിലിങ് നൽകാം. അവൻ ഭയക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കി അവയെ നേരിടാനുള്ള ട്രെയിനിങ് കൊടുക്കാം. യോഗമുറകൾ പരിശീലിപ്പിക്കുന്നതും വളരെ നല്ലതാണ്. പ്രാണായാമം ചെയ്യുന്നത് കുട്ടിയുടെ ടെൻഷൻ കുറയ്‌ക്കും.