Friday 09 February 2018 04:02 PM IST

മുതിർന്നിട്ടും കുട്ടിത്തം വിട്ടുമാറാതെ

Dr. C.P.Somanath

girl

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

എന്റെ മോൾക്ക് 12 വയസ്സായി. ഇനിയും കുട്ടിത്തം വിട്ടുമാറിയിട്ടില്ല. ഇപ്പോഴും ഉടുപ്പിടാനും മുടി കെട്ടിക്കൊടുക്കാനുമെല്ലാം മറ്റുള്ളവരെ ആശ്രയിക്കാറാണ് പതിവ്. പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ നോക്കിയാൽ അമ്മയും ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ലേ എന്ന ചോദ്യമാണ്. കുട്ടി പക്വതയോടെ സ്വന്തം കാര്യങ്ങൾ ചെയ്തു ശീലിക്കാൻ എന്താണ് ചെയ്യേണ്ടത്?

വളരെ ചെറിയപ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം നമ്മൾ കൂടുതൽ വാൽസല്യത്തോടെ ചെയ്തുകൊടുക്കാറാണ് പതിവ്. എന്നാൽ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ അവരെ സ്വയംപര്യാപ്തരാക്കേണ്ടതാണ്. ഇവിടെ അത്തരത്തിലുള്ള ഒരു മാറ്റം കുട്ടിയിൽ ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കാലക്രമത്തിൽ തെറ്റായ ശീലം കൊണ്ട് കുട്ടിയിൽ വന്നിരിക്കുന്ന ഒരു ദോഷമാണിത്. ഇതെല്ലാം ഇവർ എനിക്ക് ചെയ്തുതരേണ്ടതാണ് എന്ന വിശ്വാസം കുട്ടിയിൽ അടിയുറച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് ഇത് മാറ്റിയെടുക്കാൻ കഴിയില്ല. പക്ഷെ പതിയെ കാര്യങ്ങൾ കുഞ്ഞിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

ടിവിയിലും മറ്റും കാണുന്ന മിടുക്കികളായ കുട്ടികളെ കാണിച്ച് കൂടുതൽ പോസിറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കണം. അടുത്ത വീടുകളിലെ അവളേക്കാൾ ചെറിയ കുട്ടികൾ തനിയെ ചെയ്യുന്ന കാര്യങ്ങൾ ഉദാഹരണങ്ങളായി കാണിച്ചുകൊടുക്കണം. വ്യത്യസ്തമായ രീതിയിൽ മുടി കെട്ടാനുള്ള പുസ്തകം വാങ്ങിക്കൊടുത്ത് അതുപോലെ പരീക്ഷിച്ചുനോക്കാൻ പറയാം. പാചകം, ക്ലീനിങ് തുടങ്ങിയ മുതിർന്നവർ ചെയ്യുന്ന ജോലികളിലെല്ലാം കുട്ടിയോട് ചെറിയ സഹായങ്ങൾ ചെയ്തുതരാൻ ആവശ്യപ്പെടാം. കുട്ടി സ്വന്തം കാര്യങ്ങൾ പതിയെ ചെയ്തുതുടങ്ങുമ്പോൾ അഭിനന്ദനമായോ ചെറു സമ്മാനങ്ങളായോ അവൾക്കുവേണ്ട പ്രോത്സാഹനം കൂടി നൽകണം. കുട്ടികളെ ശിക്ഷണം കൊണ്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്, എന്നാൽ അറിവുകൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും.