Tuesday 10 July 2018 11:28 AM IST

ഒരു ബിരിയാണി കഴിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

health-kitchen-chicken ഡോ. ബി. പത്മകുമാർ, പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, തിരുവനന്തപുരം

നമ്മുടെ ഭക്ഷണശീലങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത് ഒരാഘോഷമായി മാറിയിരിക്കുന്നു. വിശപ്പില്ലെങ്കിലും വാരിവലിച്ച് വയർ നിറയുന്നതു വരെ കഴിക്കുന്നതാണ് ട്രെൻഡ്. ഫലമോ, അടുത്തിടെ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നതു പോലെ മൂന്നിലൊരാൾക്ക് ഹൈപ്പർ ടെൻഷനും അഞ്ചിലൊരാൾക്ക് പ്രമേഹവും!

വല്ലപ്പോഴും കഴിച്ചിരുന്ന പല വിഭവങ്ങളും ഇപ്പോൾ പതിവ് ഭക്ഷണമായി മാറിയിട്ടുണ്ട്. ബിരിയാണി തന്നെ ഉദാഹരണം. പണ്ടൊക്കെ പെരുന്നാളിനും കല്യാണത്തിനും മാത്രം കഴിച്ചിരുന്ന ഈ സ്പെഷൽ എപ്പോൾ വേണമെങ്കിലും ലഭിക്കുന്ന സാധാരണ ഭക്ഷണമായിരിക്കുന്നു. ‘റെഡി ടു ഈറ്റ്’ ബിരിയാണി പൊതികൾ നാട്ടിലെവിടെയും സുലഭമാണ്. എന്നാൽ അന്നജവും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ബിരിയാണി പതിവാക്കുന്നത് ആരോഗ്യത്തിന് നന്നല്ല.

ഒരു ബിരിയാണി സമം രണ്ട് ഊണ്

ബിരിയാണിച്ചോറിലെ അന്നജവും ഒപ്പം ചേർത്തിട്ടുള്ള മാംസത്തിലെ കൊഴുപ്പും കൂടി ചേരുമ്പോൾ രണ്ട് ഉച്ചയൂണിൽ നിന്നു ലഭിക്കുന്ന ഊർജമാണ് അകത്തു ചെല്ലുന്നത്. ബിരിയാണിയിൽ ചേർത്തിരിക്കുന്ന മാംസം റെഡ് മീറ്റ് (മട്ട ൻ, ബീഫ്) ആണോ എന്നതനുസരിച്ച് കാലറി മൂല്യം വീണ്ടുമുയരും.

ചിക്കൻ ബിരിയാണിയിൽ നിന്ന് 580 കാലറി ലഭിക്കുമ്പോൾ മട്ടൻ ബിരിയാണിയിൽ നിന്ന് 754 കാലറിയാണ് കിട്ടുന്നത്. ബിരിയാണിക്കൊപ്പം ഐസ്ക്രീം പോലുള്ള ഡിസേർട്ടുകളും ക ഴിക്കുമ്പോൾ കാലറി മൂല്യം വീണ്ടും ഉയരുകയാണ്. 100 മില്ലി ഐസ്ക്രീമിൽ 140 കാലറിയാണ് അടങ്ങിയിരിക്കുന്നത്.

ശരീരത്തിൽ അധികമായി എത്തുന്ന ഊർജം കൊഴുപ്പായി അടിഞ്ഞുകൂടുന്നുവെന്ന് അറിയുക. പൊണ്ണത്തടി ലൈഫ്സ്റ്റൈൽ രോഗങ്ങൾക്ക് കടന്നുവരാനുള്ള രാജപാതയാണ് ഒരുക്കുന്നത്.  പ്രമേഹവും രക്താദിസമ്മർദവും ഉയർന്ന കൊളസ്ട്രോൾ നിലയും പൊണ്ണത്തടി മൂലമുണ്ടാകുന്ന തുടർപ്രശ്നങ്ങളാണ്.

ഒപ്പം സാലഡ്

ബിരിയാണിയുടെ ഒപ്പം സാലഡ് കൂടി ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും നാരുകൾ സമൃദ്ധമായി ഉള്ളിലെത്താനും ഉപകരിക്കും. കൂടാതെ അനവധി സൂക്ഷ്മ പോഷകങ്ങളും ഫ്ളവനോയിഡുകളും ജലാംശവും സാലഡിൽ അടങ്ങിയിട്ടുണ്ട്. ബിരിയാണിയിൽ നിന്നുള്ള പോഷകക്കുറവ് ഒരു പരിധിവരെ പരിഹരിക്കാൻ പച്ചയായി കഴിക്കുന്ന പച്ചക്കറികൾ സഹായിക്കും.

ബിരിയാണി മാസത്തിലൊരിക്കൽ മതി. കഴിയുന്നതും വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കാൻ ശ്രമിക്കണം. ഇറച്ചിയും മീനും മറ്റും എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്നതിനു പകരം കറി വച്ചു കഴിക്കാം. ബിരിയാണി തയാറാക്കുമ്പോൾ വനസ്പതി ഒഴിവാക്കി അപൂരിത കൊഴുപ്പ് അമ്ലങ്ങൾ അടങ്ങിയ സൺഫ്ളവർ ഓയിൽ, സാഫ്ളവർ ഓയിൽ, തവിടെണ്ണ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ‌

ഉച്ചയ്ക്ക് ബിരിയാണിയാണ് കഴിച്ചതെങ്കിൽ ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കുക. രാത്രി ഭക്ഷണം ലഘുവാക്കണം. ഐസ്ക്രീം പോലുള്ള ഡിസേർട്ടുകൾ വേണ്ടേ വേണ്ട. പകരം മധുരം ചേർത്ത ലൈംജ്യൂസ് കുടിക്കുക.

എന്താണ് ട്രാൻസ് ഫാറ്റ്?

സസ്യഎണ്ണയിലേക്ക് ഹൈഡ്രജൻ കടത്തിവിട്ടാണ് ഖരരൂപത്തിലുള്ള വനസ്പതി പോലെയുള്ള ട്രാൻസ് ഫാറ്റ് ഉണ്ടാക്കുന്നത്. ഇതിന് കൂടുതൽ നാൾ കേടാകാ തിരിക്കുന്നതിനുള്ള കഴിവുണ്ട്. എന്നാൽ ട്രാൻസ് ഫാറ്റ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് കൂട്ടുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. തന്മൂലം ഹൃദ്രോഗ സാധ്യത വർധിക്കും.