Tuesday 13 November 2018 03:58 PM IST

കുറ്റബോധമില്ലേ ആ കുട്ടിക്ക് ഇപ്പോഴും?

R. Sreelekha IPS

25

കുട്ടിക്കാലം പോലൊരു സുന്ദരസമയം ജീവിതത്തിൽ പിന്നൊരിക്കലും ഉണ്ടാകില്ല എന്നാണല്ലോ പറ യാറ്? വാർധക്യത്തിന്റെ പടിവാതിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിയുന്ന എനിക്ക് ബാല്യകാലസ്മരണകൾ മനസ്സിലൂടെ അറിയാതെങ്കിലും വരല്ലേ എ ന്ന ഒറ്റ പ്രാർഥനയേ ഉള്ളൂ. എന്നോടൊപ്പം കുട്ടിക്കാലത്ത് കളിച്ചു നടന്ന സുഹൃത്താണ് ഭാവിയിൽ എന്റെ ജീവിതപങ്കാളിയായത്. വളരെ അടുപ്പമുണ്ടായിരുന്ന കളിക്കൂട്ടുകാരിയാണ് പിൽക്കാലത്ത് കൊല്ലപ്പെട്ടതും, ആ കുറ്റത്തിന് ഞാൻ തടവിലായതും. പക്ഷേ, അവളെ കൊന്നത് ഞാനല്ല.

സമപ്രായക്കാരായ എന്റെയും കൂട്ടുകാരിയുടെയും കുട്ടി ക്കളിയിൽ ക്ഷണിക്കാതെ തന്നെ ഒരു നാൾ കടന്നു വന്നവനായിരുന്നു ആ ചേട്ടൻ. ചേട്ടൻ ഏഴിലും ഞാനും കൂട്ടുകാരിയും മൂന്നിലും പഠിച്ചിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ്. മുതിർന്നപ്പോൾ ഞങ്ങൾ രണ്ടു പേരും ഒരേ പോലെ അവനെ സ്നേഹിക്കുകയും കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അതോടെ ഇടയ്ക്കിടെ വഴക്കും പിണക്കവും ഉണ്ടായി. ഒരുതരം വാശിയായിരുന്നു എനിക്ക്, ചേട്ടനെ ഏതു വിധേനയും കെട്ടണമെന്ന്.

വീട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ പത്തൊൻപതാം വയസ്സിൽ ഞാൻ ചേട്ടനുമായി ഒളിച്ചോടി. കല്യാണവും കഴിഞ്ഞു. കുറെ നാൾ അവളെ പിന്നെ, കണ്ടിട്ടില്ല. ചേട്ടൻ പറയാറുണ്ട്, അവളുടെ കല്യാണം കഴിഞ്ഞു, ഭർത്താവു പട്ടാളത്തിലാണ്, ഒരു മകനുണ്ട്, വടക്കേ ഇന്ത്യയിലെവിടെയോ ആണ് എന്നൊക്കെ. വർഷങ്ങൾക്കു ശേഷം വിധവയായ അവൾ മകനെയും കൊണ്ട് നാട്ടിലെ വീട്ടിൽ താമസിക്കാൻ വന്നു. ഞാനും അവളെ പലയിടത്തും വച്ച് കാണുകയും സംസാരിക്കുകയും ചെയ്തെങ്കിലും കുട്ടിക്കാലത്തെ പോലെ അടുപ്പം അവൾ എന്നോട് കാട്ടിയില്ല.

സംശയത്തിന്‍റെ വിത്തുകള്‍

ചേട്ടന് ചന്തയിൽ പലചരക്കു കടയുണ്ട്. ഞാൻ ഒരു ചെറിയ ജോലിക്കു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ അവൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കാണും. ആ ദിവസങ്ങളിൽ ചേട്ടനും വീട്ടിൽ ഉ ണ്ടാകുമായിരുന്നു. അവൾ എന്തിനാ വന്നതെന്നു ചോദിച്ചാൽ ഇവിടെ വന്നില്ലല്ലോ, ഞാൻ കണ്ടില്ലല്ലോ എന്നേ പറയൂ. അതെന്റെയുള്ളിൽ സംശയമുണ്ടാക്കി. പിന്നെയും ഒന്ന് രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ കഥയെല്ലാം അറിയുന്നത്.

അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തതാണ്. അതിന്റെ കാരണം അവളും ചേട്ടനും തമ്മിലുള്ള അവിഹിത ബന്ധമായിരുന്നു. ചരക്കെടുക്കാൻ എന്നു പറഞ്ഞു ചേട്ടൻ ഇടയ്ക്കിടെ പോയിരുന്നത് അവളെ കാണാനും അവളോടോപ്പം ദിനരാത്രങ്ങൾ ചെലവഴിക്കാനുമായിരുന്നു. അവരെ ഒരിക്കൽ കയ്യോടെ പിടിച്ച അവളുടെ ഭർത്താവ് മനോവിഷമം കാരണം വിഷം കഴിച്ചു മരിച്ചു. ചേട്ടന്റെ നിർബന്ധം കാരണമാണത്രെ, അവൾ ഇ വിടെ നാട്ടിൽ വന്നു വീണ്ടും താമസം തുടങ്ങിയത്.

എനിക്ക് വീട് വിട്ടു പോകാൻ സ്ഥലമില്ലായിരുന്നു. പരാതി പറയാനും ആരുമില്ല. അച്ഛനുമമ്മയും നേരത്തെ മരിച്ചു. ഒരു സഹോദരി കല്യാണം കഴിഞ്ഞ് കുടുംബവുമായി വളരെ ദൂരെയാണ്. സഹോദരന്‍ ഗൾഫിൽ. എന്നെ സഹായിക്കാനുള്ള മനസ്ഥിതി ആരും കാണിച്ചില്ല. എങ്ങോട്ടെങ്കിലും പോയാൽ ര ണ്ടു പെൺ‌മക്കളുടെ ഭാവി എന്താകും എന്ന പേടിയും ഉണ്ടായി.

എന്നെ ഒരുതരത്തിലും ശാരീരികമായി ഉപദ്രവിക്കില്ലെങ്കിലും ചേട്ടന് എന്നെയും അവളെയും വേണമെന്നു തീർത്തു പറഞ്ഞു. അവൾ കാരണം ഞാൻ വല്ലാത്ത മാനസികപീഡനം അനുഭവിച്ചു തുടങ്ങി. ഊണും ഉറക്കവും വേണ്ടാതെ ഭ്രാന്തിയെപ്പോലെയായി ഞാൻ. ജോലി ഉപേക്ഷിച്ചു വീട്ടിൽ കുത്തിയിരുപ്പായി. എനിക്കും മക്കൾക്കും അവകാശപ്പെട്ടതെല്ലാം ചേട്ടൻ അവൾക്കും മോനും കൊടുക്കുന്നത് സഹിക്കാനായില്ല. ഇതൊക്കെ എന്നെ ശാരീരികമായും മാനസികമായും അലട്ടി.

ഇതൊക്കെ കാരണമാകാം, എ നിക്കു ചില രോഗങ്ങളും പിടിപെട്ടു. തലവേദനയും ഛർദിയും വയറുവേദനയും എല്ലാം. ഞാൻ വല്ലാതെ ശുഷ്കിച്ചു വന്നു. കുറെ ഡോക്ടർമാരെ കാണിച്ച് മരുന്ന് കഴിച്ചെങ്കിലും ഒന്നിനും കുറവുണ്ടായില്ല. അവൾ ഇവിടെ നിന്ന് എവിടേക്കെങ്കിലും പോയാലേ എന്റെ അസുഖം മാറൂ എന്നെനിക്കുറപ്പായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം കാണാൻ പോയെങ്കിലും കാണാനോ സംസാരിക്കാനോ അവള്‍ കൂട്ടാക്കിയില്ല. അവളുടെ കുടുംബ വീട്ടിൽ ചെന്നും പലവട്ടം പറഞ്ഞു, ‘എന്റെ ഭർത്താവിനെ വെറുതെ വിടാൻ അവളെ ഉപദേശിക്കണ’മെന്ന്. ‘അവൾ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ, ഞങ്ങൾ ഉപദേശിച്ചാലൊന്നും കേൾക്കില്ല.’ എന്നു പറഞ്ഞ് അവരും കൈ മലർത്തി.

പാളിപ്പോയ ഒരു ഉപദേശം

സtന്തം മോന്‍ വിചാരിച്ചാൽ ചിലപ്പോൾ അവൾക്കൊരു മനംമാറ്റം വന്നേക്കും എന്ന് കരുതിയാണ് ഞാൻ അവനോടു കാര്യ ങ്ങളെല്ലാം പറഞ്ഞത്. ‘മോൻ അമ്മയോട് പറയണം ഇങ്ങനെയൊരു സ്ത്രീയുടെ മകനായി ജീവിക്കാൻ നാണക്കേടാണെന്ന്.’ ഞാൻ അവനെ ഉപദേശിച്ചു.

അന്ന് സന്ധ്യയ്ക്ക് മകനെയും കൊണ്ടവൾ വീട്ടിൽ വന്നു. ‘‘ഇവന് പതിനഞ്ചു വയസ്സ് പോലും ആയിട്ടില്ല. നിനക്കെങ്ങനെ തോന്നി എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ഇവനോട് പറയാൻ? നല്ലോണം പഠിക്കുന്ന കുഞ്ഞാണ്, അതും നിനക്കില്ലാതാക്കണം, അല്ലേടീ?’’ അവൾ കിടന്നു തുള്ളി. ഞാനും വിട്ടില്ല. ഒന്നും രണ്ടും പറഞ്ഞ് ഉന്തും തള്ളുമായി. ഞങ്ങളുടെ അടിപിടി മാറ്റാൻ ചേട്ടനും എന്റെ മക്കളും ഇടയ്ക്കു കയറി. അവളുടെ മോനാണെങ്കില്‍ ചുമന്നു തുടുത്ത മുഖവും ഭാവവുമായി അസ്വസ്ഥതയോടെ നിൽക്കുകയായിരുന്നു. അവന്‍ പെട്ടെന്ന് പറമ്പിൽ കിടന്ന പാര കൈയ്യിലെടുത്ത് ഞങ്ങളുടെ അടുത്തേക്കു വന്നു. എന്നെ അടിക്കാൻ വന്നതാണെന്നു കരുതി ഞാൻ ഓടി വരാന്തയിൽ കയറി. പക്ഷേ, അവൻ സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിക്കുന്നതാണു പിന്നെ, കണ്ടത്. ചേട്ടനാണ് അവനെ പിടിച്ചു മാറ്റിയതും ആംബുലൻസ് വിളിച്ചവളെ ആ ശുപത്രിയിൽ കൊണ്ട് പോയതും.

മൂന്നു ദിവസത്തിനു ശേഷം അവള്‍ മരിച്ചു. ആ പാവം പയ്യനും ഇനി ജയിലില്‍ ആകുമല്ലോ എന്നായിരുന്നു എന്‍റെ ചിന്ത. അവളുടെ ശല്യം ഇനി ഉണ്ടാകില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ ഭർത്താവും മക്കളും അവളുടെ മോനും പൊലീസിന് മൊഴി കൊ ടുത്തു, ഞാനാണ് പറമ്പിൽ കിടന്ന പാര എടുത്ത് അവളുടെ തലക്കടിച്ചതെന്ന്! ഞാൻ കുറച്ചു നാളായി മാനസിക അസുഖത്തിന് ചികിത്സയിലായിരുന്നെന്നും സ്വബോധത്തോടെയല്ല അത് ചെയ്തതെന്നും അവർ പറഞ്ഞു.

ഞാൻ പൊലീസിനോടു പറഞ്ഞു ‘ആ പയ്യൻ അമ്മയെ പാ ര െകാണ്ട് അടിക്കുന്നത് കണ്ണു കൊണ്ട് കണ്ടതാണ്’ എന്ന്. പക്ഷേ, ആ പാരയിൽ എന്റെ വിരലടയാളങ്ങൾ മാത്രമേ ഉള്ളൂ എന്നു പൊലീസ് അറിയിച്ചു. ഭർത്താവ് ചിലപ്പോൾ കള്ളം പറഞ്ഞേക്കാം, പക്ഷേ, സ്വന്തം മക്കൾ അമ്മയെക്കുറിച്ച് എന്തിനു കളവായ മൊഴി പറയണമെന്നും െപാലീസ് ചോദിച്ചു. എനിക്ക് മാനസിക വിഭ്രാന്തിയാണെന്നും മനഃപൂർവമല്ല ചെയ്തതെന്നും എഴുതിയാൽ ശിക്ഷ കിട്ടില്ല, ചികിത്സയ്ക്കായി വിടത്തേയുള്ളൂ എന്നു പൊലീസ് പറഞ്ഞു. അവർ പറഞ്ഞതു പോലൊക്കെ ഞാൻ മൊഴി നൽകി.

മക്കള്‍ എന്താണ് ഇങ്ങനെ?

അറസ്റ്റിനു ശേഷം ജയിലിൽ രണ്ടു മൂന്നാഴ്ച കിടന്നു. അവിടെനിന്നു മാനസികരോഗാശുപത്രിയിൽ കൊണ്ടുപോയി. എ നിക്കൊരു മാനസിക പ്രശ്നവുമില്ല എന്നാണു ഡോക്ടർമാർ പറഞ്ഞത്. ജാമ്യം കിട്ടി ഞാൻ വീട്ടിലേക്കു മടങ്ങി. ചേട്ടനും മക്കളും സ്നേഹത്തോടെ തന്നെ എന്നോട് പെരുമാറി. പക്ഷേ, അപ്പോഴും അവർ പഴയതു തന്നെ ആവർത്തിച്ചു, ഞാൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ അവര്‍ തയാറായില്ല. പഴയതു പോലെ സമാധാനത്തോടും സന്തോഷത്തോടും വീട്ടിൽ കഴിഞ്ഞു. പതിയെ എന്റെ അസുഖങ്ങൾ എല്ലാം മാറി.

നാല് വർഷത്തിനു ശേഷം കോടതി എന്നെ ശിക്ഷിച്ചു. മനസ്സിന് നല്ല സുഖമില്ല, ഭ്രാന്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു, അന്നെന്താണ് സംഭവിച്ചതെന്ന് നല്ല ഒാര്‍മയില്ല എന്നൊക്കെ കോടതിയിൽ പറഞ്ഞു. എന്റെ ഭർത്താവും മക്കളും അത് തന്നെ പറഞ്ഞു. പക്ഷേ, അവളുടെ വീട്ടുകാരും മകനും എനിക്കെതിരായി മൊഴി നൽകി. അവളോടുള്ള ശത്രുത കാരണം അവളെയും മകനെയും സൂത്രത്തിൽ വീട്ടിൽ വിളിച്ചു വരുത്തി അപകടത്തിൽ പെടുത്തണം എന്ന ഉദ്ദേശത്തോടെ മനഃപൂർവം പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു അവർ മൊഴി നൽകിയത്. എന്നെ ജീവപര്യന്തം ശിക്ഷിച്ചത് കേട്ട് ഞാൻ ബോധം കെട്ടു വീണു പോയി.

ജയിലിൽ എനിക്ക് അടുക്കളയിലാണ് പണി. ഇപ്പോഴും മരുന്നുകൾ കഴിക്കുന്നു. ആറ് മാസത്തിലൊരിക്കൽ ചേട്ടൻ വന്ന് എന്നെ പരോളിൽ കൊണ്ട് പോകും. മൂത്ത മോളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തവൾ ഫാർമസി പഠിക്കുന്നു.

കണ്ണുകൾ കള്ളം പറയില്ല. എനിക്കറിയാം അന്ന് എന്താണു സംഭവിച്ചതെന്ന്. ഞാനല്ല അവളെ പാരയ്ക്കടിച്ചത്. അമ്മയുടെ സ്വഭാവദൂഷ്യത്തിൽ സഹികെട്ടാകും സ്വന്തം മകന്‍ അങ്ങനെ ചെയ്തത്. പക്ഷേ, സ്വന്തം ഭർത്താവും മക്കളും എനിക്കെതിരെ മൊഴി കൊടുത്തതെന്തിന്? ഇപ്പോള്‍ എനിക്കു തോന്നുന്നത് അവൻ എന്റെ ഭർത്താവിന്റെ മോൻ ആയിരിക്കും എന്നാണ്. അതുകൊണ്ടാകും അദ്ദേഹവും അവൻ സ്വന്തം അനിയനാണ് എന്നറിയാവുന്ന എന്റെ മക്കളും അവനെ രക്ഷിക്കാൻ ശ്രമിച്ചത്. കാണാൻ കൊള്ളാവുന്ന ചെക്കൻ. അവനു നല്ല ഭാവിയുണ്ട്. ഒന്നിനും കൊള്ളാത്ത, നൂറു കണക്കിന് അസുഖമുള്ള ഞാൻ ജയിലില്‍ പോയാലെന്ത്, പുറത്തു ജീവിച്ചാലെന്ത്? അവനെ രക്ഷിക്കാന്‍ എന്നെ ബലിയാടാക്കിയതാണെന്ന് എനിക്കുറപ്പുണ്ട്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. എന്റെ ഏ റ്റവും അടുത്ത കളിക്കൂട്ടുകാരായിരുന്ന അവളും ചേട്ടനും എ ന്നോടിത് എന്തിനു ചെയ്തു? എന്റെ മക്കൾക്ക് അമ്മയെക്കാൾ വലുതാണോ അവൻ? പെറ്റ തള്ളയെ നിർദാക്ഷിണ്യം കൊന്ന അവൻ കുറ്റബോധമില്ലാതെ എങ്ങനെ ജീവിക്കുന്നു...?