Tuesday 13 November 2018 03:54 PM IST

തീർക്കാമായിരുന്നു, അൽപം മുൻപേ തന്നെ

R. Sreelekha IPS

24

ഈ ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും എന്നെ വലിയ കാര്യമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും അതുപോലെ ത ന്നെയായിരുന്നു. പിന്നെ, ഞാൻ എങ്ങനെ പത്തു വർഷം കഠിന ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിനുള്ളിലായി എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

എല്ലാവരുടെയും ജീവിതത്തിൽ ആര്‍ക്കും തടയാനാകാ ത്ത ഒരു പ്രത്യേക നിമിഷം ഉണ്ടാകുമല്ലോ? എന്‍റെ ജീവിതത്തിലുമുണ്ടായി അങ്ങനെയൊരു നിമിഷം. ഗത്യന്തരമില്ലാതെ ഞാനൊരാളെ കൊന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഞാൻ സ്നേഹിച്ചിരുന്ന, പതിനഞ്ചു വർഷം എന്റെ ഭർത്താ വായിരുന്ന പുരുഷനെ!

അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. എനിക്ക് രണ്ടു ചേട്ടന്മാർ. മൂത്ത ചേട്ടന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു, പത്തു വയസ്സ് മുതൽ ഞാന്‍ സ്നേഹിച്ച പുരുഷൻ. ഞാന്‍ നേരത്തേ തന്നെ പ്രായം അറിയിച്ചു. ഞങ്ങളുടെ തറ വാട്ടിൽ തീണ്ടൽ കുളിക്കു വലിയ പ്രാധാന്യം ഉണ്ട്. എല്ലാവരെയും ക്ഷണിച്ച് സദ്യയും മധുരവും നൽകും. ചേട്ടനോടൊപ്പം അവനും ഭക്ഷണം വിളമ്പി. ‘ഹാപ്പി ബർത്ഡേ.’ അന്ന് ഭക്ഷണം കഴിഞ്ഞു അവൻ എന്നോട് പറഞ്ഞു. ഞാൻ നാണത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടിക്കളഞ്ഞു.

പിന്നീട്, കാണുമ്പോഴൊക്കെ ഞാൻ പൊട്ടിച്ചിരിക്കും. എന്റെ കളിയാക്കിച്ചിരിയുടെ കാരണം അറിയാതെ അവൻ അമ്പരക്കുകയും വിഷമിക്കുകയും ചെയ്തിരുന്നു. കുറെ നാളുകൾക്കു ശേഷമാണ് അവൻ അറിയുന്നത് അന്നെന്റെ പിറന്നാൾ ആയിരുന്നില്ല എന്നും എനിക്ക് പ്രായമായതിന്റെ സദ്യയാണ് അവൻ ഉണ്ടതെന്നും. അവന് സഹോദരിമാർ ഇല്ലാത്തതിനാൽ അതേക്കുറിച്ചൊന്നും ഒരു ധാരണയും ഇല്ലായിരുന്നു.

അയാള്‍ പഠിത്തത്തിൽ വളരെ മോശമായിരുന്നു. പത്താം തരം പോലും ജയിച്ചിരുന്നില്ല. എന്റെ ചേട്ടന്മാർ കോളജിൽ പഠിക്കുമ്പോൾ അവൻ തടിക്കച്ചവടത്തിൽ പിതാവിനോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ഇതൊക്കെ വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. പക്ഷേ, അപ്പോഴേക്കും ഞങ്ങൾ തമ്മിൽ പ്രണയം നാമ്പിട്ടു മൊട്ടു വന്ന പരുവത്തിലായിരുന്നു. ഒടുവിൽ ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തെക്കുറിച്ച് വീട്ടുകാരും അറിഞ്ഞു.

പഠിത്തം ഇല്ലെന്നേയുള്ളൂ, നല്ല കാശുള്ള കുടുംബമായിരുന്നു അവന്റേത്. കൂടാതെ ഒറ്റ മകനും. ജാതിയിലും വ്യത്യാസമില്ല. എന്റെ വീട്ടുകാർക്ക് പൂർണ സമ്മതം. എനിക്ക് പതിനെട്ടു വയസ്സായപ്പോൾ തന്നെ അവനുമായുള്ള വിവാഹം നടന്നു.

വൈകിയാണ് അറിഞ്ഞത്

വിവാഹത്തിനു േശഷമാണ് അവനുണ്ടായിരുന്ന ഒരു വലിയ പ്രശ്നം ഞാന്‍ മനസ്സിലാക്കുന്നത്. സെക്സിനോട് അന്ധമായ അഡിക്ഷന്‍ എന്നു പറയാം. ലൈംഗിക സംതൃപ്തിക്ക് വേണ്ടി എന്തു ദ്രോഹം ചെയ്യാനും അയാള്‍ക്കു മടിയില്ല. എല്ലാത്തരം െവകൃതങ്ങള്‍ക്കും തയാറാകും.

വിവാഹത്തിന് മുൻപ് ഒരിക്കലും തനി സ്വഭാവം കാട്ടിയിട്ടില്ല. ഒരു തരത്തിലും എന്നെ ശാരീ രിക ബന്ധത്തിന് സ്വാധീനിച്ചിട്ടുമില്ല. അതിനാൽ എനിക്കിതൊന്നും അറിയില്ലായിരുന്നു. ആരോടെങ്കിലും, വീട്ടുകാരോടു പോലും ഇതേക്കുറിച്ചു പറയാൻ ചമ്മലും നാണവുമാണ്.

എന്തൊക്കെയാ അവൻ കിടപ്പറയി ൽ ചെയ്തു കൂട്ടുന്നതെന്ന് എനിക്കു പോ ലും നല്ല നിശ്ചയമില്ലാത്ത പ്രായം. ഞാൻ കരുതിയത് എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നും വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളും എന്നെപ്പോലെ അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു. അതുകൊണ്ട് ആദ്യമൊക്കെ എല്ലാ വേദനകളും വിഷമങ്ങളും അടക്കി സഹിച്ചു.

അടുക്കളയിൽ ജോലി ചെയ്യാനോ, പുറം പണി ചെയ്യാനോ ഉച്ചക്ക് ഒന്നു മയങ്ങാനോ ഒന്നിനും സമ്മതിക്കില്ല. ഉടൻ അയാൾ ഭ്രാന്തു പിടിച്ച് ഒാടി വരും. പിന്നെ, മണിക്കൂറുകൾ സ്വസ്ഥത തരില്ല. താമസിയാതെ ഞാൻ പ്രതിഷേധിച്ചു തുടങ്ങി.

ഒരു സ്ത്രീ ശരീരത്തിന് സഹിക്കാൻ പറ്റുന്നതേ ഇനി മേൽ എന്നോടു ചെയ്യാവൂ, അല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഓടിപ്പോകും എന്നു പറഞ്ഞു. എന്നിൽ നിന്നു തൃപ്തി കിട്ടാതെ വരുമ്പോൾ അയാൾ മറ്റു പലയിടങ്ങളും തേടി പോവുകയായിരുന്നു പതിവ്. ഞാ ൻ എതിരു നിന്നിട്ടില്ല. അത്രയും ശല്യം കുറയട്ടെ എന്നേ കരുതിയുള്ളൂ.

കാശിനൊന്നും ആ വീട്ടിൽ ഒരു കുറവുമില്ല. നല്ല ഭക്ഷണം, വസ്ത്രം എല്ലാമുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? സമാധാനത്തിനു കാശ് മാത്രം പോരല്ലോ?

‘കുറച്ചു പ്രായം ആകുമ്പോൾ ഇതൊക്കെ മാറും,’ എന്ന് അമ്മായിയമ്മ സമാധാനിപ്പിച്ചിരുന്നു. പക്ഷേ, നാളുകള്‍ കഴിയും തോറും ആളുടെ അസുഖം കൂടി വന്നതേയുള്ളൂ. എന്തൊക്കെയാണെങ്കിലും അയാൾക്ക് എന്നോടു സ്നേഹം ഉണ്ടെ ന്നു ഞാൻ വിശ്വസിച്ചു. കൂടാതെ ഞാൻ കടുത്ത പ്രേമത്തിൽ പെട്ട് കല്യാണം കഴിച്ചതുമാണ്. ഈ വൈകൃതം അസുഖമാണല്ലോ, അതു കാരണം എങ്ങനെയാണു ബന്ധം വേണ്ടാന്നു വയ്ക്കുന്നത് എന്നൊക്കെയാണ് അച്ഛനമ്മമാർ ഉപദേശിച്ചത്. ഇടയ്ക്കു രണ്ടു പ്രാവശ്യം ഗർഭിണിയായി. പക്ഷേ, ആ സമയത്തു പോലും േദ്രാഹം തുടര്‍ന്നതു െകാണ്ടാകാം രണ്ടും അലസിപ്പോയി. പിന്നീട് ഗർഭം ധരിച്ചപ്പോൾ ഞാൻ എന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ‘രണ്ടു തവണ അബോര്‍ഷന്‍ ആയതല്ലേ, ഇത്തവണ ഇവള്‍ ഇവിടെ നില്‍ക്കട്ടെ. ആയുർവേദ ചികിത്സ നടത്തി നോക്കാം’ എന്നൊക്കെ പറഞ്ഞ്, അച്ഛനുമ്മയും അയാളെ സമാധാനിപ്പിച്ചു.

അങ്ങനെ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അവ നു മൂന്നു മാസം ആയപ്പോഴാണ് ഞാൻ തിരികെ ഭർത്താവിന്റെ വീട്ടിലേക്കു പോന്നത്. ദ്രോഹങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം ഞാന്‍ സഹിച്ചും ക്ഷമിച്ചും കൂടെ നിന്നു. മോന്‍റെ കളിചിരികളായിരുന്നു എന്‍റെ ഏറ്റവും വലിയ ആശ്വാസം.

ഒരു വർഷത്തിനുള്ളിൽ ഞാൻ വീണ്ടും ഗർഭിണിയായി. അ ന്നേരവും ഞാൻ മോനെയും കൊണ്ട് എന്റെ വീട്ടിലേക്കു പോന്നു. ഈശ്വരന്‍ എനിക്ക് ഒരു മോനെക്കൂടി തന്നു. അവരോടൊപ്പം കഴിയുന്ന നിമിഷങ്ങളില്‍ മാത്രമാണ് ജീവിതത്തിൽ ഇ ത്തിരി സമാധാനം കിട്ടിയിരുന്നത്. മൂത്ത മോന് പതിമൂന്ന് വയസ്സായപ്പോൾ ഭർത്താവിന്റെ അച്ഛനും തൊട്ടു പിറകെ അമ്മയും മരിച്ചു. പിന്നെ, അയാൾക്കായി സ്വത്തിന്റെയും വസ്തുവ കകളുടെയും ചുമതല. അതുവരെ അവരെക്കരുതി പുറമെ മാന്യനായി കഴിഞ്ഞിരുന്ന അയാൾ തീർത്തും വഷളനായി. ദുഷിച്ച കൂട്ടുകെട്ടും മദ്യപാനവും തുടങ്ങി. കൂട്ടുകാരാണ് പല മോ ശം സ്ത്രീകളുടെയും പക്കൽ അയാളെ കൊണ്ടുപോയിരുന്നത്. താമസിയാതെ പലരും പല കഥകളുമായി വീട്ടിൽ വരാൻ തുടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയാൾ മാനഭംഗം ചെയ്തു, ഒരു സ്ത്രീ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു, മറ്റൊരു സ്ത്രീ അയാൾ കാരണം ഗർഭിണിയായി, മറ്റൊരു സ്ത്രീയെ ഭർത്താവു ഉപേക്ഷിച്ചു അങ്ങനെ പല പരാതിയുമായാണ് ആൾക്കാർ വീട്ടിൽ വരിക. എല്ലാവർക്കും വാരിക്കോരി കാശു കൊടുത്തു പരാതിയൊക്കെ ഒതുക്കും.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും മടുത്തു. എന്റെ ചേട്ടനാണെങ്കിൽ ആ സമയം അയാളുമായി വലിയ ഒരു വഴ ക്കു കഴിഞ്ഞു പിണങ്ങി കഴിയുകയായിരുന്നു. അച്ഛനോടയാൾ പുച്ഛത്തിലേ സംസാരിക്കൂ. അമ്മയ്ക്ക് അയാളെ വലിയ പേടിയുമായിരുന്നു.

പല സമയങ്ങളും ഞാൻ മക്കളെയും കൊണ്ട് എന്റെ വീ ട്ടിൽ പോയി നിൽക്കും. പക്ഷേ, ആൾ വന്നു കൂട്ടികൊണ്ടു പോ കും. ഞാനില്ലാതെ ആ വീട്ടിൽ ഒരു കാര്യവും നേരെ നടക്കു ന്നില്ല എന്ന് പറഞ്ഞാകും വരിക. മക്കൾക്ക് എന്റെ വീട്ടിൽ നി ന്ന് സ്കൂളിൽ പോകാൻ വലിയ പ്രയാസവും ആയിരുന്നു.

ഭ്രാന്തു പിടിച്ച നിമിഷം

എന്നെ ഭ്രാന്തിയാക്കിയ ആ ദിവസം അയാൾ നല്ലതു പോലെ മദ്യപിച്ച് വലിയ ഹരത്തിലാണ് വീട്ടിൽ വന്നത്. മദ്യത്തോടൊപ്പം ലഹരി കൂട്ടാൻ എന്തോ ഒരു പൊടിയും വായിലിടുന്നുണ്ട്. ഞാൻ പൂജാമുറിയിൽ ഇളകി വീണ ഒരു പടം മതിലിൽ തൂക്കാനായി കയ്യിൽ ആണിയും ചുറ്റികയും ആയി നിൽക്കുകയാണ്. സന്ധ്യവിളക്കു കത്തിച്ചു പ്രാർഥന കഴിഞ്ഞ നേരം.

അയാൾ പുറകിൽ നിന്ന് വന്നു ഒരു പിടി. പിന്നെ, അവിടെ തന്നെ കാര്യം സാധിക്കണം. എന്റെ പ്രതിഷേധങ്ങൾക്കൊന്നും ഒരു വില കൽപിച്ചില്ല. മുറിയിലേക്ക് വരാമെന്നു പറഞ്ഞിട്ടും അയാള്‍ അടങ്ങിയില്ല.

എനിക്കന്നേരം മസ്തിഷ്കത്തിൽ മദം പൊട്ടിയത് പോലൊ രു പ്രതീതിയായിരുന്നു. ഞാൻ കയ്യെത്തി ചുറ്റിക എടുത്തു ആളുടെ തലയിൽ രണ്ടടി കൊടുത്തു. പിന്നെ, കുതറി എണീറ്റ് ചുറ്റിക വീണ്ടും തലയിലേക്ക് എറിഞ്ഞു. വസ്ത്രമൊക്കെ വാരിച്ചുറ്റി കരഞ്ഞു കൊണ്ട് മക്കളുടെയടുത്തേക്ക് ഒാടി. മക്കളും അയല്‍പക്കക്കാരും കൂടി അയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. ചികിത്സയ്ക്കിടെ ഒരു മാസത്തിനു ശേഷം അയാള്‍ മരിച്ചു.

േകസും പുലിവാലുമായതോെട ഞാൻ ഒളിവിൽ പോയി. എന്റെ സഹോദരന്മാരാണ് അതിനു സഹായിച്ചത്. അവർക്കതിനു വലിയ വില കൊടുക്കേണ്ടി വന്നു എന്നറിഞ്ഞപ്പോൾ ഞാൻ സ്വമേധയാ പൊലീസ് സ്റ്റേഷനിൽ പോയി അറസ്റ്റ് വരിച്ചു. കുറ്റം സമ്മതിച്ച ഞാൻ പിന്നെ, അതിൽ നിന്നു പിന്മാറിയില്ല. കോടതിയിൽ എന്നെ രക്ഷിക്കാൻ വക്കീൽ കുറെ ശ്രമിച്ചു, പക്ഷേ, എന്റെ മൊഴി തന്നെ പാളിപ്പോയി.

പത്തു വർഷം എന്നെ വെറും തടവിന് ശിക്ഷിച്ചു. ഏഴു വർഷം ഏഴു ജന്മം പോലെ തോന്നിച്ചെങ്കിലും അതങ്ങു കടന്നു പോയി. ഇനി മൂന്നു വർഷം! മുടങ്ങാതെ പരോളിൽ പോകാറുണ്ട്. മക്കൾക്കും വീട്ടുകാർക്കും എന്നെ വലിയ സ്നേഹമാണ്. ഇവിടെയും എല്ലാവർക്കും അങ്ങനെ തന്നെ.

സംഭവിച്ചതിലൊന്നും എനിക്കു കുറ്റബോധം തോന്നാറില്ല. കുറച്ചു കൂടി നേരത്തെ ഇതു െചയ്തിരുന്നെങ്കില്‍ എന്റെയും അയാള്‍ പീഡിപ്പിച്ച മറ്റു പല സ്ത്രീകളുടെയും കുറേനാളത്തെ യാതന ഒഴിവാക്കാമായിരുന്നല്ലോ എന്നു മാത്രം ഇടയ്ക്കു ചിന്തിക്കും.