ഒരു കുറ്റവും ചെയ്യാതെ മൂന്ന് വർഷത്തിലധികം ജ യിൽ ശിക്ഷ അനുഭവിച്ചവളാണ് ഞാൻ. ക്രൂരയായ ചേച്ചിയുടെ കത്താണ് എന്റെ ജീവിതം തകർത്തത്.
അധ്യാപികയാകണമെന്ന മോഹത്തോടെ ബി.എഡിന് പ ഠിക്കുകയായിരുന്നു ഞാൻ. എന്റെ മാതാപിതാക്കളും അധ്യാ പകരായിരുന്നു. ചേട്ടൻ സ്വന്തമായി മാർജിൻ ഫ്രീ ഷോപ് ടൗണിൽ നടത്തിയിരുന്നു. അവിടെ വന്ന ഒരു പെൺകുട്ടിയെയാണ് ചേട്ടൻ വിവാഹം ചെയ്തത്. കാണാനൊക്കെ കൊള്ളാമായിരുന്നു. പക്ഷേ, ചേട്ടന് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ആ കുട്ടിയുടെ ബോബ് ചെയ്ത മുടിയും വസ്ത്രധാരണവും ഫ്രീ ആയ പെരുമാറ്റവും കണ്ടു ചേട്ടൻ എന്നോട് പറഞ്ഞു, ‘എടീ, നിന്നെ പോലെ ഒതുക്കമുള്ള പെണ്ണായിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ എന്ന്. ചേട്ടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിക്കുമെന്ന് വരെ ആ കുട്ടി പറഞ്ഞു. ഒടുവിൽ ധനികരായ അവരുടെ വീട്ടുകാർ ഞങ്ങളുടെ വീട്ടിൽ വന്ന് ഏറെ നിർബന്ധിച്ചു. അതോടെ അച്ഛനും അമ്മയും ചേട്ടനുമേൽ സമ്മർദം തുടങ്ങി.
കുട്ടിയുടെ പിതാവ് വിദേശത്തു ജോലി ചെയ്തിട്ടുണ്ട്, അവൾ അവിടുത്തെ സ്കൂളിലാണ് പഠിച്ചത്. അതാണ് ഈ ഫാഷൻ ഒക്കെ. കല്യാണം കഴിഞ്ഞാൽ എല്ലാം പറഞ്ഞു ശരിയാക്കാം എന്നൊക്കെ അവർ പറഞ്ഞു. പാവം ചേട്ടൻ, ഒടുവിൽ സമ്മതം മൂളി.
ചേച്ചിയുടെ വാശികൾ
ചേട്ടന്റെ വിവാഹ ജീവിതം ആ ദ്യമൊക്കെ നല്ല സന്തോഷത്തിലായിരുന്നു. പിന്നെ, വീട് മാറി ഒറ്റയ്ക്ക് താമസിക്കണമെന്നു ചേച്ചിക്ക് നിർബന്ധം. അത് ചേട്ടന് തീരെ ഇഷ്ടമായില്ല. പുറത്തേക്കു പോകുമ്പോൾ അച്ഛനമ്മമാരെയോ എന്നെയോ കാറിൽ കയറ്റാൻ പാടില്ല. ചേച്ചിസ്ത്രീധനമായി കൊണ്ടുവന്നതാണെന്നു ദിവസവും പറയും. എല്ലാ ദിവസവും സിനിമയ്ക്കോ ഷോപ്പിങ്ങിനോ ബ്യൂട്ടി പാർലറിലോ പോകണം. അ ടുക്കള പണിയൊന്നും അറിയുകേം ഇല്ല. പഠിക്കാൻ താൽപ ര്യവും ഇല്ല. എന്തിനേറെ പറയണം? ഏതു നേരവും പൊരിഞ്ഞ വഴക്കാണ് ഞങ്ങൾ എല്ലാവരുമായിട്ട്. ചില സമയം മാനസികവിഭ്രാന്തി പോലൊക്കെ കാട്ടും. അപ്പോൾ ‘ഞാൻ ചത്ത് കളയും’ എന്നു ഭീഷണിയും മുഴക്കും.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കുടുംബ ജീവിതത്തിൽ പരസ്പരം പഴി ചാരുക സ്വാഭാവികമാണല്ലോ? ചേട്ടന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആദ്യമായി അവരോട് കയർത്തത്. വിവാഹത്തിന് മുൻപ് ചേച്ചിയെക്കുറിച്ചു അറിയാത്ത പലതും പിന്നീട് അറിഞ്ഞു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച ഒരു പയ്യനുമായി ഒളിച്ചോടിയതാണത്രേ. ഒരു ലോഡ്ജിൽ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. പൊലീസ് കേസൊന്നും ആക്കാതെ പ്രശ്നം ഒതുക്കിത്തീർത്തു. അതിനു ശേഷം ഒരു മനോരോഗ വിദഗ്ധനെ കാണുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ടത്രെ! ഞങ്ങൾ ആകെ ആശയ കുഴപ്പത്തിലായി. ചേട്ടൻ രണ്ടും കൽപിച്ച് വക്കീലിനെ കണ്ടു വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങി. ചേച്ചിയെ അവരുടെ വീട്ടിൽ കൊണ്ടാക്കാൻ ശ്രമിച്ചെങ്കിലും വീടു വിട്ട് പോകാൻ അവർ ഒരുക്കമായിരുന്നില്ല.
ദുരന്തം വന്ന ദിനം
അന്നെനിക്ക് പരീക്ഷയായിരുന്നു. ഒട്ടും പഠിക്കാൻ സമ്മതിക്കാത്ത അന്തരീക്ഷത്തിൽ ഞാൻ അവരോട് ദേഷ്യപ്പെട്ടിരുന്നു, ‘ഒന്ന് സമാധാനം തന്നൂടെ? എനിക്ക് പരീക്ഷയാണെന്ന് അറിഞ്ഞുകൂടേ ?’ എന്ന എന്റെ ചോദ്യത്തിന് പറയാൻ കൊള്ളാത്ത ചീത്തയാണ് എന്നെ വിളിച്ചത്. ഇത് കേട്ട് വന്ന ചേട്ടൻ ചേച്ചിയെ തല്ലി. അവർ നിലവിളിച്ചു കൊണ്ട് അകത്തേക്ക് പോയി. അന്ന് അപ്പൂപ്പന്റെ ആണ്ടു ബലിയായതിനാൽ അച്ഛൻ കാലത്തു തന്നെ ക്ഷേത്രത്തിൽ തർപ്പണത്തിനു പോയിരുന്നു. അമ്മയ്ക്ക് പനിയായതിനാൽ മൂടി പുതച്ചു കിടപ്പായിരുന്നു. ഞാൻ പരീക്ഷ എഴുതാൻ പോയി. ചേട്ടൻ കടയിലേക്കും.
അടുത്ത വീട്ടുകാരാണ് ഉച്ചയോടെ ചേട്ടനെ ഫോൺ ചെയ്തു പറയുന്നത്. ചേട്ടൻ ഓടി വീട്ടിൽ എത്തിയപ്പോഴേക്കും ചേച്ചി പാതി കത്തിക്കരിഞ്ഞിരുന്നു. പകച്ചു പോയ അമ്മ ബക്കറ്റിൽ കുറെ വെള്ളമെടുത്തു ചേച്ചിയുടെ പുറത്തു ഒഴിച്ചു തീ കെടുത്താൻ നോക്കി. അമ്മയ്ക്കും പൊള്ളലേറ്റതോടെ പിന്തിരിയുകയായിരുന്നു. ചികിത്സയിലിരിക്കവേ ചേച്ചി മരിച്ചു. അവർ നാലു മാസം ഗർഭിണിയായിരുന്നു. ഞങ്ങളെ അതറിയിച്ചിരുന്നില്ല. ചേട്ടനും അതറിയാൻ പാടില്ലായിരുന്നുവെന്ന് ആണയിട്ടു പറഞ്ഞു.
ഗ്യാസ് തുറന്ന രീതിയിൽ കിടന്നതാണെന്നും അവരെ കൊല്ലാൻ വേണ്ടി മനഃപൂർവം ചെയ്തതാണെന്നും പറഞ്ഞ് ചേച്ചിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. നിഷ്കളങ്കയായ ചേച്ചിയെ സ്ത്രീധനത്തിനായി ചേട്ടനും അമ്മയും ഞാനും നിത്യേന ഉപദ്രവിക്കാറുണ്ടെന്നും അവൾ പലപ്പോഴായി എഴുതിയ കത്തുകളിൽ പറഞ്ഞിരുന്നുവെന്നും പരാതിയിൽ ഉണ്ടായിരുന്നു. ചേച്ചി എഴുതിയ ഒരു കത്തിൽ, ഞാൻ അവരെ സ്റ്റൗവ് പൊട്ടിത്തെറിപ്പിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുതിയിരുന്നു.
പൊലീസ് പറഞ്ഞത് ഗ്യാസ് കുറ്റിയിൽ എന്റെ വിരലടയാ ളം ഉണ്ടെന്നാണ്. മരിച്ച ചേച്ചിയുടെ വിരൽപ്പാട് ഇല്ലെന്നും. കാലത്തു പരീക്ഷയെന്നു പറഞ്ഞു പോകുന്നതിന് മുൻപ് ഞാ ൻ ഗ്യാസ് തുറന്നിട്ടത്രെ. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അടുക്കളയിൽ കയറില്ല എന്ന് എനിക്കറിയാമായിരുന്നെന്നും പാചകമോ അടുക്കളയോ പരിചയമില്ലാത്ത ചേച്ചി തീപ്പട്ടി ഉരച്ചതും തീ കത്തി ചാകുമെന്ന അറിവോടെ ഞാൻ അത് ചെയ്തതാണെന്നും. എന്നാൽ ആ ദിവസം ഞാൻ അടുക്കളയിൽ കയറിയതേയില്ല എന്ന എന്റെ സത്യം അവർ വിശ്വസിച്ചില്ല.
സ്ത്രീധന പീഡന കുറ്റത്തിന് ഞാനും ചേട്ടനും അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെടുമെന്നോ, മുൻകൂർ ജാമ്യാപേക്ഷ നൽകണമെന്നോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ചേട്ടനേയും എന്നേയും പൊ ലീസ് അറസ്റ്റ് ചെയ്തു. ജാമ്യം നൽകാതെ പിടിച്ചങ്ങു ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ചേച്ചിയുടെ അച്ഛന്റെ കാശിന്റെ ബ ലമാണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ എന്നറിയില്ല, പൊലീസ് ഞങ്ങൾ പറഞ്ഞതൊന്നും കേട്ടില്ല. രണ്ടാഴ്ചയ്ക്കു ശേഷം കോടതി നിയന്ത്രണങ്ങളോടെ ജാമ്യം അനുവദിച്ചു. പക്ഷേ, അതോടെ ജീവിതം ആകെ താറുമാറായി. ചേച്ചി ഒരു തീയിൽ അങ്ങ് തീർന്നു. ഞങ്ങൾ നാലു പേരും പല തീയിൽ നിരന്തരം എരിഞ്ഞു കൊണ്ടേയിരുന്നു. എന്റെ വിവാഹം ഏതാണ്ട് നിശ്ചയിച്ച സ മയത്താണ് ചേച്ചി മരിക്കുന്നതും ഞാൻ അറസ്റ്റിൽ ആകു ന്നതും. പിന്നെ, ആരെങ്കിലും എന്നെ കെട്ടാൻ തയാറാകുമോ?
അമ്മ പിന്നീട് പറഞ്ഞു എന്താണ് സംഭവിച്ചതെന്ന്. അന്ന് ഉച്ചയ്ക്കു 12 മണിക്ക് വിശക്കുന്നു എന്ന് പറഞ്ഞു ബഹളം കൂട്ടാനൊരുങ്ങിയ ചേച്ചിയോട് അമ്മ പറഞ്ഞു. ‘ഞാനിപ്പോൾ എണീറ്റ് വന്നു ഭക്ഷണം ഉണ്ടാക്കിത്തരാം’ എന്ന്. അപ്പോൾ, ‘വേണ്ട. എനിക്കു നിങ്ങൾ വിഷമായിരിക്കും തരുന്നത്’ എന്നു പറഞ്ഞു അടുക്കളയിൽ കയറി എന്തോ കാട്ടിക്കൂട്ടി. ഒന്നും ശരിയാകാതെ വന്നപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് ആരെയൊക്കെയോ ഫോൺ ചെയ്തു. കുറെ കഴിഞ്ഞു വീണ്ടും അടുക്കളയിൽ കയറിയപ്പോഴാണ് തീ ആളിക്കത്തി ചേച്ചിക്ക് പൊള്ളലേറ്റതെന്നുമാണ് അമ്മ പറഞ്ഞത്. അത് തികച്ചും ഒരു അപകടമായിരുന്നു. അതിനെയാണ് പൊലീസ് കൊലപാതകമാക്കിയത്!
ഒരു വർഷത്തോളം ഞങ്ങൾ ജാമ്യത്തിൽ കഴിഞ്ഞു. ഇടയ്ക്ക് അച്ഛൻ സ്ട്രോക് വന്നു കിടപ്പിലായി. പൊള്ളലും മറ്റ് അസുഖങ്ങളുമായി അമ്മയ്ക്കും വയ്യാതെയായി. നിർഭാഗ്യവശാൽ ഒരു മോശം വക്കീലായിരുന്നു കേസ് കോടതിയിൽ വാദിച്ചത്. ജാമ്യം മാത്രം, എന്തോ കാരണം കൊണ്ട് കിട്ടി. പക്ഷേ, ചോദിച്ച കാശ് മുൻകൂർ കൊടുക്കാത്തതു കൊണ്ടാണ് കേസ് ഉഴപ്പിയത് എന്നയാൾ ആരോടോ പിന്നീട് പറഞ്ഞു. ഏതോ ത ലവിധി പോലെ കോടതി എന്നെ അഞ്ചു വർഷവും ചേട്ടനെ ഏഴു വർഷവും ശിക്ഷിച്ചു.
വേറൊരു വക്കീലിനെ വച്ച് അച്ഛൻ ഞങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ അപേക്ഷ നൽകി. കിടപ്പിലായ അച്ഛന് അതൊക്കെ നോക്കി നടത്താൻ പറ്റാതെ അതങ്ങു നീണ്ടു പോയി. എന്റെയൊരു കസിനാണ് ആദ്യമൊക്കെ ആ കേസിനു വേണ്ടി നടന്നത്. പിന്നെ, അയാൾ മടുത്ത് ഇട്ടിട്ടു പോയി. അമ്മ ഇടയ്ക്കിടെ വക്കീലിന് കാശ് നൽകും. ഞാനും ചേട്ടനും കുറ്റവാളികളായി കൊടും ക്രിമിനലുകളോടൊപ്പം ജയിലിൽ കഴിഞ്ഞു. പരോൾ പോയി തിരികെ പോകാറാകുമ്പോൾ അമ്മയുടെ ഒരു കരച്ചിലുണ്ട്. സഹിക്കാനാകില്ലായിരുന്നു. അങ്ങനെ നാലു വർഷമെടുത്തു, അപ്പീലിന്മേൽ വിധി വരാൻ.
വിചിത്രമായ വിധി
ഹൈക്കോടതിയുടെ കണ്ടെത്തൽ വിചിത്രമായിരുന്നു. ചേട്ടൻ കുറ്റം ചെയ്തിട്ടുണ്ട്, പക്ഷേ, ഞാൻ ചെയ്ത കുറ്റത്തിന് അ നുഭവിച്ച ശിക്ഷ മതിയത്രെ! അങ്ങനെ ഞാൻ ജയിൽ മോചിതയായി. ചേട്ടൻ ഇപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നു. ഇതിനിടെ അച്ഛൻ മരിച്ചു. മക്കൾ കളങ്കരഹിതരായി കാണാനായില്ല ആ പാവത്തിന്! അപ്പോഴൊക്കെ ഞാൻ ചേച്ചിയെ ശപിച്ചു. മോക്ഷം കിട്ടാതെ ആ ആത്മാവ് അലയണേയെന്ന്! അതല്ലേ എനിക്ക് പറ്റൂ?
ഇപ്പോൾ തീരെ അവശ നിലയിലായ അമ്മയേയും നോക്കി ഞാൻ കഴിയുന്നു. ഇടയ്ക്കു ചേട്ടന്റെ പഴയ കട തുറന്നു പ്രവർത്തിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി. ഒരാഴ്ചയായിട്ടും ഒറ്റയാളും സാധനം വാങ്ങാൻ വന്നില്ല. അതോടെ ഞാൻ കട വീണ്ടും അടച്ചു പൂട്ടി.
സമൂഹം എന്റെ നെറ്റിയിൽ ചാപ്പ കുത്തി അങ്ങ് തന്നു. ‘കൊലപാതകി’. ഇതിവിടെ മായാതെ കിടക്കുന്നിടത്തോളം എനിക്കും എന്റെ കുടുംബത്തിനും നീറി, നീറി ജീവിക്കാൻ മാത്രമല്ലേ കഴിയൂ?