Tuesday 13 November 2018 03:45 PM IST

ഇനി മരിക്കാനുള്ളത് ഈ ശരീരം മാത്രം

R. Sreelekha IPS

22

ഞാൻ ആരെയും പഴിക്കില്ല. ജീവിതം ഇപ്പോൾ ഇങ്ങനെയായതിന്റെ കാരണം ഞാൻ മാത്രമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏ റ്റവും നിരാശാജനകമായ സ്ഥലത്താണ് ഞാൻ എത്തിപ്പെട്ടിരിക്കുന്നത്. ജയിലില്‍. നാലു വർഷത്തിലേറെയായി കഴിച്ചു കൂട്ടുന്നതും ഇവിടെത്തന്നെ. ശിക്ഷ ഇരട്ടി ജീവ പര്യന്തമാണ്‌. ഇതേവരെ പരോൾ പോലും കിട്ടിയില്ല. ആദ്യമൊക്കെ നിരeശയുടെ കറുത്ത ചുഴിയിൽ പെട്ട് മനസ്സ് പതറി പോയിട്ടുണ്ടെങ്കി ലും ഇപ്പോൾ അതിൽ നിന്നൊക്കെ കര കയറി ദിവസങ്ങൾ ത ള്ളി നീക്കുന്നു.

ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയായി ജനിച്ചു, മാതാപിതാക്കളുടെ അച്ചടക്കത്തിൽ വളർന്നു, തരക്കേടില്ലാതെ പഠിച്ചു. ടീച്ചർമാരുടെ ഉപദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. ഒരിക്കലും വലിയ ആഗ്രഹങ്ങൾ എനിക്കുണ്ടായിട്ടില്ല, അഹങ്കാരമോ, കുറുമ്പോ, വാശിയോ ജീവിതത്തിൽ ഇന്നേവരെ കാട്ടിയിട്ടുമില്ല. ഇഷ്ടമുള്ള പലതും കാണുമ്പോൾ അതെനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന ചെറിയ ആഗ്രഹത്തിനപ്പുറം ഒരിക്കലും അതിനോട് ആർത്തി തോന്നിയിരുന്നില്ല. ഭക്ഷണം പോലും മിതമായി മാത്രമേ ഞാൻ കഴിച്ചുള്ളൂ.

എന്‍ജിനീയറിങ് പഠിനം കഴിഞ്ഞ് ക്യാംപസ് റിക്രൂട്മെന്റിലൂടെ നല്ല സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ലഭിച്ചു. ഇനിയെന്തു വേണം ജീവിത വിജയത്തിന്? അതും ഒരു പെൺകുട്ടിക്ക്? തീർച്ചയായും അടുത്ത പടി കല്യാണമാണ്. വീട്ടുകാർ അതും ഒരുക്കിത്തന്നു. സ്വയം വലിയ സുന്ദരിയാണെന്നോ കേമിയാണെന്നോ ഒരിക്കലും തോന്നാതിരുന്ന എനിക്ക് വീട്ടുകാ ർ നിശ്ചയിക്കുന്ന ഏതു കല്യാണത്തിനും സമ്മതമായിരുന്നു. അങ്ങനെ അവർ തീരുമാനിച്ച ദിവസം അവർ ചൂണ്ടിക്കാട്ടിയ എൻജിനീയർ ആയ പുരുഷന്റെ മുന്നിൽ ഞാൻ തല കുമ്പിട്ട് തൊഴുതു നിന്നു പുടവ വാങ്ങി. വീട്ടുജോലിയും, ഭർതൃ പരിചരണവും എല്ലാം ആർക്കും ഒരു പരാതിയും ഇല്ലാത്തവിധം ന ന്നായി നിർവഹിച്ചു.

ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായി. ആറുമാസത്തെ പ്രസവാവധിക്കു ശേഷം ഞാൻ ജോലിക്കു പോയപ്പോൾ കുഞ്ഞിനെ നോക്കിയത് അമ്മായിയമ്മയാണ്. അങ്ങനെയിരിക്കെ ഓഫിസിൽ പുതുതായി ഒരാൾ ജോലിക്കെത്തി. നിർ ഭാഗ്യവശാൽ അയാളെ ജോലി പരിശീലിപ്പിക്കേണ്ട ചുമതല എ നിക്കായി. ആൾക്ക് എന്നെക്കാൾ പ്രായമുണ്ടെങ്കിലും ഓഫിസിലെ പണി ഒന്നും അറിയില്ലായിരുന്നു. അയാളാണ് എന്‍റെ ജീവിതം ഈ വിധം നരകതുല്യമാക്കിയത്. അവൻ നൽകിയ ഗുരുദക്ഷിണയാണ് ഈ ജയിൽ വാസം!

പിന്‍തുടര്‍ന്നു വന്ന ശല്യങ്ങള്‍

പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളെക്കാൾ അ വന്‍റെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് എന്നിലാണ്. എണ്ണയിട്ട മുടി ചീകി ഒതുക്കി, മുഖം കുനിച്ചു നടക്കുന്ന, അധികം സുഹൃത്തുക്കൾ ഇല്ലാത്ത, എനിക്ക് അതൊരുതരം മരവിപ്പാണ് ഉണ്ടാക്കിയത്. വാക്കു കൊണ്ടോ, നോക്കു കൊണ്ടോ അവനെ ഞാൻ പ്രലോഭിപ്പിച്ചിട്ടില്ല. എന്നിട്ടും കല്യാണം കഴിഞ്ഞ, കുഞ്ഞുള്ള എന്നോട് പ്രണയമാണെന്ന് അവന്‍ പറഞ്ഞു. അതും പരിചയപ്പെട്ടു മൂന്നു മാസത്തിനകം!

ജോലിയെക്കുറിച്ചു യാതൊരു വിവരവുമില്ല, പഠിക്കണമെന്ന ആഗ്രഹം ഇല്ല, പറയുന്നതൊന്നും തലയിലും കയറില്ല. എന്നിട്ടും ഞാൻ അയാളോട് ആവശ്യത്തിൽ കൂടുതൽ ക്ഷമ കാട്ടി. ഓഫിസിൽ ജോലി കഴിഞ്ഞും വളരെ നേരം അയാളോടൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അത് കാരണമാണോ അയാൾക്കെന്നോട് പ്രണയം തോന്നിയത് എന്നറിയില്ല.

എന്‍റെ സംസാരത്തെക്കുറിച്ചും കണ്ണുകളുടെ തിളക്കത്തെ കുറിച്ചും ഒക്കെ ഇടയ്ക്കു വാ തോരാതെ സംസാരിച്ചു. പിന്നീടൊരിക്കല്‍ എന്റെ ശരീരത്തിന് എന്തോ മാസ്മരഗന്ധമുണ്ടെന്നു പറഞ്ഞു. അപ്പോഴൊക്കെ ഞാൻ അവനെ തടഞ്ഞു, ഇങ്ങനെ എന്നോട് സംസാരിക്കരുതെന്നു കര്‍ശനമായി പറഞ്ഞു. ഒരോ തവണയും അവൻ മാപ്പു പറയുകയും ചെയ്തിരുന്നു.

അഞ്ചു മാസത്തിനു ശേഷം അവനു സ്വതന്ത്ര ചുമതല ലഭിച്ചു. ഇനി അവന്റെ ശല്യം ഉണ്ടാകില്ല എന്നു ഞാന്‍ സമാധാനിച്ചു. പക്ഷേ, അവൻ പിന്നീടും പ്രണയവും കൊണ്ടെന്റെ പിന്നാലെ നടന്നു. ഫോണിൽ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കും. അ ങ്ങനൊന്നും ചെയ്യരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല. ‘തനിക്കെന്തിന്റെ അസുഖമാണെടോ? വീട്ടിൽ പെണ്ണും കുട്ടികളും ഒക്കെയുള്ളയാളല്ലേ?’ എന്നു ചോദിച്ചാൽ ‘ഇതൊരസുഖമല്ല, നല്ല സുഖമാണ്. കൂടാതെ എന്റെ ഭാര്യയെക്കാൾ എനിക്ക് പ്രണയം തന്നോടാണ്’ എന്ന മറുപടിയാണവൻ എന്നെ ഞെട്ടിച്ചുകൊണ്ട് പറയുക.

മേധാവിയോട് പരാതിപ്പെട്ടാലോ എന്ന് പല പ്രാവശ്യം ചിന്തിച്ചു. പക്ഷേ, അവന്റെ ജോലി നഷ്ടമായാലോ? ഓഫിസിൽ എല്ലാവരും അറിഞ്ഞാൽ എന്നെ കുറ്റം പറഞ്ഞാലോ? ഒരു കാ രണവുമില്ലാതെ ഒരുത്തൻ ഏതെങ്കിലും പെണ്ണിന്റെ പുറകെ ന ടക്കുമോ എന്നവർ ചോദിച്ചാലോ ? എന്റെ ഭർത്താവോ വീട്ടുകാരോ അറിഞ്ഞാലോ ? എല്ലാം ശരിയാകും എന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തു. അവനെന്തോ മാനസിക പ്രശ്നം ഉണ്ടാകും. അല്ലെങ്കിൽ കഞ്ചാവിനോ മറ്റോ അടിമയായിരിക്കും. അല്ലെങ്കിൽ ഇങ്ങനെ ഭർതൃമതിയായ സ്ത്രീയുടെ പുറകെ പ്രണയാഭ്യർഥനയുമായി നടക്കുമോ? അവന്റെ ആവശ്യം ശാരീരികം മാത്രം. അത് കിട്ടില്ല എന്ന് കണ്ടാൽ വിട്ടിട്ടു മറ്റാരുടെയെങ്കിലും പിന്നാലെ പൊയ്ക്കോളും എന്നൊക്ക ഞാൻ കരുതി. പക്ഷേ, എനിക്കു തെറ്റി.

അവന്റെ ഭ്രാന്ത് കൂടിക്കൂടി വന്നതേയുള്ളൂ. ഏതോ സോഫ്റ്റ്‌വെയറിലൂടെ ഞാനും അയാളും വിവസ്ത്രരായി നിൽക്കുന്ന ചിത്രം അയാൾ ഉണ്ടാക്കിയെടുത്തെന്നും പരാതി പറ ഞ്ഞാൽ അത് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്നു പറ ഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. അതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല.

ഞാൻ സ്വപ്നേപി പോലും വിചാരിക്കാതെയാണ് അവൻ എന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നു കണ്ടത്. ‘ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ കടുത്ത പ്രണയമാണ്. ഇപ്പോൾ ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരെപ്പോലെയാണ് കഴിയുന്നത്. നിങ്ങൾ വിവാഹബന്ധം ഉടൻ ഒഴിയണം.’ അവൻ അദ്ദേഹത്തോട് പറഞ്ഞു.

സ്വസ്ഥത നശിച്ച നാളുകള്‍

അന്നു മുതൽ എന്റെ എല്ലാ സ്വസ്ഥതയും നശിച്ചു. അവന്റെ ആഗ്രഹം പോലെ എന്നും വീട്ടിൽ വഴക്കായി. അതിനു തെളി വെന്തോ ഫോണിലൂടെ കാട്ടിയെന്നും ഭർത്താവ് തുടർന്നുള്ള വഴക്കിനിടയിൽ പറഞ്ഞു. കുറെ നാൾ ലീവ് എടുത്തു. ലീവ് ഒക്കെ തീർന്നപ്പോൾ കരഞ്ഞു തളർന്ന് ഓഫിസിൽ പോയി. ആ രോടും ഒന്നും പറയാൻ വയ്യാത്ത അവസ്ഥ. ഇത് കുറെനാൾ തുടർന്നപ്പോൾ എനിക്ക് അവന്റെ മുൻപിലും പറയേണ്ടി വന്നു.

‘എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്? എന്തിനാണെന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചത്? എനിക്കൊരു സ്വസ്ഥതയും ഇല്ല. നിനക്ക് സമാധാനമായില്ലേ?’ എന്ന് നിറകണ്ണോടെ ഞാൻ ചോദിച്ചു.

ഒരു ദിവസം ഞാന്‍ ഇല്ലാത്ത സമയത്ത് അവൻ എന്റെ വീട്ടിൽ ചെന്നു. ഭർത്താവിന്റെ സുഹൃത്താണ്, വിദേശത്തു നിന്ന് വന്നതാണ് എന്നൊക്കെ സ്വയം പരിചയപ്പെടുത്തി . അമ്മയെക്കൊണ്ട് എന്‍റെ ഭര്‍ത്താവിനെ ഫോൺ ചെയ്തു വിളിപ്പിച്ചു. പിന്നീടു ഭ്രാന്ത് കയറി അമ്മായിഅമ്മയെയും എന്റെ നാല് വയ സ്സ് മാത്രം പ്രായമായ കുഞ്ഞിനെയും കുത്തി വീഴ്ത്തി ഭർത്താവിനെ കാത്തു നിന്ന് അദ്ദേഹം വന്നയുടൻ ആക്രമിക്കുകയും ചെയ്തു. ഭര്‍ത്താവ് ശക്തനായിരുന്നതു െകാണ്ട് അധികം ചെറുത്തു നിൽക്കാനാകാതെ അവൻ ഓടിക്കളഞ്ഞു. എന്റെ കുഞ്ഞും അമ്മായിയമ്മയും മരിച്ചു. സത്യമായിട്ടും ഇതൊന്നും ഞാൻ അറിഞ്ഞു കൂടിയില്ല, മണിക്കൂറുകൾക്കു ശേഷമാണ് ഞാൻ വീട്ടിലെത്തുന്നതും വിവരം അറിയുന്നതും. അപ്പോഴേക്കും പലരുടെയും ഭാവനയിൽ കാമവെറി പൂണ്ട യക്ഷിയായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.

എന്താണ് പിന്നെ നടന്നതെന്ന് കാര്യമായ ഓർമയില്ല. ഞെട്ടലിലും ഭീതിയിലും മനസ്സും ശരീരവും പാടെ തകർന്നു പോയ എനിക്ക് പ്രതിരോധിക്കാൻ ശേഷിയില്ലാതെ പോയി. അല്ലെങ്കിലും എന്തിനു വേണ്ടി? എന്റെ പൊന്നുമോളില്ലാതെ എനിക്കെന്തു ജീവിതം? എന്നെ സംശയിക്കുന്ന ഭർത്താവിന് എന്നെ വേണ്ട. മരിക്കാനുള്ള അവസരമോ ധൈര്യമോ കിട്ടിയതുമില്ല.

അന്ന് താണ എന്റെ തല പിന്നെ, ഇന്നേവരെ ഉയർത്താൻ പറ്റിയിട്ടില്ല. എനിക്കിനിയും മനസ്സിലാകാത്തത് രണ്ടു കുടുംബങ്ങൾ ശിഥിലമാക്കിയ അവന്റെ മനസ്സാണ്. എന്തിനു വേണ്ടി, ആർക്കു വേണ്ടിയാണ് അവനിതൊക്കെ ചെയ്തത്? ഇത്തരം കുറച്ചു പേര് മതിയല്ലോ സമൂഹത്തിൽ സ്ത്രീകളുടെ സ്വസ്ഥ ജീവിതം പാടെ നശിപ്പിക്കാൻ?

അവനു കൊലക്കയറാണ് ശിക്ഷ കിട്ടിയത്. എനിക്കും ആ ശിക്ഷ തന്നെ മതിയായിരുന്നു. വീട്ടിലും നാട്ടിലും വേണ്ടാ ത്ത ഈ പാപി എന്തിന്, ആർക്കു വേണ്ടി ഇനി ജീവിക്കണം? എന്റെയുള്ളിൽ ഞാൻ അപ്പോഴേ മരിച്ചു കഴിഞ്ഞു. ഇനി ഈ ശരീരം മാത്രമേ മരിക്കാനുള്ളൂ.

മുൻജന്മപാപത്തിലും കർമഫലത്തിലും വിധിയിലും ഒക്കെ ചെറുപ്പം മുതൽ വിശ്വസിക്കുന്ന ഞാൻ അനുഭവിക്കുന്നതൊക്കെ അതിന്റെ ഭവിഷ്യത്താണ് എന്നു കരുതി ഇവിടെയും തികഞ്ഞ അച്ചടക്കത്തോടെയും അനുസരണയോടെയും ജീവിച്ചു പോകുന്നു. അത്ര മാത്രം.