Tuesday 13 November 2018 02:53 PM IST

സത്യം പറഞ്ഞിട്ടും ആരുമെന്താ വിശ്വസിക്കാത്തത്

R. Sreelekha IPS

17

പടച്ചോൻ നമ്മെയൊക്കെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് വിടുമ്പോൾ തന്നെ ഓരോരുത്തരും എങ്ങനെ ആയിത്തീരണം എവിടെയൊക്കെ ചെന്നു പറ്റണം എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ എന്നെപോലെ ഒരു പാവത്തിന് ഈ ജയിലിൽ ഇങ്ങനെ കിടക്കേണ്ടി വരുമായിരുന്നോ? അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല എന്നെനിക്കു പൂർണ വിശ്വാസമുണ്ട്. തെറ്റുകൾ പലതും എന്റെ നേർക്കാണ് പലരും ചെയ്തത്. എന്നിട്ടും അതിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നത് ഞാനും.

നിക്കാഹ് നടക്കുമ്പോൾ എനിക്ക് പത്തൊൻപതു വയസ്സായിരുന്നു കുടുംബത്തിൽ വലിയ സമ്പത്തോ പ്രതാപമോ ഇല്ലാത്തതു കൊണ്ട് നിക്കാഹ് വൈകി എന്നാണു പലരും പറഞ്ഞത്. പക്ഷേ, അതു കഴിഞ്ഞപ്പോൾ കുറേക്കൂടെ വൈകാമായിരുന്നു എന്നാണു എനിക്ക് തോന്നിയത്. എന്റെ പുതിയാപ്പിള നേരത്തെ ഒന്ന് കെട്ടിയ ആളായിരുന്നു. അതിൽ എട്ടു വയസ്സുള്ള ഒരു മോനുണ്ട് എന്നെന്നോട് പറഞ്ഞിരുന്നു. വലിയ പണക്കാരനാണ്, ജീവിതം സുഖകരമായിരിക്കും, എന്നൊക്കെ പറഞ്ഞു എല്ലാവരും മോഹിപ്പിച്ചു. ആളുടെ ചിത്രം കണ്ടപ്പോൾ എനിക്കും ബോധിച്ചു. അങ്ങനെ എന്റെ ജീ വിതം പുതിയ ഒരു അധ്യായത്തിലേക്കു കടന്നു.



ദുരിതത്തിന്റെ തുടക്കം

അദ്ദേഹത്തിന് എന്നോടു സ്നേഹമൊക്കെയുണ്ടായിരുന്നു, പക്ഷേ ആളുടെ ഖൽബില് മൊത്തം മോനായിരുന്നു. അവനെക്കഴിഞ്ഞേയുള്ളു എല്ലാം എന്ന മട്ട്. എന്നാൽ അവനോ, ഒരു നൊസ്സു പിടിച്ച ചെറുക്കൻ. ഒരു നിമിഷം പോലും അടങ്ങിയിരിക്കുകയോ സ്വസ്ഥത തരികയോ ഇല്ല. അടുക്കളയിൽ എപ്പോഴും എന്‍റെ പുറകെയുണ്ടാകും. അടുത്ത കുരുത്തക്കേട് എന്താ കാട്ടേണ്ടത് എന്ന് ചിന്തിച്ചുെകാണ്ട്. പലതും എന്റെ ശരീരത്തിലാണ് പരീക്ഷിക്കുക എന്നു മാത്രം.

ആദ്യമൊക്കെ ഞാൻ കരുതി, പോട്ടെ, കൊച്ചു ചെറുക്കനല്ലേ, പുതിയ ഒരു സ്ത്രീ വന്നു ഉമ്മയാണ് എന്നു പറയുമ്പോൾ ഉണ്ടായ വിഷമത്തിൽ എ ന്നെ ഉപദ്രവിക്കുന്നതാണെന്ന്. അവന്റെ ഏറ്റവും വലിയ വിനോദം വണ്ടി കളിക്കുകയാണ്. സ്വയം ഒരു വണ്ടിയായി അങ്ങനെ ഓടി നടക്കും. പിന്നെ, നല്ല വേഗത്തിൽ ഓടി വന്നു എന്റെ ശരീരത്തിൽ ഒരിടി. ‘കാറ് ആക്‌സിഡന്റ് ആയി’, എന്ന് പറഞ്ഞു അവൻ നിലത്തിരിക്കും. പിന്നെ, വീണ്ടും എണീറ്റ് ഓടും.

ഞാനിത് അവനോടു പല രീതിയിലും പറഞ്ഞു തടയാനും മാറ്റാനും നോക്കി. മറ്റുള്ളവരെ വേദനിപ്പിക്കാൻ പാടില്ല, എനിക്ക് നന്നായി നൊന്തു, ഇനി ഇങ്ങനെ ചെയ്യരുത് എന്നൊക്കെ മയത്തിലും ചിലപ്പോൾ വഴക്കായും പറഞ്ഞു. പക്ഷേ, അവനതു വീണ്ടും തുടർന്നു.

വിശക്കുന്നു എന്നു പറഞ്ഞു പാവത്തെപ്പോലെ വരുമ്പോള്‍, ‘നിനക്കൊന്നും തരില്ല, നീ എന്നെ ഉന്തിയിട്ടതല്ലേ? ദേ, കണ്ടില്ലേ, എന്റെ കയ്യിലെ പാട്?’ എന്നു വഴക്കു പറഞ്ഞാൽ മുഖം കുനിച്ചു നിൽക്കും. ഒരിക്കൽ എന്റെ ശരീരം വേദനിച്ചപ്പോൾ ഞാൻ അവന്റെ ചെവിയിൽ പിടിച്ചു തിരുമ്മി. അതിനെന്റെ കെട്ടിയോൻ എന്നെ പറയാത്ത വഴക്കൊന്നുമില്ല. ഒരു വലിയ കുസൃതിക്കു ശേഷം അവൻ കുറച്ചു നാൾ ശാന്തനായി ഇരിക്കും. പിന്നെ വീണ്ടും തുടങ്ങും.

ഒരിക്കൽ അവൻ സ്റ്റിയറിങ് വീൽ എന്ന് പറഞ്ഞു പിടിച്ചു നടന്നിരുന്ന ഒരു കമ്പി എന്റെ പള്ളയ്ക്ക് തുളഞ്ഞു കയറി മുറിഞ്ഞു. നല്ല വേദനയായിരുന്നു. കെട്ടിയോനോടു പറഞ്ഞപ്പോൾ ചിരിച്ചു തള്ളി. ഒരിക്കൽ അടുക്കളയിൽ പപ്പടം ചുട്ടുകൊണ്ടു നിൽക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ പുറകിൽ വന്നു ഒറ്റത ള്ളു തന്നു. പേടിച്ചു വീണത് തിളച്ച എണ്ണയുടെ മുകളിലേക്കാണ്. അതുപോലെ എത്ര സംഭവങ്ങൾ.

അവൻ സ്കൂളിൽ നിന്നു മടങ്ങി വരേണ്ട സമയമാകുമ്പോള്‍ പേടിച്ച് എന്റെ നെഞ്ച് പടപട മിടിക്കും. അവനെ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിൽ കുറച്ചു ദിവസം ചെന്നാക്കിക്കൂടെ എന്നു പലവട്ടം കെട്ടിയോനോട് കെഞ്ചി ചോദിച്ചു. അത് കേൾക്കുന്നതേ അദ്ദേഹത്തിനു കലിയാണ്. അവനെക്കുറിച്ചു ഞാൻ എന്ത് പറഞ്ഞാലും ആ മുഖം ഇരുളും. പിന്നെ, ഞാൻ അവനിൽ നിന്നു മനഃപൂർവം ഒഴിഞ്ഞു മാറാനും ക്ഷതം പറ്റിയാൽ സഹിക്കാനും ഒക്കെ പഠിച്ചു.



കൂട്ടായി വന്ന കൺമണി

രണ്ടു വർഷം അങ്ങനെ കടന്നു പോയി. എനിക്കൊരു പെൺകുഞ്ഞു ജനിച്ചു. ഗർഭിണി ആയിരിക്കെ പലവട്ടം അവനെന്നെ ഉന്തിയിട്ടിട്ടുണ്ട്. ഗർഭം അലസിപ്പോയതാണോ എന്നു വരെ തോന്നിക്കുന്ന വേദന ഒരിക്കൽ തോന്നിയിട്ടുമുണ്ട്. പ്രസവസമയം ഞാൻ കുറച്ചു നാൾ വീട്ടിൽ പോയി നിന്നു. എന്തൊരു ആശ്വാസമായിരുന്നു.

കെട്ടിയോൻ വന്ന് എന്നെയും മോളെയും കൊണ്ട് പോയപ്പോൾ വല്ലാത്തൊരു ആധി തോന്നിയിരുന്നു, അവൻ കുഞ്ഞിനെയും ഉപദ്രവിക്കുമോ എന്നായിരുന്നു എന്‍റെ പേടി.

പക്ഷേ, അവനു കുഞ്ഞുപെങ്ങളോട് വലിയ സ്‌നേഹമായിരുന്നു. മോളെയും എടുത്തു നിൽക്കുന്ന എന്റെ നേരെ ട്രെയിൻ എന്നു പറഞ്ഞു ചീറി പാഞ്ഞു വരും. ‘റബ്ബേ, ഇടിക്കല്ലേ’ എന്നു ഞാൻ കണ്ണടച്ച് പ്രാർഥിച്ചു നിൽക്കും. എന്നാൽ സഡൻ ബ്രേക്ക് ഇട്ട് അവൻ തിരിച്ചു പോകും. മോളോട് സ്നേഹമുണ്ടല്ലോ എന്നോർത്ത് ഞാൻ സമാധാനിക്കും.

കാലം അങ്ങനെ കടന്നു പോകെ ഒരിക്കൽ ഞാൻ ടെറസ് അടിച്ചു വാരി നിൽക്കുമ്പോൾ അവൻ പടികൾ കയറി വന്നു. ഞാൻ വളരെ സൂക്ഷിച്ചാണ് ചപ്പുചവറുകൾ എല്ലാം അടിച്ചു വാരിയത്. ഒരു കണ്ണ് അവന്റെ മേൽ ഉണ്ടായിരുന്നു. കാരണം അവൻ ഏതു നിമിഷവും എന്തും ചെയ്യാം.

ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അവനവിടെ മൂലയിൽ എ ന്തോ ചെയ്തു കൊണ്ടിരിക്കുന്നു. അരി അടുപ്പത്തിരിക്കുന്ന കാര്യമോർത്ത് െപട്ടെന്നു ഞാന്‍ ഇറങ്ങുകയാണ്. അപ്പോഴതാ, വിമാനം മൂളി വരും പോലെ വേഗത്തിൽ പാഞ്ഞുവരുകയാണ് അവൻ. തൊട്ടു പിന്നിൽ എത്തിയപ്പോൾ ഞാൻ വശത്തേക്ക് ഒതുങ്ങി മാറി. അവൻ ബാലൻസ് തെറ്റി ടെറസിലെ പടികളിലൂടെ നിലത്തേക്ക് വീണു. കണക്കായി പോയി, കാലുളുക്കി കിടക്കട്ടെ ഒരു മാസം, എന്നാണാദ്യം മനസ്സിൽ തോന്നിയത്.



മിണ്ടാന്‍ പോലുമാകാതെ...

ഒരിക്കൽ പോലും ആഗ്രഹിക്കാഞ്ഞതാണ് അവനു സംഭവിച്ചത്. പരുക്ക് പറ്റിയത് കഴുത്തിനായിരുന്നു. നല്ല ഭാരമുള്ളതു കൊണ്ട് എടുത്തു പൊക്കാനും എനിക്കു കഴിഞ്ഞില്ല. കഴുത്തൊടിഞ്ഞുള്ള കിടപ്പ് കണ്ട് ഞാൻ അലറി വിളിച്ചു കരഞ്ഞു. സത്യത്തില്‍ ആ വീഴ്ചയിൽ അവൻ മരിച്ചിരുന്നു.

എന്നെ ഞെട്ടിച്ചു കൊണ്ട് കെട്ടിയോൻ പൊലീസിനോട് പറഞ്ഞു ഞാനവനെ ടെറസിൽ നിന്ന് ഉന്തിയിട്ടെന്ന്. ഉണ്ടായതെല്ലാം എല്ലാവരോടും ഞാൻ വിവരിച്ചു. പക്ഷേ, കലിതുള്ളി നിന്ന അയാൾ ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല. കല്യാണം കഴിഞ്ഞു വന്നപ്പോൾ മുതൽ ഞാൻ അവനെ മർദിക്കാറുണ്ടായിരുന്നു എന്നൊക്കെയാണ് പൊലീസിന് മൊഴി കൊടുത്തത്. അങ്ങനെ ക്രൂരയായ രണ്ടാനമ്മയായി എല്ലാവരും കൂടി എന്നെ ചിത്രീകരിച്ചു.

സ്വത്തുവകകള്‍ പൂർണമായി സ്വന്തമാക്കാന്‍ ഞാൻ കരുതിക്കൂട്ടി ടെറസിൽ നിന്ന് അവനെ ഉന്തിയിട്ടതാണെന്നു കോടതി വിധിയും വന്നു. കാൽ കാശിനു കഴിവില്ലാത്ത എന്റെ വീട്ടുകാർ എനിക്കു വേണ്ടി വക്കീലിനെയൊന്നും വച്ചില്ല. ഞാനും അപ്പോഴേക്കും മാനസികമായി തളർന്നു പോയിരുന്നു. മിണ്ടാൻ പോലുമാകാത്ത അവസ്ഥ. ഒന്നര വയസ്സ് മാത്രമുള്ള മോളെ എന്നോടൊപ്പം ജയിലിൽ വിടാൻ കോടതി ഉത്തരവുണ്ടായില്ല. ഒരു കുട്ടിയെ കൊന്ന സ്ത്രീയേക്കാൾ നന്നായി കുഞ്ഞിനെ സ്നേഹനിധിയായ വാപ്പച്ചി നോക്കി സംരക്ഷിച്ചോളും എന്നാണു കോടതി പറഞ്ഞത്. എന്റെ മോളെയോർത്തു കരഞ്ഞു, കരഞ്ഞു ഞാൻ തളർന്നു.

അവളെ ഇനി ആര് നോക്കും, ആര് പാല് കൊടുക്കും, കരയുന്നുണ്ടാവുമോ, എന്തുകൊണ്ടാണ് എന്നെ ആരും വിശ്വസിക്കാത്തത്, എനിക്കിനി ആരുണ്ട് തുടങ്ങിയ അനേകം ചോദ്യങ്ങൾ എന്നെ മഥിച്ചു. ജയിലിലെത്തിയ ആദ്യ ആഴ്ച തന്നെ എ ന്നെ മാനസിക ചികിത്സയ്ക്കു വിധേയയാക്കി.

വിചാരണ വൈകിയപ്പോൾ കോടതി എന്നെ ജാമ്യത്തിൽ വിട്ടു. അപ്പോഴും ഭർത്താവ് വീട്ടിൽ കയറ്റിയില്ല. ഞാൻ ബാപ്പയുടെ കൂടെ പോയി നിന്നു. ഒന്നര വർഷത്തിന് ശേഷമാണ് എന്നെ ശിക്ഷിക്കുന്നത്. ഇപ്പോൾ ഒൻപതു വർഷമായി തടവിലാണ്. മോൾക്ക് പതിനൊന്നു വയസ്സായി. നിരന്തരമുള്ള പ്രാർഥനയുടെ ഫലമായാകും ഇപ്പോൾ എന്നെ കാണാനും പരോളിൽ കൊണ്ടുപോകാനും കെട്ടിയോൻ വരുന്നുണ്ട്. ആൾക്ക് പ്രായമായി. കഴിഞ്ഞതവണ എന്നോട് മാപ്പു പറഞ്ഞു. വീണ്ടുവിചാരമില്ലാതെ പൊലീസിനും കോടതിക്കും അങ്ങനെ മൊഴി നൽകിയതാണെന്നും ഇത്ര വലിയ ശിക്ഷ എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നും പറഞ്ഞു. ഒരുപാടു സ്നേഹിച്ച മകൻ നഷ്ടപ്പെട്ട വിഷമത്തിൽ തലയ്ക്കു പിരാന്തു കയറിയതാണെന്നെല്ലാം പറയുന്നുണ്ടായിരുന്നു.

പോട്ടെ, സാരമില്ല, എന്റെ തലവിധി ഇതാകും. ഇനി ഒരു വ ർഷം കൂടി കഴിഞ്ഞാൽ എനിക്ക് മോചിതയാകാം. ഇനി ജീവിതത്തിൽ നല്ലതേ ഉണ്ടാകൂ എന്ന വിശ്വാസത്തിലാണ് ഞാനി പ്പോൾ ദിനങ്ങൾ തള്ളി നീക്കുന്നത്.