നമ്മുടെ ജീവിതത്തിൽ നടക്കുന്നതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് എനിക്ക് ഉറപ്പാണ്. എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും എന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ഈ ജയിലിൽ വന്നുപെട്ടതും പലരേയും പോലെ ചുറ്റുപാടുകളുടെ ഒഴുക്കിൽ നിസ്സഹായയായി വീണു പോയതുകൊണ്ടു മാത്രമാണ്.
എന്റെ മാതാപിതാക്കൾക്കു ഞങ്ങൾ മൂന്നു പെൺമക്കളാണ്. ഞാൻ ഇളയവൾ. അമ്മ മലയാളിയും അച്ഛൻ ആന്ധ്ര സ്വദേശിയുമാണ്. ഞങ്ങൾക്ക് ആന്ധ്രയിൽ ഹോട്ടൽ ഉണ്ടായിരുന്നു. അതുകൊണ്ട് വലിയ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലാതെയാണു വളർന്നത്. മൂത്ത ചേച്ചിയുടെ വിവാഹശേഷം അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. മറ്റേതെങ്കിലും സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു പോയതോ സന്യസിക്കാൻ പോയതോ എന്നൊന്നും അറിയില്ല. അതിനുശേഷം അമ്മ ഞങ്ങൾ രണ്ടു പെൺമക്കളുമായി നാട്ടിൽ വന്നു. ഏതൊക്കെയോ ബന്ധുവീടുകളിൽ കുറെ നാൾ മാറി മാറി താമസിച്ചു. അതോടെ എന്റെയും ചേച്ചിയുടെയും പഠനം മുടങ്ങി.
എനിക്ക് പതിനേഴു വയസ്സുള്ളപ്പോൾ അമ്മ തൂങ്ങി മരിച്ചു. പിന്നെ, ആരും ഞങ്ങളെ നോക്കാൻ ഇല്ലാതായി. ചേച്ചിയുടെ ഭർത്താവിനു ഞങ്ങളെ സംരക്ഷിക്കാൻ ഇഷ്ടമില്ല. ബന്ധുക്കൾ ഒന്നൊന്നായി കയ്യൊഴിഞ്ഞു. രണ്ടു പെൺകുട്ടികളെ നോക്കാൻ ആർക്കാണ് താൽപര്യം? ജീവിക്കണമെങ്കിൽ ശരീരം വിൽക്കണം, അല്ലെങ്കിൽ എന്തെങ്കിലും തൊഴിൽ ചെയ്യണം. ഞങ്ങൾ രണ്ടും ചെയ്തു. വയർ നിറയണമല്ലോ?
ജീവിക്കാൻ ചെയ്ത തൊഴിലുകൾ
ലൈംഗിക തൊഴിലാളിയുടെ ജീവിതം പരമദയനീയമാണ്. പുറകിൽ ഒരാണില്ലെങ്കിൽ എല്ലാവരും ചതിക്കും. ഉപയോഗിച്ച ശേഷം കാശിനു പകരം തല്ലു കിട്ടുന്നതു പതിവായപ്പോൾ ഞാനതു നിർത്തി. പകരം ഞാൻ കണ്ടുപിടിച്ച പണിയാണ് മോഷണം.
ട്രെയിനിലും ബസിലും തിരക്കുള്ളപ്പോൾ കടന്നുകൂടി പലരുടെ പഴ്സിൽ നിന്നും ബാഗിൽ നിന്നും ശരീരത്തിൽ നിന്നും ഒക്കെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ തുടങ്ങി. പേടിയില്ലാതെ ചെയ്താൽ നല്ല പണം കിട്ടുന്ന പണിയാണത്. പതിയെ ഞാൻ ഇത്തിരി പേടിക്കാരിയായ ചേച്ചിയെയും ഇതൊക്കെ പഠിപ്പിച്ചു. ഒരിക്കൽ ഞങ്ങളെ പൊലീസ് പിടിച്ചു, തെളിവിന്റെ അഭാവത്തിൽ ശിക്ഷ കിട്ടിയില്ല. അതിനു ശേഷം ഞങ്ങൾ വീട്ടുജോലിക്കു പോയിത്തുടങ്ങി. ശീലിച്ച തൊഴിൽ മോഷണമായതു കൊണ്ട് പറ്റുമ്പോഴൊക്കെ വീടുകളിൽ നിന്നു ചെറുതായി മോഷണം നടത്തും.
ഒരിക്കൽ ഞാൻ ജോലി ചെയ്ത വീട്ടിലെ എല്ലാവരും ക്ഷേത്രദർശനത്തിനായി രണ്ടു ദിവസം പോകുന്നു എന്നറിഞ്ഞു. ഞാൻ വീടിന്റെ ഒരുവശത്തെ ജനലിന്റെ കുറ്റി ഇളക്കിയിട്ടു. ബന്ധുവിന്റെ വിവാഹം പ്രമാണിച്ചു ബാങ്കിൽ നിന്നു കുറെ സ്വർണം അവിടത്തെ സ്ത്രീകൾ എടുത്തതായി എനിക്കറിയാം. അത് ആ വീട്ടിൽ ഉണ്ടെന്ന വിശ്വാസത്തിലാണ് ഞാനും ചേച്ചിയും അന്ന് പാതിരായ്ക്കു ശേഷം ആ വീട്ടിൽ കയറിയത്. എനിക്ക് വണ്ണം കൂടുതലാണ്. ആക്സോ ബ്ലേഡ് കൊണ്ട് ഒരു ജനൽ പാളി മുറിച്ചു മാറ്റി, മെലിഞ്ഞു കൊലുന്നനെയുള്ള ചേച്ചി അതിലൂടെ നുഴഞ്ഞു കയറി അടുക്കള വാതിൽ തുറന്നു. ഞാനും അകത്തു കയറി. പ്രതീക്ഷിച്ച പോലെ കുറെ സ്വർണം കിട്ടി. രൂപയും കിട്ടി. ഉടൻ ഞങ്ങൾ രണ്ടാളും ആ നാട് വിട്ടു മറ്റൊരു ജില്ലയിൽ പോയി.
പുതിയ സ്ഥലത്ത് ചേച്ചി ഒരു വീട്ടിൽ ജോലിക്കായി കയറിപ്പറ്റി. എനിക്ക് ഒരു ഹോട്ടലിൽ തൂപ്പു ജോലി കിട്ടി. അവിടെ ഒരു ഗൂർഖയ്ക്ക് എന്നോട് കൊടും പ്രണയം. ഒരു മാസത്തിനകം ഞങ്ങൾ വിവാഹം കഴിച്ച് കുറെ നാൾ അവനോടൊപ്പം നേപ്പാളിൽ പോയി താമസിച്ചു. അവിടെയും പട്ടിണി തന്നെ. എന്റെ കഥകൾ ഒക്കെ അറിയാവുന്ന അവൻ ഒരിക്കൽ എന്നോടു പറഞ്ഞു:
‘‘നിന്റെ ചേച്ചി ജോലിക്കു നിൽക്കുന്ന വീട്ടിൽ ഒരു കിഴവി മാത്രമല്ലേയുള്ളൂ? അവരുടെ മക്കൾ ഒക്കെ വിദേശത്തല്ലേ? പൂത്ത പണം കാണും അവിടെ. നമുക്കൊന്ന് കയറിയാലോ? കാശ് കിട്ടിയാൽ തിരികെ വരാം.’’ ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ നാട്ടിൽ പോയി ചേച്ചിയുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ചേച്ചി ആ വീട്ടിലെ ഒരു വിശ്വസ്ഥയായി മാറിക്കഴി ഞ്ഞിരുന്നു.‘‘ഇവിടത്തെ അമ്മയ്ക്കെന്നോട് വലിയ സ്നേഹമാണ്. എന്നെ മോളെപ്പോലെയാണ് കാണുന്നത്. ഞാനിതി നു സമ്മതിക്കില്ല.’’ ചേച്ചി കട്ടായം പറഞ്ഞു.
ഞാൻ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു, പക്ഷേ, ആൾക്ക് വലിയ വാശി. ‘‘ഇത് പോലെ സേഫ് ആയ ഒരു സ്ഥലം ഇനി നമുക്ക് കിട്ടില്ല. വാ, ചേച്ചിയോട് ഞാൻ സംസാരിക്കാം.’’ അവൻ എന്നെ കൂട്ടി ഒരു സന്ധ്യ നേരത്ത് ആ വീട്ടിൽ ചെന്നു. ഞങ്ങളെ കണ്ടതും ചേച്ചിക്കു പരിഭ്രമം. ‘‘ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ടു വരരുതെന്ന്? പോ, വേഗം.’’ അവൾ എന്റെ ഭർത്താവു പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളുടെ ഒച്ച ഉയർന്നപ്പോൾ അകത്തുനിന്നു പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു.‘‘ആരാ മോളെ അത്?’’ എന്ന് ചോദിച്ചു. ലേശം പേടിയോടും ബഹുമാനത്തോടും ചേച്ചി പറഞ്ഞു,
‘‘എന്റെ അനിയത്തിയും ഭർത്താവും എന്നെ കാണാൻ വ ന്നതാണമ്മേ. ഞങ്ങൾ പുറത്തുനിന്നു സംസാരിച്ചോളാം.’’
‘‘അയ്യോ, അവരെ അകത്തേക്കു വിളിക്കൂ. എനിക്ക് കാണാമല്ലോ. കയറി വരൂ.’’ ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു.
‘‘വേണ്ട, വേണ്ട, ഇയാൾ അത്ര നല്ലവനല്ല അമ്മേ. അകത്തേക്കു കയറ്റണ്ട.’’ ചേച്ചി ഉറക്കെ പറഞ്ഞു.
എന്റെ ഭർത്താവ് നല്ലതു പോലെ മദ്യം സേവിച്ചാണ് നിൽപ്. ചേച്ചി പറഞ്ഞതു കേട്ട് അയാൾ അവളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു. അതുകണ്ട് ആ സ്ത്രീ ഓടി വന്ന് ‘‘അയ്യോ, അവളെ തല്ലാതെ ചെറുക്കാ...’’ എന്നലറി. അയാൾ അവരെ ആക്രമിച്ചു. ഊരി വീണ അവരുടെ മേൽമുണ്ട് കൊണ്ട് അവരുടെ കഴുത്തിൽ കുരുക്കിട്ടു മുറുക്കി. തടയാൻ പോയ ചേച്ചിയെ ഞാൻ ബലമായി പിടിച്ചുവച്ചു. പ്രായമായ ആ സ്ത്രീ ബോധം കെട്ടു നിലത്തു വീണപ്പോൾ അയാൾ ആ തുണി കൊണ്ട് എന്റെ ചേച്ചിയെയും കഴുത്തു മുറുക്കി വീഴ്ത്തി. ഞാൻ കുറെ തടയാൻ നോക്കി, പക്ഷേ, അപ്പോഴേക്കും അയാൾ ഒരു രാക്ഷസനായി കഴിഞ്ഞിരുന്നു.‘‘ഇവരുടെ ഒച്ച കേൾപ്പിക്കാതിരിക്കാനാണെടീ.’’ അയാൾ എന്നോട് മുറുമുറുത്തു.
ഒന്നു പരിപാലിച്ചിരുന്നെങ്കിൽ
രണ്ടുപേരും വീണപ്പോൾ ഞാൻ വീടിന്റെ വാതിൽ ഉള്ളിൽ നിന്ന് അടച്ചു. അയാൾ ഉള്ളിലേക്കു പോയപ്പോൾ ഞാൻ ചേച്ചിയെ പരിപാലിക്കുകയായിരുന്നു. അവളുടെ കഴുത്തിലെ കുരുക്കു ഊരിമാറ്റി ഞാൻ നെഞ്ചു തടവിക്കൊടുത്തു. അവൾക്കു ശ്വാസം ഉണ്ടെന്നറിഞ്ഞിട്ടേ ഞാൻ ഉള്ളിലേക്കു പോയുള്ളൂ.
ഇപ്പോൾ എനിക്കൊരു വലിയ കുറ്റബോധമുള്ളത്, ഇതുപോലെ ഞാനാ പ്രായമായ സ്ത്രീയെയും ചെയ്തിരുന്നുവെങ്കിൽ അവർ മരിക്കില്ലായിരുന്നു. അവർ ആ ആക്രമണത്തിൽ മരിച്ചു. ഉടനെയല്ല, കുറെ നാൾ ആശുപത്രിയിൽ കിടന്നശേഷം. എങ്കിലും അതൊരു കൊലപാതകമാണല്ലോ?
ആ വീട്ടിൽ നിന്നു കിട്ടിയത് ആ സ്ത്രീ ധരിച്ചിരുന്ന ആഭരണങ്ങൾ മാത്രമായിരുന്നു. അവിടെ വേറൊന്നും ഇല്ലായിരുന്നു. അവരുടെ അലമാരയിൽ കുറെയേറെ പാസ്ബുക്ക്, ഫിക്സഡ് ഡിപ്പോസിറ്റ് രസീത്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ മാത്രം. മൂവായിയിരത്തോളം രൂപയാണ് കാശായി ലഭിച്ചത്.
സംഭവശേഷം ഞങ്ങൾ നേപ്പാളിൽ എത്തിയ ഉടനെ അവിടുത്തെ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു. ബോധം വന്നപ്പോൾ ചേച്ചി പൊലീസിനെ വിളിച്ച് അഡ്രസ് സഹിതം എല്ലാ വിവരവും നൽകിയത്രേ. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ എന്റെ ഭർത്താവ് മുങ്ങി. അവൻ കയ്യിലെ വിലങ്ങോടെയാണ് ട്രെയിനിൽ നിന്നു ചാടിയത്. അവനെ പിന്നെ, ഇതേവരെ കിട്ടിയിട്ടില്ല.
വീട് കയറിയുള്ള ആക്രമണത്തിനും മോഷണത്തിനുമായിരുന്നു കേസ്. പൊലീസ് പിടിക്കുമ്പോൾ ആ സ്ത്രീയുടെ ആഭരണങ്ങൾ എന്റെ ശരീരത്തിലായിരുന്നല്ലോ? അതൊക്കെ ചേച്ചി തിരിച്ചറിഞ്ഞു. വിചാരണയ്ക്കിടെ ചേച്ചി പറഞ്ഞു, ‘‘ഇവൾ അല്ല, ആ നേപ്പാളിയാണ് വീട്ടമ്മയെ കൊന്നത്. ഇവൾ എന്നെ അവനിൽ നിന്നും രക്ഷിച്ചതാണ്.’’ പക്ഷേ, കോടതി എന്നെ ജീവപര്യന്തം ശിക്ഷിച്ചു. അപ്പീലിൽ ശിക്ഷ പത്തു വർഷമായി കുറച്ചു. ഇപ്പോൾ മൂന്നു മാസമായി ഞാൻ ജയിലിലാണ്. ചേച്ചി ഹോം നഴ്സ് ആയി ജോലി ചെയ്യുന്നുണ്ട്. എനിക്ക് പരോളിൽ ഇറങ്ങാൻ ഇഷ്ടമല്ല. പുറത്തിറങ്ങിയാൽ ചേച്ചിയെ കാണണമെന്ന് തോന്നും. അവർ മാത്രമല്ലേയുള്ളൂ എനിക്ക് കാണാൻ പോകാൻ? പിന്നെ, തോന്നും സ്വസ്ഥമായി കഴിയുന്ന അവരെ വെറുതെ ശല്യപ്പെടുത്തരുതെന്ന്.
പത്തുവർഷം ഇവിടെ കഴിഞ്ഞു പോകും. അത് കഴിയുമ്പോൾ എന്താണെന്ന് ചോദിച്ചാൽ... എനിക്കറിയില്ല. ജീവിതത്തിന്റെ ഒഴുക്ക് തന്നെ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. അതനുസരിച്ച് ഞാൻ അങ്ങു പോകും.