ഇരുൾ മൂടിയ ജീവിതമാണെന്റേത്. അഞ്ചു പെൺകുട്ടികളിൽ മൂത്തവളായിരുന്നു. അപ്പനും അമ്മയ്ക്കും കൂലിപ്പണി. കുട്ടിക്കാലം മുതൽ അനിയത്തിമാരെ നോക്കുന്നതായിരുന്നു എന്റെ ജോലി. സ്കൂളിൽ പേരിനുമാത്രം പോകും. പഠിക്കണമെന്നൊന്നും ആരും പറയാറില്ലായിരുന്നെങ്കിലും പുസ്തകങ്ങളോടും അക്ഷരങ്ങളോടും വലിയ ഇഷ്ടമായിരുന്നു. അന്നും ഇന്നും ജീവിതത്തിലെ ഏക ഹരം വായനയാണ്. കുട്ടിക്കവിതകൾ എഴുതുമായിരുന്നു. സ്കൂൾ മാഗസിനിൽ ചില കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരിക്കലും അതിനു പ്രോത്സാഹനം വീട്ടിൽ നിന്ന് കിട്ടിയിട്ടില്ല.
പത്തിൽ പഠിക്കുമ്പോഴാണ് അപ്പൻ കുഴഞ്ഞുവീണു മരിച്ചത്. പിന്നെ സ്കൂളിൽ പോകാനായില്ല. ട്യൂട്ടോറിയലിൽ പഠിച്ച് പരീക്ഷയെഴുതി. പത്താം തരം പാസ്സായി. ഒരു കാടിന്റെ അടുത്തായിരുന്നു ഞങ്ങളുടെ വീട്. കാട്ടിലുള്ള ഒരു ആദിവാസി യുവാവിനെയാണ് ഞാൻ കെട്ടിയത്. അയാൾ എന്നോട് ഒരുനാൾ വന്നു ചോദിച്ചു, ‘എന്നെ കെട്ടാമോ, ഞാൻ സ്നേഹിച്ചു സംരക്ഷിച്ചുകൊള്ളാ’മെന്ന്. അമ്മ സമ്മതിച്ചില്ല, സ്വന്തം മതത്തിലെ പുരുഷനെ മാത്രമേ കെട്ടാവൂ എന്നാണ് അമ്മ ഉപദേശിച്ചത്. വീട്ടിലെ ദുരിതവും പട്ടിണിയും കൊണ്ടു സഹികെട്ട ഞാൻ അയാളോടൊപ്പം ഒരുനാൾ ഇറങ്ങിപ്പോകുകയായിരുന്നു.
അയാൾക്ക് സ്നേഹം ഇത്തിരി കൂടുതലായിരുന്നു. അതുകൊണ്ട് എന്നെ ഒരിടത്തേക്കും വിടില്ല. എന്തെങ്കിലും വായിക്കാമെന്നു കരുതി പുസ്തകങ്ങൾ എടുക്കാൻ ലൈബ്രറിയിൽ പോയാൽ അതിലും സംശയം. ഏതോ പുരുഷനെ കാണാൻ പോയതല്ലേ എന്നു ചോദിക്കും. സംശയരോഗം മൂത്ത് വലിയ വഴക്കാകുമ്പോൾ ഞാനിറങ്ങി എങ്ങോട്ടെങ്കിലും പോകും.
അങ്ങനെ ഒരുദിവസം കൂട്ടുകാരിയുടെ അടുത്ത് പോയി. അന്നവളുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടി പിറ്റേന്ന് കുടിലിൽ തിരികെ എത്തിയപ്പോൾ ഭർത്താവ് കഴുക്കോലിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഗർഭിണിയായിരുന്ന ഞാൻ തളർന്നു പോയി. യാതൊരു ഗത്യന്തരവുമില്ലാതെ തിരികെ അമ്മയുടെയും അനിയത്തിമാരുടെയും അടുത്തേക്കു തന്നെ പോയി. അ വർ എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. ഇതിനിടെ എന്റെ രണ്ടു സഹോദരിമാർ വീടുവിട്ടു പോയിരുന്നു. ഒരാൾ എന്നെപ്പോലെ തന്നെ ഒളിച്ചോടിയതാണ്. മറ്റവളെ വീട്ടുജോലിക്കായി നാട്ടിലുള്ള ഒരു പണക്കാരന്റെ മകളുടെ അന്യസംസ്ഥാനത്തുള്ള വീട്ടിൽ കൊണ്ടുപോയിരുന്നു. എന്റെ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ മരിച്ചു. നല്ല വിഷമം തോന്നിയെങ്കിലും തളർവാതം പിടിപെട്ടു കിടപ്പായ അമ്മയെ ശുശ്രൂഷിക്കുന്ന തിരക്കിൽപെട്ട് വേദനകൾ എല്ലാം മറന്നു. പതിയെ വീട്ടിലെ ഭാരിച്ച ഉത്തരവാദിത്തം മുഴുവൻ എന്റെ തലയിലായി.
ആ തീപ്പൊള്ളൽ നിമിത്തമായി
ഞാൻ പലയിടത്തും ജോലി ചെയ്തു, പക്ഷേ, കാശ് ഒന്നിനും തികയാറില്ലായിരുന്നു. പലരുടെ പക്കൽ നിന്നും രൂപ കുറെ കടമായി വാങ്ങിയാണ് ജീവിച്ചു പോന്നത്. ഒരിക്കൽ ഞാൻ ജോലിക്കു പോയ സമയം അടുക്കളയിൽ പാചകം ചെയ്യാനായി കയറിയ ഇളയ അനിയത്തിക്ക് ഗുരുതരമായി പൊള്ളലേറ്റു. അടുത്ത വീട്ടുകാരാണ് അവളെ ആശുപത്രിയിൽ കൊണ്ടു പോയത്.
അൻപതു ശതമാനം പൊള്ളലേറ്റ അവൾ മൂന്നാഴ്ച ആശുപത്രിയിൽ കിടന്നു. അവളുടെ ചികിത്സയ്ക്കാണ് ഞാൻ അടുത്ത വീട്ടിലെ ഒരു ചേട്ടന്റെ മുന്നിൽ വീണ്ടും കൈ നീട്ടിയത്. ‘‘കുറെ രൂപ തരാനുണ്ടല്ലോ, ഇനിയും കടം ചോദിച്ചാലെങ്ങനെയാ?’’ അയാൾ പറഞ്ഞു. ഞാൻ വിഷമിച്ചു നിന്നു പോയി. വേറെ ആരുമില്ലല്ലോ ഇനി കടം ചോദിക്കാൻ. ‘‘എനിക്ക് വേണ്ടി ഒരു ജോലി ചെയ്യാമെങ്കിൽ നിനക്ക് വേണ്ടത്ര കാശുണ്ടാക്കാം. കടം വാങ്ങിയ തുക തിരികെ തരികയും വേണ്ട.’’ ഞാൻ ഒന്നും ചോദിക്കാതെ സമ്മതിച്ചു. അത്രയ്ക്കാവശ്യമുണ്ടായിരുന്നു രൂപയ്ക്ക്.
ഞാൻ കരുതിയത് അയാളുമായി ശാരീരിക ബന്ധത്തിന് വഴങ്ങണം എന്നാണ് അയാൾ ഉദ്ദേശിച്ചതെന്നായിരുന്നു. എ ന്നാൽ ഒരു ബാഗ് അയാൾ എനിക്കു തന്നിട്ട് പറഞ്ഞു, ‘‘ഇതു തിരുവനന്തപുരത്തു കൊണ്ടു പോകണം. റെയിൽവേ സ്റ്റേഷനിൽ ഒരാൾ വരും. അയാൾക്കു കൊടുത്താൽ മതി. തിരികെ വരുമ്പോൾ അയ്യായിരം രൂപ തരാം.’’ ഞാൻ ശരിക്കും ആശ്വസിക്കുകയായിരുന്നു. എന്തായാലും ശരീരം വിൽക്കണ്ടല്ലോ! യാത്രയ്ക്കുള്ള ടിക്കറ്റും ഭക്ഷണത്തിനുള്ള ഇരുനൂറു രൂപയും അയാൾ തന്നു. ഒരു പ്രശ്നവുമില്ലാതെ ഞാൻ തിരുവനന്തപുരത്തു പോയി വന്നു, പറഞ്ഞ തുകയും വാങ്ങി.
എനിക്കറിയാമായിരുന്നു ആ ബാഗിൽ എന്തോ നിരോധിത വസ്തു ഉണ്ടായിരുന്നു എന്ന്. അല്ലെങ്കിൽ ഇത്രയും കാശ് കിട്ടില്ലല്ലോ? രണ്ടു മൂന്ന് തവണ അങ്ങനെ പോയ ശേഷം അത് കഞ്ചാവാണെന്നു മനസ്സിലായി. ആവശ്യത്തിനുള്ള പണം കിട്ടിക്കഴിഞ്ഞാൽ നിർത്തണം ഈ പണി എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പക്ഷേ പണം ഒരിക്കലും ആർക്കും മതിയാകില്ലല്ലോ? തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെ പല സ്ഥലത്തേക്കും കഞ്ചാവ് കടത്തി. സ്ത്രീകളെ പൊതുവെ സംശയിക്കാറില്ല. അതിനാൽ എന്നെ ചേട്ടൻ കൂടുതൽ ഉപയോഗിച്ചു. ആന്ധ്രയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും പല ലഹരി വസ്തുക്കളും കേരളത്തിലേക്കു കൊണ്ടു വന്നു. ബാഗുകളുടെ വലുപ്പവും എണ്ണവും കൂടി വന്നു. എനിക്കുള്ള രൂപയുടെ വരവും അതോടൊപ്പം കൂടി.
അമ്മയെയും പൊള്ളലേറ്റ അനിയത്തിയെയും നല്ലോണം പരിപാലിച്ചു. അമ്മയ്ക്ക് എണീറ്റ് നടക്കാനാകുന്ന സ്ഥിതിയായി. ഒരു സഹോദരിയെ മാന്യമായി കെട്ടിച്ചു വിട്ടു. തീർച്ചയായും എന്റെ വളർച്ചയിൽ അസൂയപ്പെട്ടവർ ഉണ്ടായിരുന്നിരിക്കണം. കഞ്ചാവ് മാഫിയയിൽ പെട്ട ഒരാൾ തന്നെയാകും പൊലീസിനു വിവരം നൽകിയത്. ലേഡീസ് കംപാർട്മെന്റിൽ ഓരോരുത്തരെയും നോക്കി നടന്ന വനിതാ പൊലീസുകാർ എന്നെ കണ്ടതും തിരിച്ചറിയുകയായിരുന്നു. ഞാൻ യാതൊരു ഭാവവ്യതാസവുമില്ലാതെ ഇരുന്നിട്ടും അവർ എന്നോടു പേര് ചോദിക്കുകയും ബാഗുകളുമായി പിടിച്ചു കൊണ്ടുപോകുകയും ആയിരുന്നു.
തുറന്നു പറഞ്ഞു എന്ന തെറ്റ്
അറസ്റ്റിലായ ഞാൻ എല്ലാ കാര്യവും സത്യസന്ധമായി തന്നെ പൊലീസിനോടു പറഞ്ഞു. എന്നാണ് ഈ പണി തുടങ്ങിയത്, എവിടെയൊക്കെ സാധനം കൊണ്ടു പോയി, എത്ര രൂപ കിട്ടി, ആ കാശിന് എന്തൊക്കെ ചെയ്തു, ആരാണ് എന്നെ ഇതൊക്കെ ചെയ്യിച്ചത്, ഇതിൽ പങ്കാളിയായിട്ടുള്ളവരുടെ പേരുകളും വിശദീകരണങ്ങളും അങ്ങനെ എല്ലാം. ചേട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഞാൻ അറിഞ്ഞു എന്നെ പിടിപ്പിച്ചത് ചേട്ടനെ കുടുക്കാൻ ശത്രു പക്ഷത്തുള്ളവർ ചെയ്തതായിരുന്നു എന്ന്. വിചിത്രമെന്നു പറയട്ടെ, എന്റെ പേരിൽ ഒരു കേസല്ല പൊലീസ് എടുത്തത്, 14 കേസ്! ഞാൻ ഏതാണ്ട് 20 യാത്ര കഞ്ചാവ് ബാഗുമായി നടത്തിയിട്ടുണ്ട്. പക്ഷേ, പോയ പതിനാലു തവണയിലെ കഞ്ചാവ് മാത്രമേ അവർക്ക് പിടിച്ചെടുക്കാനായുള്ളത്രേ.. ഇതൊക്കെ ഞാൻ വിചാരണ സമയത്തു കോടതിയിൽനിന്ന് അറിഞ്ഞ കാര്യങ്ങളാണ്.
ഇതേവരെ ഒൻപതു കേസുകളിൽ എന്നെ ശിക്ഷിച്ചിട്ടുണ്ട്. എല്ലാം കൂടെ 25 വർഷം! ഇനിയും വരാൻ കിടക്കുന്നു ശിക്ഷ പലതും. ഇപ്പോൾ പത്തു വർഷമായി ഈ ഇരുട്ടിൽ പെട്ടിട്ട്. പരോളിൽ ഇറങ്ങാറുണ്ട്. അമ്മ മരിച്ചു. വീട്ടിൽ അനിയത്തിയും കുടുംബവും താമസിക്കുന്നു. ഇവിടെ വന്ന ശേഷം ഞാൻ തുന്നലും കുട ഉണ്ടാക്കലും ആഭരണം ഉണ്ടാക്കലും ഒക്കെ പഠിച്ചു. പാചകം പണ്ടേ അറിയാമെങ്കിലും ഇപ്പോൾ അതിൽ വിദഗ്ധയായി. എപ്പോഴാണാവോ എനിക്ക് ഇവിടെ നിന്നൊരു മോചനം ഉണ്ടാകുക? പുറത്ത്, സമൂഹത്തിലൊരു ജീവിതം ഉണ്ടാകുക? ഇനിയും മൂന്നു പതിറ്റാണ്ടു കൂടി ആയുസ്സുണ്ടാകുമോ? അത് കഴിഞ്ഞാലല്ലേ ജയിൽവാസത്തിന് അവസാനമുണ്ടാകൂ?
ഒരു ഗുണമുണ്ടായി. ജയിൽ ജീവിതം എന്നിൽ ഉറങ്ങി കിടന്ന കഴിവ് വീണ്ടും ഉണർത്തി. അതിന് എനിക്ക് ദൈവത്തോട് ഒത്തിരി നന്ദിയുണ്ട്. ഞാൻ വീണ്ടും വായനയും എഴുത്തും തുടങ്ങി. കവിതകളാണ് അനായാസം എന്റെയുള്ളിൽ വരിക. എഴുതി കഴിഞ്ഞാൽ നല്ല തൃപ്തിയാണ്. വായിക്കുന്നവർ ഒക്കെ പറയും നന്നായിരിക്കുന്നു എന്ന്. പ്രോത്സാഹനവും അംഗീകാരവും കിട്ടാൻ തുടങ്ങി. കഴിഞ്ഞവർഷം 15 കൃതികൾ അടങ്ങിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. വലിയ ആഗ്രഹം പോലെ ദൈവം കൈതൊട്ടനുഗ്രഹിച്ച മലയാളത്തിന്റെ മഹാനടൻ, അത് പ്രകാശനം ചെയ്തു. ആ കൃതിക്ക് ഇപ്പോൾ അ വാർഡും ലഭിച്ചു. പരോളിൽ ഇറങ്ങുമ്പോൾ സാഹിത്യ സദസ്സുകളിൽ പങ്കെടുക്കാറുണ്ട്.
വളരെ നാളത്തെ മറ്റൊരു ആഗ്രഹം കൂടെ ഈയിടെ നടന്നു. കഴിഞ്ഞ പരോളിൽ ചേട്ടനെ പോയി കണ്ടു മാപ്പു പറഞ്ഞു. ഞാൻ കാരണമാണല്ലോ അദ്ദേഹവും ശിക്ഷ അനുഭവിക്കുന്നത്. ഇപ്പോഴും അടുത്ത സെൻട്രൽ ജയിലിൽ ഉണ്ട്. ‘‘നീ വലിയ സാഹിത്യകാരിയായി അല്ലെ?’’ എന്ന് ചോദിച്ചു. പോകാൻ നേരത്തു വിഷമത്തോടെ പറഞ്ഞു, ‘‘ഈ ജീവിതകാലത്തു നിനക്കോ എനിക്കോ ഇനി ജയിൽ മോചനം കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ? നിന്നെ ആ പണി ചെയ്യിച്ചത് എന്റെ വലിയ തെറ്റ്. ഒരു പുരുഷനെ ഏൽപിച്ചാൽ മതിയായിരുന്നു. കുറ്റം
ചെയ്യുന്ന ആണുങ്ങൾ പിടിക്കപ്പെട്ടാൽ ഒരിക്കലും സത്യം പറയില്ല. പക്ഷേ, നീ എല്ലാം വിളിച്ചു പറഞ്ഞു കളഞ്ഞു. എന്റെ മക്കളോട് ഞാൻ ഉപദേശിച്ചിട്ടുണ്ട്, സ്ത്രീകളെ ഒരിക്കലും ജോലിക്കു വിളിക്കരുതെന്ന്.’’
അത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിന്നു.