Monday 12 November 2018 12:16 PM IST

എത്ര പെട്ടെന്നാണ് എന്റെ സ്വർഗം തകർന്നത്

R. Sreelekha IPS

2

ത്ര മനോഹരമായിരുന്നു എന്റെ കുടുംബ ജീവിതം. സ്നേഹനിധിയായ ഭർത്താവ്. മിടുക്കികളായ രണ്ടു പെൺമക്കൾ. അദ്ദേഹത്തിനു ബിസിനസായിരുന്നു. ഞാനൊരു രാജ്ഞിയെപ്പോലെ കൊട്ടാരം പോലുള്ള വീട്ടിൽ, കാറും ഡ്രൈവറും ജോലിക്കാരുമായി ജീവിച്ചു. മക്കൾ കോൺവെന്റിൽ നല്ല മാർക്കോടെ പഠിച്ചു. ഒരു ദിവസം, വളരെ പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു. ഒരു വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. അതു ഞങ്ങൾക്കു താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നു. ഞാൻ മരിച്ചു ജീവിച്ച കുറേനാൾ എനിക്കോർമ പോലും ഇല്ലാതെ കടന്നുപോയി. വീട്, സ്വന്തക്കാരെയും ബന്ധുക്കളെയും കൊണ്ടു നിറഞ്ഞു. സ്നേഹിക്കാനും സഹതപിക്കാനും ഇത്രയേറെ ബന്ധുജനങ്ങൾ എനിക്കുള്ളതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ഞാൻ കരുതി. എന്റെ മക്കൾക്കുവേണ്ടി ഞാൻ ജീവിക്കാൻ തീരുമാനമെടുത്തു.

ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴാണ് മറ്റൊരു ആഘാതം എന്നെ തേടി വന്നത്. അതെപ്പോഴും അങ്ങനെയാണല്ലോ? ഒന്നു വന്നാൽ അതിനു പുറകെയായി കുന്നുപോലെ പ്രതിസന്ധികൾ വരാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഭർത്താവ് കെട്ടിപ്പൊക്കിയ എല്ലാം – വീടും കാറും സ്ഥലവും ബിസിനസും എല്ലാം വൻ കടത്തിനു മീതെയാണ് എന്ന അറിവ് എന്നെ സ്തംഭിപ്പിച്ചു. പതിയെ വീട്ടിൽ കൂടിയ ബന്ധുക്കൾ അവരവരുടെ വീടുകളിലേക്കു പോയി. യുവതിയായ വിധവയെയും രണ്ടു പെൺമക്കളെയും ഏറ്റെടുത്തു സംരക്ഷിക്കാൻ അതേവരെ സ്നേഹിച്ചു കൂടെ നിന്ന ഒരാളും തയാറായില്ല. അതിനു പുറമേ ഗുണ്ടകൾ എന്നു തോന്നിക്കുന്ന ആൾക്കാർ വീട്ടിൽ നിരന്തരം കയറിയിറങ്ങി ഭീഷണികള്‍ മുഴക്കി.

‘എനിക്ക് നിങ്ങളുടെ ഭർത്താവ് അഞ്ചു ലക്ഷം തരാനുണ്ട്. എപ്പോൾ തരും?’

‘ഈ കാർ ഞാൻ കൊണ്ടു പോകുന്നു. എന്റെ പണമിടപാടു സ്ഥാപനത്തിൽ കാശ് തരാനുണ്ട്.’

‘വീട് വിറ്റ് തരാനുള്ള പത്ത് ലക്ഷം ഉടൻ തരണം. അല്ലെങ്കിൽ കോടതി വഴി ഒഴിപ്പിക്കും.’

ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ഏട്ടൻ എ ന്നെ വിവാഹം ചെയ്തത്. എനിക്കൊന്നുമറിയില്ല. എങ്കിലും അലമാരയിലെ എല്ലാ രേഖകളും ബാങ്ക് അക്കൗണ്ടുകളും മറ്റും ഞാൻ സസൂക്ഷ്മം പഠിച്ചു. ശരിയാണ്, കടത്തിൽ മുങ്ങിക്കുളിച്ചു നിന്ന അവസരത്തിലാണ് ഏട്ടൻ ഞങ്ങളെ വിട്ട് പോയത്. അത് ശരിക്കും കാർ അപകടമായിരുന്നോ? അതോ ആത്മഹത്യയോ? ഭഗവാനേ..., പൊലീസ് അത് ആത്മഹത്യയായിരുന്നു എന്നെഴുതിയാൽ പ്രതീക്ഷിച്ചിരിക്കുന്ന മോട്ടോർ വാഹന അപകട ക്ലെയിം പോലും കിട്ടില്ല. ഏതോ ബസ് ഏട്ടൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചു പോയി എന്നാണ് അറിഞ്ഞത്.

എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ ആകുലപ്പെട്ടു. വീട് ബാങ്കിൽ പണയം വെച്ചിരിക്കുന്നതിനാൽ വിൽക്കാനാകില്ല. ഇനി കടം തരാനും ആരും ഇല്ല. സ്വർണാഭരണങ്ങൾ വിൽക്കാമെന്നു വച്ചാൽ കൊടുത്തു തീർക്കാനുള്ള കടത്തിന്റെ പത്തിലൊന്നു പോലും തീരില്ല. എങ്കിലും പട്ടിണി കിടക്കാൻ പറ്റില്ലല്ലോ? പ്ലസ് ടു പഠിച്ച എനിക്ക് ആര് ജോലി തരും? ഒന്നു രണ്ടു മാസം പലയിടത്തായി അന്വേഷിച്ചു. സെയിൽസ് ഗേൾ, റിസപ്ഷനിസ്റ്റ്, ഫോൺ അറ്റൻഡർ, അങ്ങനെ പല ജോലിക്കായി അലഞ്ഞു. മക്കളുടെ സ്കൂൾ ഫീസ് എങ്ങനെ കൊടുക്കും? പതിയെപ്പതിയെ സ്വർണം വിൽക്കാൻ തുടങ്ങി. പിന്നെ പലതും വിറ്റു. അനങ്ങാനാകാതെ തളർന്നു കിടന്ന അമ്മ മാത്രം ചോദിക്കുമ്പോഴൊക്കെ കുറച്ചു കാശ് തന്നു. സഹോദരന്മാർ ‘ഞങ്ങൾക്കു കഴിയാൻ പോലും കാശ് കിട്ടുന്നില്ല, പിന്നെ നിനക്കെങ്ങനെ തരും...?’ എന്നു കള്ളം പറഞ്ഞ് എന്നെ ഒഴിവാക്കി.

പിന്നീടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഒരു ഹോട്ടൽ വ്യവസായി. അയാൾ ദയാലു ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. കൂടാതെ ഏട്ടന്റെ സുഹൃത്തും. എന്നാലയാളും കൈയൊഴിയുന്ന മട്ടിൽ പറഞ്ഞു. ‘മാന്ദ്യമാണ്, നിങ്ങൾക്കു പറ്റിയ ജോലിയൊന്നും ഒഴിവില്ല. അങ്ങനെ സാധാരണ ജോലി ചെയ്യാൻ പറയാൻ പറ്റുകയുമില്ലല്ലോ. നല്ല നിലയിൽ ജീവിച്ചതല്ലേ?’

‘അയ്യോ സാർ, ഞാനെന്തും ചെയ്യും. എന്റെ മക്കൾക്കുവേണ്ടി. അടുക്കളപ്പണിയോ പാത്രം കഴുകലോ തുണി കഴുകലോ എന്തും....’ ഞാൻ കരയുകയായിരുന്നു

‘എന്തും?’ അദ്ദേഹം ചോദിച്ചു. ആ നോട്ടം കണ്ടു ഞാൻ നടുങ്ങി. എങ്കിലും ധൈര്യപൂർവം പറഞ്ഞു. ‘ശരീരം വിൽക്കുന്നതൊഴികെ എന്തും....’

‘പാസ്പോർട്ട് ഉണ്ടോ?’ അടുത്ത ചോദ്യം. ഞാൻ ഉവ്വെന്ന് മറുപടി പറഞ്ഞു. വിദേശത്തു പോയിട്ടില്ലെങ്കിലും അത് ഏട്ടൻ എടുപ്പിച്ചു തന്നിരുന്നു.

‘എന്നാലൊരു ജോലിയുണ്ട്. അടുത്തയാഴ്ച ദുബായിൽ പോകണം. അവിടെ ചെന്നാൽ ജോലി എന്തെന്നു പറഞ്ഞു തരും.’ അയാൾ പറഞ്ഞു.

ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദുബായിൽ ജോലി! നല്ല ശമ്പളം കിട്ടും. എന്റെ മക്കൾ ഭാഗ്യവതികളാണ്.

അങ്ങനെ പോകാനായി തയാറായി. മക്കളെ നോക്കാൻ അകന്ന ബന്ധുവിനെ വീട്ടിൽ നിർത്തി. എയർപോർട്ടിൽ എത്തവേ ഡ്രൈവർ പറഞ്ഞു. ‘ബാഗിൽ രണ്ടു മൂന്നു അച്ചാർ കുപ്പി കൂടെ വയ്ക്കണം. ചെക്ക് ഇൻ ബാഗിൽ വെച്ചാൽ മതി. അവിടെ മുതലാളിയുടെ ബന്ധുവിനു െകാടുക്കാനുള്ളതാണ്. അയാള്‍ വന്നു വാങ്ങും.’ ഞാനതുപോലെ ചെയ്തു. സാമാന്യം വലിയ മൂന്നു കുപ്പികളായിരുന്നു. അതിനാൽ എന്റെ കുറേ വസ്ത്രങ്ങൾ ബാഗിൽ നിന്നു മാറ്റേണ്ടി വന്നു.

ദുബായിൽ എത്തിയപ്പോൾ തന്നെ എന്നെ സ്വീകരിക്കാൻ വന്നയാൾ ബാഗിൽ നിന്നു കുപ്പികൾ എടുത്തു. പിന്നെ, എന്നെ ഒരു ചെറിയ ഫ്ലാറ്റിൽ‍ കൊണ്ടാക്കി. ആഹാരമുണ്ടാക്കിത്തരാന്‍ ഒരു സ്ത്രീയും അവിടെ ഉണ്ടായിരുന്നു. ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്നു പറഞ്ഞ് ഒരു നമ്പര്‍ തന്ന ശേഷമാണ് അയാൾ മടങ്ങിയത്. നാലഞ്ചു ദിവസം ഞാനവിടെ ഒന്നും ചെയ്യാതെ നിന്നു. പലവട്ടം ഫോൺ ചെയ്തിട്ടും അയാൾ ഫോണെടുത്തില്ല.

ഞാൻ ഹോട്ടൽ മുതലാളിയെ നാട്ടിലെ നമ്പരിൽ വിളിച്ചു. അതും പുറത്തെ ഒരു ഫോൺ ഉപയോഗിച്ച്.

‘‘അവിെട ഉദ്ദേശിച്ച േജാലി ശരിയായില്ല. ഒന്നു നാട്ടിൽ വന്നിട്ടു പോകാം. അപ്പോഴേക്കും ശരിയാക്കാം.’ അയാൾ പറ‍ഞ്ഞു. അൽപം അമ്പരപ്പ് തോന്നിയെങ്കിലും ഞാൻ നാട്ടി ൽ തിരികെയെത്തി. രണ്ടു മൂന്നു ദിവസത്തിനകം വീണ്ടും എന്നോട് പോകാൻ പറഞ്ഞ് ടിക്കറ്റ് തന്നു. അന്നേരവും മൂന്നു കുപ്പി അച്ചാർ‍ എന്റെ പെട്ടിയിൽ വയ്ക്കാൻ തന്നിരുന്നു.

ആ യാത്രയിലാണ് ഇടിത്തീപോലെ ആ സത്യം ഞാൻ മനസ്സിലാക്കിയത്. എന്‍റെ െെകയില്‍ തന്നു വിടുന്നത് അച്ചാറല്ല. എന്തോ മയക്കുമരുന്നാണ്. എന്നെ മയക്കുമരുന്നു കടത്താൻ ഉപയോഗിക്കുകയാണ്. പിന്നീടു തിരിച്ചെത്തിക്കഴിഞ്ഞ്, ഞാൻ മുതലാളിയെ ചെന്നു കണ്ട് ‘എനിക്കിനി ഇതു വ യ്യ’ എന്നു തീർത്തു പറഞ്ഞു.

അദ്ദേഹം സമാധാനിപ്പിച്ചു. ‘നീ പിടിക്കപ്പെടില്ല. ഒന്നാമത് ഒരു സ്ത്രീ. പിന്നെ ഈ കുപ്പി തുറന്നാല്‍ നിറയെ അച്ചാര്‍ തന്നെയാണ്. അതിന്റെ ഇടയിൽ ഒളിച്ചു വച്ച നിലയിലാണ് ഹെറോയിൻ. ആര്‍ക്കും സംശയം തോന്നില്ല. നല്ല കാശ് ഞാൻ തരാം. ഓരോ വട്ടം പോയി വരുമ്പോഴും ഒരു ലക്ഷം രൂപ. എന്താ, കടം ഒക്കെ തീർക്കണ്ടേ?’ മുതലാളിയുടെ ആ വാക്കുകളില്‍ ഞാൻ വീണു.

നാലഞ്ച് പ്രാവശ്യം കൂടി അതു തുടര്‍ന്നു. പക്ഷേ, അടുത്ത യാത്രയില്‍ ഞാൻ കസ്റ്റംസ് പിടിയിലായി. പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഹൈക്കോടതിയിൽ അ പ്പീൽ നൽകിയിട്ടുണ്ട്. പത്തു വർഷമാണ് എന്നെ ശിക്ഷിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ഇതു െചയ്യിപ്പിച്ചവരെക്കുറിച്ചു പറഞ്ഞാൽ ചെറിയ ശിക്ഷയേ കിട്ടൂ എന്നു പൊലീസ് പറഞ്ഞു. മുതലാളിയുടെ പേര് പറയാൻ ഒരുപാടു നിർബന്ധിച്ചു.

പക്ഷേ, അതു മാത്രം ഞാൻ പറയില്ല. കാരണം അയാളാണ് ഇപ്പോൾ എന്റെ മക്കളെ സംരക്ഷിക്കുന്നത്. എനിക്കുവേണ്ടി കേസ് നടത്തുന്നതും അയാളാണ്. ഞാൻ ആറു വർഷം ഈ ജയിലിനുള്ളിൽ ചെലവഴിച്ചു. എന്റെ മൂത്ത മകൾ നിയമവിദ്യാർഥിയാണ്. ഇളയവൾ പതിനൊന്നിൽ. ഓരോ പ്രാവശ്യവും ഞാൻ പരോളിൽ ഇറങ്ങുമ്പോഴും ഞങ്ങൾ പഴയതുപോലെ സ്നേഹിച്ചും ആഹ്ലാദിച്ചും ദിനങ്ങൾ തള്ളി നീക്കും. ജീവിച്ചിരിക്കാൻ ഇന്ന് എന്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. എന്റെ മക്കൾ. അവരുടെ പഠനം പൂർത്തിയാക്കണം. നല്ല പുരുഷന്മാരെക്കൊണ്ടു വിവാഹം ചെയ്യിക്കണം. നല്ല നിലയിൽ അവർ ജീവിക്കണം. എനിക്കതു മാത്രം മതി.