Saturday 18 May 2019 03:36 PM IST : By R. Sreelekha IPS

‘കള്ളനും കൊലപാതകിയും ആണെങ്കിലും ഇനിയും അയാൾക്കൊപ്പം ജീവിക്കണം..!’

Sreelekha-IPS--April-1-2019

കുട്ടിക്കാലം മുതലേ ചോര കണ്ടാണ് വളർന്നത്. അച്ഛന് ആട്കച്ചവടമായിരുന്നു. കൂട്ടമായി ആടുകളെയും ചിലപ്പോൾ ചെറിയ മാടുകളെയും കൊണ്ട് വന്ന് വീട്ടിന്റെ പുറകിൽ ഇട്ട് അറക്കും. അവറ്റകളുടെ അലർച്ച കേട്ടും ചോര കണ്ടും അറപ്പു മാറിയവളാണ് ഞാൻ. കൊന്നിട്ട ആടുമാടുകളെ വൃത്തിയാക്കാൻ ആങ്ങളമാരുടെ കൂടെ ഞാനും കൂടാറുണ്ട്. എനിക്ക് പത്തു വയസ്സായപ്പോൾ എന്തിനോ അരിശം മൂത്ത് അച്ഛൻ എന്റെ അമ്മയെ കുത്തിക്കൊന്നു. അത് ഞാൻ നേരിൽ കണ്ടു. പിന്നെ, ഞങ്ങൾ അച്ഛനെ കണ്ടിട്ടില്ല.

തുടർന്നുള്ള ജീവിതം ഞങ്ങൾ അനാഥാലയത്തിലാണു ചെലവിട്ടത്. ആങ്ങളമാർ ഒരിടത്തും ഞാൻ മാത്രം വേറൊരിടത്തും. പഠിത്തമൊക്കെ കഴിഞ്ഞു അകന്ന സ്വന്തത്തിലുള്ള ഒരു മാമൻ എന്നെ വന്നു കൂട്ടികൊണ്ടു പോയി. കുറെ നാളുകൾക്കു ശേഷം ഏറെ പ്രായമുള്ള ഒരാളുമായി എന്റെ കല്യാണം നടത്തി. അതയാളുടെ മൂന്നാം കെട്ടായിരുന്നു. ആ ബന്ധത്തിൽ രണ്ടു കൊച്ചുങ്ങൾ ഉണ്ടായി. പക്ഷേ, അയാൾക്ക് എന്നോട് തീരെ സ്നേഹം ഇല്ലായിരുന്നു. അതുകൊണ്ടു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഞാൻ എന്നെ സ്നേഹിച്ച വേറൊരുത്തന്റെ കൂടെ പോയി. ഞങ്ങൾ നിയമപരമായി കല്യാണം കഴിച്ചില്ല. അവൻ ഒരു കള്ളനാണെന്ന് അറിയാമെങ്കിലും എനിക്കവനെ അത്ര ഇഷ്ടമായതു കൊണ്ട് ഉപേക്ഷിക്കാനായില്ല.

അയാൾ പഠിപ്പിച്ച പുതിയ തൊഴിൽ

അയാൾ എന്നെ ഒരു പുതിയ തൊഴിൽ പഠിപ്പിച്ചു. അടുത്ത ബന്ധുക്കളാരും ഇല്ലാത്ത, എന്നാൽ സാമാന്യം സ്വർണ പ ണ്ടങ്ങൾ ധരിച്ചു നടക്കാറുള്ള സ്ത്രീകളെ അയാൾ കണ്ടുവയ്ക്കും.  ഞാൻ അവരുമായി എങ്ങനെയെങ്കിലും കൂട്ടാകും. കുറച്ചുനാൾ കാണുമ്പോൾ എന്റെ ചിരിക്കു മറുചിരി കിട്ടിയാൽ വിജയിച്ചു. പിന്നെ അടുക്കാൻ ഒരു പ്രയാസവുമില്ല.

ചിലപ്പോൾ മാസങ്ങൾ, അല്ലെങ്കിൽ ഒരു വർഷം. ആ സമയത്തിനുള്ളിൽ ഞാൻ അവരെ എന്റെയാൾ പറയുന്ന ഇടത്തു കൊണ്ടെത്തിക്കും. ബാക്കി അയാൾ ചെയ്‌തോളും. ഇടയ്ക്ക് കൊലപാതകവും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സാധനങ്ങൾ കവർന്നെടുത്തിട്ടു ഭീഷണിപ്പെടുത്തി വിട്ടയയ്ക്കും. പിന്നെ, സ്ഥലം വിട്ടു പോയി വേറെ സ്ഥലത്തു താമസം തുടങ്ങേണ്ടി വരും. ഞാൻ ഗർഭിണിയായതോടെ സ്ഥലം  മാറുന്നത് പ്രയാസമായി. അപ്പോഴേക്കും അയാൾ അവിടെത്തന്നെ മൂന്നാലു സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. നിറവയറുമായി ചെല്ലുമ്പോൾ എന്റെ പണി കൂടുതൽ എളുപ്പമായി. ഈ അവസ്ഥയിൽ നമ്മൾ പറയുന്നതെന്തും ആളുകൾ വിശ്വസിക്കും.  

എന്റെ അറിവിൽ മൂന്നു പൊലീസ് കേസ് മാത്രമേ എനിക്കെതിരെയുള്ളൂ. അതിൽ ഒന്നിലാണ് ഞാൻ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. കൊലപാതകത്തിനു കൂട്ടുനിന്ന കുറ്റത്തിന് ഏഴു വർഷം തടവാണു ശിക്ഷ കിട്ടിയിരിക്കുന്നത്. അയാളും ജയിലിൽ ഉണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു.

ഈ കേസിലെ സ്ത്രീക്ക് അൻപതിനടുത്തേ പ്രായം ഉണ്ടായിരുന്നുള്ളൂ. എന്നും കാലത്ത് അമ്പലത്തിൽ പോകാറുണ്ടായിരുന്നു. എനിക്ക് നല്ല കുറേ സെറ്റ് മുണ്ടും പൂശിയ ആഭരങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങി തന്ന് അയാൾ പറഞ്ഞു. നല്ല സുന്ദരിയായി വേണം എപ്പോഴും നടക്കാൻ എന്ന്  ചന്ദനക്കുറി, കുങ്കുമക്കുറി ഒക്കെ നെറ്റിയിൽ വലിയ പൊട്ടിനോടൊപ്പം ഇടാൻ പഠിച്ചു. എന്നിട്ട് ഞാനും അമ്പലത്തിൽ പോയി ത്തുടങ്ങി.  

അവരുമായി പരിചയപ്പെടാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്ന് കാലിടറിയ പോലെ ‘അയ്യോ’, എന്നൊരു വിളിയുമായി വീഴേണ്ടിയേ വന്നുള്ളൂ. അവർ ഓടി വന്നു പിടിച്ചെഴുന്നേൽപിച്ചു. എന്റെ കൈമുട്ടിനു മുറിവേറ്റിരുന്നു. മറ്റു കുറെ ആൾക്കാരും എന്നെ സഹായിക്കാൻ വന്നെങ്കിലും ഞാൻ അവരോടു മാത്രം നിറകണ്ണോടെ നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ രണ്ടു ദിവസത്തിനു ശേഷമാണ് ഞാൻ വീണ്ടും അമ്പലത്തിൽ പോയത്. അന്ന് അവർ തിരക്കി ‘‘എങ്ങനെയുണ്ട്? കുഴപ്പമൊന്നും ഇല്ലല്ലോ?’’

‘‘ഇല്ല, ചേച്ചി. സ്കാൻ ചെയ്തു. കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല. എനിക്ക് നല്ല നടുവേദനയുണ്ട്. എല്ലൊന്നും ഒടിയാത്തതു ഭാഗ്യം. ചേച്ചിയോട് വലിയ നന്ദിയുണ്ട്, കേട്ടോ.’’ അങ്ങനെ തുടങ്ങി. എന്നെക്കുറിച്ചു പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾ ഞാൻ പറഞ്ഞു. അവരെ വിശ്വസിപ്പിക്കാനായി ഞാൻ ആ അമ്പലത്തിൽ വലിയ വഴിപാടുകൾ ചെയ്തു. ഒരിക്കൽ അവരുടെ പേരിലും പുഷ്‌പാർച്ചന നടത്തി. ‘‘എന്നോട് വലിയ സ്നേഹമായിരുന്നു എന്റെ മൂത്ത ചേച്ചിക്ക്. മൂന്നു വർഷം മുൻപ് കാൻസർ വന്നു മരിച്ചു. ചേച്ചിയെ ആദ്യം കണ്ടപ്പോഴേ എനിക്ക് എന്റെ ചേച്ചിയുടെ ഛായ തോന്നി.’’ എന്നൊക്കെ ഞാൻ അവരോടു പറഞ്ഞു. ഒന്ന് രണ്ടാഴ്ചക്കു ശേഷം ഞാൻ ചോദിച്ചു, ‘‘ചേച്ചീ, എന്നോടൊപ്പം നാളെ ആശുപത്രിയിൽ വരാമോ? നാളെയാണ് ഡോക്ടറെ കാണേണ്ട ഡേറ്റ്. ഭർത്താവ് ടൂറിലാണ്. എനിക്കൽപം ബി.പി കൂടുതലാണ്. ആരെങ്കിലും കൂടെയുണ്ടെങ്കിൽ ഒരു സമാധാനമാണ്. ബുദ്ധിമുട്ടാണെങ്കിൽ വേണ്ട, കേട്ടോ.’’ അവർ ഉടൻ തന്നെ സമ്മതിച്ചു.

അങ്ങനെ എന്റെയാൾ കാറിന്റെ ഡ്രൈവർ ആയി. അവർ കാത്തുനിൽക്കാം എന്ന് പറഞ്ഞ സ്ഥലത്തു നിന്നും അവരെയും കയറ്റി ഞങ്ങൾ ആശുപത്രിയിലേക്ക് എന്ന മട്ടിൽ യാത്ര തിരിച്ചു. ഞാൻ അവരോടു നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു, വഴി ശ്രദ്ധിക്കാതെയിരിക്കാൻ. ഇടയ്ക്ക് അവർ ഏതാണ് ആശുപത്രി, വളരെ ദൂരെയാണോ, എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഒഴിഞ്ഞു കിടന്ന ഒരു വർക്‌ഷോപ്പിന്റെ ഉള്ളിലേക്ക് കാർ ഓടിച്ചു കയറ്റിയതും ഞാൻ ബാഗിൽ നിന്ന് സ്പ്രേ എടുത്തു എന്റെ വായും മൂക്കും കർചീഫ് കൊണ്ട് പൊതിഞ്ഞ ശേഷം അവരുടെ  മുഖത്തേക്കടിച്ചു. ഇതായിരുന്നു പതിവ്. അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ, കുറച്ചു സമയത്തിനു ശേഷം അവരുടെ ബോധം പോയി. എന്റെയാൾ വണ്ടി ഓടിച്ചു ഒരു ഷെഡിൽ കയറ്റി ഷട്ടർ താഴ്ത്തി.

ഞങ്ങൾ ചെയ്ത കൊടുംക്രൂരത

അവരെ വലിച്ചിറക്കി അവർ ധരിച്ചിരുന്ന സ്വർണം എല്ലാം ഊരി മാറ്റി. അവരുടെ ഹാൻഡ്ബാഗിൽ നിന്ന് ഡെബിറ്റ് കാർഡും അത് സൂക്ഷിച്ചിരുന്ന പൗച്ചിൽ നിന്ന് ഒരു നാലക്ക പാസ് വേഡും ഞാൻ കരസ്ഥമാക്കി.

അപ്പോഴേക്കും  അയാൾ ആ സ്ത്രീയെ കൊന്നുകഴിഞ്ഞിരുന്നു. പിന്നെ, ശരീരം നേരത്തേ കരുതിയിരുന്ന പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു ഷെഡിന്റെ ഒരു മൂലയിൽ തന്നെയിട്ടു. ‘‘മാസങ്ങളായി അടച്ചിട്ടിരിക്കുന്ന വർക്‌ ഷോപ്പാണിത്. ഇതിന്റെ വാതിൽ ഇന്നലെ രാത്രിയാണ് ഞാൻ പൊട്ടിച്ചിട്ടത്. ഇവരുടെ ശരീരം ആൾക്കാർ കാണുമ്പോഴേക്ക് ദ്രവിച്ചു പോയിട്ടുണ്ടാകും.’’ അയാൾ പറഞ്ഞു. ഞങ്ങൾ നേരെ എറ്റിഎമ്മിൽ പോയി അവരുടെ അക്കൗണ്ടിൽ നിന്ന് എടുക്കാവുന്ന പരമാവധി തുക പിൻവലിച്ചു.

പൂർണ ഗർഭിണിയായ ഞാൻ പ്രസവത്തിനായി സർക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. അവർക്കു സർക്കാർ ഉദ്യോഗസ്ഥനായുള്ള ഒരു മകൻ ഉണ്ടായിരുന്നു. അയാൾ ഭാര്യയുമായി ജോലി ചെയ്യുന്നിടത്തായിരുന്നു താമസമെങ്കിലും ദിവസേന കാലത്തും വൈകിട്ടും വിധവയായ അമ്മയെ ഫോൺ ചെയ്യുമായിരുന്നു. അന്ന് കാലത്തു അവർ മകനോട് പറഞ്ഞുവത്രേ, ‘‘ഇന്ന് ഞാൻ അമ്പലത്തിൽവച്ച് പരിചയപ്പെട്ടു എന്ന് ഞാൻ പറയാറുള്ള ഗർഭിണി സ്ത്രീയില്ലേ, അവരോടൊപ്പം ആശുപത്രിയിൽ പോകുകയാണ്. ഉച്ചയോടെ തിരിച്ചു വരും. ഞാൻ നിന്നോട് ചോദിച്ച ആളുടെ ഫോൺ നമ്പർ കിട്ടിയാലുടൻ എന്നെ വിളിച്ചു പറയണേ,’’എന്ന്.

രാത്രി വരെ ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ അയാൾ പൊലീസിൽ വിവരം അറിയിച്ചു. സ്ഥിരമായി ആ അമ്പലത്തിൽ പോകുന്നവർ എന്റെ വ്യക്തമായ വിവരങ്ങൾ അടയാള സഹിതം പൊലീസിന് നൽകി. എന്റെ പ്രസവം കഴിഞ്ഞു രണ്ടാമത്തെ ദിവസം പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. എന്റെ കുഞ്ഞു ചാപിള്ളയായിട്ടാണ് ജനിച്ചത്. ഒരു തരത്തിൽ അത് ഭാഗ്യമായി എന്ന് തോന്നാറുണ്ട്. അല്ലായിരുന്നെങ്കിൽ അതും എന്നോടൊപ്പം ജയിലിൽ കഴിയേണ്ടി വന്നേനെ.

 ആ സ്ത്രീയുടെ മൃതദേഹം ഞാനാണ് പൊലീസിനു കാണിച്ചു കൊടുത്തത്. എന്റെയാളിനെയും. അല്ലാതെ തരമില്ലായിരുന്നു. പക്ഷേ, നേരത്തേയുള്ള കൊലകളെക്കുറിച്ചു ഞാൻ പറയില്ല. അയാൾ ആ ശരീരങ്ങൾ എന്താണു ചെയ്തതെന്ന് എനിക്കറിയില്ല. ഊഹിക്കാനാകും, പക്ഷേ, പറയില്ല. ഏഴു വർഷം ഉടനേ കഴിയും. എനിക്ക് പുറത്തിറങ്ങണം. ഇനിയും ജീവിക്കണം. നല്ല വക്കീലിനെ വച്ച് അയാളെയും പുറത്തിറക്കണം. പൊലീസിന് ഒറ്റികൊടുത്തുവെന്നത് ശരി തന്നെ. പക്ഷേ, എനിക്ക് ഒന്നിച്ചു ജീവിച്ചു മതിയായിട്ടില്ല ഇതുവരെയും.