Tuesday 13 November 2018 03:41 PM IST

ഒാർക്കേണ്ടത് നമ്മളാണ്, സ്ത്രീകള്‍ മാത്രം

R. Sreelekha IPS

21

എനിക്കിപ്പോൾ വയസ്സ് അൻപത്തിയഞ്ച്‌. ഭർത്താവിന് അറുപത്തിരണ്ട്, മൂത്ത മകന് മുപ്പത്തിമൂന്ന്, രണ്ടാമത്തവന് ഇരുപത്തിയേഴ്. എട്ടു വർഷമായി ഞാന്‍ വനിതാ ജയിലിലും അവർ മൂന്നുപേരും തൊട്ടടുത്ത സെൻട്ര ൽ ജയിലിലും കഴിയുന്നു. വളരെ സന്തോഷത്തോടും സമാധാനത്തോടും ജീവിച്ചു പോന്ന ഞങ്ങൾക്ക് എന്തുകൊണ്ടാണ് ഈ ഗതി വന്നതെന്ന് കേൾക്കണോ?

ഭർത്താവിനൊരു ചായക്കടയുണ്ട്. വീടിന്റെ മുൻപിൽ ത ന്നെ ചെറിയൊരു ഷെഡ് കെട്ടി നടത്തുകയായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ പരിപാലിക്കാൻ വീട്ടിൽ കുറെ മൃഗങ്ങളും ചെറിയ തോതിൽ കൃഷിയും എനിക്കുണ്ട്. അടുത്ത വീട്ടുകാരുമായി അതിർത്തി തർക്കങ്ങളൊക്കെ ഉണ്ടാകുമെങ്കിലും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിനൊക്കെ താൽക്കാലിക പ്രതിവിധി ഉണ്ടാകാറുമുണ്ട്.

കുറച്ചു നാൾ കഴിയുമ്പോൾ അവിടത്തെ സ്ത്രീ ഞങ്ങളുടെ സ്ഥലത്തു കയറി കപ്പ നടും. ഞാനതു പറിച്ചുകളയും. പിന്നെയവര്‍ വെറുതേ വഴക്കിനു വരും, അതിൽ നിന്നും എന്തെങ്കിലും മനഃസംപ്തൃപ്തി അവര്‍ക്കു കിട്ടുമായിരിക്കും. വാക്കുതർക്കം അടിപിടിയിൽ കലാശിക്കുമ്പോൾ വീണ്ടും പൊലീസ് വരും. സ്റ്റേഷനിൽ എല്ലാം ഒത്തുതീര്‍പ്പാകും.

കുറെനാൾ കഴിയുമ്പോൾ ഇതാവര്‍ത്തിക്കും. എന്റെ ഭർത്താവൊരു സമാധാന പ്രിയനായതുകൊണ്ട് വലിയ ബഹ ളത്തിനൊന്നും പോകാെത ക്ഷമിച്ചും സഹിച്ചും െപാലീസ് സ്റ്റേഷനും ഒക്കെയായി അങ്ങു കഴിഞ്ഞു. പക്ഷേ, അങ്ങേർക്കും സഹിക്കാൻ പറ്റാത്തതാണ് ഒരു ദിവസം സംഭവിച്ചത്.

ഞങ്ങളുെട അടുത്തുള്ള എസ്റ്റേറ്റ് ആരോ വാങ്ങി റിേസാര്‍ട്ട് പണി തുടങ്ങിയിരുന്നു. പണിക്ക് വന്ന ഭായിമാർ കൂട്ടം കൂട്ടമായി ചായക്കടയിൽ വന്നു തുടങ്ങി. ഒരുദിവസം ഞങ്ങളുടെ ചായക്കടയുടെ തൊട്ടടുത്ത് തന്നെ അയൽവാസിയും ചായക്കട തുടങ്ങി. സ്വന്തമായി ഒന്ന് രണ്ടു ടിപ്പർ ലോറിയും ജീപ്പും മറ്റുമുള്ളയാളാണ് അയാൾ. എന്നിട്ടും ഞങ്ങളുടെ കടയുടെ തൊട്ടു ചേർന്നു ചായക്കട കെട്ടി കുറേ ബെഞ്ചും ഡെസ്‌ക്കുമിട്ട് വലിയ പരസ്യ ബോർഡും സ്ഥാപിച്ചു.

അതു സഹിക്കാം, പക്ഷേ, ഞങ്ങൾ വിൽക്കുന്നതിൽ നിന്ന് അൻപതു പൈസ കുറച്ച് എല്ലാറ്റിനും വിലയിട്ടു വിലവിവര പ ട്ടിക വലുപ്പത്തിൽ പ്രദർശിപ്പിക്കുകേം ചെയ്തു. അവിടെ പൊരിഞ്ഞ കച്ചവടം നടക്കുമ്പോൾ ഞങ്ങളുടെ ചായക്കട നാൾക്കുനാൾ നഷ്ടത്തിലേക്കു കൂപ്പുകുത്തി. അവിടെ ഇരിക്കാൻ സ്ഥലമില്ലാത്തവർ മാത്രം ഞങ്ങളുടെ കടയിൽ വന്നു.

ഒരു ദിവസം വീടിനു പിന്നാമ്പുറത്ത് ഞാൻ കറിക്കരിഞ്ഞു നിൽക്കുമ്പോൾ മുൻവശത്ത് നല്ല ബഹളം. എന്റെ ഭര്‍ത്താവിന്‍റെ ഒച്ച വളരെ അപൂർവമായേ ഉയർന്നു കേൾക്കാറുള്ളൂ. ഓടി മുൻവശത്തെത്തി നോക്കുമ്പോൾ അയൽപക്കത്തെ സ്‌ത്രീ എന്റെ ഭർത്താവിനെ മെക്കിട്ടു കേറുന്നു, ‘‘തനിക്കു പിടി ക്കാൻ തന്റെ പെണ്ണുമ്പിള്ളയില്ലേ? നാണമില്ലേ കിളവാ എ ന്റെ പ്രായപൂർത്തിയാകാത്ത മോളുടെ മാറിൽ കയറി പിടിക്കാൻ? തനിക്കവളുടെ ഉപ്പാപ്പെടെ പ്രായമുണ്ടല്ലോ?’’

‘‘എന്താ? എന്ത് പറ്റി?’’ ഞാൻ വെപ്രാളത്തോടെ ചോദിച്ചു. എന്റെ ഭർത്താവ് കണ്ണീരോടെ തലയിൽ കൈവച്ചു നിൽക്കുകയാണ്. ‘‘ഞാൻ ഒന്നും ചെയ്തില്ല. ആ കൊച്ചിനെ തൊട്ടു കൂടിയില്ല. അവരുടെ കടയിലെ മേശയും കസേരകളും നമ്മുടെ സ്ഥലത്തേക്ക് കയറ്റിയിട്ടപ്പോൾ എടുത്തു മാറ്റാൻ പറഞ്ഞു. അതിനാണ്....’’

‘‘നിന്റെ കെട്ടിയോൻ എന്റെ കൊച്ചിനോട് അടുത്തുവരാൻ പറഞ്ഞു. പിന്നെ അവളുടെ മാറിലും മറ്റും പിടിച്ചു. കൊച്ച്‌ അ ലറിക്കരയുവാ. എന്റെ കെട്ടിയോൻ ഇപ്പോൾ വരും. പൊലീസിനെ വിളിച്ചു പറയാൻ പോകുവാ.’’ അവര്‍ ഒച്ചയെടുത്തു.

എന്റെ ഭർത്താവ് അത്തരക്കാരനല്ല എന്നെനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. കൊച്ചിന്റെ അലറിക്കരച്ചിലൊന്നും കേൾക്കാനുമില്ല. എങ്ങുനിന്നോ അവളുടെ കെട്ടിയോൻ ജീപ്പുമായി പാഞ്ഞു വന്നപ്പോൾ അവൾ കഥയിൽ വേറൊരു കാര്യം കൂട്ടിച്ചേർത്തു. ‘‘കാര്യം പറഞ്ഞപ്പോൾ ദേ, ഇവള്‍ കയ്യിലെ കത്തി കൊണ്ട് കുത്താൻ വന്നു’’ എന്ന്. എനിക്ക് പൂര്‍ണമായും മനസ്സിലായി അവൾ കള്ളം പറഞ്ഞു പ്രശ്നം ഉണ്ടാക്കുകയാണെന്ന്. കറിക്കരിഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ഓടി വന്നത്. കയ്യിൽ കത്തി ഉണ്ടായിരുന്നു എന്നത് നേരുമാണ്.

ഞാൻ കത്തി നിലത്തേക്കിട്ടു. ഇനി അതിന്റെ പേരിൽ വേറെ പ്രശ്നങ്ങൾ വേണ്ട. അപ്പോഴേക്കും അയാൾ എന്റെ ഭർത്താവിനെ അടിച്ചും ഉന്തിയിട്ടും ആക്രമിക്കുകയായിരുന്നു. ‘‘നിങ്ങൾ കൊച്ചിനെ വിളിച്ചു ചോദിക്ക്, അപ്പോൾ അറിയാമല്ലോ എന്താ ഉണ്ടായതെന്ന്?’’ ഞാൻ പറഞ്ഞതൊന്നും ആരും കേട്ടില്ല.

ഇതിനിടെ എന്റെ മക്കളും പുറത്തേക്കു വന്ന് അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു. ആ അടിപിടിയിൽ ഇടക്കെപ്പോഴോ ഞാൻ നിലത്തിട്ട കത്തി ഭർത്താവിന്റെ കയ്യിൽ എത്തുകയും അടുത്ത വീട്ടിലെ ആൾക്കും സ്ത്രീക്കും കുത്തേൽക്കുകയും ചെയ്തു.

പൊലീസും ആംബുലൻസും വന്നു, കേസായി. ഞങ്ങളെയെല്ലാം ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അയൽവാസി കത്തിക്കുത്തിൽ മരിച്ചിരുന്നു. സ്ത്രീക്ക് കാര്യമായ പരുക്കില്ല. കൊലക്കുറ്റത്തിന് ഞങ്ങൾ നാലു പേരെയും അറസ്റ്റ് ചെയ്തു. ഞങ്ങളുടെ മൊഴികൾ അവർ ബലമായി തിരുത്തിച്ചു.

അയൽപക്കത്തെ ചായക്കടയിൽ വന്ന ചിലര്‍ വഴക്കൊക്കെ ഫോണിൽ വിഡിയോ പിടിച്ചിരുന്നത്രേ! എന്തെങ്കിലും അടിപിടി നടന്നാൽ കാണികൾ അതൊരു സിനിമ പോലെ കണ്ടു രസിക്കുകയോ പടംപിടിക്കുകയോ ആണല്ലോ ചെയ്യാറ്? ആരെങ്കിലും ഇടപെട്ട് കൊച്ചുങ്ങളെയെങ്കിലും പിന്തിരിപ്പിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. ഞങ്ങളുടെ മക്കളെങ്കിലും ജയിലിൽ പോകാതെയിരുന്നേനെ.

എന്റെ ഭർത്താവ് അയൽവാസിയെ കുത്തുന്നതും, മക്കൾ അയാളെ പിടിച്ചുകൊടുക്കുന്നതും വിഡിയോയിൽ വ്യക്തമായുണ്ടെന്ന് പൊലീസും ഞങ്ങളുടെ വക്കീലും പറഞ്ഞു. ക ത്തിയിലുള്ള ഞങ്ങളുടെ വിരലടയാളങ്ങളും തെളിവുകളായി.

കോടതിയിൽ അയൽവാസിയായ വഴക്കാളി സ്ത്രീയും നാലു പെൺമക്കളും കുറെ നാട്ടുകാരും ഞങ്ങൾക്കെതിരെ മൊഴി കൊടുത്തു. വിചാരണയ്ക്കു ശേഷം ഭർത്താവിനെ ജീവപര്യന്തം ശിക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തടസ്സം നിന്ന പിതാവിനെ കുത്തിക്കൊന്നെന്നുമാണ് കുറ്റം. കൂട്ട് നിന്ന കുറ്റത്തിന് എന്നെയും മക്കളെയും പത്തുവർഷം വീതം ശിക്ഷിച്ചു. അപ്പീൽ തള്ളിയെന്നും സുപ്രീം കോടതിയിൽ പോകണമെന്നും വക്കീൽ പറഞ്ഞെങ്കിലും അതിനൊന്നും കാശില്ല.

അറസ്റ്റ് ചെയ്യപ്പെട്ടശേഷം പത്തുനൂറു ദിവസം കഴിഞ്ഞാണ് ഞാനും മക്കളും ജാമ്യംകിട്ടി വീട്ടിൽ വന്നത്. അപ്പോഴേക്കും ഞങ്ങളുടെ സർവവും നശിച്ചിരുന്നു. ചായക്കടയും വീടും ആരോ തല്ലിപ്പൊളിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണമടക്കം എല്ലാം മോഷണം പോയി. ഞങ്ങൾ ഓമനിച്ചു വളർത്തിയ നായ്ക്കുട്ടി വിശന്നു ചത്തു. പശു, കിടാവ്, നാല് ആടും ഒരു കുട്ടിയും, പിന്നെ മുപ്പതോളം കോഴികള്‍... എല്ലാത്തിനെയും ആരോ കടത്തിക്കൊണ്ടു പോയി. പലരോടും പരാതി പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് എന്റെ ഭർത്താവിന് ജാമ്യം പോലും കിട്ടിയത്.

എന്തായാലും ഒരു നാൾ എല്ലാവരും മരിക്കും. അതുവരെ ആരോടും വഴക്കടിക്കാതെ കുടുംബവുമായി സ്വസ്ഥമായി ജീവിക്കാമെന്ന് നമ്മൾ സ്ത്രീകൾ ചിന്തിച്ചാൽ പോരേ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ? ഇല്ലാത്ത കാര്യത്തിന് വഴക്കുണ്ടാക്കി വന്ന ആ സ്ത്രീക്കും ഉണ്ടായില്ലേ വൻ നഷ്ടം? അതോർത്തു അവർ വേദനിക്കാറുണ്ടോ ആവോ? എന്തിനാണ് ആ സ്ത്രീ ഇങ്ങനെയൊരു വഴക്കുണ്ടാക്കി തല്ലു കൂടാൻ വന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്തു കാരണം കൊണ്ടാണെങ്കിലും അത് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടാക്കിയുള്ളൂ? അവരുടെ പ്രവൃത്തി കാരണം ഞങ്ങളുടെ കുടുംബത്തിനു കടുത്ത ശിക്ഷയല്ലേ അനുഭവിക്കേണ്ടി വന്നത്?

ഇപ്പോൾ ഞാനും മക്കളും ഇടയ്ക്കിടെ പരോളിന്‌ പോ കും, പക്ഷേ, ഒരിക്കലും ഒന്നിച്ചു പരോൾ കിട്ടാറില്ല. ഭർത്താവിന് ഇന്നേവരെ പരോൾ കിട്ടിയിട്ടേയില്ല. ഉള്ളതെല്ലാം, ഇത്രനാൾ സമ്പാദിച്ചതെല്ലാം നശിച്ചു പോ യി. ഇനിയും മാന്യമായി ആ വീട്ടിൽ, ആ സമൂഹത്തിൽ താമസിക്കാൻ കഴിയില്ല എന്നു ഞങ്ങൾക്കറിയാം. എങ്കിലും എല്ലാവർക്കും കൂടെ ഒന്നിച്ചു പരോൾ കിട്ടിയിരുന്നെങ്കിൽ ആ കൊച്ചു വീട്ടിൽ കുറച്ചു ദിവസമെങ്കിലും ഒരുമിച്ചു കഴിയാമായിരുന്നു എന്ന കൊതി മാത്രമാണ് ജീവിതത്തിൽ ഇനിയുള്ളത്. എന്റെ ഭർത്താവിന് ഏറെ ഇഷ്ടമുള്ള ശർക്കര പായസം, മൂത്തവന് എപ്പോഴും കൊതിയുള്ള ഗോതമ്പ് അട, ഇളയവനിഷ്ടമുള്ള ചപ്പാത്തിയും മുട്ടക്കറിയും എല്ലാം അവർക്കു വേണ്ടി പാചകം ചെയ്ത് ഏല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നത് സ്വപ്നത്തിൽ കണ്ട് മനസ്സ് നിറക്കാൻ ശ്രമിക്കും, അത്ര തന്നെ.