Tuesday 13 November 2018 10:17 AM IST

തൂക്കി ഒരേറുകൊടുത്തു ഞാൻ അയാളെ

R. Sreelekha IPS

9

ചെറുപ്പം മുതൽ ഞാൻ ഒരു ചട്ടമ്പി ആയിരുന്നു. അങ്ങനെയാണ് എന്നെ മാതാപിതാക്കൾ വളർത്തിയതും. ഞാൻ ഒറ്റ മോളായിരുന്നു. എന്തു വികൃതി കാട്ടിയാലും അവർ പറയുമായിരുന്നു, ‘മിടുക്കി. ഇവളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല’ എന്ന്. അതിനു കാരണവും ഉണ്ടായിരുന്നു. എന്റെ അമ്മയുടെ ചേച്ചിയെ കുട്ടിക്കാലത്തു മൂന്നു നാലു പേര് ചേർന്ന് പീഡിപ്പിച്ചു കൊന്നിട്ടുണ്ട്. അതിന്റെ ഓർമ അമ്മയുടെ മനസ്സിനെ ഇന്നും നീറിക്കുന്നു. ‘‘എന്റെ മോളെ, നിന്നെ ഏതെങ്കിലും പുരുഷൻ കയറി പിടിക്കാൻ വന്നാൽ തൂക്കി ഒരേറു കൊടുക്കണം.’’ അമ്മ പറയുമായിരുന്നു.

പഠിത്തത്തോടൊപ്പം ഞാൻ വീട്ടിൽ പുറംപണി വരെ ഒറ്റയ്ക്ക് ചെയ്യാൻ ശീലിച്ചു. മരം കയറി മാങ്ങയും ചക്കയും ഒക്കെ ഇട്ടുകൊടുക്കും. അമ്മിക്കല്ലും ആട്ടുകല്ലും വരെ പൊക്കിയെടുത്തു കഴുകി കൊടുക്കും. ഓട് പൊട്ടിയാൽ പുരപ്പുറത്തു കയറി മാറ്റി കൊടുക്കും. ഈ പണികൾ ചെയ്യാൻ എനിക്ക് വലിയ താൽപര്യമായിരുന്നു.

അച്ഛനാണ് നാല് വയസ്സിൽ സൈക്കിൾ സവാരി പഠിപ്പിച്ചത്. പതിനെട്ടു വയസ്സായതോടെ ഞാൻ നന്നായി ഇരുചക്ര വാഹനം ഓടിക്കാൻ പഠിച്ചു. പതിയെ അടുത്ത വീട്ടിലെ മുതലാളിയുടെ കാർ കഴുകാനായി അച്ഛൻ വീട്ടിൽ കൊണ്ട് വരുമ്പോൾ ഞാൻ മാറ്റിയിട്ടു കൊടുത്തും തിരിച്ചിട്ടും ഒക്കെ ഓടിക്കാൻ പഠിച്ചു. അച്ഛൻ ആ വീട്ടിലെ സർവ പണിയും ചെയ്യു ന്ന കാര്യസ്ഥനായിരുന്നു. മുതലാളിക്ക് പാറമടകൾ ഉണ്ട്. ചിലപ്പോൾ അച്ഛൻ അവിടെ ലോറി ഓടിക്കാനും പോകും. അവിടെ കല്ലുകളും ചരലും വാരി കൂട്ടിയാൽ എനിക്കും ചില്ലറയൊക്കെ കിട്ടുമായിരുന്നു. മുതിർന്നപ്പോൾ എന്നെ കാണാൻ ഒരു ഭംഗിയൊക്കെ വന്ന് എന്ന് അമ്മ പറയുമായിരുന്നു. എന്നാലും എന്റെ കൈയിലും ശരീരത്തിലും ബലമായ പേശിസമൃദ്ധിയുണ്ടായിരുന്നു.

അവിടെയുള്ള ഒരു ചേട്ടനാണ് എന്നെ കെട്ടിയത്. എന്റെ പുറകെ കുറെ നാൾ നടന്നു. പിന്നെ, അച്ഛനോട് പെണ്ണ് ചോദിച്ചു. ആൾക്ക് അവിടെ കണക്കെഴുത്താണ് പണി. ചുമടെടുക്കാനുള്ള ശക്തിയൊന്നും ഇല്ല. എന്റെ ശരീരവും ശക്തിയും കണ്ടു ഭ്രമിച്ചാണ് എന്നെ സ്നേഹിക്കാൻ തുടങ്ങിയതത്രെ! ഞാൻ ഏതു പുരുഷനെയുംകാൾ നന്നായി വണ്ടി ഓടിക്കുന്നതും കല്ലുകൾ ചുമക്കുന്നതും കണ്ടപ്പോൾ ഈ പെണ്ണ് ഒരു അസാധാരണ സംഭവം തന്നെ, ഇതിനെ എനിക്ക് സ്വന്തമാക്കണം എന്ന് തോന്നിയെന്ന് ആദ്യരാത്രി എന്നോട് പറഞ്ഞു.

ഭർത്താവിന്റെ പ്രേരണ കൊണ്ടാണ് ഞാൻ ഹെവി ലൈസൻസ് എടുത്തതും ലോറി ഓടിക്കാൻ തുടങ്ങിയതും. കേരളത്തിൽ ആദ്യമായി കല്ല് ലോറി ഓടിക്കുന്ന വനിത എന്ന് പത്രത്തിൽ ചിത്രം സഹിതം വാർത്ത വന്നു. അതിനു ശേഷം എന്റെ പേരിനു മുൻപായി ‘കല്ല്’ എന്ന പദം കൂട്ടിച്ചേർത്താണ് അറിയപ്പെട്ടത്. ഭർത്താവിന് വലിയ സ്നേഹം ആയിരുന്നു. ഞങ്ങൾക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ടായി. പൂർണ ഗർഭിണി ആയിരുന്നപ്പോഴും ഞാൻ ലോറി ഓടിക്കാൻ പോകുമായിരുന്നു. ജീവിതത്തിൽ എ പ്പോഴും ഭാഗ്യം കൂടെ ഉണ്ടാവില്ലല്ലോ? ഇളയ മോൾക്ക് രണ്ടു വയസായപ്പോൾ ചേട്ടൻ ക്ഷയം ബാധിച്ചു മരിച്ചു. നാല് മാസം കഷായം കുടിച്ചിട്ടും ചുമ തീരെ പോകാത്തപ്പോഴാണ് അത് ക്ഷയമാണെന്നു അറിയുന്നത് തന്നെ. പിന്നെ കടുത്ത ചികിത്സകളായിരുന്നു. പൊതുവെ പേടി കൂടുതലാണെന്റെ ഭർത്താവിന്. രോഗം മൂർച്ഛിച്ചപ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തി. പിന്നെ, പെട്ടെന്നായിരുന്നു മരണം. ഞാൻ തളർന്നില്ല. മക്കളെ വളർത്തണ്ടേ?

ചടങ്ങൊക്കെ കഴിഞ്ഞതും ഞാൻ വീണ്ടും ജോലിക്കു പോയി തുടങ്ങി. മക്കളെ അമ്മയുടെ വീട്ടിൽ നിർത്തി. മൂത്ത മോളെ സ്കൂളിൽ വിടാനും ഇളയതിനെ നോക്കാനും, ജോലിയും എല്ലാം കൂടെ നടക്കില്ലായിരുന്നു. വയ്യാണ്ട് കിടക്കുമ്പോളും ഭർത്താവ് പറയുമായിരുന്നു, നീ ഇനി ആരെയും കെട്ടേണ്ട, എന്നെ ഓർത്തു കഴിഞ്ഞാൽ മതി, എന്ന്. അതുകൊണ്ട് വീണ്ടും ആലോചനയുമായി മാതാപിതാക്കൾ വന്നപ്പോഴും ഞാനതിനു തയ്യാറായില്ല. എന്റെ മക്കളെ എന്നെ പോലെ തന്നെ വളർത്തണം, ഭർത്താവിനെപ്പോലെ സാധു ആകാൻ പാടില്ല എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. അതിനാൽ അവധിയാവുമ്പോൾ ഞാൻ മൂത്തവളെ പാറമടയിൽ കൊണ്ട് പോയി ചെറിയ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു. അവൾ അ വളുടെ അച്ഛനെ പോലെയായിരുന്നു കാണാൻ. വെളുത്തു സുന്ദരി. പക്ഷേ, കഴുകക്കണ്ണുകൾ ആ പിഞ്ചിന്റെ മേലെയുള്ളതു ജോലിത്തിരക്കിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ല.

ഏതമ്മയ്ക്കാണ് കണ്ടു നിൽക്കാൻ ആകുക?

പാറമടയിലെ സൂപ്പർവൈസർ ആയിരുന്നു അയാൾ. എല്ലാവർക്കും അയാളോട് പേടിയും ബഹുമാനവും ഒക്കെയാണ്. ഞാൻ അങ്ങനെ കാര്യമാക്കാനൊന്നും നിൽക്കില്ല. എന്റെ ജോലി ചെയ്യും, ശമ്പളം കൈപ്പറ്റും. അത്ര തന്നെ. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയാണ് ഒരിക്കൽ പറഞ്ഞത്, ‘‘നിന്റെ കൊച്ചിനെ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം. എന്തിനാ വെറുതെ അതിനെ ഇങ്ങോട്ടു കൊണ്ട് വരുന്നത്? വീട്ടിൽ നിർത്തിയാൽ പോരെ?’’ എന്ന്.

അതിനു ശേഷമാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്, വെ റും പത്തു വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെ ഇടയ്ക്കിടെ ആ സൂപ്പർവൈസർ ക്യാബിനിൽ കൊണ്ട് പോവുന്നു, അവൾ ചിരിച്ചു കൊണ്ട് മിഠായിയും നുണഞ്ഞു തിരിച്ചിറങ്ങി വരുന്നൂ. ഏതമ്മക്കാണ് ഇത് കണ്ടു നിൽക്കാനാവുക? ഞാൻ ചോദിക്കാൻ തന്നെ നിശ്ചയിച്ചു. പക്ഷേ, അന്നയാൾ നേരത്തെ തന്നെ സ്ഥലം വിട്ടു.

പിറ്റേന്ന് ഞാൻ മോളെ കൊണ്ട് പോകാതെയാണ് ജോലിക്കു പോയത്. അയാൾക്കു സമയദോഷമാവും, എന്നോട് ചോദിക്കാൻ വന്നിരിക്കുന്നു! ‘‘ഇന്നെന്താ, മോൾക്ക് സുഖമില്ലേ? അവൾ ഇല്ലെങ്കിൽ ഇവിടെ ഒരു രസവും ഇല്ല. ഞാൻ ചോക്‌ലേറ്റ് ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. ഒന്ന് പോയി കൊണ്ടുവരൂ അവളെ’’ അയാൾ പറയുകയാണ്! എനിക്ക് ദേഷ്യം ഒരു ലാവാ പോലെ മനസ്സിൽ നിന്ന് പൊങ്ങി വന്നു. അയാളുടെ ചെവിയിൽ ഞാൻ പിടിച്ചു തൂക്കി എടുത്തു മറു കൈ കൊണ്ട് നല്ല ശക്തിയോടെ തള്ളി ഒരേറു കൊടുത്തു. എന്റെ വെറും കൈകൾ മാത്രമേ ഞാൻ ഉപയോഗിച്ചുള്ളൂ. ഒരു പൂച്ചക്കുട്ടിയെ പോലെ അയാൾ തെറിച്ചു വീണു. ഒരു പാറയുടെ പുറത്താണങ്ങോര് വീണത്. എല്ലാവരും കൂടെ ചോരയും ഒലിപ്പിച്ചു കിടന്ന അയാളെ താങ്ങി പിടിച്ചു ലോറിയിൽ കയറ്റി. ഞാൻ ലോറിയുടെ താക്കോൽ കൊടുത്തില്ല. അങ്ങനെ എന്റെ ലോറിയിൽ അങ്ങോർ ആശുപത്രിയിയിൽ പോവണ്ട. പുലിയെപ്പോലെ നിന്ന എന്റെ അടുത്തേക്ക് ആരും വരാൻ ധൈര്യം കാണിച്ചില്ല. ആംബുലൻസ് വന്നിട്ടാണ് പിന്നെ അയാളെ കൊണ്ടുപോയത്. ഒന്ന് രണ്ടാഴ്ച അയാൾ ആശുപത്രിയിൽ കി ടന്നു. പൊലീസ് എന്നെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടതാണ്, അയാളെ തൂക്കി എറിഞ്ഞ കേസിൽ. ‘അവനു നേരാം വണ്ണം വീഴാനും അറിയാൻ പാടില്ലാത്തതു കൊണ്ടല്ലേ സാർ തല പാറയിൽ ഇടിച്ചത്’ എന്ന എന്റെ ചോദ്യം കേട്ട് അന്ന് പൊലീസുകാർ ചിരിച്ചതാണ്. പിന്നീട് അവർ തന്നെ എന്നെ കൊലക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു ജാമ്യം തരാതെ ജയിലിൽ ആക്കി.

ആശുപത്രിയിൽ വെച്ച് എന്തോ ദീനം വന്നു മരിച്ചത് എങ്ങനെയാണ് കൊലപാതകം ആകുന്നതെന്നു ഞാൻ കോടതിയിൽ ജഡ്ജിയോട് ചോദിച്ചു. അപ്പോൾ പറഞ്ഞു, പ്രതിക്കിവിടെ ഒന്നും പറയാൻ അവകാശം ഇല്ല. എന്തെങ്കിലും പറയണമെങ്കിൽ വക്കീൽ മുഖാന്തിരവും പറയണമെന്ന്. ‘അതിനു വക്കിൽ വാ തുറന്നാലല്ലേ പറ്റൂ, സാർ?’ എന്ന എന്റെ ചോദ്യം അവഗണിച്ചു കൊണ്ട് എന്നെ ജീവപര്യന്തം ശിക്ഷിച്ചു.

വല്ലാത്ത വിധി തന്നെ എന്റേത്. കൊച്ചുങ്ങൾ ഉള്ള ഒരു വിധവയാണ് ഞാനെന്ന കാര്യം ആരും പരിഗണിച്ചില്ല. ലോറിയുടെ താക്കോൽ ചോദിച്ചപ്പോൾ കൊടുത്തിരുന്നെങ്കിൽ അയാൾ മരിക്കില്ലായിരുന്നു എന്ന് എല്ലാം അറിയാവുന്ന എന്റെ സുഹൃ ത്തുക്കളും കുറ്റം പറഞ്ഞപ്പോൾ അതും ഞാൻ കേൾക്കേണ്ടി വന്നു. എന്റെ സ്ഥാനത്തു അവർ ആയിരുന്നെങ്കിൽ ഇങ്ങനെ മോശം സ്വഭാവം ഉള്ളയാളിനെ ഒന്നും ചെയ്യാതെ വിടുമായിരുന്നോ ആവോ?

എന്റെ മക്കൾക്ക് ഞാൻ ചെയ്ത കാര്യത്തിൽ അഭിമാനമാണ്. എന്റെ അമ്മയും പറഞ്ഞു. ‘‘മോളെ, നീ തളരരുത്. മക്കളെ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം. അവർ നിന്നിൽ അഭിമാനിക്കുന്നു. എനിക്കും നീ ചെയ്തത് തെറ്റാണെന്നു തോന്നിയിട്ടില്ല. മേൽകോടതി നിന്നെ വെറുതെ വിടും, ഉറപ്പാണെനിക്ക്.’’

എനിക്കും വിശ്വാസമുണ്ട്, മേൽകോടതി വെറുതെ വിടുമെന്ന്. അതുവരെ ഇവിടെ ഏൽപിക്കുന്ന പണികൾ എല്ലാം ചെയ്തു ഞാൻ കഴിയും. ജയിലിൽ സ്ത്രീകൾക്ക് ശരീരം അനങ്ങി ഒന്നും ചെയ്യാനില്ല. പാവ ഉണ്ടാക്കലും വസ്ത്രം തുന്നലും എനിക്ക് പറ്റിയ പണിയല്ല. അടുക്കളപ്പണിയും വഴങ്ങില്ല.

പക്ഷേ, ഇന്നലെ ഞാനാണ് കെട്ടിടത്തിന് മുകളിൽ കയറി പൊട്ടിയ ഓടുകൾ ഒക്കെ മാറ്റി കൊടുത്തത്. പുതുതായി പണിയുന്ന ഓഫിസിന്റെ കൽപ്പണിയും ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അടുത്താഴ്ച പരോളില്‍ ഇറങ്ങുമ്പോൾ ഇളയവളുടെ പിറ ന്നാൾ ആഘോഷിക്കണം. ഞാനിതിനുള്ളിൽ ആയതു കൊണ്ട് ശരിക്കുള്ള പിറന്നാൾ ദിവസം കഴിഞ്ഞ മാസം വന്നപ്പോൾ അവളതു ആഘോഷിക്കാൻ സമ്മതിച്ചില്ലത്രെ. ഇനി അവരിലൂടെയല്ലേ ഞാൻ ജീവിക്കേണ്ടത്?