Tuesday 13 November 2018 03:08 PM IST

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ രണ്ടു പതിറ്റാണ്ട്

R. Sreelekha IPS

18

ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെ കേരളത്തിൽ ഏ റ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കാൻ ഇന്നേവരെ വിധിക്കപ്പെട്ടത് ഞാനായിരിക്കും. 20 വർഷം കഴിഞ്ഞു ഞാന്‍ ഈ ജയിലിൽ വന്നിട്ട്. ഇവിടെ വന്നതി ൽ പിന്നെ, കൊലപാതകമടക്കം പല തരത്തിലുള്ള കുറ്റങ്ങൾ ചെയ്തു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പലരും മോചിതരായി പോയി. ഇപ്പോഴും ഞാന്‍ തടങ്കലിൽ തന്നെ തുടരുന്നതു തലവിധിയാണെന്നേ പറയാനാകൂ. സത്യം, ഞാൻ ഒരു കുറ്റകൃ ത്യവും ചെയ്തിട്ടില്ല. ആകെ ചെയ്തത് ഭർതൃമതിയായിരിക്കെ മറ്റൊരാളെ പ്രണയിച്ചു എന്ന കുറ്റം മാത്രം.

വടക്കൻകേരളത്തിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. കുടുംബത്തിലെ പെൺകുട്ടികൾ ആരും നന്നായി പഠിക്കണമെന്ന് അവിടെ ആർക്കും നിർബന്ധം ഇല്ലായിരുന്നു. കല്യാണം കഴിയുന്നതു വരെ സ്കൂളിൽ പോകുക, പത്താം തരം ക ഴിഞ്ഞാൽ തന്നെ വിവാഹാലോചനകൾ തുടങ്ങും. പിന്നെ, ഉ ള്ളതെല്ലാം വിറ്റുപെറുക്കി സ്ത്രീധനം നൽകി ഏതെങ്കിലും പുരുഷന്റെ തലയിൽ കെട്ടിവയ്ക്കും. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ കെട്ടിക്കാൻ പാടില്ല എന്ന നിയമമൊന്നും ആരും പാലിക്കില്ല. അങ്ങനെ പതിനേഴാം വയസ്സിൽ ഞാൻ ഒരാളുടെ ഭാര്യയായി. വീട്ടിൽ നിന്നു കുറെ ദൂരെയായിരുന്നു ഭർത്താവിന്റെ വീട്.

മിക്ക സ്ത്രീകളും അനുഭവിക്കുന്നതുപോലെ ശാരീരികവും മാനസികവുമായ അനേകം വേദനകൾ എന്റെ ജീവിതത്തിലുമുണ്ടായി. 19 വയസ്സായപ്പോൾ മകൾ പിറന്നു. ഭർത്താവിന് വീ ട് പണിയായിരുന്നു ജോലി. എന്നും പണി കഴിഞ്ഞ് നന്നായി മദ്യപിച്ചാണ് വരിക. തോന്നുമ്പോൾ കുറച്ചു കാശ് തരും. അ തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഞാൻ വീടും കുടുംബവും നന്നായി നോക്കി. മോൾക്ക് നാലു വയസ്സായപ്പോൾ തൊട്ടടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നു. അതായിരുന്നു എ ന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കം.

നല്ല കുടുംബമായിരുന്നു അയൽപക്കത്തു വന്നത്. ഒര ച്ഛനും അമ്മയും രണ്ടാൺമക്കളും ഒരമ്മൂമ്മയും. അതിൽ മൂത്ത പയ്യൻ എന്നും രാവിലെ ബൈക്ക് സ്റ്റാർട്ട് ആക്കി പോ കുന്നതിനു മുൻപ് വേലിക്കു മുകളിലൂടെ തുണിയലക്കിയോ കറിക്കരിഞ്ഞോ നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിക്കും. അവനു മൊബൈൽ കടയിലാണ് ജോലിയെന്ന് അവന്റെ അ മ്മ പറഞ്ഞിട്ടുണ്ട്. ഇളയവൻ സ്കൂളിൽ പഠിക്കുന്നു. ഗൃഹനാഥന് ഏതോ സർക്കാർ സ്ഥാപനത്തിൽ ജോലി.

അവിടെയുള്ള അമ്മൂമ്മയ്ക്ക്‌ എന്നെ വലിയ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞാനവിടെ പോയി അവരുമായി സംസാരിക്കുകയോ അടുക്കളയിൽ സഹായിക്കുകയോ ചെയ്തിരുന്നു. അധികം താമസിയാതെ മൂത്ത പയ്യനുമായി അടുപ്പവുമായി. അതങ്ങനെയാണല്ലോ പലപ്പോഴും സംഭവിക്കുക. മദ്യപാനിയും ദേഷ്യക്കാരനുമായ ഭർത്താവ്, അവിടെ കിട്ടാത്ത സ്നേഹം തേടി അലയുന്ന മനസ്സ് മറ്റൊരു പുരുഷന്റെ പുഞ്ചിരി കണ്ടാൽ അവിടെ സാന്ത്വനം കിട്ടുമെന്ന് ചിന്തിച്ചു പോകില്ലേ?

എന്നെക്കാൾ രണ്ടു മൂന്നു വയസ്സ് മൂപ്പുണ്ടായിരുന്നു ആ പയ്യന്. ഞങ്ങൾക്ക് സംസാരിക്കാനും പരിചയപ്പെടാനും ഹൃദയം പങ്കു വയ്ക്കാനും ഇഷ്ടം പോലെ അവസരങ്ങളും ഉ ണ്ടായി. ഞങ്ങളുടെ ബന്ധം ആദ്യം മനസ്സിലാക്കുന്നത് അനിയൻ പയ്യനാണ്. അവനത് അവന്റെ വീട്ടിൽ പറഞ്ഞു. മൂത്ത മകൻ കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിൽ ക്കുന്നത് ഞാൻ അവനു കൈവിഷം നൽകി വശീകരിച്ചതു കൊണ്ടാണെന്നും ഭാര്യയെ നിയന്ത്രിക്കാനായില്ലെങ്കിൽ കൊന്നു കളഞ്ഞൂടെ എ ന്നും ഒക്കെ ഒരു രാത്രി വീട്ടിൽ വന്ന് എന്റെ ഭർത്താവിനോട് ചോദിച്ചു അവന്റെ അമ്മ. പോരെ പൂരം?കൊടിയ വേദനയുടെ ദിനങ്ങൾ

അതുവരെ മയത്തിൽ മാത്രം എന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്ന ഭർത്താവ് അതിന് ആക്കം കൂട്ടി. മർദനത്തിനും മദ്യ പാനം കൂടാനും നല്ലൊരു കാരണമായി. ശരീരം പൊട്ടി പൊളി യുന്നത് വരെ അയാൾ തല്ലാൻ തുടങ്ങി. എന്നെ വിരൂപയാക്കാ ൻ മനഃപൂർവം ശ്രമിക്കുന്നതാണെന്നു വരെ തോന്നി. മുടി മുറിച്ചു കളയുക, കണ്ണ് അടിച്ചു കലക്കുക, പല്ലു കൊഴിക്കുക, മുഖത്ത് ആഴത്തിൽ പാടുകളും കലകളും വീഴ്ത്തുക തുടങ്ങി ഹീനമായ പീഡനങ്ങൾ. എത്ര അലറി വിളിച്ചു കരഞ്ഞാലും ആരും രക്ഷിക്കാൻ വരില്ല. ചികിത്സയ്ക്ക് ആശുപത്രിയിൽ പോയിപ്പോയി മടുത്തു.

സംഭവം പുറത്തായതിന് ശേഷം മൂത്ത മകനെ വീട്ടുകാർ ദൂരേക്ക് പറഞ്ഞു വിട്ടിരുന്നു. ഒരിക്കൽ അവന്‍ തിരികെ വന്നു. എന്റെ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞു വീട്ടതിർത്തിയിലെ വേലിക്കൽ നിന്നു. അന്നു രാത്രി ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. ഞാൻ രഹസ്യമായി സാധനങ്ങൾ ഒരു ബാഗിലാക്കി വ ച്ചു. അന്നും ഭർത്താവ് മദ്യപിച്ചു വീട്ടിൽ വന്ന് തല്ലും ഇടിയും ഒക്കെ കഴിഞ്ഞു തളർന്നുറങ്ങി. പുലർച്ചെ ഒരു മണിയടുപ്പിച്ചാണ് അവൻ വാതിലിൽ മുട്ടിയത്. ഉണർന്നു കിടന്ന ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് വാതിൽ തുറന്ന് അവനോടോപ്പം പോകാൻ തുനിയവെ എന്റെ മോൾ കരയാൻ തുടങ്ങി. അവളെ അവഗണിക്കാൻ എന്റെ അമ്മമനസ്സിനു കഴിഞ്ഞില്ല. ഞാൻ വാതിൽക്കൽ ഒരു നിമിഷം ശങ്കിച്ചു നിന്നതേയുള്ളൂ, അപ്പോഴേക്കും ഭർത്താവും ഉണർന്നു വന്നു.

പിന്നീടെല്ലാം നടന്നത് വളരെ പെട്ടെന്നായിരുന്നു. ഭർത്താവുണ്ടാക്കിയ െകാടിയ ബഹളം കേട്ട് അടുത്ത വീട്ടുകാർ ഓടി വന്നു. പൊരിഞ്ഞ അടി പിടിക്ക് സാക്ഷ്യം വഹിച്ചു ഞാനും മോളും കരഞ്ഞുകൊണ്ട് ഒരു മൂലയിൽ നിന്നു.

ഇതിന്റെ ഇടയ്ക്കെപ്പോഴോ ഭർത്താവിന്റെ കയ്യിൽ ഒരു കത്തി വന്നു. ആർക്കെക്കെയോ കുത്തേറ്റു. എന്റെ ഭ ർത്താവും കാമുകനും അവന്റെ അനിയനും ഒക്കെ ചോരയിൽ കുളിച്ചു കിടക്കുന്നതാ ണ് പിന്നെ, കണ്ടത്. അപ്പോഴേക്കും മറ്റു ചില നാട്ടുകാരും ആംബുലൻസും പൊലീസും ഒക്കെ അവിടേക്കെത്തി.

ആ അടിപിടിയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഭർത്താവ് ദിവസങ്ങൾക്കകം മരിച്ചു. അതറിഞ്ഞയുടൻ അയൽ പക്കത്തെ കുടുംബം സ്ഥലം കാലിയാക്കി എങ്ങോട്ടോ ഓടിപ്പോയി. പൊലീസിന് അറസ്റ്റ് ചെയ്യാൻ കിട്ടിയത് എന്നെ മാത്രം! കൊലപാതകത്തിനു കൂട്ട് നിന്നു എന്നതിനല്ല, കൊലപാതകം ചെയ്തു എന്ന കുറ്റമാണ് എന്റെ മേലിൽ ചാർത്തിയത്. അതെങ്ങനെ എന്നെനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഈ കാരാഗൃഹത്തിൽ യൗവനകാലമത്രയും കഴിച്ചു കൂട്ടാനും വിധിക്കപ്പെട്ടു. ഏറ്റവും കഷ്ടം ഒന്നും അറിയാത്ത മോളും ആറു വയസ്സ് വരെ എന്നോടൊപ്പം ഇരുട്ടറയിൽ തളയ്ക്കപെട്ടതാണ്. മുല്ലമൊട്ടു പോലെ വിടരാതെ വാടിക്കരിഞ്ഞു ജീവിക്കേണ്ടി വന്നു അവള്‍ ഇവിടെ. എന്റെയോ ഭർത്താവിന്റെയോ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല.പുറത്തിറങ്ങാൻ കഴിഞ്ഞാൽ

കുറെ കാശൊക്കെ മുടക്കി ഞാനൊരു വക്കീലിനെ വച്ചതാണ്. അയാൾ എപ്പോഴും രൂപ വാങ്ങി കൊണ്ട് പോകാനും ലക്ഷങ്ങളുടെ കണക്കു പറയാനും തുടങ്ങിയപ്പോൾ ഞാനയാളുമായി വഴക്കിട്ടു. അയാളുടെ സ്വാധീനം കൊണ്ടായിരിക്കും പിന്നെ, എനിക്ക് ഒരു വക്കീലിനെയും കിട്ടിയില്ല.

കുറേ നാളുകള്‍ക്കു ശേഷം കിട്ടിയ വനിതാ വക്കീൽ അ പ്പീൽ നൽകി. അതുകൊണ്ടും പ്രയോജനമൊന്നും ഉണ്ടായി ല്ല. സുപ്രീംകോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെന്നു പറയുന്നുണ്ട്. ഇപ്പോൾ മോളെ ഭർത്താവിന്റെ സഹോദരൻ വളർത്തുന്നു. അവളെ അവർ നോക്കാൻ തുടങ്ങിയതിൽ പിന്നെ, ഒരു ജാമ്യവേളയിൽ എന്റെ വീടും പറമ്പും മോളുടെ പേരിൽ എഴുതി കൊടുത്തിരുന്നു. അതിന്റെ സൂക്ഷിപ്പുകാരൻ ആ സഹോദരനാണ്. അവിടെയുള്ള ഫലവൃക്ഷങ്ങളിൽ നിന്ന് നല്ല ആദായം ലഭിക്കാറുണ്ട്. മോളെ നോക്കാൻ അതു തന്നെ ധാരാളം. പരോളിൽ ഇറങ്ങുമ്പോൾ ആദ്യമൊക്കെ അവരുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ അടുപ്പിക്കാറില്ല. മോളൊരു ഹോസ്റ്റലിൽ നിന്നാണു പഠിക്കുന്നത്.

ഇതിനിടെ എന്റെ കാമുകന്റെ അനിയൻ പൊലീസ് പിടിയിലായി. കൊലപാതകത്തിനു കൂട്ടു നിന്നു എന്നതായിരുന്നു അവന്‍റെയും കുറ്റം. പത്തു വർഷത്തേക്കു ശിക്ഷിച്ചെങ്കിലും എ ട്ടു വർഷം കഴിഞ്ഞു പുറത്തിറങ്ങി. ഞാൻ ഇടയ്ക്കൊരു പരോളിൽ ഇറങ്ങിയപ്പോൾ എന്റെ കാമുകൻ കാണാൻ വന്നു. ആ സംഭവത്തിൽ അവനും നല്ലതു പോലെ പരുക്കേറ്റിരുന്നു. വയറിൽ കുത്തേറ്റതിന്റെ ആഴത്തിലുള്ള പാടുണ്ട്.

ജീവിതത്തിലെ മറ്റൊരു നല്ല അധ്യായം അവിടെ തുടങ്ങി. ഞങ്ങൾ ഒരു ക്ഷേത്രത്തിൽ പോയി പരസ്പരം ഹാരം അണിയിച്ചു. അന്നവൻ പറഞ്ഞു, ‘ഞാൻ െപാലീസിനു കീഴടങ്ങാൻ പോകുകയാണ്. അറിഞ്ഞുകൊണ്ട് കൊല ചെയ്തതല്ലെങ്കിലും നീയിതൊക്കെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് കാണാൻ എനിക്ക് വയ്യ’ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവൻ ഇപ്പോഴും ഒളിവിൽ തുടരുന്നത്.

ഇപ്പോൾ പരോളിൽ ഇറങ്ങുമ്പോൾ ഞങ്ങൾ ഒന്നിച്ചു താമസിക്കാറുണ്ട്. 15 ദിവസങ്ങൾ ഒരു സെക്കന്‍ഡ് പോലെ വേഗത്തിൽ ഓടിപ്പോകുന്ന സമയമാണ് അവ. എന്റെ സന്തോഷത്തിനും അത്രയേ ആയുസ്സുള്ളൂ. അവനു സ്ഥിരജോലിയില്ല. ബാങ്കിൽ എന്റെ പേരിൽ കിടന്ന ഫിക്സഡ് ഡിപോസിറ്റിൽ കുറച്ച് അവനായി നൽകിയിട്ടുണ്ട്. ഇനിയും ഉണ്ട് മൂന്നു നാലു ലക്ഷം രൂപ. എന്നെങ്കിലും ജയിൽ വിമുക്തയാകുമ്പോൾ എ വിടെയെങ്കിലും ഒരിടത്തൊരു ചെറിയ കൂടു കൂട്ടി മനഃസമാ ധാനത്തോടെ ജീവിക്കണം. ആ പ്രതീക്ഷയിലാണ് ഞാനിപ്പോൾ ഓരോ നിമിഷവും കഴിയുന്നത്.