Thursday 17 February 2022 03:22 PM IST : By Jacob Varghese Kunthara

അക്വേറിയത്തിന് ഭംഗിയേകാൻ പ്ലാസ്റ്റിക് ചെടികൾക്ക് പകരം അലങ്കാര ജലസസ്യങ്ങൾ; പരിപാലിക്കുന്ന രീതി മനസ്സിലാക്കാം

gard-geor

അകത്തളത്തിന് മോടി പകരുമെന്നത് കൊണ്ട് വീട് നിർമിക്കുന്ന സമയത്ത് തന്നെ പലരും അക്വേറിയത്തിന് ഇടം കണ്ടെത്താറുണ്ട്. വർണമത്സ്യങ്ങളെ ഇഷ്ടമാണെങ്കിലും അക്വേറിയം വൃത്തിയാക്കലും അലങ്കാരമത്സ്യങ്ങളുടെ പരിപാലനവുമോർത്ത് ചിലർ ആ മോഹം ഉപേക്ഷിക്കും. മീനുകൾക്കൊപ്പം ജലസസ്യങ്ങൾ കൂടി വളർത്തിയാൽ അക്വേറിയം പരിപാലനം എളുപ്പമാകും.

അക്വേറിയത്തിന് ഭംഗിയേകാൻ പ്ലാസ്റ്റിക് ചെടികൾക്ക് പകരം അലങ്കാര ജലസസ്യങ്ങൾ വളർത്തിയാൽ അക്വേറിയം ജീവസ്സുറ്റതാകും. ഭംഗിയുള്ള ജലോദ്യാനം സ്വന്തമാകുകയും ചെയ്യും.

aqua-plaaa

ഇലകളും വർണമത്സ്യവും   

ജലസസ്യങ്ങൾ അക്വേറിയത്തിൽ ഉൾപ്പെടുത്തുമ്പോൾ പല ഗുണങ്ങളുണ്ട്. വെളിച്ചമുള്ള സമയത്ത് ചെടികൾ മീനുകൾക്ക് വേണ്ട പ്രാണവായു നൽകും. അക്വേറിയം മലിനമാകാനും പായൽ വളരാനും ഇടയാക്കുന്ന നൈട്രജൻ അടങ്ങിയ മീനിന്റെ ഭക്ഷ്യ അവശിഷ്ടവും വിസർജ്യവും ചെടികൾ വളർച്ചക്കായി പ്രയോജനപ്പെടുത്തും. അക്വേറിയം എപ്പോഴും വൃത്തിയാക്കേണ്ടി വരില്ല. മീനുകൾ ആരോഗ്യത്തോടെ വളരാനും ജീവിതചക്രം പൂർത്തിയാക്കാനും ജലസസ്യങ്ങൾ ഉപകരിക്കും.

മീനുകൾക്കൊപ്പം ജലസസ്യങ്ങളും അലങ്കാരവസ്തുക്കളും കലാപരമായി അടുക്കും ചിട്ടയോടും അക്വേറിയത്തിൽ ഒരുക്കിയെടുക്കുന്ന രീതിയാണ് അക്വാസ്‌കേപിങ്. ഈ രീതിയിൽ മത്സ്യങ്ങൾക്കൊപ്പം തന്നെ ചെടികൾക്കും പ്രാധാന്യം നൽകുന്നു. ജലസസ്യങ്ങൾ മാത്രം ഉപയോഗിച്ചും അക്വാസ്‌കേപിങ് ചെയ്യാറുണ്ട്.

അക്വേറിയത്തിൽ വളർത്താൻ മുൻപ് ലഭ്യമായിരുന്ന കബംബ, വാലിസ്നേറിയ, ആമസോൺ തുടങ്ങി വിരലിൽ എണ്ണാവുന്ന ജലസസ്യങ്ങളുടെ സ്ഥാനത്ത് പല വലുപ്പത്തിലും നിറത്തിലുമുള്ള ധാരാളം പുതിയ ഇനങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. പൂന്തോട്ടത്തിൽ അലങ്കാരച്ചെടികൾ  നടുന്നതുപോലെ കലാപരമായാണ് അക്വേറിയത്തിലും ജലസസ്യങ്ങൾ നടേണ്ടത്.

ഇവ കൂട്ടമായി വളർത്തുമ്പോഴാണ് കൂടുതൽ അഴക്. വീടിനുള്ളിൽ ഏതെങ്കിലും ഭിത്തിയോട് ചേർത്തുവയ്ക്കുന്ന അക്വേറിയത്തിന് മുൻഭാഗത്തുനിന്നാണ് കൂടുതൽ നോട്ടം കിട്ടുക. ഇത്തരം അക്വേറിയത്തിൽ ഉയരം കുറഞ്ഞ ജലസസ്യങ്ങൾ മുൻപിലും ഉയരത്തിൽ വളരുന്നവ പിന്നിലുമാണ് നടേണ്ടത്.

ഏറ്റവും മുൻപിൽ ഉദ്യാനത്തിലെ പുൽത്തകിടിക്ക് സമാനമായി ഇടതൂർന്ന് വളരുന്ന ഗ്ലാസൊസ്റ്റിഗ്‌മ, ഹീമാന്തസ്, ക്യൂബ, ബേബി റ്റിയേഴ്സ് എന്നീ ഇനങ്ങൾ ഉപയോഗിക്കാം. പിന്നിലായി ഹെയർ ഗ്രാസ്, ക്രിപ്റ്റോകോറയിൻ, ജാവ ഫേൺ, ചുവന്ന നിറത്തിലെ ഇലയുള്ള ആമ്പൽ, ഇന്ത്യൻ റെഡ് സ്വാർഡ്, അനൂബിയാസ് എന്നിവ വളർത്താം. ഇവയിലൊന്നും വ്യക്തമായ തണ്ട് കാണാറില്ല. പകരം അടിത്തട്ടിൽ കിടക്കുന്ന കിഴങ്ങും അതിൽ നിന്നു മുകളിലേക്ക് കാണാവുന്ന ഇലകളുമാണുള്ളത്. ഏറ്റവും പിന്നിലായി നീളമുള്ള തണ്ടും അതിൽ നിറയെ ഇലകളുമുള്ള സസ്യങ്ങളാണ് വേണ്ടത്. ലഡ്‌വീജിയ, ജയന്റ് മിന്റ്, അമ്മാനിയ, റൊട്ടാല, ബാക്കോപ്പ, റെഡ് മിന്റ്, അക്കോറസ് എന്നിവ ഈ ഗണത്തിൽപ്പെടുന്നു.

69608

ഒരുക്കാം അക്വാസ്കേപിങ്

അക്വേറിയത്തിന്റെ നീളം, വീതി, ഉയരം ഇവ അ നുസരിച്ചാണ് അതിൽ വളർത്തേണ്ട ജലസസ്യങ്ങളുടെ ഇനങ്ങളും എണ്ണവും തീരുമാനിക്കേണ്ടത്. ചെടികൾ അക്വേറിയത്തിൽ ആവശ്യത്തിന് അകലത്തിൽ നടണം. ഇല്ലെങ്കിൽ വളരുമ്പോൾ ഇവ വല്ലാതെ തിങ്ങി നിറയും. ജലസസ്യങ്ങൾ നട്ടുപരിപാലിക്കാൻ വിപണിയിൽ പ്രത്യേക മിശ്രിതം ലഭ്യമാണ്.

അക്വേറിയത്തിന്റെ പിൻഭാഗത്ത് നിന്നു മുൻഭാഗത്തേക്ക്‌ നേരിയ ചരിവ് കിട്ടുന്ന വിധത്തിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. ഏറ്റവും അടിഭാഗത്ത് അരിപ്പ സംവിധാനവും അത് മുഴുവനായി മറയുന്ന വിധത്തിൽ മിശ്രിതവും ഉപയോഗിക്കണം. ആവശ്യത്തിന് ശുദ്ധജലം നിറച്ചശേഷം ചെടിക ൾ വേരുഭാഗമോ കിഴങ്ങോ മിശ്രിതത്തിൽ ഇറക്കി നന്നായി ഉറപ്പിക്കണം.

ചെടിയിൽ ഒച്ചിന്റെ മുട്ട, പരാന്ന ജീവികൾ, പായൽ ഇവ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കിവച്ച ശേഷം നടുക. നല്ല ആകൃതിയിലുള്ള പാറകൾ, ഡ്രിഫ്റ്റ് വുഡ് എന്നിവയും ഈ ചെറിയ ജലാശയം ആകർഷകമാകാൻ ഉപയോഗിക്കാം. ചെറു ജലസസ്യങ്ങൾ ഡ്രിഫ്റ്റ് വുഡിൽ വച്ചുപിടിപ്പിക്കാൻ സാധിക്കും. ഡ്രിഫ്റ്റ് വുഡിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ചെടിയുടെ വേരുകൾ മാത്രം ഒട്ടിക്കുക. ഉണങ്ങിയശേഷം ഇവ ടാങ്കിലേക്ക് ഇറക്കി സ്ഥാപിക്കാം.

നടീൽ മിശ്രിതത്തിന്റെ മുകൾഭാഗം ഭംഗിയാക്കാൻ മാർബിൾ ചിപ്പുകൾ, പെബിൾ തുടങ്ങിയവ പ്രയോജനപ്പെടുത്താം. ജലത്തിൽ ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ ലഭ്യത, പ്രകാശത്തിന്റെ അളവ് ഇവയെല്ലാം ചെടികളുടെ വളർച്ചക്ക് ആവശ്യമായ ഘടകങ്ങളാണ്.

അക്വേറിയത്തിൽ കൃത്രിമ പ്രകാശം ലഭിക്കാൻ ഫ്ലൂറസെന്റ്, എൽഇഡി ട്യൂബുകൾ ഉപയോഗിക്കാം. മുഴുവനായി പച്ചനിറത്തിൽ ഇലകളുള്ള ചെടികൾക്ക് മറ്റുള്ളവയെക്കാൾ കുറച്ച് വെളിച്ചം മതി. അനൂബിയാസ്, ജാവ ഫേൺ, ക്രിപ്റ്റോകോറയിൻ എന്നിവ പ്രകാശം കുറഞ്ഞ അവസ്ഥയിലും നന്നായി വളരും.

അക്വേറിയത്തിൽ പ്രാണവായു സുലഭമാക്കാൻ എയ്റേറ്റർ ഉപയോഗിക്കാം. ജലത്തിൽ നേരിയ ചലനം നൽകാനും ഇത് നല്ലതാണ്. ജലത്തിൽ ലഭ്യമായ കാർബൺ ഡൈഓക്സൈഡിന്റെ അളവ് അനുസരിച്ചാണ് ചെടികൾ ഭക്ഷണം ഒരുക്കുക. ഈ ആവശ്യത്തിന് വിപണിയിൽ ലഭിക്കുന്ന ടാബ്‍ലറ്റുകൾ ഉപകരിക്കും. ചെടികളുടെ വളർച്ചയ്ക്കായി വളങ്ങൾ ഉപയോഗിക്കരുത്. വളങ്ങളുടെ ഉപയോഗം വെള്ളം പെട്ടെന്ന് മോശമാകാനും ചിലപ്പോൾ മത്സ്യങ്ങൾക്ക് രോഗം പിടിപെടാനും കാരണമാകും.

Aquarist4

വെർട്ടിക്കൽ ഗാർഡൻ

നാല്- അഞ്ച് മണിക്കൂർ വെയിൽ കി ട്ടുന്ന മതിലിന്റെ ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ തയാറാക്കാൻ പറ്റിയ ചെടികൾ ഏതെല്ലാമാണ്?

ബലമില്ലാത്തതോ കുറുകിയതോ ആയ  തണ്ടും നിറയെ ഇലകളും നിത്യ ഹരിത പ്രകൃതവുമുള്ള ചെടികൾ ആണ് ഇത്തരം ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ തയാറാക്കാൻ വേണ്ടത്. ബോസ്റ്റൺ ഫേൺ, റിബൺ ഗ്രാസ്, പെടിലാന്തസ് കേർലി പിങ്ക് ഇനം, തായ് പന്റാനസ്, മിനിയേച്ചർ കുഫയ, ശതാവരിയുടെ മയൂരി, സ്പ്രിഞ്ചേരി ഇനങ്ങൾ, കോറിയോപ്സിസ്, മുറികൂട്ടി,  സെബ്രീന എല്ലാം ഈ ആവശ്യത്തിനായി തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ മീനുകൾക്ക് നൽകുന്ന തീറ്റ അധികമാകാതെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ പായൽ വളരാൻ ഇടയാകും.

∙ ഗോൾഡ് ഫിഷ്, കാർപ്, ഷാർക് ഇവയെല്ലാം ജലസസ്യങ്ങളുടെ ഇലകൾ തിന്നു നശിപ്പിക്കും. പകരം ഗപ്പി, സീബ്രാ ഫിഷ്, പ്ലാറ്റിസ്, ഏഞ്ചൽ ഫിഷ്, സ്വാർഡ് ടെയിൽ ഇവചെടികൾക്കൊപ്പം വളർത്താം.

∙ വെള്ളത്തിന് മുകളിലേക്ക് വളരുന്ന ചെടിയുടെ കമ്പുകൾ കോതി നീക്കിയാൽ കൂടുതൽ ശാഖകൾ ഉണ്ടാകും.

Tags:
  • Columns