ചെത്തിയുടെ നടീൽ കമ്പ് തിരഞ്ഞെടുക്കുന്ന വിധവും പരിപാലനവും..
എന്നും പൂക്കാലമൊരുക്കും ചെത്തി (തെച്ചി, തെറ്റി എന്നും വിളിപ്പേരുണ്ട് ) പൂന്തോട്ടത്തിന് നൽകും പകിട്ടേറെയാണ്. നാട്ടുവൈദ്യത്തിൽ പ്രാധാന്യമുള്ള നാടൻ ഇനങ്ങൾക്കൊപ്പം ചെത്തിയുടെ സങ്കരയിനങ്ങളും പൂത്തടത്തിനും അതിരിനുമെല്ലാം വർണക്കൂട്ട് ഒരുക്കും.
പേരിന് മതി പരിചരണം
കാര്യമായ ശ്രദ്ധ നൽകിയില്ലെങ്കിലും സമൃദ്ധമായി പൂവിടുമെന്നതാണ് ചെത്തിയുടെ പ്രത്യേകത. കടുത്ത വേനലും മഴയും അതിജീവിക്കാൻ കഴിവുള്ള ചെത്തിക്ക് രോഗ-കീടശല്യവും താരതമ്യേന കുറവാണ്.
തൂവെള്ള, പിങ്ക്, ഓറഞ്ച്, മഞ്ഞ, ക്രീം, പീച്ച് നിറങ്ങളിൽ പൂക്കളുള്ള അ ലങ്കാര ഇനങ്ങളുമുണ്ട്. ചുവപ്പിനങ്ങളി ൽ വലിയ പൂങ്കുലയുമായി ‘ന്യൂ റെഡ്' സങ്കരയിനം രണ്ട്– മൂന്ന് അടി ഉയരത്തിൽ അതിർവേലി തയാറാക്കാൻ യോജിച്ചതാണ്. കുള്ളൻ പ്രകൃതമുള്ള പിങ്ക് ഹൈബ്രിഡ് ചെത്തി പൂത്തടം ഒരുക്കാൻ നല്ലതാണ്. ചെറിയ പൂക്കളും ഇലകളുമുള്ള മിനിയേച്ചർ ഇനങ്ങൾ പൂത്തടവും ഉയരം കുറഞ്ഞ അതിർവേലിയും തയാറാക്കാൻ ഉപകരിക്കും.
കമ്പു മുറിച്ചു നട്ടാണ് ചെത്തി വളർത്തിയെടുക്കുക. നേരിയ തവിട്ടുനിറമുള്ള കമ്പാണ് വേണ്ടത്. നാല് ഇഞ്ച് നീളത്തിലുള്ള കമ്പിൽ ഞെട്ടു മാത്രം നിർത്തി ഇലകൾ മുറിച്ചു നീക്കണം. പെട്ടെന്ന് വേരുണ്ടാകാൻ കമ്പിന്റെ മുറിഭാഗം ‘റൂട്ടെക്സ്’ (വിപണിയിൽ ലഭ്യമാണ്) പോലുള്ള ഹോർമോൺ പൊടിയിൽ മുക്കുക.
ഒരേ അളവിൽ ആറ്റുമണലും ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയതിൽ അൽപം കുമ്മായം ചേർത്തു തയാറാക്കിയ മിശ്രിതം ചെറിയ നഴ്സറി കവറിൽ നിറച്ചതിൽ കമ്പ് നടാം. തുടർന്ന് മിശ്രിതം നന്നായി നനയ്ക്കുക. പിന്നീട് മിശ്രിതം ഉണങ്ങുമ്പോൾ നനച്ചാൽ മതി.
പാതി തണലുള്ള ഇടത്തു വച്ച് കവറിൽ നട്ട കമ്പ് സംരക്ഷിക്കണം. ഒന്ന് - രണ്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ തളിർപ്പുകളും ഇലകളും ഉണ്ടാകാൻ തുടങ്ങും. നല്ല ആരോഗ്യമുള്ള മൂന്ന് - നാല് ഇലകൾ ആയാൽ സ്ഥിരമായി വളർത്താൻ ഉദ്ദേശിക്കുന്നിടത്തേക്ക് മാറ്റി നടാം. കവറിലുള്ള മിശ്രിതം ഉൾപ്പെടെ വേണം ചെടി മാറ്റി നടാൻ.
മൂന്ന് – നാല് മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്താണ് നന്നായി വളരുകയും പൂവിടുകയും ചെയ്യുക. മഴക്കാലത്ത് അധികനേരം വെള്ളം തങ്ങിനിന്ന് ഇല പൊഴിയാൻ സാധ്യതയുള്ളതുകൊണ്ട് നല്ല നീർവാർച്ചയുള്ള ഇടം വേണം തിരഞ്ഞെടുക്കാൻ.
െചടി നടാനുള്ളിടത്തെ മണ്ണ്, ചെടി നട്ട കവറിന്റെ അത്രയും ആഴത്തിൽ നീക്കണം. കവർ നീക്കിയശേഷം നട്ടിരിക്കുന്ന മിശ്രിതം ഉൾപ്പെടെ ചെടി ഈ മണ്ണിലേക്ക് ഇറക്കി വയ്ക്കണം. ചെടികൾ തമ്മിൽ അരയ ടിയെങ്കിലും അകലം വേണം. ചെടികൾ ഇറക്കിവച്ച ശേഷം ചുറ്റും നടീൽ മിശ്രിതം നിറയ്ക്കണം. ചുവന്ന മണ്ണും ആറ്റുമണലും, ചകിരിച്ചോറും ഒരേ അളവിൽ എടുത്തതിൽ വളമായി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കലർത്തിയ മിശ്രിതം മതിയാകും.
വിപണിയിൽ നിന്ന് വാങ്ങുന്ന ചെടികളും ഇതേ രീതിയിൽ നിലത്തു നടാം. കടുംപച്ച നിറത്തിൽ ഇലകളുള്ള ചെടികൾ വാങ്ങാൻ ശ്രദ്ധിക്കണം. അതിർവേലി തയാറാക്കാൻ കുറഞ്ഞത് രണ്ട് നിര ചെടികളെങ്കിലുമുണ്ടെങ്കിലേ അവ വളർന്ന് ആകർഷകമായ രൂപത്തിലാകൂ. തുടക്കത്തിലെ കരുത്തുള്ള വളർച്ചയ്ക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നല്ലതാണ്.

എന്നും വിടരട്ടെ പൂക്കൾ
ചെത്തി നട്ടിരിക്കുന്നിടത്ത് നേരിയ അമ്ലാവസ്ഥ നിലനിർത്തുന്നത് ചെടി നന്നായി പൂവിടുന്നതിനും പൂക്കൾക്ക് ആകർഷകമായ നിറം കിട്ടാനും ഉപകരിക്കും. ഇതിന് ചാണകപ്പൊടി, മഗ്‌നീഷ്യം സൾഫേറ്റ്, എല്ലുപൊടി, ഇലപൊടി വളം ഇവ മണ്ണിൽ കലർത്തി നൽകാം. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം മഗ്‌നീഷ്യം സൾഫേറ്റ് ചേർത്ത് ലായനിയാക്കി ഉപയോഗിക്കാം. ഈ രാസവളം ഇലകൾക്ക് നല്ല പച്ച നിറം കിട്ടാനും നല്ലതാണ്. മണ്ണിലെ സൂക്ഷ്മലവണങ്ങളുടെ, പ്രത്യേകിച്ച് ഇരുമ്പിന്റെ കുറവുകൊണ്ട്, മിനിയേച്ചർ ചെത്തിയിൽ ഇല മഞ്ഞളിപ്പ് കാണാറുണ്ട്. പ്രതിവിധിയായി ഒരു ലീറ്റർ വെള്ളത്തിൽ വിപണിയിൽ ലഭിക്കുന്ന സൂക്ഷ്‌മ ലവണങ്ങൾ അടങ്ങിയ കൂട്ടു വളം രണ്ട് ഗ്രാം ഇ ലകളിൽ നേരിട്ട് തളിക്കാം. നന്നായി ഉണങ്ങി പൊടിച്ചെടുത്ത മുട്ടത്തോടും ഗുണം ചെയ്യും.
വേനൽക്കാലത്ത് രണ്ടു ദിവസത്തിെലാരിക്കൽ നനച്ചാൽ മതിയാകും. കുറഞ്ഞ നന ചെടി നന്നായി പൂവിടാൻ ഗുണകരമാണ്. കൂട്ടമായോ നിരയായോ നട്ട ചെടികൾ ഒരുമിച്ചു പൂവിടുമ്പോഴാണ് കൂടുതൽ ഭംഗി. ഇതിന് ഒരു ലീറ്റർ വെള്ളത്തിൽ അര മില്ലി എത്തഫോൺ ഹോർമോൺ (എത്ത്റാൽ) ലയിപ്പിച്ചത് ഇലകളിൽ തളിക്കാം. കടുംപച്ച നിറത്തിൽ ഇലകളുള്ള, കരുത്തോടെ വളരുന്ന ചെടികൾക്കാണ് പൂവിടാൻ സഹായിക്കുന്ന എത്തിഫോൺ നൽകേണ്ടത്.
ചെത്തി കൂട്ടമായി വളർത്തുമ്പോൾ ഉയരം ക്രമീകരിക്കാനും സമൃദ്ധമായി പൂവിടാനും കമ്പുകോതാം. മഴക്കാലം തുടങ്ങുന്നതിനു മുൻപ് പൂവിട്ടുകഴിഞ്ഞതും വളർച്ച മുരടിച്ചതുമായ കമ്പുകൾ മുറിച്ചു നീക്കണം. തളിരിലകൾ തിന്നു നശിപ്പിക്കുന്ന ചെറു പുഴുക്കളാണ് ചെത്തിയെ ആക്രമിക്കുന്ന പ്രധാനപ്പെട്ട കീടം. ഇലകൾ നൂലു കോർത്ത് അടുപ്പിച്ചുവച്ചാണ് ഇവ തിന്നു തീർക്കുക. പ്രതിവിധിയായി രണ്ട് മില്ലി ‘കരാട്ടേ’ അല്ലെങ്കിൽ ‘റീവ’ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഒന്ന് - രണ്ട് തവണ തളിച്ച് നൽകി നിയന്ത്രിക്കാം.
വേനൽക്കാലത്തു മീലിമൂട്ടകളുടെ ശല്യമുണ്ടാകാം. തണ്ടുകളിലും ഇലകളുടെ അടിഭാഗത്തും പ ഞ്ഞി പോലെ കാണപ്പെടുന്ന ഈ ചെറു പ്രാണികൾ ചെത്തിയുടെ കമ്പ് ഉണങ്ങാനിടയാക്കും. കീടബാധയുടെ തുടക്കത്തിൽ വേപ്പെണ്ണ ലായനി ഗുണം ചെയ്യും. അധികമായാൽ രാസകീടനാശിനി വേണ്ടിവരും. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ‘പെഗാസസ്’ കീടനാശിനി ചേർത്ത് ചെടി മുഴുവനായി രണ്ട് - മൂന്ന് തവണ തളിച്ച് ഈ കീടബാധ നിയന്ത്രിക്കാം.
.jpg)
പുൽത്തകിടി ഭംഗിയാക്കാം
പുൽത്തകിടിയിലെ ചില ഭാഗങ്ങൾ നന്നായി ഉറച്ചു പുല്ല് വളരാതെ നിൽക്കുന്നു. എന്താണ് പരിഹാരം?
പുൽത്തകിടി തയാറാക്കുമ്പോൾ മിശ്രിതത്തിൽ നന്നായി ആറ്റുമണൽ ചേർക്കണം. എങ്കിൽ മാത്രമേ പുല്ല് പടർന്ന് വളർന്ന് എല്ലായിടവും നിറയുക യുള്ളൂ. ആറ്റുമണൽ ആവശ്യത്തിന് ചേർക്കാത്ത ഭാഗങ്ങളിൽ മണ്ണ് ഉറച്ചുപോകും. അവിടെ മണ്ണിനടിയിലൂടെ പുല്ലിന്റെ തണ്ട് പടർന്ന് വളരാൻ കഴിയാതെ വരും. പുല്ല് വളരാത്ത ഭാഗത്തെ മണ്ണ് നന്നായി കുത്തിയിളക്കി ആറ്റുമണലും കൂടി ചേർത്ത്, ആവശ്യമെങ്കിൽ പുല്ലും നട്ടുകൊടുത്തു, വീണ്ടും പുൽത്തകിടിയായി മാറ്റിയെടുക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പൂക്കൾ കൊഴിഞ്ഞ കമ്പുകൾ കാണുമ്പോൾ തന്നെ വെട്ടി നീക്കുന്നത് പുതിയ തളിർപ്പും പൂക്കളും ഉണ്ടാകാൻ ഉപകരിക്കും.
∙ ഒരടി ഉയരത്തിലാണ് ചെത്തി നിലനിർത്തേണ്ടതെങ്കിൽ അര അടി നിർത്തി കമ്പു കോതിയാൽ മതിയാകും.
∙ ഡൈ അമോണിയം ഫോസ്‌ഫേറ്റ്, യൂറിയ തുടങ്ങിയ രാസവളങ്ങൾ അധികമായി ഉപയോഗിച്ചാൽ ചെത്തിയിൽ പൂക്കൾ കുറയും.