മനോഹരമായ സെറാമിക് ചട്ടികളിലുള്ള ചെടികൾ, തട്ടുതട്ടായുള്ള സ്റ്റാന്‍ഡിൽ നിരത്തുന്നതാണ് ഇന്റീരിയറിലെ ട്രെൻഡ്. ലിവിങ് റൂം, സിറ്റ്ഔട്ട്, ഡൈനിങ് റൂം എന്നു വേണ്ട, വീട്ടകങ്ങളിൽ എവിടെയും പുതുമയും പച്ചപ്പുമേകാൻ ഇത് സഹായിക്കും.
ശുദ്ധവായുവേകും ചെടികൾ
വെർട്ടിക്കൽ ഗാർഡൻ പരിപാലിക്കാൻ ബുദ്ധിമുട്ടാണ്. നന കുറഞ്ഞാലും കൂടിയാലും ചെടി നശിക്കും. എന്നാൽ സ്റ്റാന്‍ഡിലോ തട്ടുകളിലോ നിരത്തിയാൽ ചെടികൾക്ക് ലളിതമായ പരിപാലനം മതിയാകും. പല ഉയരത്തിലും വലുപ്പത്തിലുമുള്ള ആകർഷകമായ സ്റ്റാൻഡുകൾ വിപണിയിൽ ലഭിക്കും. സ്ഥലസൗകര്യം കണക്കാക്കി യോജിച്ചവ തിരഞ്ഞെടുക്കാം.
ചെടിക്ക് ആവശ്യമായ നടീല്‍മിശ്രിതം ഉൾക്കൊള്ളാൻ പറ്റിയ ചട്ടിയോ ബൗേളാ ആണ് തിരഞ്ഞെടുക്കേണ്ടത്. അധികം വലുപ്പം വയ്ക്കാത്ത ചെടികളായ ഫിറ്റോണിയ, പെപ്പറോമിയ, മിനിയേച്ചർ സിങ്കോണിയം, അഗേവ്, ഡ്വാർഫ് സ്നേക് പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, മണി പ്ലാന്റ്, ക്രാസുല ഇവ ചെറിയ പാത്രങ്ങളിൽ വളർത്താൻ യോജിച്ചവയാണ്. പീസ് ലില്ലി, സ്നേക് പ്ലാന്റ്, സീ സീ പ്ലാന്റ്, ബോസ്റ്റൺ ഫേൺ, ക്രിപ്റ്റാന്തസ്, ഡ്വാർഫ് ഫിംഗർ പാം, ഡ്രസീന, ബാംബൂ പാം തുടങ്ങിയ ഇനങ്ങൾക്ക് വലുപ്പമുള്ള ചട്ടി വേണം. പീസ് ലില്ലി, സ്പൈഡർ പ്ലാന്റ്, സ്നേക് പ്ലാന്റ്, മണി പ്ലാന്റ് ഇവ അകത്തളങ്ങളിൽ വളർത്തിയാൽ വായു ശുദ്ധമാകുകയും ചെയ്യും.
ചെടികൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ വെളിച്ചമനുസരിച്ചു വേണം ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടത്. അത്ര വെളിച്ചം കിട്ടാത്തിടത്ത് മുഴുവനായി പച്ച നിറത്തിൽ ഇലകളോ തണ്ടുകളോ ഉള്ള അകത്തള ചെടികളാണ് വേണ്ടത്.
കൂടുതൽ വെളിച്ചം കിട്ടുന്ന വരാന്ത, ബാൽക്കണി, ജനൽപടി ഇവിടെയെല്ലാം ഒന്നിലേറെ നിറത്തിൽ ഇ ലകൾ ഉള്ളവ വളർത്താം. ചെറിയ ചട്ടികളിലെ ചെടികൾ മുകളിലെ തട്ടിലും വലിയ ചട്ടികളിലെ ചെടികൾ താഴത്തെ തട്ടിലും നിരത്തുക. ചുവട്ടിൽ ദ്വാരമുള്ള ചട്ടികളിൽ നിന്നും ദ്വാരം വഴി ഊറുന്ന വെള്ളം ശേഖരിക്കാൻ സ്പിൽ ട്രേ ചട്ടിയുടെ ചുവട്ടിൽ വേണം.

ചെറുതെങ്കിലും അതിസുന്ദരം
ചെറിയ ചട്ടികളിൽ കിട്ടുന്ന ചെടികൾ അതേ പടി പുതിയ ചട്ടിയിലേക്ക് ഇറക്കി വയ്ക്കാം. ചുവട്ടിൽ ടെറാക്കോട്ട ബോളോ ഓടിന്റെ ചെറിയ കഷണങ്ങളോ നിരത്തി ചെറിയ ചട്ടിയുടെ ഉയരം വലിയ പാത്രത്തിന്റെ വക്കോളം വരുന്ന വിധത്തിൽ ക്രമീകരിക്കണം. ചെറിയ ചട്ടി മുഴുവനായി മൂടുന്ന വിധത്തിൽ പെബിളോ മാർബിൾ ചിപ്സോ ചുറ്റും നിറച്ചു ഭംഗിയാക്കാം.
വിപണിയിൽ നിന്ന് കിട്ടുന്ന ചെടി പുതിയ ചട്ടിയിലേക്ക് മാറ്റി നടുകയും ചെയ്യാം. ചട്ടിയുടെ അടിഭാഗത്ത് ഒന്ന് – രണ്ട് അടുക്ക് ടെറാക്കോട്ട ബോളോ ഓടിന്റെ ചെറിയ കഷണങ്ങളോ നിരത്താം. അധികമാകുന്ന നനജലം ശേഖരിക്കാൻ വേണ്ടിയാണ് ടെറാക്കോട്ട ബോളും ഓടിന്റെ കഷണങ്ങളും നിരത്തുന്നത്.
ഇതിന് മുകളിൽ പാത്രത്തിന്റെ ഉള്ളിലെ ആകൃ തിക്ക് ചേരുന്ന വിധം ഒരു പാളിയായി മുറിച്ചെടുത്ത ഗ്രീൻ നെറ്റോ കൊതുകുവലയോ വയ്ക്കാം. ഈ വലയ്ക്കു മുകളിലാണ് നടീൽ മിശ്രിതം നിറയ്ക്കേണ്ടത്. ചകിരിച്ചോറ്, ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, അൽപം കുമ്മായം, ചിരട്ടക്കരി പൊടിച്ചത്, വ ളമായി മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ടം ഇവ കലർത്തിയെടുത്ത് മിശ്രിതം തയാറാക്കാം. മിശ്രിതത്തിലെ ദുഷിച്ച വായുവും വസ്തുക്കളും നീക്കം ചെയ്യാൻ കരി നല്ലതാണ്. കുമ്മായം അമ്ലാവസ്ത ലഘൂകരിച്ചു വേരുകൾ ആരോഗ്യത്തോടെ വളരാനും സഹായിക്കും.
വേരുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി വച്ച് ചെടിഭാഗം ഉറപ്പിക്കാം. മുകൾഭാഗത്ത് പെബിൾസോ മാ ർബിൾ ചിപ്സോ നിരത്തി ഭംഗിയാക്കാം.

പരിപാലനം ശ്രദ്ധയോടെയാകാം
അകത്തളത്തിൽ ചെറിയ ചട്ടിയിൽ വളർത്തുന്ന ചെ ടിക്ക് നനയും വളപ്രയോഗവും ശ്രദ്ധിച്ചു നൽകണം. മിശ്രിതത്തിൽ ഈർപ്പം അധികമായാൽ വേരുകൾ കേട് വന്ന് ചെടി ചീഞ്ഞു പോകും. ഇലകൾ തളർന്നു സാവധാനം ചുരുങ്ങുന്നുണ്ടെങ്കിൽ െചടിക്ക് വളരാൻ ആവശ്യത്തിന് ജലം കിട്ടാത്തതാകാം കാരണം.
വലുപ്പമുള്ള സിറിഞ്ചിന്റെ നീഡിൽ നീക്കി വെള്ളം നിറച്ച് ചെടിയുടെ ചുവട്ടിൽ നന നൽകാം. കള്ളിച്ചെടി ഇനങ്ങൾ 10 ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി. മറ്റ് ഇലച്ചെടികൾ അഞ്ച് ദിവസത്തിൽ ഒരിക്കലെന്ന വിധത്തിൽ നനയ്ക്കാം. ദുർഗന്ധമില്ലാത്ത മണ്ണിരവളം, ഉണക്കിപ്പൊടിച്ച ആട്ടിൻ കാഷ്ടം എന്നിവ രണ്ട് മാസത്തിലൊരിക്കൽ വളമായി നൽകാം.
ചെടി നട്ട ശേഷം ഇലകൾ മഞ്ഞ നിറമാകാതെ പച്ചനിറത്തിൽ അധികമായി കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അകത്തളത്തിൽ വളർത്താൻ പറ്റിയ ഇനമല്ല എന്ന് കണക്കാക്കണം. ഇലകളുടെ വലുപ്പം കുറഞ്ഞ് കമ്പുകൾ നീളം വച്ച് വികൃതമാകുന്നെങ്കിൽ ചെടിക്ക് ആവശ്യത്തിന് പ്രകാശം കിട്ടുന്നില്ല എന്നതാകാം കാരണം. കൂടുതൽ വെളിച്ചം കിട്ടുന്നിടത്തേക്കു ചട്ടി മാറ്റി സ്ഥാപിക്കണം.

തണൽമരങ്ങൾ
. വളരെ ചെറിയ സ്ഥലത്താണ് വീട്. അടിത്തറയ്ക്ക് കേടുണ്ടാക്കാത്തതും ഭംഗിയുള്ളതുമായ ചെറിയ തണൽ മരങ്ങൾ നിർദേശിക്കാമോ?
അധികം വലുപ്പം വയ്ക്കാത്തതും തായ് വേരുകൾ മണ്ണിൽ ആഴത്തിൽ വളർന്നിറങ്ങുന്നതുമായ അലങ്കാര മരങ്ങൾ നടുക. മണ്ണിനു തൊട്ടു താഴെ പടർന്നു വളരുന്ന വേരുകൾ ഉള്ള അലങ്കാര പനകളും മുളയും മതിലിനോട് ചേർന്ന് നടാൻ യോജിച്ചവയല്ല. പവിഴമല്ലി, ബോട്ടിൽ ബ്രഷ് ട്രീ, ചുവന്ന മന്ദാരം, രാജമല്ലി, ട്ടെകോമ മരം ഇവയെല്ലാം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി പുഷ്പിക്കും.
കുറഞ്ഞത് മതിലിനോളം ഉയരം വയ്ക്കുന്ന മരം നടാൻ ശ്രമിക്കുക. എങ്കിലേ നേരിട്ട് സൂര്യപ്രകാശം കിട്ടി ചെടി വേഗം വളർന്നു മരമാകൂ. കടുത്ത മഴക്കാലവും വേനലും ഒഴിച്ചുള്ള സമയം ചെടി നടാം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ നല്ല ഗുണനിലവാരമുള്ള സെറാമിക് ചട്ടിയിൽ മാത്രമേ മിശ്രിതം നിറച്ചു ചെടി നേരിട്ട് നടാവൂ. മണ്ണ് കലർന്ന സെറാമിക് ചട്ടിയിൽ ചെടി നേരിട്ട് നട്ടാൽ കാലക്രമേണ ഈർപ്പം വലിച്ചെടുത്തു ചട്ടി നശിച്ചു പോകും.
∙ മിശ്രിതം നന്നായി കുതിരുന്ന വിധം നനച്ചാലേ വേരുകൾ മിശ്രിതത്തിലേക്ക് താഴ്ന്നിറങ്ങി വളരൂ. മിശ്രിതത്തിന് മുകളിൽ മാത്രം ഈർപ്പം ലഭിക്കുന്ന വിധം നന നൽകിയാൽ വേരുകൾ അധികമായി മണ്ണിന് തൊട്ടു താഴെയായി പടർന്നു വളരും. നന കുറഞ്ഞാൽ ചെടി വേഗം വാടുകയും ചെയ്യും.
∙ വെളിച്ചം അധികമായി കിട്ടുന്നിടത്തേക്ക് ചാഞ്ഞു വളരുന്ന ചെടികൾ ആവശ്യാനുസരണം ദിശ മാറ്റി വച്ചാൽ കുത്തനെ നിവർന്ന് നിൽക്കുന്ന വിധം പരിപാലിക്കാനാകും.