Saturday 30 November 2024 03:57 PM IST : By സ്വന്തം ലേഖകൻ

‘അകറ്റി നിർത്താം അകാലനര, ശരീരബലത്തിനും നല്ലത്’; രുചിയിൽ ചവർപ്പ് ആണെങ്കിലും ഗുണങ്ങളിൽ മധുരം കിനിയും നെല്ലിക്ക

1213004971

രുചിയിൽ ചവർപ്പ് ആണെങ്കിലും ഗുണങ്ങളിൽ മധുരം കിനിയുന്ന ഫലമാണ് നെല്ലിക്ക. നെല്ലിക്കയിൽ ജീവകം സി, എ ഇവ ധാരാളമുണ്ട്. ഉയർന്ന അളവിൽ ഫോളിക് ആസിഡും ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ, കരോട്ടിൻ, മഗ്നീഷ്യം ഇവയുമുണ്ട്. കാലറി വളരെ കുറവാണ്, 100 ഗ്രാം നെല്ലിക്കയിൽ വെറും 44 കാലറി മാത്രമേ ഉള്ളൂ. പ്രോട്ടീൻ, മിനറൽസ്, കാർബോഹൈഡ്രേറ്റ്, ഫൈബർ ഇവ കൂടാതെ 80 ശതമാനവും വെള്ളവും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. 

നെല്ലിക്ക നൽകുന്ന ഗുണഫലങ്ങള്‍

 ∙ അകറ്റി നിർത്താം അകാലനര – നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയിൽ പുരട്ടി കുളിക്കാം. പന്ത്രണ്ടു നെല്ലിക്ക കുരു കളഞ്ഞ് കഞ്ഞിവെള്ളം  ചേർത്തരച്ചു മുടിയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. പതിവായി ഇങ്ങനെ ചെയ്താൽ അകാലനര അകറ്റാം. നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട് പതിവായി തലകഴുകുന്നതും നല്ലതാണ്. 

∙ ജരാനരകൾ ബാധിക്കില്ല – ദിവസേന പച്ചനെല്ലിക്ക കഴിക്കുക. നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം പതിവായി കുടിക്കുക. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക. 

∙ ശരീരബലത്തിനും ഓജസ്സിനും – പച്ച നെല്ലിക്ക 12 മണിക്കൂർ വെള്ളത്തിലിട്ട് വച്ചശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ട് വേവിക്കുക. ഇതിൽ മൂന്നിരട്ടി കൽക്കണ്ടം ചേർക്കുക. ഇ തു ദിവസവും കുടിക്കുക. 

∙ കഫശല്യം – നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി എന്നിവ തുല്യമായി പൊടിച്ച് നെയ്യ് ചേർത്തു കഴിക്കാം. തൊണ്ടയിലെ കഫക്കെട്ട് മാറും.  

∙ ചെമ്പൻമുടി മാറട്ടെ – ചതച്ച നെല്ലിക്കയും തൈരും ചേർത്തു തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

Tags:
  • Health Tips
  • Glam Up