വേനൽകാലം ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച് ചെറുതല്ലാത്ത വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടമാണ്, പ്രത്യേകിച്ച് ഗർഭിണികൾക്ക്. കടുത്ത ചൂട് നിർജലീകരണമുൾപ്പടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആയതിനാൽ ഈ ഘട്ടത്തിൽ ഗർഭിണികള്‍ തങ്ങളെയും കുഞ്ഞിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനായി കൃത്യമായ ഭക്ഷണക്രമം പാലിക്കുകയെന്നതാണ് പ്രധാനം. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നതിനു പുറമേ, വേനൽക്കാലത്ത് ഗർഭിണികൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളെന്തൊക്കെയെന്നു നോക്കാം.
1. മുട്ട
ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തിനും വളർച്ചയ്ക്കും രോഗപ്രതിരോധശേഷി വർദ്ദിപ്പിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. കുഞ്ഞിന്റെ അസ്ഥികൾ ബലപ്പെടുന്നതിനും പ്രോട്ടീന്‍ ഒഴിച്ചു കൂടാനാകാത്തതാണ്. അതിനാൽ പ്രോട്ടീന്‍ ധാരാളമടങ്ങിയ വിഭവം എന്ന നിലയിൽ ഗർഭിണികൾ കൃത്യമായ അളവിൽ മുട്ട കഴിക്കണം. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കോളിൻ, ല്യൂട്ടിൻ, വിറ്റാമിൻ ബി 12, ഡി, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
2. ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിൻ സി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകളുടെ നല്ല ഉറവിടമാണിവ. ഗർഭകാലത്തെ മലബന്ധം തടയാൻ ഇതു സഹായിക്കുന്നു. കൂടാതെ ഇവയിൽ കലോറിയും കുറവാണ്. പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന സാലഡ്, സ്റ്റൂ, കറികൾ, മറ്റ് വിഭവങ്ങൾ എന്നിവ നന്നായി കഴിക്കാം.
3. ധാന്യങ്ങൾ
ഗർഭിണികൾക്ക് ആവശ്യമായ അളവിൽ കാർബോഹൈഡ്രേറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ധാന്യപ്പൊടികൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാം. ദഹനം മെച്ചപ്പെടുത്തുന്നതിനു പുറമേ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഇതു സഹായിക്കും. ഒപ്പം വിറ്റാമിൻ ബി, ധാതുക്കൾ, നാരുകൾ എന്നിവയുടെ ഉറവിടങ്ങളുമാണിവ.

4.നട്സ്
നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ തലച്ചോറിന്റെയും കണ്ണുകളുടെയും വളർച്ചയ്ക്ക് ഗുണകരമാണ്. അതുപോലെ പ്ലാസന്റയുടെയും മറ്റു കലകളുടെയും വളർച്ചയെയും സഹായിക്കുന്നു. ആയതിനാൽ ഫ്ലാക്സ് സീഡ്, നിലക്കടല, കശുവണ്ടിപ്പരിപ്പ്, ബദാം, വാൾ നട്ട് ഉൾപ്പെടെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
5. പഴങ്ങൾ
വിറ്റാമിൻ സി ധാരാളമായി അടങ്ങിയതിനാൽ, ഓറഞ്ച് അല്ലെങ്കിൽ മധുരനാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ ഗർഭിണികൾക്ക് അനുയോജ്യമാണ്. വേനൽക്കാല മാസങ്ങളിൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഇവ ഗുണകരമാണ്.
6. സീഫുഡ്
പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് മത്സ്യങ്ങൾ. സാൽമൺ, ട്രൗട്ട്, ട്യൂണ എന്നീ മത്സ്യങ്ങളിൽ കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഡോകോസഹെക്സെനോയിക് ആസിഡ് (ഡിഎച്ച്എ) ഉൾപ്പെടെ ഒമേഗ - 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.