Saturday 30 November 2024 03:51 PM IST : By സ്വന്തം ലേഖകൻ

റാഗിയും മുരിങ്ങയിലയും ചേരുന്ന ആരോഗ്യകരമായ കൂട്ടുകെട്ട്; ഡയറ്റില്‍ ഉള്‍പ്പെടുത്താം തനിനാടൻ അട

raagi8764

റാഗി ഉപയോഗിച്ച് എനർജി ബാർ, സൂപ്പ്, റോട്ടി എന്നിങ്ങനെ പല വിഭവങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ. ആ ലിസ്റ്റിലേക്ക് ഒരു റെസിപ്പി കൂടി ഇതാ, റാഗിയും മുരിങ്ങയിലയും ചേർന്ന തനിനാടൻ അട. അവശ്യപോഷകങ്ങളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ വിഭവത്തിൽ. 

റാഗി മുരിങ്ങയില അട 

റാഗിപ്പൊടി – ഒരു കപ്പ്, അരിപ്പൊടി – രണ്ടു വലിയ സ്പൂൺ, ഉപ്പ് – പാകത്തിന്, ചുവന്നുള്ളി – അരക്കപ്പ്, അരിഞ്ഞത്, ജീരകം – ഒരു ചെറിയ സ്പൂൺ, ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ, തേങ്ങ ചുരണ്ടിയത്– കാൽ കപ്പ്, പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്, എള്ള് – ഒരു ചെറിയ സ്പൂൺ, മുരിങ്ങയില – ഒരു കപ്പ്, വെള്ളം – അരക്കപ്പ്, നല്ലെണ്ണ – മൂന്നു വലിയ സ്പൂൺ 

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ പാത്രത്തിൽ റാഗിപ്പൊടിയും അരിപ്പൊടിയും ഉപ്പു ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു ചുവന്നുള്ളി, ജീരകം, ഇഞ്ചി, തേങ്ങ ചുരണ്ടിയത്, പച്ചമുളക്, എള്ള്, മുരിങ്ങയില എന്നിവ യോജിപ്പിച്ച് അരക്കപ്പ് വെള്ളം ചേർത്തു കുഴയ്ക്കുക. കയ്യിൽ നല്ലെണ്ണ പുരട്ടി ഈ മാവിൽ നിന്നു ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക.

∙ ഓരോ ഉരുളയും ഒരു വാഴയിലയിൽ വച്ചു വട്ടത്തിൽ പരത്തി അൽപം എണ്ണ കൂടി തടവുക.

∙ ഒരു ദോശക്കല്ല് ചൂടാക്കി റാഗി അട പരത്തിവച്ചിരിക്കുന്ന വാഴയിലയോടു കൂടി കല്ലിൽ കമഴ്ത്തി വയ്ക്കുക. രണ്ടു വശവും മൊരിയിച്ചെടുക്കുക. ചട്നിക്കൊപ്പം വിളമ്പാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Health Tips
  • Glam Up