Friday 24 December 2021 03:27 PM IST

‘മുടിയാണോ ഇത്, ചകിരി പോലുണ്ട്..’, കളിയാക്കലുകളോട് ബൈ പറയാം; പാർലറിൽ പോകാതെ വേവി, കേളി ഹെയറുകൾ സുന്ദരമാക്കാം

Ammu Joas

Sub Editor

curly-hair56644fvhjiiui

മുടിയാണോ ഇത്, ചകിരി പോലുണ്ട്... ഈ കളിയാക്കൽ കേട്ട് സെന്റിയടിച്ചിരുന്ന ചുരുണ്ടമുടിക്കാരികളൊക്കെ ഒൗട്ട് ഡേറ്റഡ് ആയി. നന്നായി പരിചരിച്ച്, ചുരുണ്ടമുടിയെ മിന്നിച്ച് കൊണ്ടുനടക്കുകയാണ് ഇന്നത്തെ പെൺകുട്ടികൾ. സ്വാഭാവികമായി തന്നെ വേവി ഹെയർ ഉള്ളവർക്കും ചുരുണ്ട മുടിയുള്ളവർക്കും ഭംഗിയുള്ള കേൾസ് സ്വന്തമാക്കാൻ വഴിയുണ്ട്.

കേൾസ് ഇൻ സ്റ്റൈൽ

കെട്ടുപിണഞ്ഞ്, വരണ്ടിരിക്കുന്നതാണ് ചുരുണ്ട മുടിയുടെ ഭംഗി കെടുത്തുന്നത്. ഓരോ ചുരുളുകളും ഒന്നിനോടൊന്ന് കെട്ടുപിണയാതെ നിന്നാൽ മനോഹരമാകും. അതിനായി മുടി കഴുകിയുണക്കുന്നതിൽ ഇത്തിരി ശ്രദ്ധിക്കാം.

സലൂണിൽ പോകാതെ, ഒരു ഹെയർ ട്രീറ്റ്മെന്റും ഇല്ലാതെ, കെമിക്കലുകൾ മുടിയഴകളെ തൊടാൻ അനുവദിക്കാതെ സ്വാഭാവിക മുടിയെ സുന്ദരമാക്കാനുള്ള വഴിയാണ് കേളി ഗേൾ/ ഗയ് മെതഡ് (സിജിഎം). മുടിക്കായി ഉപയോഗിക്കുന്ന പ്രൊഡക്റ്റ്സിൽ മുതൽ മുടിയിൽ ഇവ പുരട്ടുന്നതിനു വരെ പ്രത്യേക രീതികളുണ്ട്.

കളർ ചെയ്ത മുടിക്ക് പ്രത്യേകം ഹെയർ കെയർ പ്രൊഡക്റ്റ്സ് ഉള്ളതുപോലെ ചുരുളൻ മുടിക്കും ഉണ്ട്. പോക്കറ്റിലൊതുങ്ങുന്ന ഉൽപന്നങ്ങളാണ് മിക്കവയും. സൾഫേറ്റ്, നോൺ വാട്ടർ സോലിബിൾ സിലിക്കോൺസ്, പാരബെൻസ് എന്നിവയൊന്നും ഇല്ലാത്തതാണ് സിജി ഫ്രണ്ട്‌ലി (കേ ളി ഗേൾ/ഗയ് ഫ്രണ്ട്‌ലി) പ്രൊഡക്റ്റ്സ്. സൾഫേറ്റ്, സിലിക്കോൺസ് എന്നിവ ഒഴിവാക്കുമ്പോൾ തന്നെ മുടിയുടെ വരൾച്ച കുറയും, മുടി ഉടക്കു വീഴാതിരിക്കും.

സിജി ഫ്രണ്ട്‌ലി പ്രൊഡക്റ്റ്സ് ഏതെല്ലാമെന്ന കൺഫ്യൂഷൻ ഉണ്ടെങ്കിൽ ‘ഈസ് ഇറ്റ് സിജി’, ‘കേൾസ്ബോട്ട്’ തുടങ്ങിയ വെബ്സൈറ്റിൽ നിന്നു കണ്ടെത്താം.

അറിയാം, ഘട്ടങ്ങൾ വിശദമായി

പ്രീ പൂ : പ്രീ – ഷാംപൂ എന്നതിന്റെ ചുരുക്കപ്പേരാണ് പ്രീ പൂ. ഷാംപൂ ചെയ്യുന്നതിന് മുൻപുള്ള ഘട്ടം. ബദാം എണ്ണ, വെളിച്ചെണ്ണ, ആർഗൻ ഓയിൽ എന്നിവയിലേതെങ്കിലും തലയിൽ പുരട്ടി വിരലറ്റം കൊണ്ട് മെല്ലെ മസാജ് ചെയ്യണം. അ ൽപം എണ്ണ മാത്രമേ ഉപയോഗിക്കാവൂ. അര മണിക്കൂറിനു ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

ഷാംപൂവിങ് :  സിജിഎം മെതേഡ് ആദ്യമായി ചെയ്യുന്നവർ സൾഫേറ്റ് ഉള്ള ഷാംപൂ തന്നെ ഉപയോഗിക്കണം. കാരണം ഇതിനു മുൻപ് മുടിയിൽ പുരട്ടിയ കണ്ടീഷനറിന്റെയും മറ്റും അംശം കളയാൻ സൾഫേറ്റ് ചേർന്ന ഷാംപൂ വേണം. പിന്നീട് മുടി കഴുകുമ്പോഴെല്ലാം സൾഫേറ്റ് ഫ്രീ, സിലിക്കോൺ ഫ്രീ ഷാംപൂ മാത്രം ഉപയോഗിക്കുക.  

അൽപം ഷാംപൂ വെള്ളത്തില്‍ നേർപ്പിച്ചു ശിരോചർമത്തിൽ പുരട്ടി കഴുകാം. മുടിയിഴകൾ ഷാംപൂവിന്റെ പത ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി.

ഡീപ് കണ്ടീഷനിങ് : മുടിയുടെ ആരോഗ്യത്തിനും അഴകിനും വേണ്ടിയുള്ളതാണ് ഡീപ് കണ്ടീഷനിങ്. ഇതിനായി ഡീപ് കണ്ടീഷനേഴ്സ് വാങ്ങാൻ കിട്ടും. ഇവ വീട്ടിൽ തന്നെ തയാറാക്കുകയും ചെയ്യാം. ഒരു ഏത്തപ്പഴം ഉടച്ചതും ഒരു വലിയ സ്പൂൺ തേനും യോജിപ്പിച്ചതോ, അരക്കപ്പ് തൈരും ഒരു വലിയ സ്പൂൺ തേനും യോജിപ്പിച്ചതോ ഡീപ് കണ്ടീഷനിങ്ങായി ഉപയോഗിക്കാം. ഇവ തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

പ്രീ പൂവിനു പകരവും ഡീപ് കണ്ടീഷനിങ് ചെയ്യാറുണ്ട്. എണ്ണ പുരട്ടുന്നതിനു പകരം ഡീപ് കണ്ടീഷനർ പുരട്ടി മുടി ചീകിയിടാം. പിന്നീട് ഷാംപൂ തേച്ചു മുടി കഴുകാം.

കണ്ടീഷനിങ് : മുടിഴകള്‍ക്ക് നൽകുന്ന മോയിസ്ചറൈസറാണ് കണ്ടീഷനർ. വിരലുകൾ അൽപം അകത്തിപിടിച്ച് മുടി കോതാറില്ലേ, അതേ രീതിയിൽ വേണം കണ്ടീഷനർ പുരട്ടാൻ. മുടിയിൽ എല്ലായിടത്തും കണ്ടീഷനർ എത്തുകയും ചെയ്യും, മുടിയിലെ ഉടക്കുകൾ നീങ്ങുകയും ചെയ്യും.

നോട്ട് കോംബ് ഉപയോഗിച്ച് മുടി ചീകി മുടിയിലെ ഉ ടക്കുകൾ നീക്കാം. ഇനി തല കുനിച്ച് മുടി മുൻപിലേക്ക് ഇട്ടശേഷം മുടിയുടെ അറ്റം കൈവെള്ളയിൽ വയ്ക്കാം. ഇനി കൈ ഉയർത്തി തലയിൽ മുട്ടാറാകുമ്പോൾ മുടി കൈവെള്ളയിൽ വച്ച് വിരലുകൾ കൊണ്ട് അമർത്തുക. സ്ക്രഞ്ചിങ് എന്നാണിതിനു പറയുന്നത്. ഇങ്ങനെ മുടി പല ഭാഗങ്ങളാക്കി 10–15 തവണ സ്ക്രഞ്ച് ചെയ്യുക. മുടി ചുരുണ്ടു വരും. അഞ്ചു മിനിറ്റിനു ശേഷം കഴുകാം.

സ്റ്റൈലിങ് : ഓരോ ചുരുളുകളും സുന്ദരമാക്കാനുള്ളതാണ് സ്റ്റൈലിങ്. രണ്ടു ഘട്ടമായാണിത് ചെയ്യുന്നത്.

ലീവ് ഇൻ : ലീവ് ഇൻ ഉപയോഗിക്കുന്നത് മുടി സിൽകി സോഫ്റ്റ് ആക്കി നിലനിർത്താനാണ്. ചുരുണ്ട മുടിക്കായുള്ള ലീവ് ഇൻ പ്രൊഡക്റ്റ്സ് വാങ്ങി ഉപയോഗിക്കാം. അതല്ലെങ്കിൽ കണ്ടീഷനിങ്ങിനു ശേഷം മുടി കഴുകുമ്പോൾ ക ണ്ടീഷനർ പൂർണമായി കഴുകിക്കളയാതിരുന്നാലും മതി. ഈ കണ്ടീഷനർ ലീവ് ഇൻ പ്രൊഡക്റ്റിന്റെ ഗുണം തരും.

ഹെയർ ക്രീം/ ജെൽ: സിജി ഫ്രണ്ട്‌ലി ജെൽ/ ക്രീം വാങ്ങി മുടിയിൽ പുരട്ടാം. അലോവെര ജെൽ ഉപയോഗിച്ചും സ്റ്റൈലിങ് ചെയ്യാം. വീട്ടിൽ തന്നെ തയാറാക്കിയ ഫ്ലാക്സ് സീഡ് ജെൽ ആണെങ്കിലും ധാരാളം. സ്റ്റൈലിങ് ചെയ്യാൻ ചിലർക്ക് ക്രീമോ ജെല്ലോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നി ച്ചോ വേണ്ടി വരാം. കാണാന്‍ അഴകുള്ള തൊട്ടാൽ മൃദുലമായ മുടി ചുരുളുകൾ നേടാൻ ഓരോരുത്തർക്കും ഇണങ്ങുന്നത് ഏതെന്ന് സ്വയം കണ്ടെത്തണം.

സ്റ്റൈലിങ് ക്രീം / ജെൽ കൈവെള്ളയിൽ വച്ച് തിരുമ്മുക. കൂപ്പിയ കൈകൾക്കിടയിൽ മുടിയെടുത്താണ് ക്രീം/ ജെൽ പുരട്ടേണ്ടത്. ‘പ്രെയിങ് ഹാൻഡ് മോഷൻ’ എന്നാണ് ഇതിനു പറയുക. മുടിയിലെ ചുരുളുകൾ നഷ്ടമാകാതിരിക്കാനാണ് ഈ രീതിയിൽ പുരട്ടുന്നത്. അതിനു ശേഷം രണ്ടു മൂന്നു തവണ സ്ക്രഞ്ച്  കൂടി ചെയ്യണം.

മുൻവശങ്ങളിലുള്ള മുടിക്ക് ഫിംഗർ കോയിലിങ് ചെയ്യുന്നത് നല്ലതാണ്. ചെറിയ ഭാഗം മുടിയെടുത്ത് വിരലിൽ ചുറ്റിയെടുക്കുന്നതാണ് ഫിംഗർ കോയിലിങ്.

പ്ലോപ്പിങ് : കുളി കഴിഞ്ഞാൽ മുടിയിലെ ഈർപ്പം മാറ്റാൻ തോർത്തു ചുറ്റി മുടി കെട്ടി വയ്ക്കാറില്ലേ. അതുപോലൊരു കെട്ടിവയ്ക്കലാണ് പ്ലോപ്പിങ്ങും. ടീ ഷർട്ട് അല്ലെങ്കിൽ മൈക്രോ ഫൈബർ തുണി കെട്ടി വച്ചു വേണം മുടി ഉണക്കാനെന്നു മാത്രം. കട്ടിലിലേക്ക് ടീ ഷർട്ട്/ മൈക്രോഫൈബർ തുണി വിരിച്ചിട്ട ശേഷം തല കുനിച്ച് മുടി ഇതിലേക്ക് ഇടുക. ഇനി തുണി രണ്ടു വശത്തു നിന്നും ചുരുട്ടി കെട്ടിവയ്ക്കാം.

എളുപ്പവഴിയുമുണ്ട്

ആദ്യ നാലു തവണ കൃത്യമായി ഈ രീതി പിന്തുടർന്ന് മുടിയുടെ ചുരുളുകൾ സുന്ദരമാക്കിയെടുക്കണം. പിന്നീട് ചില സ്റ്റൈപ്പുകൾ ഒഴിവാക്കിയാലും കുഴപ്പമില്ല.

∙ പ്രീ പൂവും ഡീപ് കണ്ടീഷനിങ്ങും ലീവ് ഇൻ പ്രൊഡക്റ്റ്സ് പുരട്ടുന്നതും ഒഴിവാക്കാവുന്ന സ്റ്റൈപ്പുകളാണ്.

∙ മുടി ഷാംപൂ ചെയ്തു കണ്ടീഷനർ പുരട്ടിയ ശേഷം ഈർപ്പം ഒപ്പിയെടുക്കുക. വെള്ളമയം അധികം വേണ്ട. ഇനി സ്റ്റൈലിങ് ക്രീം പുരട്ടി മുടി സ്ക്രഞ്ച് ചെയ്യുക. ആവശ്യമെങ്കിൽ ലീവ് ഇൻ കണ്ടീഷനർ കൂടി സ്പ്രേ ചെയ്യാം.

∙ അധികം വരണ്ട മുടിയുള്ളവർ ‘കോ വാഷ്’ ചെയ്യാറുണ്ട്.  കണ്ടീഷനർ മാത്രമുപയോഗിച്ച് തല കഴുകുന്നതാണ് കോ വാഷ്. കണ്ടീഷനർ തലയിൽ പുരട്ടി തേച്ചു കഴുകിക്കളയണം. അതിനുശേഷം സ്റ്റൈലിങ് ചെയ്യാം. ഇടയ്ക്ക് മാത്രം ഷാംപൂ ചെയ്യാം.

കേളി ഗേൾസ് കേൾക്കൂ

∙ വിരലുകൾ കൊണ്ടു തന്നെ മുടിയിലെ കെട്ടുകൾ നീക്കുന്നതാണ് ഏറ്റവും നല്ലത്. അത്യാവശ്യ ഘട്ടങ്ങളിൽ നോട്ട് കോംബ്, വെന്റ് ബ്രഷ് ഉപയോഗിക്കാം.  

∙ ആന്റി ഫ്രിസ് സീറം എപ്പോഴും ബാഗിൽ കരുതിക്കോളൂ. മുടി കെട്ടു പിണഞ്ഞു കിടക്കുന്നതായി തോന്നുമ്പോൾ ഇതു പുരട്ടാം.

∙ കിടക്കുമ്പോൾ മുടിച്ചുരുളുകൾ നഷ്ടമാകാതിരിക്കാൻ മുഴുവനായി ഉയർത്തി കെട്ടി വയ്ക്കാം. സാധാരണ ബാൻഡിനു പകരം വയർ ബാൻഡ് അണിയാം. നീളമുള്ള മുടിയാണെങ്കിൽ ഒന്നു കെട്ടിയശേഷം രണ്ടായി മടക്കി ഒരു വയർ ബാൻഡ് കൂടിയിടാം. സിൽക് സ്ലീപ് ക്യാപ് ഇട്ടുവേണം ഉറങ്ങാൻ.

മുടി ഉണങ്ങട്ടെ

മുടിയിൽ കെട്ടിയ ടീഷർട്ട് അഴിച്ച ശേഷം കയ്യോ ചീപ്പോ ഉപയോഗിച്ച് മുടി കോതരുത്. മുടി പിറകിലേക്ക് ഇട്ട് നെറുകയിലെ (ക്രൗണ്‍ ഏരിയ) മുടി മാത്രം ലൂസായി ക്ലിപ് ചെയ്യാം. ഇനി മുടി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കണം. അതിനുള്ള സമയമില്ലെങ്കിൽ ഡിഫ്യൂസർ ഉപയോഗിച്ച് മുടി ഉണക്കാം. ബ്ലോ ഡ്രയേഴ്സ്, കേളിങ് അയൺസ് ഇവ വേണ്ട.

മുടി ഉണങ്ങിയ ശേഷവും മുടിയിൽ പുരട്ടിയ ജെൽ മുടിയിഴകളെ മൂടിയിരിക്കും. ഈ ‘ജെൽ കാസ്റ്റ്’ കളയാൻ അൽപം സീറം മുടിയിൽ പുരട്ടാം. മുടി മുന്നിലേക്കിട്ട് മുഴുവനായി ഒന്നു രണ്ടു വട്ടം ട്വിസ്റ്റ് ചെയ്യാം.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തല കഴുകിയാൽ മതി. ബാക്കി ദിവസം അൽപം സീറം പുരട്ടി ചുരുളുകള്‍ സ്റ്റൈൽ ചെയ്തെടുക്കാം. അല്ലെങ്കിൽ ലീവ് ഇൻ കണ്ടീഷനർ വെള്ളത്തില്‍ നേർപ്പിച്ച് മുടിയിൽ സ്പ്രേ ചെയ്ത് സ്ക്രഞ്ച് ചെയ്ത് കേൾസ് രൂപപ്പെടുത്തിയെടുക്കാം.

വിവരങ്ങൾക്കു കടപ്പാട്: ജീന, സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്, ഹെയർ അഫയർ യൂണിസെക്സ് സലൂൺ, കലൂർ

Tags:
  • Hair Style
  • Glam Up
  • Beauty Tips